കൈതപ്രം എഴുതിയ സിനിമാഗാനത്തിലെ കുട്ടിക്കാലത്തിന് എന്തൊരു ഭംഗിയാണ് അല്ലേ ? കയ്യെത്തും ദൂരേ ഒരു കുട്ടിക്കാലം മഴവെള്ളം പോലെ ഒരു കുട്ടിക്കാലം ആടിക്കാറ്റായ് ഒാ പായും പ്രായം അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം.... പക്ഷേ, കേരളത്തിലെ ക്ലാസ്സ്മുറികളിൽ നിന്നു കേട്ട കഥകളിലെ കുട്ടിക്കാലത്തിന് ഈ ഭംഗിയില്ല.

കൈതപ്രം എഴുതിയ സിനിമാഗാനത്തിലെ കുട്ടിക്കാലത്തിന് എന്തൊരു ഭംഗിയാണ് അല്ലേ ? കയ്യെത്തും ദൂരേ ഒരു കുട്ടിക്കാലം മഴവെള്ളം പോലെ ഒരു കുട്ടിക്കാലം ആടിക്കാറ്റായ് ഒാ പായും പ്രായം അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം.... പക്ഷേ, കേരളത്തിലെ ക്ലാസ്സ്മുറികളിൽ നിന്നു കേട്ട കഥകളിലെ കുട്ടിക്കാലത്തിന് ഈ ഭംഗിയില്ല.

കൈതപ്രം എഴുതിയ സിനിമാഗാനത്തിലെ കുട്ടിക്കാലത്തിന് എന്തൊരു ഭംഗിയാണ് അല്ലേ ? കയ്യെത്തും ദൂരേ ഒരു കുട്ടിക്കാലം മഴവെള്ളം പോലെ ഒരു കുട്ടിക്കാലം ആടിക്കാറ്റായ് ഒാ പായും പ്രായം അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം.... പക്ഷേ, കേരളത്തിലെ ക്ലാസ്സ്മുറികളിൽ നിന്നു കേട്ട കഥകളിലെ കുട്ടിക്കാലത്തിന് ഈ ഭംഗിയില്ല.

കൈതപ്രം എഴുതിയ സിനിമാഗാനത്തിലെ കുട്ടിക്കാലത്തിന് എന്തൊരു ഭംഗിയാണ് അല്ലേ ?

കയ്യെത്തും ദൂരേ ഒരു കുട്ടിക്കാലം
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം
ആടിക്കാറ്റായ് ഒാ പായും പ്രായം
അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം....

ADVERTISEMENT

പക്ഷേ,  കേരളത്തിലെ ക്ലാസ്സ്മുറികളിൽ നിന്നു കേട്ട കഥകളിലെ കുട്ടിക്കാലത്തിന് ഈ ഭംഗിയില്ല. ഇന്നത്തെ കുഞ്ഞു മനസ്സുകളിൽ ആശങ്കകളുടെ കനൽപ്പൊള്ളലുകളുണ്ട്. നിരാശകളുടെ ഏങ്ങലടികളുണ്ട്.   

രക്ഷിതാക്കളോടു മനസ്സു തുറന്നു സംസാരിക്കാൻ ഭയക്കുന്നവർ, ഏതോ നിമിഷത്തിൽ മയക്കുമരുന്നിന്റെ ലോകത്തേക്കു വീണു പോയവർ, പ്രണയം എന്ന പേരിൽ വഞ്ചിക്കപ്പെട്ടവർ... കോളജ് കുട്ടികളെ അല്ല സ്കൂൾ കുട്ടികളെ ആണു ലഹരിമാഫിയ നോട്ടമിട്ടിരിക്കുന്നതെന്ന് അധ്യാപിക പേടിയോടെ പറയുന്നു.

ADVERTISEMENT

പ്രശ്നങ്ങളുടെ പേമാരിക്കിടയിൽ കുഞ്ഞുമനസ്സുകൾക്ക് എങ്ങനെ കുട പിടിക്കാമെന്നാണ് അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ തിരയുന്നത്.

14 ജില്ലകളിലെ അധ്യാപകർ പങ്കുവച്ച അനുഭവങ്ങളിലെ ആശങ്കകൾക്കും സംശയങ്ങൾക്കും  മാനസിക ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ തുടർന്നു വായിക്കുക. 

ADVERTISEMENT

അച്ഛനോടും അമ്മയോടും നിങ്ങൾ ഏതു കാ ര്യത്തിനാണ് കൂടുതൽ വഴക്കുണ്ടാക്കുന്നത്? ‘സ്വാതന്ത്ര്യം’. ആ പത്താംക്ലാസുകാരിയുടെ ഒറ്റ വാക്കിലുള്ള ഉത്തരം അദ്ഭുതപ്പെടുത്തി. പിന്നെ, അവൾ വിശദമാക്കി  ‘അച്ഛനും അമ്മയും എനിക്കു തരുന്നുണ്ടെന്നു പറയുന്ന സ്വാതന്ത്ര്യവും എന്റെ മനസ്സിലുള്ള സ്വാതന്ത്ര്യവും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ട്. ക്ലാസ്സിലെ ആൺസുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയെന്നറിഞ്ഞപ്പോൾ വീട്ടിൽ ഭയങ്കര പ്രശ്നമായി. അപ്പോൾ എനിക്കു കിട്ടുന്നതു ശരിക്കുമുള്ള സ്വാതന്ത്ര്യം തന്നെയാണോ?’   

കൗമാരപ്രായക്കാരായ കുട്ടികൾ ഏറ്റവും വിലമതിക്കുന്ന ഒന്നാണു സ്വാതന്ത്ര്യം. അതേ സമയം അമിതമായ സ്വാതന്ത്ര്യം അവരെ അപകടത്തിൽ കൊണ്ടു ചെന്നു ചാടിക്കുമെന്നു മാതാപിതാക്കളും കരുതുന്നു. അവർ ചങ്ങലയെടുക്കുന്നു. അതോടെ തർക്കങ്ങളായി.     

കൗമാരമെത്താൻ കാത്തു നിൽക്കേണ്ട. അതിനു മുൻപു തന്നെ സ്വാതന്ത്ര്യത്തെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചും കുട്ടികളോടു സംസാരിക്കുക. ഉത്തരവാദിത്തബോധത്തോടെയുള്ള സ്വാതന്ത്ര്യമാണ് അഭികാമ്യം എന്ന ആശയം തുടക്കത്തിൽ തന്നെ ബോധ്യപ്പെടുത്തണം.  

കുട്ടികൾ കരുതുന്നത് അച്ചടക്കമെന്നത് അവരുടെ സ്വാതന്ത്ര്യമില്ലാതാക്കാനുള്ള വാളാണ് എന്നാണ്. എന്നാൽ  അത് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള മാർഗമാണ് എന്ന യാഥാർഥ്യം മാതാപിതാക്കൾ ബോധ്യപ്പെടുത്തണം.

ഉദാഹരണങ്ങൾ പറഞ്ഞു കൊടുക്കുക – ഒരു കുട്ടി  സുഹൃത്തിനോടൊപ്പം കളിക്കാൻ പോകുന്നു. എവിടെയാണു പോയതെന്നോ ആരോടൊപ്പമാണു പോയതെന്നോ  വീട്ടിൽ പറയുന്നില്ല.  പോകുന്ന വഴിക്കു വാഹനാപകടമുണ്ടായി. രണ്ടു പേരും ബോധമില്ലാതെ റോഡരുകിൽ കിടക്കുകയാണ്. ഇതൊന്നും മാതാപിതാക്കൾ അറിയുന്നില്ല.  

മാതാപിതാക്കളോടു പറഞ്ഞിരുന്നെങ്കിൽ വീട്ടിലെത്താ ൻ വൈകിയപ്പോൾ‌ അന്വേഷിച്ചു നേരത്തെ കണ്ടെത്താനും വിദഗ്ധ ചികിത്സ നൽകാനും കഴിഞ്ഞേനെ. സ്വാതന്ത്ര്യം ആസ്വദിക്കാം. പക്ഷേ, അച്ചടക്കത്തോടെ മാത്രം മതിയെന്നു കുട്ടികളെ ബോധ്യപ്പെടുത്തുക.   

കുട്ടികൾ തമ്മിൽ ലിംഗഭേദം ഇന്നു നിലവില്ല എന്നുള്ളതു സത്യമാണ്.  ആൺപെൺ വ്യത്യാസമില്ലാതെ സൗഹൃദം പങ്കിടുന്നു. എന്നാൽ  സ്ത്രീ പുരുഷ ബന്ധം അപകടകരമായ തലത്തിലേക്കു പോകും എന്നുള്ളതാണു പലപ്പോഴും മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം.   

ഇതിനെ മറികടക്കാൻ ആരോഗ്യകരമായ അതിർവരമ്പുകളെ കുറിച്ചു കൗമാരത്തിന്റെ ആരംഭത്തിൽത്തന്നെ സംസാരിക്കണം. എപ്പോഴാണ് ഒരു സൗഹൃദം ചൂഷണമായി മാറുന്നത്, ശാരീരിക സ്പർശനങ്ങളെ ഏത് അളവു വരെ അനുവദിക്കാം, എപ്പോഴാണ് അപകടകരമായ ദിശയിലേക്കു നീങ്ങുന്നത് തുടങ്ങിയ കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തണം. ഇഷ്ടമില്ലാത്ത കാര്യം സുഹൃത്ത് ചെയ്താൽ അതിനെ എതിർക്കാനുള്ള പരിശീലനം കൗമാരത്തിനു മുൻപേ നൽകുക.

‘പല കാര്യങ്ങളും രക്ഷിതാക്കളേക്കാൾ മനസ്സിലാക്കുന്നതു കൂട്ടുകാരാണ്. ആ ചങ്ങാത്തം പാടില്ലെന്നു രക്ഷിതാക്കൾ പറയുന്നത് അംഗീകരിക്കാൻ പറ്റുന്നില്ല’

സുഹൃത്തുക്കളുമായുള്ള ആശയവിനിമയം ഇല്ലാതാക്കുകയല്ല വേണ്ടത് അത് ആരോഗ്യകരമായ രീതിയിൽ നിലനിർത്താൻ കുട്ടിയെ പ്രേരിപ്പിക്കുകയും അതിനുമേൽ നിരീക്ഷണം ഉണ്ടാകുകയും ചെയ്യുക ആണു പ്രധാനം.

സൗഹൃദങ്ങൾ പൂർണമായി ഇല്ലാതാക്കുന്നത് ആരോഗ്യകരമല്ല. ഓൺലൈൻ സൗഹൃദങ്ങളേക്കാൾ കൂടുതൽ മുഖാമുഖം കാണുന്ന നേരിട്ടുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കാം. ഓൺലൈൻ പ്ലാറ്റ്ഫോമുകളില്‍ സ്വന്തം പ്രൊഫൈൽ മറച്ചുവച്ചുകൊണ്ട്, പ്രായം കുറഞ്ഞ വ്യക്തിയായി അഭിനയിച്ചു കുട്ടികളെ വലയിൽ വീഴ്ത്തുന്നവരുണ്ട്.  അതുകൊണ്ടുതന്നെ  നേരത്തെ തന്നെ  പരിചയമുള്ള, സമപ്രായക്കാരായ കുട്ടികളുമായുള്ള സൗഹൃദമാണു പ്രോത്സാഹിപ്പിക്കേണ്ടത്.

മക്കളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് ര ക്ഷിതാവറിയണം. ആ സുഹൃത്തുക്കളുടെ മാതാപിതാക്കളുമായി നല്ലൊരു ബന്ധം ഉണ്ടാകുകയും വേണം. അങ്ങനെയെങ്കിൽ ആ സുഹൃദ്‌വലയത്തിൽപ്പെട്ട ആരുടെയെങ്കിലും സ്വഭാവത്തിൽ എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ ഏ തെങ്കിലുമൊരു രക്ഷിതാവിന്റെ ശ്രദ്ധയിലതുപെടും. തുടക്കത്തിൽ തന്നെ പ്രശ്നങ്ങളിൽ നിന്നു രക്ഷിക്കാനാകും.

പലപ്പോഴും കുട്ടികളുടെ പ്രശ്നങ്ങൾ പലതും മാതാപി‌താക്കൾക്കു മനസ്സിലാകാറില്ല എന്നുള്ളതൊരു സത്യമാണ്. ഇതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, സാങ്കേതികവിദ്യയുടെ ചടുലമായ വികാസത്തെത്തുടർന്നു കുട്ടികൾക്ക് അറിയാവുന്ന പല കാര്യങ്ങളും  മാതാപിതാക്കൾ അറിഞ്ഞുവരാൻ വൈകും. അവരുടെ  ഇന്നുള്ള പ്രശ്നങ്ങളിൽ പലതും കഴിഞ്ഞ തലമുറയിൽപ്പെട്ട മാതാപിതാക്കൾക്കുകൃത്യമായി മനസ്സിലാക്കാൻ പ്രയാസമുണ്ടാകുന്നു.

ഇതിനു രണ്ടു പരിഹാരങ്ങളാണുള്ളത്. ഒന്ന്, ചെറുപ്രായം തൊട്ടു തന്നെ അരമണിക്കൂറെങ്കിലും ദിവസേന കുട്ടികളോടു സംസാരിക്കാൻ സമയം കണ്ടെത്തുക. ഈ  ക്വാളിറ്റി ടൈമിൽ കുട്ടികൾക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കുക. ഇതുവഴി കുട്ടികളുടെ ജീവിതത്തിൽ നടക്കുന്ന ഓ രോ കാര്യങ്ങളും തുടക്കത്തിൽത്തന്നെ മനസ്സിലാക്കാൻ  സാധിക്കുന്നു. അവരുടെ ജീവിതത്തിലെന്തെങ്കിലും അനാരോഗ്യകരമായ  സംഗതി നടക്കുന്നുവെങ്കിൽ തുടക്കത്തിൽത്തന്നെ ഫലപ്രദമായി ഇടപെടാനും നേർവഴിക്കു കൊണ്ടുവരാനും സാധിക്കും.

‘എന്റെ വിദ്യാർഥി അച്ഛനിൽ നിന്ന് ആറാം ക്ലാ സ് മുതൽ ലൈംഗിക അതിക്രമത്തിന് ഇരയായി. മുതിർന്നപ്പോഴാണ്, കൗൺസലിങ്ങിനി‍ടെ  കുട്ടി തുറന്നു പറഞ്ഞത്. അതോടെ കേസ് ആയി. അച്ഛൻ‌ അറസ്റ്റിലായി. പക്ഷേ, അതോടെ നാട്ടിലും സ്കൂളിലും കുട്ടി പരിഹാസങ്ങൾക്ക് ഇരയാകുന്നു. ഇത്തരം സാഹചര്യങ്ങൾ എങ്ങനെ നേരിടാം?’

ചെറുപ്രായത്തിൽത്തന്നെ ഏൽക്കേണ്ടി വരുന്ന ദുരനുഭവങ്ങൾ അവരുടെ  പെരുമാറ്റത്തിലും മനോഭാവത്തിലും  ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അതുകൊണ്ടു തന്നെയാണു നിയമപരമായ പിന്തുണ നൽകണമെന്നു നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ ഇതു പുറത്തറിയുമ്പോൾ കുറേ ആളുകളെങ്കിലും കുട്ടിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കാറുണ്ട്. അപകടകരമായ അവസ്ഥയാണത്.   

സ്വന്തം കുറ്റം കൊണ്ടല്ലാതെ ദുരനുഭവത്തിലൂടെ കടന്നുപോകേണ്ടി വന്ന കുട്ടിയെ മാനസികമായി പിന്തുണയ്ക്കുക എന്നതു സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തമാണ്.

ഒരു തരത്തിലും ആ കുട്ടിയെ പരിഹസിക്കാനോ അവഹേളിക്കാനോ കൂട്ടുനിൽക്കരുത്. അങ്ങനെ ചെയ്യുന്ന വ്യക്തികളെ വിലക്കാൻ പരസ്യമായിത്തന്നെ തയാറെടുക്കുകയും വേണം. അത്തരത്തിലുള്ള ഒരു മെസേജും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കില്ലെന്നുറപ്പിക്കുക.

 കടുത്ത മാനസിക സമ്മർദങ്ങളിലൂടെ കുട്ടി പോകുന്നുവെങ്കിൽ കുടുംബത്തിനൊട്ടാകെ ചികിത്സയും കൗൺസലിങ്ങും ലഭ്യമാക്കാൻ  മുൻകൈ എടുക്കണം. അതിനു മടിക്കരുത്.

കുടുംബത്തിനുള്ളിൽ നിന്നു തന്നെയാണ് ഇത്തരം ചൂഷണങ്ങളുണ്ടായതെങ്കിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാകാം. വലിയ തോതിലുള്ള ഛിദ്രത്തിനു കാരണമാകാം. കുടുംബത്തിനുള്ളിൽ ആ കുട്ടിയും കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാവും ഒറ്റപ്പെട്ടു പോകാം. പലപ്പോഴും ആ കുട്ടിക്കും രക്ഷിതാവിനും വീടുവിട്ട് ഇറങ്ങേണ്ടിവന്നേക്കാം. അപ്പോഴൊക്കെയും അധ്യാപകരും സമൂഹവുമാണ് അവർക്കു തുണയായി നിൽക്കേണ്ടത്.

ഇതിന്റെ പേരിൽ സ്കൂളിൽ ആ കുട്ടി ഒറ്റപ്പെട്ടുപോകാനോ മറ്റു കുട്ടികളിൽ നിന്നുള്ള പരിഹാസങ്ങൾക്കു മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വരാനോ ഇടയാകുന്നില്ലെന്ന്  അധ്യാപകർ ഉറപ്പിക്കണം.

‘അച്ഛനും ഹൈസ്ക്കൂളിൽ പഠിക്കുന്ന മകനും ന്യൂ ഇയറിനു ബീയർ കുടിക്കുന്ന ഫോട്ടോ സ്റ്റാറ്റസ് ഇടുന്നു. വീടുകളിൽ അത്ര പരസ്യമായാണു മദ്യപാനം നടക്കുന്നത്. അതു തെറ്റല്ലെന്ന തോന്നൽ വരുന്നതോടെ ലഹരിയുടെ വാതിലിലാണു നിൽക്കുന്നത്. കുട്ടികൾ കാണുന്ന സിനിമകളിലും വെബ്സീരിസുകളിലും എല്ലാം മദ്യപാനം ആഘോഷമാകുകയാണ്. വീടുകളിൽ തന്നെ മാറ്റം വരേണ്ടേ?’

ചെറുപ്രായത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഭാവിയിൽ ലഹരി അടിമത്തത്തിലേക്കു നയിക്കാൻ സാധ്യതയുണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ലഹരിവസ്തുക്കൾ ഉപയോഗിച്ചാലുണ്ടാകുന്ന ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചു മാതാപിതാക്കൾ കുട്ടികളോടു സംസാരിക്കണം. മദ്യം അടക്കമുള്ള ലഹരി വസ്തുക്കൾ തലച്ചോറിന്റെ പ്രവർത്തനത്തെ തകർത്തു മാനസികരോഗങ്ങൾക്കു കാരണമാകുന്നുവെന്ന അറിവു നൽകുക.

കാൻസറും കരൾരോഗവുമടക്കം ഒരുപാടു ശാരീരിക ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ച മരണത്തിന് ഇതു കാരണമാകുന്നു എന്നതും കുട്ടികളെ ബോധ്യപ്പെടുത്തണം. കൗമാരത്തിനു മുൻപു തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ ലഭിച്ചാൽ കുട്ടികൾ ലഹരി വസ്തുക്കളുടെ ഉപയോഗിത്തിലേക്കു പോകുന്നത് ഒരുപരിധിവരെ തടയാൻ സാധിക്കും.

കുട്ടികൾ വീട്ടിലുള്ള മുതിർന്ന വ്യക്തികളുടെ സ്വഭാവത്തെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. മുതിർന്ന വ്യക്തികളുടെ പെരുമാറ്റം  അനുകരിക്കാനുള്ള പ്രവണത കുട്ടികളിൽ കൂടുതലായിരിക്കും. അതുകൊണ്ടാണു കുട്ടികളുടെ മുൻപിൽ വച്ചു മദ്യപിക്കുകയോ പുകവലിക്കുകയോ മറ്റു  ലഹരിവസ്തുക്കൾ  ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല എന്നു പറയുന്നത്.

സഹപാഠികളായ ആരെങ്കിലും ലഹരി ഉപയോഗിച്ചതിനെക്കുറിച്ചു പറയുമ്പോൾ വഴക്കു പറഞ്ഞു ചർച്ച അവസാനിപ്പിക്കുക അല്ല വേണ്ടത്. അതു മൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചു പറയാനുള്ള അവസരമായി അത് ഉപയോഗപ്പെടുത്തി കുട്ടികളുടെ മനസ്സിൽ കൂടുതൽ വ്യക്തതയോടുകൂടി ലഹരി വസ്തുക്കൾക്കെതിരായിട്ടുള്ള മനോഭാവം ശക്തിപ്പെടുത്തുകയാണു രക്ഷിതാക്കൾ ചെയ്യേണ്ടത്.

‘ജെൻഡർ വ്യത്യാസം കുട്ടികളുടെ മനസ്സിലില്ല.  പക്ഷേ, പലപ്പോഴും മാതാപിതാക്കൾ അതു മനസ്സിലാക്കില്ല. പല വാർത്തകളും അവരെ ഭയപ്പെടുത്തുന്നുണ്ട്. അതിരുകൾ ഇല്ല എന്നതു ശരിയാണ്. പക്ഷേ, ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതകളുണ്ട്. സ്കൂൾ പ്രണയം ബ്രേക്ക് അപ് ആയപ്പോൾ‌ പത്താം ക്ലാസിൽ പഠിക്കുന്ന കാമുകൻ അതേ സ്കൂളിലെ കാമുകിയുടെ ചിത്രങ്ങൾ‌ പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തിയ സംഭവമുണ്ട്. ആൺ – പെൺ മതിൽക്കെട്ടു വച്ചു തിരിക്കാതെ എങ്ങനെ കുട്ടികളെ ഇത്തരം അപകടങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തും?’

കൗമാരപ്രായക്കാരായ കുട്ടികൾക്കു പരസ്പരം ആകർഷണം തോന്നുന്നതു സ്വാഭാവികമാണ്. അതു തെറ്റായ കാര്യമാണെന്നു  പറയാൻ സാധിക്കില്ല. ശരീരത്തിലെ ഹോർമോണൽ വ്യതിയാനം ഇത്തരം ആകർഷണങ്ങൾക്കു കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങൾ വീട്ടിൽ തുറന്നു ചർച്ച ചെയ്യാനുള്ള അവസരമൊരുക്കുകയാണു മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത്.

ആരോടെങ്കിലും ഇത്തരമൊരു ഇഷ്ടം തോന്നിയാൽ അതു തെറ്റാണ് എന്ന മട്ടിൽ ശബ്ദമുയർത്തി ഭയപ്പെടുത്തി അവരുടെ മനസ്സിൽ നിന്ന് ആ ചിന്തകളെ ഇല്ലാതാക്കാൻ സാധിക്കുമെന്നു കരുതരുത്. മറിച്ച് ഇത്തരം ബന്ധങ്ങളിൽ ആരോഗ്യകരമായ അതിർവരമ്പുകൾ എങ്ങനെ സൂക്ഷിക്കണം. ചൂഷണത്തിന്റെ വഴിയിലേക്ക് അതു പോകാതെ ശ്രദ്ധിക്കാൻ എന്തൊക്കെ കാര്യങ്ങൾ പാലിക്കണം. ഇത്തരം കാര്യങ്ങൾ വീട്ടിൽ ചർച്ച ചെയ്യാം.

ഒരു കാരണവശാലും സ്വന്തം നഗ്നചിത്രങ്ങളോ വിഡിയോകളോ ഏറ്റവും വിശ്വസിക്കുന്ന ഒരാളിനുപോലും അയച്ചുകൊടുക്കാൻ പാടില്ല എന്നതാണ് ഇതിൽ പ്രധാനപ്പെട്ട സംഗതി. ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചു നാം ചെയ്യുന്ന എന്തു കാര്യവും  സ്ഥായിയായ രേഖയാകാനിടയുണ്ട്. ഭാവിയിൽ ആർക്കെങ്കിലും അതു റിട്രീവ് ചെയ്തെടുത്തു നമുക്കെതിരെ ഉപയോഗിക്കാൻ സാധിക്കുമെന്നത് അവരെ ബോധ്യപ്പെടുത്തണം.

തീവ്രമായി ഒരാൾ നമ്മളെ ഇഷ്ടപ്പെടുന്ന സമയത്ത് അ വർ നമുക്കെതിരെ ഒന്നു ചെയ്യില്ലെന്നു തോന്നിയേക്കാം. പ ക്ഷേ, ഈ ബന്ധങ്ങൾ ശാശ്വതമാകണമെന്നില്ല എന്നും നാളെയൊരു കാലത്ത് ഇതിൽ എന്തെങ്കിലും അഭിപ്രായ ഭിന്നതകൾ വന്നാൽ നമ്മളെ അടിക്കാനുള്ള വടി നമ്മൾ ബോധപൂർവമായി മറ്റൊരാൾക്കു കൊടുക്കാൻ പാടില്ല എന്നും വ്യക്തമാക്കേണ്ടതുണ്ട്.

രണ്ടാമത്തെ കാര്യം ശാരീരികമായ സ്പർശനങ്ങൾ, അ തിന്റെ അതിർവരമ്പുകൾ കൃത്യമായി നിശ്ചയിക്കണം. നമ്മുടെ ശരീരത്തെ ആക്രമിക്കാനോ കീഴ്പ്പെടുത്താനോ മറ്റൊരാൾക്ക് അവകാശമില്ല എന്ന ബോധ്യം കൃത്യമായി കുട്ടികളുടെ മനസ്സിലേക്കു കൊടുക്കേണ്ടതുണ്ട്. അത്തരത്തിലുള്ള എന്തെങ്കിലും ശ്രമങ്ങൾ മറുവശത്തു നിന്നുണ്ടായാൽ ധൈര്യപൂർവം സാധ്യമല്ല എന്നു പറയാൻ അവരെ പഠിപ്പിക്കണം. അതുകൊണ്ട് ആ ബന്ധത്തിനു തകരാറുകളൊന്നും വരാൻ പോകുന്നില്ല എന്നതും ബോധ്യപ്പെടുത്തണം. ശാരീരികമായ ചൂഷണം മാത്രമാണു മറുവശത്തുള്ള ആളുടെ ലക്ഷ്യമെങ്കിലും അതോടെ അയാൾ ഒഴിഞ്ഞുപോകും. മറിച്ച് അയാൾ നമ്മുടെ അഭ്യുദയകാംക്ഷി ആണെങ്കി ൽ അത്തരം ഒരു നോ പറച്ചിലുകൊണ്ടു മാത്രം അയാൾ ന മ്മളെ വിട്ടുപോകില്ല.

ബന്ധങ്ങളുടെ ഇടയിൽ ചതിക്കുഴി ഉണ്ടായാൽ അതു വീട്ടിൽ പറയാനുള്ള സ്വാതന്ത്ര്യവും അവർക്കു നൽകണം. ഒരിക്കലുമിത് മറച്ചുവച്ചുകൊണ്ടിരുന്നു  വഷളാകാൻ അനുവദിക്കരുത്.  ബ്ലാക്മെയിലിങ്ങോ ഭീഷണിയോ ഉണ്ടായാൽ നിയമപരമായി അതിനെ നേരിടാമെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം.

‘സ്കൂളിനടുത്തുള്ള ഇടവഴികളിലെ ‘കാഴ്ചകൾ കണ്ട്’  റസിഡൻസ് അസോസിയേഷനുകൾ അധ്യാപകർക്കു പരാതി നൽകി. പരസ്യമായ ചുംബനങ്ങളും മറ്റും കണ്ടപ്പോഴാണു വിവരം അറിയിച്ചത്. എന്നാൽ ഇതു പ്രൈവസിയിലേക്കുള്ള നോട്ടം എ ന്നാണു കുട്ടികളുടെ വാദം. നിങ്ങളുടെ ഭാവിയെയോർത്തെന്നു നാട്ടുകാർ‌ പറയുന്നു. ഇതെങ്ങനെ കൈകാര്യം ചെയ്യും?’

കുട്ടികളുടെ കാര്യത്തിൽ മുൻതലമുറയില്‍ പെട്ടവർക്ക്  സാമൂഹിക നിരീക്ഷണം (സോഷ്യൽ ഒബ്സർവേഷൻ) വ്യാപകമായി ഉണ്ടായിരുന്നു. കൗമാരക്കാരനോ കൗമാരക്കാരിയോ അപരിചിതർക്കൊപ്പം പോകുന്നതു കണ്ടാൽ അയൽവാസികളും ബന്ധുക്കളും അതു ശ്രദ്ധിക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്ന  കാലഘട്ടമുണ്ട്.

ആധുനിക കാലത്തു വ്യക്തികളുടെ സ്വാതന്ത്ര്യമാണുപരമപ്രധാനമെന്നുള്ള ദിശയിലേക്കു സമൂഹത്തിന്റെ ചിന്താഗതി മാറിയതോടെ ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ. എന്തിന് ഈ വയ്യാവേലിയൊക്കെ തലയിൽ വലിച്ചു വയ്ക്കുന്നത് എന്ന ചിന്തയിലാണു ഭൂരിപക്ഷം ആളുകളും മുന്നോട്ടു പോകുന്നത്.  

ആരോഗ്യകരമായ പരസ്പര ഇടപെടലിൽ ഒരു വിലങ്ങു തടിയായി ഇത്തരം നിരീക്ഷണങ്ങൾ മാറാൻ പാടില്ല എന്നത് ഉറപ്പാണ്. അത്തരം തുറിച്ചു നോട്ടങ്ങൾ വിലക്കപ്പെടേണ്ടതു തന്നെ. എന്നാൽ സാമൂഹിക നിരീക്ഷണത്തിന്റെ  ആരോഗ്യകരമായ അവസ്ഥ മറന്നു പോകാനും പാടില്ല, തീരെ ചെറിയ കുട്ടികളെ മിഠായി നൽകിയോ പ്രലോഭിപ്പിച്ചോ ആരെങ്കിലും കൊണ്ടുപോകുന്നുവെന്നു കരുതുക. പരിസരത്തുള്ള ആരെങ്കിലും ഇടപെടൽ നടത്തിയാൽ ആ കുട്ടിയുടെ ജീവൻ തന്നെ രക്ഷിക്കാൻ സാധിക്കും.

പലപ്പോഴും കൗമാരക്കാർ സംഘം ചേർന്നു നടക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നതു സാധാരണയാണ്. എ ന്നാൽ പൊതുജന സ്വസ്ഥതയ്ക്കു ഭംഗം വരുത്തുന്ന തരത്തില്‍ പ്രവർത്തിക്കാൻ ആർക്കും അധികാരമില്ല.

റസിഡൻഷ്യൽ കോംപ്ലക്സിൽ ആൺകുട്ടികളും പെ ൺകുട്ടികളും പൊതുസ്ഥലത്തു നിന്നു പ്രണയചേഷ്ടകൾ കാണിക്കുന്നത് അനാരോഗ്യകരമാണ്. തീരെ ചെറിയ കുട്ടികൾ അടക്കമുള്ളവർ അവിടെ താമസിക്കുന്നുണ്ടാകാം. അവർ ഈ ചേഷ്ടകൾ കണ്ട്, അത് അവരെ സ്വാധീനിക്കുന്നുണ്ടാകാം. ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റം, പ്രത്യേകിച്ചു സമൂഹമധ്യത്തിൽ പുലർത്താനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. അത് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

‘കോളജിലെ കുട്ടികളെയല്ല, സ്കൂൾ കുട്ടികളെ ആണു മയക്കുമരുന്നു മാഫിയ വലയിലാക്കാൻ ഇപ്പോൾ നോക്കുന്നത്. കുട്ടിക്കാലം തൊട്ടേ വ ലയിലാക്കി ‘കാരിയർമാരാക്കാനാണ്’ ശ്രമം. ഒരേ ക്ലാസ്സിൽ പഠിക്കുന്നവരുടെ  മുതിർന്ന സുഹൃത്തുക്കൾ വഴിയാണു മയക്കുമരുന്നെത്തുന്നത്. പല വിധത്തിലുള്ള  ബോധവൽക്കരണങ്ങൾ നടക്കുന്നുണ്ട്. എന്നിട്ടും പരാജയപ്പെടുന്നു. വൈകാരികമായി തളർന്ന കുട്ടികളെയാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. ഇതെങ്ങനെ തടയാം?’

പത്തു വയസ്സിനു മുൻപു തന്നെ ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള അറിവുകൾ കുട്ടികൾക്കു നൽകണം. അപ്പർപ്രൈമറി കാലഘട്ടത്തിന്റെ തുടക്കം തൊട്ടു തന്നെ ലഹരി വസ്തുക്കൾ എങ്ങനെയാണു തലച്ചോറിനെ തകർത്തു മാനസികരോഗങ്ങൾക്കു വഴിതെളിക്കുന്നത് എന്നതു പാഠവിഷയത്തിന്റെ ഭാഗമാകേണ്ടത് അത്യാവശ്യമാണ്. പത്തു വയസ്സിനു മുൻപുതന്നെ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ച വ്യക്തമായൊരു ധാരണ കുട്ടികൾക്കു ലഭിച്ചാൽ അവർ ലഹരി ഉപയോഗിച്ചു തുടങ്ങാൻ മടിക്കും

ലഹരിക്കടിമപ്പെടാൻ സാധ്യതയുള്ളത് മൂന്നു വിഭാഗത്തിൽപ്പെടുന്ന കുട്ടികളാണ്.

ഒന്ന് – അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) – അമിത വികൃതി, മിരുമിരുപ്പ് വികൃതി തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികൾ. ഇവരുടെ തലച്ചോറിന്റെ മുൻഭാഗത്തുള്ള പ്രീഫ്രോണ്ടൽ കോർട്ടക്സിൽ ഡോപ്പമിൻ എന്ന രാസവസ്തുവിന്റെ അളവു കുറവായിരിക്കും. ഇതു കൃത്യമായ ചികിത്സയിലൂടെ ഫലപ്രദമായി നിയന്ത്രിക്കാൻ പറ്റുന്ന അവസ്ഥയാണ്. ചികിത്സിക്കപ്പെടാതെ പോകുന്ന എഡിഎച്ച്ഡി ലഹരി അടിമത്തത്തിനു കാരണമാകാം.

തലച്ചോറിൽ ഡോപ്പമിന്റെ അളവു കുറവായതിനാല്‍  അപകടകരമായ പരീക്ഷണങ്ങള്‍ നടത്താൻ ഇവരിൽ പ്രവണത കൂടുതലായിരിക്കും. ലഹരിവസ്തുക്കളുപയോഗിക്കുക, അപകടകരമായ വേഗത്തിൽ വാഹനം ഓടിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിലേക്കു എടുത്തുചാടുക തുടങ്ങിയ പ്രശ്നങ്ങൾ വരാൻ സാധ്യത കൂടുതലാണ്. ഇവരെ ലഹരിവസ്തുക്കൾ ഏൽപ്പിച്ചാൽ ഏതുസ്ഥലത്തു വേണമെങ്കിലും വിതരണം ചെയ്യാൻ ധൈര്യമുണ്ടാകും എന്നതുകൊണ്ടു തന്നെ, പ്രതിഫലമായി ലഹരി തന്നെ നൽകി  കാരിയർമാരായി ഉപയോഗിച്ചേക്കാം.

രണ്ട് – സഭാകമ്പവും ഉത്കണ്ഠയുള്ളവർ– മറ്റുള്ളവരോടു സംസാരിക്കൻ വിമുഖതയും സൗഹൃദമില്ലാതെ ഒറ്റപ്പെട്ടു കഴിയുകയും ചെയ്യുന്ന കുട്ടികളും മാതാപിതാക്കളുമായി നല്ല ആരോഗ്യകരമായ ബന്ധമില്ലാതെ കഴിയുന്ന കുട്ടികളും ഒക്കെ ലഹരിയുടെ മായാവലയത്തിൽപ്പെട്ടുപോകാൻ സാധ്യത കൂടുതലാണ്. ലഹരി ഉപയോഗിക്കുമ്പോൾ താ ൽക്കാലികമായി കിട്ടുന്ന സന്തോഷവും ഉന്മേഷവും വീണ്ടും ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കുന്നു.  

മൂന്ന് – പഠന പ്രശ്നങ്ങളുള്ളവർ – പഠനത്തിൽ പിന്നാക്കം പോകുന്ന ഈ കുട്ടികളെ മാതാപിതാക്കളും അധ്യാപകരും സഹപാഠികളുമെല്ലാം അവഹേളിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ ആ  മാനസിക വിഷമത്തിനു  മറുമരുന്നു വേണം എന്നാകുന്നു. ഏതെങ്കിലും ഒരു വ്യക്തി ലഹരി നൽകുമ്പോൾ അതിന് അടിമപ്പെട്ടേക്കാം.

ഈ മൂന്നു വിഭാഗം കുട്ടികളെയും നേരത്തെ തിരിച്ചറിഞ്ഞ് അവരുടെ ഈ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട ഇടപെടലുകൾ നടത്തണം.

സഭാകമ്പമോ ഉത്കണ്ഠയോ ഉള്ള കുട്ടികളെ ചികിത്സയിലൂടെ മോചിപ്പിച്ചെടുക്കാം. പഠനപ്രശ്നങ്ങളുള്ള കുട്ടികളിലെ കാരണം കണ്ടെത്തി പ്രശ്നപരിഹാര വിദ്യാഭ്യാസം നൽകി അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാം. പഠനത്തിൽ വളരെയേറെ പിന്നാക്കമാണെങ്കിൽപ്പോലും മറ്റേതെങ്കിലും മേഖലയിൽ അവർക്കുള്ള കഴിവു മനസ്സിലാക്കി, അതുപയോഗപ്പെടുത്തി ഭാവിയിൽ അവർക്കൊരു സാമൂഹിക അംഗീകാരം കിട്ടാൻ വേണ്ട കാര്യങ്ങൾ ചെയ്താൽ അവർ ലഹരി അടിമത്തത്തിലേക്കു പോകുന്നതു തടയാം.

‘അധ്യാപകർ മാറി. അതിനനുസരിച്ചു രക്ഷിതാക്കൾ മാറിയിട്ടില്ല. ജെൻഡർ വ്യത്യാസം,ബോഡിഷെയിമിങ്, നിറത്തെ പരിഹസിക്കൽ‌ ഇതൊന്നും പുതു തലമുറയ്ക്കു സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ്. എന്നാൽ പല രക്ഷിതാക്കൾക്കും ഇതു തിരിച്ചറിയാനായിട്ടില്ല. അതുകൊണ്ടു തന്നെ ഈ വിഷയങ്ങളിൽ പല വീടുകളിലും കുട്ടികളും രക്ഷിതാക്കളും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പുതുചിന്തകളെ രക്ഷിതാക്കള്‍ എങ്ങനെയാണു മനസ്സിലാക്കേണ്ടത്?’

പുതുതലമുറയിലെ കുട്ടികൾ പരമ്പരാഗതമായ പലതരം അവഹേളനങ്ങളോടു അസഹിഷ്ണുത പുലർത്തുന്നതു സാധാരണ കണ്ടുവരുന്ന കാര്യമാണ്. എന്നാൽ ഇത്തരം കാര്യങ്ങളെക്കുറിച്ചു ധാരണയില്ലാത്ത മാതാപിതാക്കൾ അവരുടെ കുട്ടിക്കാലത്തെ കാര്യങ്ങൾ അതുപോലെ ആ വർത്തിക്കുന്നതു വീടുകളിൽ പ്രശ്നമാകുന്നു.

ലിംഗാധിഷ്ഠിത വിവേചനം, നിറം പറഞ്ഞുള്ള തരംതിരിവുകൾ, ശാരീരിക അവഹേളനം തുടങ്ങിയ കാര്യങ്ങൾ വ ലിയ തോതിലുള്ള പ്രശ്നങ്ങൾ കുട്ടിയുടെ മനസ്സിൽ സൃഷ്ടിക്കുന്നു. ഇതു പരിഷ്കൃത സമൂഹങ്ങളിൽ ഒട്ടും സഹിക്കാവുന്നതായി കാണപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ കുട്ടികളെ വളർത്തുന്നതിലുള്ള ആധുനികകാല പ്രവണതകൾ രക്ഷിതാക്കൾ തിരിച്ചറിയണം.  

ആധുനിക കാലത്തു കുട്ടികളെ വളർത്തുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവ ശ്രദ്ധിക്കാത്ത പക്ഷമുണ്ടാകുന്ന മാനസികമായ പ്രശ്നങ്ങളെക്കുറിച്ചും ഉള്ള ബോധവൽക്കരണ ക്ലാസുകൾ സ്കൂളുകളിൽ സംഘടിപ്പിക്കാവുന്നതാണ്. ബാലാവകാശ നിയമത്തെക്കുറിച്ചും അതിന്റെ ലംഘനമുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുമുള്ള നിയമസാക്ഷരത രക്ഷിതാക്കൾക്കു നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.  

‘റീൽ‌സ് പോലെ തന്നെയാണ് ഇപ്പോൾ കുട്ടികൾക്കു ക്ലാസും. അധികനേരം ഒരു വിഷയത്തിൽ ശ്ര ദ്ധയോടെയിരിക്കാൻ അവർക്കു സാധിക്കുന്നില്ല.  കുറച്ചു കഴിയുമ്പോൾ തന്നെ ക്ലാസ് മതി എന്നു തുറന്നു പറയാൻ അവർ തയാറാകുന്നു. എല്ലാം എളുപ്പത്തിൽ കിട്ടണം എന്നാണ് അവർ കരുതുന്നത്. പഠിക്കാൻ മിടുക്കരായവർ പോലും കോപ്പിയടിച്ചു പരീക്ഷ എഴുതാൻ ശ്രമിക്കുന്നു.’

ആധുനിക കാലത്തു ഡിജിറ്റൽ ഉപകരണങ്ങൾ വ്യാപകമായതോടെ മനുഷ്യന്റെ ശ്രദ്ധയുടെ ദൈർഘ്യം (അറ്റൻഷൻ സ്പാൻ) കുറഞ്ഞുവരുന്നു എന്നതാണു യാഥാർഥ്യം. അ തു കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന സംഗതിയാണ്. അതുകൊണ്ടുതന്നെ അധ്യാപനരീതികളിൽ കാലാനുസ‍ൃതമായ വ്യത്യാസം വരുത്തേണ്ടത് അത്യാവശ്യമാണ്.

കുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി, പാഠ്യവിഷയത്തെക്കുറിച്ചുള്ള വിഡിയോകൾ കാണിക്കുക, അതു കൂടുതൽ വ്യക്തമായി മനസ്സിലാകുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തുക, ക്ലാസ്സിന്റെ കുറച്ചു ഭാഗങ്ങളെങ്കിലും ചർച്ചാ സ്വഭാവത്തിൽ മുന്നോട്ടു കൊണ്ടുപോകുക തുടങ്ങിയ രീതികൾ അധ്യാപകർ അവലംബിക്കേണ്ടതുണ്ട്.

ഒരു മണിക്കൂർ തുടർച്ചയായി അധ്യാപകർ മാത്രം സംസാരിക്കുന്ന രീതി ഇനി അഭികാമ്യമാകില്ല. അതിനു പകരം കുട്ടികളുടെ മനസ്സിൽ ആ വിഷയത്തെക്കുറിച്ച് അൽപം താത്പര്യം  ജനിപ്പിക്കുന്ന  ചോദ്യം ഉന്നയിച്ചുകൊണ്ടുക്ലാസ് ആരംഭിക്കാം.  

കോപ്പിയടി അനുവദനീയമല്ല എന്നു കുട്ടികളെ ബോധ്യപ്പെടുത്തണം. അത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ ആകില്ല എന്ന നിലപാട് തുടക്കത്തിൽ തന്നെ സ്വീകരിക്കുകയും അതിൽ കർശനമായ അച്ചടക്കം പാലിക്കുകയും ചെയ്യണം. രക്ഷിതാക്കളും അധ്യാപകരും ഇതിൽ ശ്രദ്ധിക്കണം. കുട്ടികൾക്കു പരീക്ഷ നടത്തുന്നതിൽ വ്യത്യസ്തമായ രീതികൾ അവലംബിക്കുന്നതു നല്ലതാണ്. ചോദ്യങ്ങൾക്ക് ഉത്തരം എന്ന രീതിയിൽ അല്ലാതെ അവരുടെ പ്രായോഗികമായ അറിവുകള്‍ തിരിച്ചറിയാൻ കഴിയുന്ന പരീക്ഷാരീതികൾ വ്യത്യാസപ്പെടുത്തിക്കൊണ്ടു വരുന്നതും പുതിയ കാലത്തു നല്ലതാണ്.

പഠിക്ക് എന്നു പറഞ്ഞു കുട്ടികളുടെ പിന്നാലെ നടക്കുന്നതിനു പകരം കുറച്ചുകൂടി സ്മാർട്ടായ രീതിയിൽ അവരുടെ പഠനത്തിൽ ഇടപെടാൻ രക്ഷിതാക്കളും ശ്രമിക്കണം.     

‘എല്ലാം ഇന്റർ‌നെറ്റിൽ നിന്നു കിട്ടുന്ന കാലം. ശരിയാണോ തെറ്റാണോ എന്നു പോലും ആലോചിക്കാതെ അതെല്ലാം വിശ്വസിക്കുന്നവരുണ്ട്. വിവരങ്ങളുടെ കാര്യത്തിലായാലും സൗഹൃദങ്ങളുടെ കാര്യത്തിലായാലും മുൻപിൻ നോട്ടമില്ലാതെ സോഷ്യൽമീഡിയയിലേക്ക് എടുത്തു ചാടുന്ന കുട്ടികളുണ്ട്. മൊബൈൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. കുട്ടികളെ എങ്ങനെ ഇതു പറഞ്ഞു മനസ്സിലാക്കാനാകും?’

ഗുണദോഷ യുക്തി വിചാരം അഥവാ ക്രിട്ടിക്കൽ തിങ്കിങ് – അതു കുട്ടികൾക്ക് അവശ്യം വേണ്ട നിപുണതയാണ്. നമ്മുടെ മുൻപിൽ വരുന്ന വിവരങ്ങൾ ശരിയാണോ തെറ്റാണോ എന്നു ചിന്തിച്ചറിയാനുള്ള അറിവാണത്. സെൻസർഷിപ് ഇന്റർനെറ്റിൽ ഇല്ല.ആർക്കും എന്തും എഴുതി വിടാവുന്ന സ്ഥലം. അവിടെ നമ്മൾ ഒരു വിവരത്തെക്കുറിച്ചു സർച്ച് ചെയ്യുമ്പോൾ ആദ്യം വരുന്നത് ആധികാരികമായ വിവരം ആകണമെന്നില്ല. മറിച്ച് ഏറ്റവും കൂടുതൽ‌ പേർ  കണ്ട ഒരു സംഗതി ആയിരിക്കും. ഏറ്റവും അധികം ആളുകൾ കണ്ടതുകൊണ്ട് അത് ആധികാരികമോ സത്യസന്ധമോ ആകണമെന്നില്ല. ആളുകളുടെ മനസ്സിലെ താത്പര്യത്തെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള അവതരണമായിരിക്കും. മസാല കലർത്തിയ, വിവാദ വിഷയങ്ങൾ കലർത്തിയ, അശ്ലീല സ്വഭാവമുള്ള സംഗതികളായിരിക്കും കൂടുതൽ ആളുകൾ കാണുന്നത്.

അതുകൊണ്ടു തന്നെ സർച്ച് ചെയ്യുമ്പോൾ ആദ്യം വരുന്നത് ആധികാരികമായതോ സത്യസന്ധമോ ആയിരിക്കണമെന്നു നിർബന്ധമില്ല എന്നു കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. ആധികാരികമായ വിവരങ്ങൾ കിട്ടാൻ ഇന്റർനെറ്റിൽ തന്നെ എന്തൊക്കെ സ്രോതസുകളുണ്ടെന്നു വ്യക്തമാക്കാം. ഉദാഹരണത്തിന്, ആരോഗ്യ സംബന്ധമായ വിവരത്തിന് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ് നോക്കാം.

ഇതുപോലെ ആധികാരികമായ സൈറ്റുകളില്‍ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാം. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് അറിവുള്ള ആളുകളോടു ചോദിച്ചു മനസ്സിലാക്കാനുള്ള പരിശീലനവും കുട്ടികൾക്കു നൽകേണ്ടത് ആവശ്യമാണ്. ഇന്റർനെറ്റ് വന്നതോടു കൂടി ചോദിച്ചു മനസ്സിലാക്കാനുള്ള കഴിവു കുട്ടികൾക്കു നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഇന്റർനെറ്റിൽ പലപ്പോഴും പലതിനെക്കുറിച്ചുമുള്ള പൂർണവിവരം ഉണ്ടാകണമെന്നില്ല. പൂർണ വിവരങ്ങൾ ആ മേഖലയിൽ പാണ്ഡിത്യമുള്ള ഒരു മനുഷ്യന് അല്ലെങ്കിൽ ഒരു അധ്യാപകനു നൽകാൻ കഴിയും എന്നു കുട്ടികളെ ബോധ്യപ്പെടുത്തണം. ആധികാരികമായ സ്രോതസ്സിൽ നിന്ന് അറിവുനേടി അതു ജീവിതത്തിൽ പ്രയോജനപ്പെടുത്താനുള്ള പരിശീലനം നൽകണം.

‘കുട്ടി ഡ്രഗ് അഡിക്റ്റ് ആണെന്നു തിരിച്ചറിഞ്ഞാൽ എന്താണ് ആദ്യം ചെയ്യേണ്ടത്? എങ്ങനെയാണ് പ്രതികരിക്കേണ്ടത്? പല രക്ഷിതാക്കളുടെയും സംശയമാണി ത്. മക്കളുടെ ഭാവി ഇല്ലാതാകുമോ എന്ന പേടി. പക്ഷേ, ല ഹരിയിൽ നിന്ന് അവരെ എങ്ങനെ രക്ഷിക്കാനാകും എന്ന ആ ശങ്കയും. ഇതെങ്ങനെ പരിഹരിക്കും?’

ലഹരി ഉപയോഗിക്കുന്ന എല്ലാ കുട്ടികളെയും ഡ്രഗ് അഡിക്ട് എന്ന കാഴ്ചപ്പാടിലൂടെ വീക്ഷിക്കാതെ നമ്മുടെ കുട്ടികളെ എങ്ങനെ ആരോഗ്യപരമായ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാം എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നു സംശയം തോന്നിയാൽ മാതാപിതാക്കൾ സംയമനം പാലിക്കണം. അമിതമായ ഭയമോ ദേഷ്യമോ പ്രകടിപ്പിക്കാതെ ശാന്തമായി കുട്ടിയെ വിളിച്ചിരുത്തി സംഭാഷണത്തിൽ ഏർപ്പെടണം, സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരിക്കലും കുറ്റപ്പെടുത്തലുകൾ പാടില്ല.

ശാന്തമായി, കുട്ടിയുടെ ഭാവിയിൽ പ്രതീക്ഷയുണ്ടെന്നും കുട്ടിയുടെ മറ്റു ഗുണങ്ങളെയും കഴിവുകളെയും അംഗീകരിച്ചുകൊണ്ടുമാകണം സംഭാഷണം. ഇതെല്ലാം, ഒറ്റയടിക്ക് ഒരു ദിവസം കൊണ്ടു െചയ്തു തീർക്കാനാവണമെന്നില്ല. കുട്ടിയുടെ ദൈനംദിന കാര്യങ്ങളിലും മറ്റും ശ്രദ്ധ വേണം. കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ചു നിന്നു മാനസിക ആരോഗ്യവിദഗ്ധരുടെയും മറ്റും സഹായത്തോടെ സുരക്ഷിതമായ ജീവിത രീതിയിലേക്ക് കുട്ടികളെ തിരിച്ചു കൊണ്ടുവരണം.   

 കുട്ടിക്കല്ല കുഴപ്പം, മറിച്ച് ലഹരിവസ്തുക്കള്‍  ഉപയോഗിക്കുന്ന ശീലമാണ് കുഴപ്പം എന്ന രീതിയിൽ അതിനെ കാണാൻ ശ്രമിക്കണം. ഇതു വിദഗ്ധ ചികിത്സയിലൂടെ  പരിഹരിക്കാൻ പറ്റുന്ന പ്രശ്നമാണ് എന്ന വിശ്വാസം  രക്ഷിതാക്കൾക്കും വേണം. അതു കുട്ടികൾക്ക് പകർന്നു കൊടുക്കുകയും വേണം.

‘ചില കുട്ടികൾ പറയാറുണ്ട്– ഒരു കാര്യം പറഞ്ഞു തുടങ്ങുമ്പോഴേ അച്ഛനും അമ്മയും വഴക്കു പറയാൻ തുടങ്ങും.  സംസാരം മുഴുമിപ്പിക്കും മുന്നേ എടുത്തു ചാടും. ഇതെല്ലാംകൊണ്ട് അവർക്കു രക്ഷിതാക്കളോട് ഒന്നും സംസാരിക്കാൻ തോന്നില്ല. പല കുട്ടികൾക്കും ഉള്ളിലുള്ള ആ ശയം രക്ഷിതാക്കളുടെ മുന്നിൽ പ്രകടിപ്പിക്കാനാകുന്നില്ല. ഇതെങ്ങനെ പരിഹരിക്കാൻ കഴിയും? ഇതിന് ഏറ്റവും നല്ല മാർഗങ്ങൾ എന്തെല്ലാമാണ്?

രക്ഷിതാക്കളുടെ ഉത്കണ്ഠയും ഭയവും നിരാശയുമൊക്കെയാകും അവരിൽ  ഈർഷ്യയുണ്ടാക്കുന്നത്. രക്ഷിതാക്കൾ, ആദ്യം ഈ കാര്യങ്ങൾ പക്വതയോടെ അംഗീകരിച്ച് സംയമനം പാലിക്കണം. വികാര വിക്ഷോഭങ്ങളിൽ  കാര്യമില്ല. ശാന്തമായ പ്രതികരണത്തിലൂടെയും തുറന്ന സമീപനത്തിലൂടെയും കുട്ടികൾക്കു ധൈര്യം പകർന്നു കൊടുക്കണം. ശരിയായ ചികിത്സ ലഭിക്കാൻ അവരെ പ്രേരിപ്പിക്കണം. കുട്ടികൾ പ്രശ്നക്കാരല്ല മറിച്ചു കുട്ടിക്ക് ഒരു പ്രശ്നം ഉണ്ട് എന്നു തിരിച്ചറിഞ്ഞ് അതു പരിഹരിക്കുകയാണ് വേണ്ടത്. മാതാപിതാക്കളുടെ സമീപനത്തിലും കുഴപ്പങ്ങളുണ്ടാകാം. ഇതൊക്കെ വിദഗ്ധ സഹായത്തോടെ മനസ്സിലാക്കി ഉചിതമായ സമീപനത്തിലൂടെയും ചികിത്സയിലൂടെയും മെച്ചപ്പെടുത്താനാകും.  

‘ബ്രോക്കണ്‍ ഫാമിലി കുട്ടികളെ വ ല്ലാതെ ബാധിക്കുന്നുണ്ട്. രക്ഷിതാക്കൾ തമ്മിലുള്ള വഴക്കുകൾ ആത്മവിശ്വാസത്തെ തകർക്കുന്നുണ്ട്, ഇത്തരം കുട്ടികളാണു വളരെ പെട്ടെന്നു മറ്റു ബന്ധങ്ങളിലേക്കു വീണുപോകുന്നതെ ന്നു കണ്ടിട്ടുണ്ട്. പലപ്പോഴും കുട്ടികളുടെ സ്വഭാവത്തിൽ‌ മാറ്റ ങ്ങളുണ്ടാകുമ്പോൾ അവരോടു സംസാരിക്കുമ്പോഴാണ് വീ ട്ടിലെ പ്രശ്നങ്ങൾ കണ്ടെത്താറുള്ളത്.’  

ഭാര്യയും ഭർത്താവും എന്ന രീതിയിൽ എന്തു പ്രശ്നങ്ങൾ   ഉണ്ടെങ്കിലും രക്ഷിതാക്കൾ എന്ന റോളിൽ അവർ കുട്ടിയോടു നീതി പുലർത്തണം. കുട്ടികളൊടൊത്ത് ആനന്ദകരമായ  രീതിയിൽ സമയം ചെലവിടാൻ  ശ്രമിക്കേണ്ടതുണ്ട്.   

അച്ഛനമ്മമാരുടെ മദ്യപാനം, മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം, ഗാർഹിക പീ‍ഡനം ഇവയൊക്കെ കുട്ടികളെ വേദനിപ്പിക്കാറുണ്ട്. അതൊടെ കുട്ടികൾക്കു വീട്ടിൽ സുരക്ഷിതത്വബോധം നഷ്ടപ്പെടുന്നു.  

അതുപോലെ തന്നെ കുട്ടികളോടു തുറന്നു സ്നേഹം പ്രകടിപ്പിക്കാനും മറക്കരുത്. എന്നുവച്ച് അവരുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും അവ യുക്തിക്കു നിരക്കാത്തതാണെങ്കിലും പൊടുന്നനെ സാധിച്ചു കൊടുക്കുന്നതാണു ശരിയായ പേരന്റിങ് എന്നു തെറ്റിധരിച്ചിട്ടുള്ള മാതാപിതാക്കളുമുണ്ട്. നമ്മുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും പരിധികളുണ്ടെന്നും മറ്റുള്ളവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും കൂടെ ബഹുമാനിച്ചുകൊണ്ടു കൂട്ടായ്മയിലൂടെ വേണം ജീവിക്കാൻ എന്ന പാഠം മാതാപിതാക്കൾ കുട്ടികളെ പരിശീലിപ്പിച്ചാൽ പിൽക്കാലത്തു കുട്ടികൾക്കു ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ  പതറാതെ നേരി ടാനുള്ള നൈപുണ്യം ലഭിക്കും.

കുടുംബത്തിൽ സ്നേഹവും സുഖദുഃഖങ്ങൾ പരസ്പരം പങ്കുവച്ചുള്ള ഇടപെടലുകളും ഉണ്ടാകുമ്പോൾ കുട്ടികൾക്കു സുരക്ഷിതത്വബോധം ഉണ്ടാകുന്നു. ഇത് ഒരു പരിധിവരെ അനാവശ്യ കൂട്ടുകെട്ടുകളിൽ നിന്ന് കുട്ടികളെ  നിരുത്സാഹപ്പെടുത്തുന്നു.  

‘പ്രണയം എന്ന വാക്കിന് ഈ കാലത്തെ കുട്ടികള്‍ കാണുന്ന അർഥം വേറെയാണെ ന്നു തോന്നുന്നു. അധ്യാപകരായ ഞങ്ങൾ പഴയ തലമുറ ആയതുകൊണ്ടല്ല. പ ക്ഷേ, ‘ഫിസിക്കൽ നീഡ്സിന് വലിയ പ്രാധാന്യമുണ്ട്. റിലേഷനിൽ അല്ല,  ബെസ്റ്റി മാത്രമാണ് എന്നൊക്കെ പറഞ്ഞാലും എത്തുന്നത് പലപ്പോഴും ലൈംഗികതയിലേക്കാണ്. അതു പോലെ തന്നെയാണ് സോഷ്യൽ മീഡിയയിൽ അറിയാത്ത ആളുകളുമായുള്ള ചതിക്കുഴികളിലേക്ക് എത്തിക്കുന്നത്. അത്തരം കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്.’

മൊബൈലും ടെക്നോളജിയും കുട്ടികളുടെ ജീവിതത്തിലേക്കു വളരെ വേഗത്തിലെത്തിയത് കോവിഡിന് ശേഷമാണെന്നു പറയാം. ഒാൺലൈൻ ക്ലാസ് എന്ന ചിന്തയ്ക്കു വന്ന സ്വീകാര്യത ഈ മാറ്റത്തിനു വേഗം കൂട്ടി. ടെക്നോളജിയിൽ വന്ന ഈ കുതിപ്പിലൂടെ ലോകം വിരൽതുമ്പിലൊതുങ്ങി. അന്ധമായ പാശ്ചാത്യവൽക്കരണത്തിലൂടെയും മറ്റും നിലവിലുള്ള സംസ്കാരത്തിൽ വലിയ മാറ്റങ്ങൾ പൊടുന്നനെ വന്നു. ഈ മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വെല്ലുവിളിയായി.

വൈകാരികമായ പക്വത വരാൻ കുട്ടികൾക്ക് സമയമെടുക്കും. 20-24 വയസ്സു വരെ പ്രായമെടുക്കാം. അതുകൊണ്ടു തന്നെ സാമൂഹ്യമാധ്യമങ്ങളിൽ  കാണുന്ന ആകർഷണീയമായ എന്തും സ്വന്തം ജീവതത്തിലേക്ക് ആവേശപൂർവം പകർത്തുമ്പോൾ അതിന്റെ പിന്നിൽ പതിയിരിക്കുന്ന അ പായം മനസ്സിലാക്കാനുള്ള  യുക്തിപരമായ ചിന്ത, കൗമാരക്കാരിൽ ഉണ്ടാകണമെന്നില്ല.  

കുട്ടികൾക്ക് പരസ്പരം കളിച്ചും കലഹിച്ചും വളരാനുള്ള  സ്വാതന്ത്ര്യം  വേണം. എന്നാൽ ബന്ധങ്ങളിൽ  അതിർത്തികൾ (ബൗണ്ടറീസ്) പാലിക്കേണ്ട  ആവശ്യകതയും കുട്ടികളും മുതിർന്നവരും മനസ്സിലാക്കേണ്ടതുണ്ട്.  

അവനവനു സുഖകരമല്ല എന്നു തോന്നുന്ന ഏതു സമീപനത്തോടും അത്  സാമൂഹിക  മാധ്യമത്തിലൂടെയുള്ളതോ യഥാർഥ ജീവിതത്തിലൂടെയുള്ളതോ ആകട്ടെ. അരുത് / നോ എന്നു സധൈര്യം പറയാനുള്ള നൈപുണ്യം കുട്ടിക ൾക്കു പകർന്നു കൊടുക്കണം. ഇങ്ങനെയുള്ള സങ്കീർണമായ പ്രശ്നങ്ങൾ മാതാപിതാക്കളോടോ ടീച്ചർമാരോടോ തുറന്നു പറഞ്ഞു പ്രശ്നങ്ങൾക്കു വ്യക്തത കൈവരിച്ചു വിദഗ്ധ സഹായം നേടാൻ  കുട്ടികളെ പരിശീലിപ്പിക്കണം.

നമ്മുടെ നാട്ടിലെ ‘പോക്സോ’ പോലെയുള്ള നിയമങ്ങളെക്കുറിച്ചും കുട്ടികളെ  ബോധവൽക്കരിക്കേണ്ടതുണ്ട്. സുരക്ഷിതമായ സ്പർശനവും അല്ലാത്തതും അതു തമ്മിലുള്ള വ്യത്യാസവും കുട്ടികളും കൗമാരപ്രായക്കാരും അറിഞ്ഞിരിക്കേണ്ടതുണ്ട്.   

‘സിനിമകളും സോഷ്യൽ മീഡിയയും കുട്ടികളുടെ ലാംഗ്വേജിനെ വരെ ബാധി ക്കുന്നു. ‘അയ്ന്?’ എന്ന വാക്കാണ് ഇ പ്പോഴത്തെ ട്രെൻഡ്. എത്ര ഗൗരവമായ കാര്യമായാൽ പോലും ‘അയ്ന്’ എന്ന ചോദ്യത്തിലൂടെ തകർത്തുകളയാൻ ആകുന്നുണ്ട്. മിക്ക സിനിമയിലും അനാവശ്യമായി തിരുകി കയറ്റുന്ന മോശം വാക്കുകൾ  കുട്ടികളിന്ന് പരസ്പരം കൂളായി ഉപയോഗിക്കുന്നു. അതിൽ അവർ ഒരു തെറ്റും കാണുന്നില്ല. ഇത് അവരുടെ ക്യാരക്ടറിനെ ബാധിക്കില്ലേ? കുട്ടികളെ തിരുത്താൻ എന്തൊക്കെ ചെയ്യാനാകും?’

അമിതമായി അനുകരിക്കാനുള്ള പ്രവണത കൗമാരക്കാരുടെ പ്രത്യേകതയാണ്. ഒപ്പമുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടു പോകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. കുട്ടികളും മുതിർന്നവരും തമ്മിൽ കാര്യ കാരണ സഹിതമായ ചർച്ചകളിലൂടെയും നർമബോധത്തിലൂടെയുള്ള സംവാദത്തിലൂടെയും വിദ്യാലയങ്ങളിലെ കലാസാംസ്കാരിക വേദികളിലൂടെയും അഭിലഷണീയമായ പെരുമാറ്റരീതികളെ കുറിച്ച് കുട്ടികളെ സരസമായി ബോധവൽക്കരിക്കാം.

കുട്ടികള്‍ അന്ധമായി ആദരിക്കുന്ന സെലിബ്രിറ്റികൾക്ക് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അഭിലഷണീയമായ പെരുമാറ്റ രീതികളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ആകർഷകമായ സന്ദേശങ്ങൾ കൊടുക്കാം. അയ്ന് എന്നവാക്ക് എന്തിനേയും ധിക്കരിക്കാനുള്ള കീ വേർഡ് അല്ലെന്നും മറിച്ച് നമുക്കു നേരെയുള്ള കടന്നുകയറ്റങ്ങളെ ചെറുക്കാനുള്ള ആയുധമാണെന്നും പറഞ്ഞു നൽകാം.

‘രാത്രി വൈകിയുള്ള ഉറക്കം വലിയ പ്രശ്നമാണ്. ക്ലാസുകളിൽ ഉറക്കം തൂങ്ങുന്ന കുട്ടികൾ പതിവു കാഴ്ചയാണ്‌. എങ്ങനെയാണ് അവരെ ചിട്ടയായ ജീവിതത്തിലേക്ക് കൊണ്ടുവരുക?’

നിദ്രാശുചിത്വത്തെക്കുറിച്ചു കുട്ടികളും മാതാപിതാക്കളും  അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ശരാശരി 7–8 മണിക്കൂറെങ്കിലും രാത്രിയിൽ കുട്ടികൾ ഉറങ്ങണം .  തലച്ചോറിന്റെയും മറ്റ് ആരോഗ്യകരമായ പ്രവർത്തനത്തിന് ഇത് ആവശ്യമാണ്. രാത്രിയുടെ അന്ത്യയാമങ്ങൾ വരെ മൊബൈൽ ഉപയോഗം കുട്ടികളുടെ നിദ്രയേയും മാനസിക ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും. കൃത്യമായ സമയത്ത് ഉറങ്ങുകയും പ്രഭാതത്തിൽ കൃത്യസമയത്ത് എഴുന്നേൽക്കുകയും ചെയ്ത് ഇളംവെയിൽ കൊണ്ടു ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നതു കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വളരെ ഗുണം െചയ്യും.  

മൊബൈൽ ഫോണുകളുടെ ആരോഗ്യകരമായ ഉപയോഗത്തെക്കുറിച്ച് – സമയം നിഷ്കർഷിച്ചുകൊണ്ടുള്ള ഉ പയോഗം, ഏതൊക്കെ സൈറ്റുകൾ ഉപയോഗിക്കാം, എങ്ങനെ അതിനെ ക്രമപ്പെടുത്താം, എന്നൊക്കെയുള്ള അറിവു നിരന്തരം കുട്ടികൾക്കു പകർന്നു കൊടുക്കണം. അതിനുള്ള ആപ്പുകളും ഉണ്ട്. മാതാപിതാക്കൾക്കു കുട്ടികളുടെ സെൽഫോൺ ഉപയോഗത്തിനു നിയന്ത്രണം കൽപ്പിക്കുന്ന ആപ്പുകളെക്കുറിച്ചും അറിവു പകർന്നു കൊടുക്കണം.

ചിട്ടയായ വ്യായാമം പ്രത്യേകിച്ചു വീടിനു വെളിയിൽ പ്രകൃതിയുമായി ഇഴുകിച്ചേർന്നു ചെയ്യുകയാണെങ്കിൽ കുട്ടികളുടെ മാനസിക സമ്മർദത്തിന് അയവു വരികയും മാനസിക ഉല്ലാസവും  പ്രദാനം ചെയ്യുകയും ചെയ്യുന്നു.  കാലത്തെ ഇളംവെയിൽ  ഏൽക്കുന്നതും വ്യായാമങ്ങളും സർക്കാഡിയൻ താളത്തിലുള്ള (CIRCADIAN RHYTHM) താളപ്പിഴകളെ തിരുത്തി രാത്രി, സുഖനിദ്ര പ്രദാനം ചെയ്യും.

Credits: ഡോ. അരുൺ ബി നായർ, പ്രൊഫസർ ഒാഫ് സൈക്യാട്രി, മെഡിക്കൽ കോളജ്, തിരുവനന്തപുരം, ഒാണററി കൺസൽറ്റന്റ്, സൈക്യാട്രിസ്റ്റ്, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി.  ഡോ. സ്മിത രാമദാസ്, അഡീഷനൽ പ്രഫസർ ഒാഫ് സൈക്യാട്രി, ഡിപാർട്ട്മെന്റ് ഒാഫ് സൈക്യാട്രി, മെഡിക്കൽ കോളജ്, കോട്ടയം

Addressing Trauma and Abuse in Childhood:

Children's mental health in Kerala faces significant challenges, with growing concerns about anxiety, depression, and vulnerability to drug abuse and exploitation among school-going children. This article delves into the issues raised by teachers and parents, offering expert advice on navigating adolescent issues like freedom, relationships, peer pressure, and digital safety to foster a secure and healthy environment for children.