നിങ്ങളുടെ കുട്ടി സംസാരിക്കാൻ വൈകുന്നോ? പിന്നിൽ മാതാപിതാക്കൾ വരുത്തുന്ന ഈ തെറ്റുകളാകാം Speech delay in children can be influenced by parental habits
കുട്ടികൾ സംസാരിക്കാൻ വൈകുന്നതിനു പിന്നിൽ മാതാപിതാക്കൾ വരുത്തുന്ന ഈ തെറ്റുകളുമുണ്ടാകാം.
∙ കുട്ടികളോടു പതിവായി സംസാരിക്കാത്തതാണ് ഒരു പ്രധാന പ്രശ്നം. കുഞ്ഞിന്റെ ആദ്യദിനങ്ങൾ മുതൽ അവരുടെ മുഖത്തു നോക്കി സംസാരിക്കണം. ഇതാണു ഭാഷയോട് അടുക്കുന്നതിന്റെ ആദ്യപടി. കുഞ്ഞു വളരുന്തോറും അവരോടു സംസാരിക്കുന്ന തിന്റെ സമയവും വളരണം. കുട്ടികൾക്കൊപ്പമിരുന്നു കളിക്കാനും മറ്റൊന്നിലേക്കും ശ്രദ്ധ പതറാതെ അവരോടു സംസാരിക്കാനും ശ്രദ്ധിക്കണം.
∙ പ്രായോഗിക ജീവിതത്തിൽ ഉപയോഗിക്കേണ്ട വാക്കുകളിലൂടെ കുട്ടിയോടു സംസാരിക്കാത്തത് അവരുടെ ഭാഷാപ്രാവീണ്യം കുറയ്ക്കും. മാമം വേണോ, ബൗ ബൗ ഉണ്ട്... എന്നിങ്ങനെയുള്ള വാക്കുകൾ വേണ്ട. കുട്ടികൾ അങ്ങനെ പറഞ്ഞാൽ മുതിർന്നവർ ആ വാക്കുകൾക്കു പകരമുള്ള ശ രിയായ വാക്കു പറയുക. ദൈംദിന കാര്യങ്ങളുമായി ബന്ധപ്പെട്ട വാക്കുകൾ പരിചയപ്പെടുത്തണം.
∙ കുട്ടികൾക്കു വായിച്ചു കൊടുക്കാ ത്തത് അവരുടെ ശ്രദ്ധയെയും സംസാരഭാഷയെയും സ്വാധീനിക്കും. ദിവസവും 15 മിനിറ്റ് വായനയ്ക്കായി മാറ്റിവയ്ക്കുക. വായനയ്ക്കിടെ കുട്ടികളോടു ചോദ്യങ്ങൾ ചോദി ക്കാം. മൂന്നു വയസ്സിൽ ഒറ്റ വാക്കിൽ ഉത്തരം പറയാവുന്ന ചോദ്യം മതി. നാല് – അഞ്ചു വയസ്സുള്ള കുട്ടിയോടു ചോദ്യം ചോദിക്കുന്നതിനൊപ്പം കഥയിൽ നിന്ന് എന്താണു മനസ്സിലായത് എന്നും ചോദിക്കാം. ആറ് – ഏഴ് വയസ്സുള്ള മക്കളോട് കഥ അവസാനിച്ച ശേഷം ഇനിയെന്തു സംഭവിക്കാമെന്നു ചോദിക്കാം.