പൊതുവേ കളിയാക്കലുകൾക്കും മാറ്റിനിർത്തലുകൾക്കും ഇടയാക്കുന്ന ഒരു പ്രശ്നമാണ് വിക്ക് അല്ലെങ്കിൽ ഒഴുക്കോടെ സംസാരിക്കാൻ സാധിക്കാതെ വരിക (Stuttering). എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ, പ്രഭാഷകനായ ഡെമോസ്തനീസ്, ജോർജ് ആറാമൻ രാജാവ് എന്നിവരൊക്കെ ഈ പ്രശ്നം അനുഭവിച്ചവരും അതിനെ അതിജീവിച്ച് സ്വന്തം പ്രതിഭ തെളിയിച്ചു ലോകത്തിന്റെ ആദരവ് ഏറ്റു വാങ്ങിയവരുമാണ്.

ഒക്ടോബർ 22 രാജ്യാന്തര വിക്ക് ബോധവൽകരണ ദിനമായി ആചരിക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ ഈ പ്രശ്നത്തെക്കുറിച്ചു സമൂഹത്തിൽ ശരിയായ ബോധവൽകരണം നൽകുകയും പ്രശ്നം അനുഭവിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയുമാണ്.

ADVERTISEMENT

1998 മുതലാണ് ഇന്റർനാഷനൽ സ്റ്റട്ടറിങ് അസോസിയേഷൻ ഈ ദിനാചരണം ആരംഭിച്ചത്. ലോകജനസംഖ്യയുടെ ഒരു ശതമാനം വിക്ക് അനുഭവിക്കുന്നു എന്നു കണക്കുകൾ പറയുന്നു.

വിക്ക് രണ്ടു രീതിയിൽ വരാം. ആദ്യത്തേത് ചില കുട്ടികളിൽ വളർച്ചയുടെ ഭാഗമായി സ്വാഭാവികമായി വരുന്ന ഒരു അവസ്ഥ (Developmenta Stuttering) ആണ്. ഒഴുക്കോടെ സംസാരിക്കാൻ കഴിയാതെ വരുന്ന നോർമൽ നോൺ ഫ്ളുവൻസി എന്ന ഈ അവസ്ഥ സാധാരണ രണ്ടര വയസ്സിനും ആറു വയസ്സിനും ഇടയ്ക്കാണു വരിക. ഇതു തികച്ചും സ്വാഭാവികമാണ്. എല്ലാ കുട്ടികളിലും വളർച്ചയുടെ ഭാഗമായി ഈ പ്രശ്നം കാണണമെന്നില്ല.

ADVERTISEMENT

ലക്ഷണങ്ങൾ

∙ വാക്കുകളുടെ ആദ്യത്തെ അക്ഷരം ആവർത്തിച്ചു പറയുക. ക..ക..കാക്ക എന്നിങ്ങനെ.

∙ ചില അക്ഷരങ്ങളോ ശബ്ദങ്ങളോ പുറത്തുവരാതിരിക്കുക.

∙ വാക്കുകൾ ഉച്ചരിക്കുന്നതിനിടയ്ക്ക് സാധാരണയിലും കൂടുതൽ ഗ്യാപ് വരിക

∙ ചില വാക്കുകളിൽ തപ്പിത്തടഞ്ഞ് വേറൊരു വാക്കായി ഉച്ചരിക്കുക.

ADVERTISEMENT


സാധാരണ കുട്ടികൾ ഇങ്ങനെ തപ്പിത്തടഞ്ഞു സംസാരിക്കുമ്പോൾ അച്ഛനമ്മമാരോ മറ്റു മുതിർന്നവരോ നേരേ പറയ്, നിർത്തി നിർത്തി പറയ് എന്നൊക്കെ കുട്ടിയെ ശാസിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ കുട്ടിയുടെ സംസാരത്തെ അനുകരിച്ചു കളിയാക്കാം. ഈ രണ്ടു കാര്യങ്ങളും കുട്ടിയുടെ പ്രശ്നം മാറാൻ ഒട്ടും സഹായകരമല്ല . എന്നുമാത്രമല്ല, പേടിപ്പിക്കലുകളും കളിയാക്കലുകളും കുട്ടിയുടെ പ്രശ്നം കൂടുതൽ വേരുറച്ചു പോകാൻ ഇടയാക്കുകയും ചെയ്യാം. ആരംഭഘട്ടത്തിൽ തന്നെ വിദഗ്ധ സഹായം തേടാൻ മാതാപിതാക്കൾ ശ്രമിച്ചാൽ കുട്ടിയുടെ ഈ പ്രശ്നത്തെ നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളു.

നോർമൽ നോൺ ഫ്ളുവൻസി എന്ന പ്രശ്നം കുട്ടി മുതിരുമ്പോഴും മാറാത്ത അവസ്ഥ (Persistent Stuttering) വരാം. കൂടാതെ പേടിപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെയോ സംഭവങ്ങളിലൂടെയോ കടന്നുപോകുന്നതു വഴിയും ചിലരിൽ വിക്ക് ഉണ്ടാകാം. പേടിപ്പെടുത്തുന്ന കഥകൾ കേൾക്കുക, സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുക, ഒളിച്ചിരുന്നു പേടിപ്പിക്കുക എന്നിവയൊക്കെ കാരണമാകാം. എന്നാൽ പേടി ഉണ്ടാകുന്ന എല്ലാവരിലും അതു വിക്കിലേയ്ക്കു നയിക്കണമെന്നുമില്ല. കുടുംബത്തിൽ ആർക്കെങ്കിലും വിക്ക് ഉണ്ടെങ്കിൽ കുട്ടി അതു തമാശയ്ക്ക് അനുകരിക്കാൻ ശ്രമിച്ച് ഒടുവിൽ വിക്ക് ആയിപ്പോകാനുള്ള സാധ്യതയും ഉണ്ട്.

ഇതുകൂടാതെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളോ പരുക്കുകളോ മൂലം വിക്ക് വരാം. ഇതിന് അക്വയേഡ് സ്റ്റട്ടറിങ് എന്നു പറയും.

ഏതു ഡോക്ടറെ കാണണം?

ആദ്യഘട്ടത്തിൽ മാതാപിതാക്കൾ ശിശുരോഗ വിദഗ്ധരെയാകും കാണിക്കുക. ചിലപ്പോൾ ശിശുരോഗ വിദഗ്ധനാകും മാതാപിതാക്കൾ പറയുന്ന ലക്ഷണങ്ങളിൽ നിന്നോ പതിവു പരിശോധനാ വേളയിലോ ഈ പ്രശ്നം കണ്ടെത്തുക. സ്പീച്ച് തെറപ്പിയാണ് വിക്കിന്റെ പ്രധാനചികിത്സ. ഇപ്പോൾ മിക്കവാറും പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം സ്പീച്ച് തെറപ്പിസ്റ്റിന്റെ സേവനം ലഭിക്കും. ഇല്ലെങ്കിൽ പരിചയസമ്പത്തുള്ള ഒരു സ്പീച്ച് തെറപ്പിസ്റ്റിനെ കാണുക.

തെറപ്പികൾ

പൊതുവേയുള്ള ചിന്തയാണ് വിക്ക് ഒരു നാഡീപരമായ (Neurological) അസുഖമാണെന്ന്. ഇതു ശരിയല്ല. ഇതൊരു നാഡീപരമായ തകരാറല്ല. സ്പീച്ച് തെറപ്പിയാണു പ്രധാനചികിത്സ. റിലാക്സേഷൻ ടെക്നിക്കുകളും ശ്വസന വ്യായാമങ്ങളുമൊക്കെ ചികിത്സയുടെ ഭാഗമാണ്. ഒപ്പം പ്രൊലോങ്ങേഷൻ ടെക്നിക് പോലുള്ളവ കൂടി ഉപയോഗിക്കും. അതായത് ശബ്ദങ്ങൾ നീട്ടി മെല്ലെ ഉച്ചരിപ്പിക്കുക. പലപ്പോഴും സംസാരവേഗത കൂടുമ്പോഴാണ് വിക്ക് കൂടുതലായി അനുഭവപ്പെടുക. ധൃതിയില്ലാതെ ശാന്തമായി സംസാരിക്കാൻ പരിശീലിക്കണം. ഇങ്ങനെ പല മാർഗങ്ങളിലൂടെ വിക്കുന്ന അവസ്ഥ കുറച്ചു കൊണ്ടു വരാനും മെല്ലെ പൂർണമായും വിക്കില്ലാതെ സംസാരിക്കുവാനും സാധിക്കും. വിക്കിന്റെ തീവ്രതയും ലക്ഷണങ്ങളും അനുസരിച്ച് ഒാരോരുത്തരിലും ചികിത്സ വ്യത്യാസപ്പെടാം.


മാനസികമായി തളർത്താം

വിക്ക് അനുഭവിക്കുന്ന വ്യക്തികളിൽ ഈ അവസ്ഥ കാരണം നാണക്കേടും ദേഷ്യവും ചമ്മലുമൊക്കെയുണ്ടാകാം. അതുകൊണ്ടുതന്നെ വിക്ക് ഉള്ളവരിൽ ഉത്കണ്ഠാരോഗത്തിനും വിഷാദത്തിനും സാധ്യത കൂടുതലാണ്. ഇക്കാര്യത്തെക്കുറിച്ചു കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ബോധവാന്മാരാവുകയും കുട്ടിയെ കംഫർട്ട് ആക്കി നിർത്താൻ ശ്രമിക്കുകയും വേണം. പൊതുവേ വിക്കിന് മരുന്നു വേണ്ടിവരില്ലെങ്കിലും ചിലരിൽ ഉത്കണ്ഠ പോലുള്ള ഈ മനോദൗർബല്യങ്ങളെ നിയന്ത്രിക്കാൻ മരുന്നുകളും കഴിക്കേണ്ടിവരും.

ചില സാഹചര്യങ്ങളിൽ മാത്രം വന്നാൽ

ചിലരിൽ വളരെ ടെൻഷൻ ഉളവാക്കുന്ന സാഹചര്യങ്ങളിൽ തപ്പിത്തടഞ്ഞു സംസാരിക്കുന്ന അവസ്ഥയുണ്ടാകാം. മേലധികാരിയോടു സംസാരിക്കുമ്പോഴോ പൊതുവേദികളിലോ മീറ്റിങ്ങുകളിലോ സംസാരിക്കുമ്പോഴോ ഒക്കെ. ഇതിന് സിറ്റുവേഷനൽ ഡിസ്ഫ്ളുവൻസി എന്നു പറയും. ഇതു വിക്കല്ല. താൽക്കാലികമായുള്ള ഒരു പ്രശ്നമാണ്.


വിക്ക് എന്നതു നാണിക്കേണ്ട അവസ്ഥയല്ല. വിക്കുള്ളതിന്റെ പേരിൽ പൊതുസാഹചര്യങ്ങളിൽ നിന്നു മാറി നിൽക്കേണ്ട കാര്യവുമില്ല. അതൊരു സംസാരസംബന്ധമായ പ്രശ്നമായി കണ്ടു ചികിത്സ തേടുക. പൂർണമായി പരിഹരിച്ച് ആത്മവിശ്വാസത്തോടെ ജീവിക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

ഷാജി എസ്

സ്പീച്ച് തെറപ്പിസ്റ്റ്

എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം

തിരുവനന്തപുരം

English Summary:

Stuttering is a speech disorder that can lead to teasing and exclusion, but it can be overcome with awareness and support. Early intervention and speech therapy are crucial for managing and improving fluency, ensuring a confident and fulfilling life for individuals who stutter.

ADVERTISEMENT