2010ലായിരുന്നു ഷൈലയുടേയും ഷാനവാസിന്റെയും വിവാഹം. പരസ്പരം ഇഷ്ടത്തിലാണെന്നു പ‌റഞ്ഞപ്പോൾ ഒരേ നാട്ടുകാരായ ഇരുവരുടേയും വീട്ടുകാർ വിവാഹപ്പന്തലൊരുക്കി. കല്യാണം കഴിഞ്ഞു രണ്ടാം വർഷമാണു ഷൈല ഗർഭിണിയായത്. അ ഞ്ചാം മാസത്തിൽ സ്കാനിങ് ചെയ്തപ്പോൾ ഗർഭാവസ്ഥയിലെ കുഞ്ഞ് തിരിഞ്ഞു കിടക്കുകയാണെന്നു മാത്രമേ ഡോക്ടർ പറഞ്ഞുള്ളൂ. എട്ടാം മാസം കഴിഞ്ഞപ്പോൾ ഫ്ലൂയിഡ് കുറവായതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. 2012 ഏപ്രിൽ 13ന് വിഷുവിന്റെ തലേദിവസം യാസിൻ പിറന്നു. കുഞ്ഞിനു തൂക്കം കുറവായതിനാ ൽ ഇൻകുബേറ്ററിൽ കിടത്തി. ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യുന്ന ദിവസമാണു ഷൈല മകനെ കണ്ടത്. കൈകാലുകൾ ഇല്ലാത്ത കുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ ആ അമ്മ മനസ്സിനുണ്ടായ ഗദ്ഗദം തിരിച്ചറിഞ്ഞിട്ടെന്ന പോലെ ഡോക്ടർമാർ‌ ചില പോംവഴികൾ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെ വളർത്തുന്ന സ്ഥലങ്ങളുണ്ട്. ഇവനെ നിങ്ങൾക്ക് അവരെ ഏൽപ്പിക്കാം. ഇതുകേട്ട് ഷൈല ഭർത്താവിന്റെ മുഖത്തേക്കു നോക്കി. ‘ഇവനെ നമുക്കു കിട്ടിയതല്ലേ. എന്തു കുറവുണ്ടായാലും ആർക്കും കൊടുക്കുന്നില്ല’ ഷൈലയെ ചേർത്തുപിടിച്ചു ഷാനവാസ് വീട്ടിലേക്കു തിരിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ കുഞ്ഞിനെ കാണാൻ വരുന്നവരുടെ തിരക്കായിരുന്നു. എന്തോ വലിയ ദുരന്തം സംഭവിച്ചതുപോലെയൊരു ഭാവം അവരുടെ മുഖത്തു പ്രകടമായപ്പോൾ ഷാനവാസ് കടയിൽ പോയൊരു ടർക്കി ടവൽ വാങ്ങിക്കൊണ്ടു വന്നു. പിന്നീടുള്ള ദിവസങ്ങളിൽ എത്തിയവരുടെ മുന്നിൽ യാസിന്റെ മുഖം മാത്രമേ കാണിച്ചുള്ളൂ. രണ്ടര വയസ്സു തികഞ്ഞിട്ടും യാസിന് ഒറ്റയ്ക്കു കമിഴ്ന്നു കിടക്കാനായില്ല. ഷൈല അവനെ തലയണയിൽ ചാരിയിരുത്തി. വോക്കറി ൽ പിടിച്ചു നടത്തി. പക്ഷേ, അവനു നീങ്ങാനായില്ല. ഒരു ദിവസം കുഞ്ഞിനെ കിടത്തി അടുക്കളയിലേക്കു മാറിയ ഷൈല തിരികെ വന്നപ്പോൾ അവനെ കാണാനില്ല. നിലത്തിരുന്നു നിരങ്ങി നീങ്ങി അവൻ അകത്തെ മുറിയിലെ കളിപ്പാട്ടത്തിനരികിലെത്തിയിരുന്നു. യാസിനെ കെട്ടിപ്പിടിച്ച് ആ അമ്മ അന്ന് ആദ്യമായി പൊട്ടിക്കരഞ്ഞു, ഒരുപാടു സന്തോഷത്തോടെ. മൂന്നര വയസ്സിലാണു യാസിൻ നിരങ്ങി നീങ്ങിത്തുടങ്ങിയത്. അപ്പോഴും വർത്തമാനം പറഞ്ഞിരുന്നില്ല. ഉമ്മ, വാപ്പാ എന്നീ വാക്കുകളൊഴികെ ബാക്കിയെല്ലാം മറ്റെന്തോ ശബ്ദം മാത്രം. അങ്ങനെയിരിക്കെ, അവനു കുഞ്ഞനുജനായി അൽ അമീൻ ജനിച്ചു. അവർ രണ്ടാളും കൂട്ടുകാരായി. അമീൻ സംസാരിച്ചു തുടങ്ങി, ഒപ്പം യാസിനും.

ഉമ്മ ഷൈല പഠിച്ച ആർവിഎസ്എം സ്കൂളിലാണ് ഇപ്പോ ൾ യാസിൻ പഠിക്കുന്നത്. അന്നത്തെ അധ്യാപകർ പലരും ഇപ്പോഴും സ്കൂളിലുണ്ട്. സംഗീതാഭിരുചി മനസ്സിലാക്കിയ അ വർ യാസിന് ഒരു കീബോർഡ് സമ്മാനിച്ചു. യാസിന്റെ കുഞ്ഞുകൈകൾ അതിലൂടെ ഉരഞ്ഞു നീങ്ങി. പതുക്കെപ്പതുക്കെ പാട്ടുകളുടെ റിഥം അനുകരിച്ചു തുടങ്ങി. കലാഭവൻ മണിയുടെ നാടൻപാട്ടുകളോടായിരുന്നു കൂടുതലിഷ്ടം. അങ്ങനെയിരിക്കെ, വീടിന്റെ തൊട്ടപ്പുറത്തെ പറമ്പിൽ ഓണാഘോഷത്തിനൊരുക്കിയ പന്തലിൽ മറ്റു കുട്ടികളെ പോലെ അവനും കയറിയിരുന്നു. അന്നുവരെ വീട്ടിനുള്ളിൽ നിന്ന് ഒറ്റയ്ക്കു പുറത്തിറങ്ങിയിട്ടില്ലാത്ത യാസിൻ ജനക്കൂട്ടത്തെ നോക്കി ഭയം തെല്ലുമില്ലാതെ കീബോർഡ് വായിച്ചു. വളർച്ചയില്ലാത്ത കൈകളും കാലുകളുമായി ഭൂമിയിൽ പിറന്ന അദ്ഭുതത്തെ പ്രയാർ തെക്കുഭാഗം നിവാസികൾ ആശംസകൾകൊണ്ടു പൊതിഞ്ഞു. അതൊരു തുടക്കമായിരുന്നു, മുഹമ്മദ് യാസിൻ എന്നു പേരുള്ള റിയൽ ഫൈറ്ററുടെ ജൈത്രയാത്രയുടെ തുടക്കം.

ADVERTISEMENT

കോവിഡ് വ്യാപനകാലത്തു ഷാനവാസ് ആരംഭിച്ച ‘യാസിൻ ദ് റിയൽ ഫൈറ്റർ’ എന്ന യുട്യൂബ് ചാനൽ പ്രശസ്തമായി. വിഡിയോകളിലൂടെ കുഞ്ഞു യാസിന്റെ പ്രകടനം കണ്ട് ടിവി ചാനലുകൾ അവനെ പ്രോഗ്രാമുകളിലേക്കു ക്ഷണിച്ചു. തുടർന്ന് ഒട്ടനവധി വേദികളിൽ കീ ബോർഡും നൃത്തവും പാട്ടുമായി യാസിൻ പ്രത്യക്ഷപ്പെട്ടു.

ഷൈലയാണ് അതിരാവിലെ യാസിനെ സ്കൂട്ടറിലിരുത്തി മദ്രസയിൽ കൊണ്ടുപോകാറുള്ളത്. തിരിച്ചു വന്നു ഭക്ഷണം കൊടുത്ത ശേഷം സ്കൂളിലേക്ക്. അധ്യാപകരാണ് ഉച്ചയ്ക്കു ചോറു വാരിക്കൊടുക്കുന്നത്. കുഞ്ഞുകൈകളുടെയും താടിയുടേയും ഇടയിൽ പേന ചേർത്തുപിടിച്ചാണ് അ വൻ എഴുതുന്നത്. പഠിച്ചു വലിയ ആളാകുമ്പോൾ ആരായിത്തീരണമെന്ന ചോദ്യത്തിനു യാസിൻ മറുപടി കണ്ടെത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഷാനവാസ് മകനൊരു ടെലിസ്കോപ് വാങ്ങിക്കൊടുത്തു. അതുമായി ആകാശത്തേക്കു നോക്കിയിരിപ്പാണ് ഇപ്പോഴത്തെ ഹോബി. ‘‘ഇതിലൂടെ നോക്കുമ്പോൾ ചന്ദ്രനെയും നക്ഷത്രങ്ങളേയും കാണാം’’ വലുതാകുമ്പോൾ എനിക്കു ബഹിരാകാശ ശാസ്ത്രജ്ഞനാവണം. തിളങ്ങുന്ന കണ്ണുകളോടെ യാസിൻ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT