‘അത്രയ്ക്കും സ്നേഹം വേണ്ട, കുഞ്ഞുവാവയെ ഉമ്മ വയ്ക്കാൻ കൊടുക്കരുത്’: കേൾക്കണം ഈ കുഞ്ഞിന്റെ അനുഭവം The Hidden Dangers of Kissing Babies
കുഞ്ഞാവകളെ എല്ലാവർക്കും ഇഷ്ടമാണ്. സ്വന്തം കുഞ്ഞിനെയല്ല, പ്രിയപ്പെട്ടവരുടെയോ കൂട്ടുകാരുടെയോ മക്കളെ കണ്ടാലോ ഒന്ന് താലോലിച്ച് ഉമ്മ വയ്ക്കാതെ ആരും വിടില്ല. എത്ര നേരം വേണമെങ്കിലും അവരുമായി ചിലവഴിച്ച് കൊഞ്ചിക്കാനും നമുക്ക് ഒരു മടിയുമില്ല. എന്നാൽ അതിരുകവിഞ്ഞുള്ള ആ സ്നേഹവും ഉമ്മ വയ്ക്കലും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും എന്ന് എത്ര പേർക്കറിയാം. ശിശുരോഗ വിദഗ്ധ ഡോ. വിദ്യ വിമലാണ് വിഷയത്തിന്റെ ഗൗരവം മുൻനിർത്തി സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
കുഞ്ഞു വാവയെ ഉമ്മ വയ്ക്കുമ്പോൾ ശ്രദ്ധിക്കുക എന്ന ആമുഖത്തോടൊണ് ഡോക്ടറുടെ വിഡിയോ. നൂലുകെട്ട് ചടങ്ങിനു ശേഷം ഗുരുതമായ പനിയും ഇൻഫക്ഷനും ന്യുമോണിയയുമായി തന്നെ കാണാനെത്തിയ കുഞ്ഞിന്റെ അനുഭവമാണ് ഡോക്ടർ പങ്കുവയ്ക്കുന്നത്. ചടങ്ങിനിടെ നിരവധി പേർ കുഞ്ഞിനെ മുത്തം നൽകി കൊഞ്ചിച്ചുവെന്ന് മാതാപിതാക്കൾ പറഞ്ഞതായി ഡോക്ടർ വ്യക്തമാക്കുന്നു. എല്ലാവരും കുഞ്ഞിനെ കൊഞ്ചിക്കാനായി എടുത്തപ്പോൾ തടയാനാകാത്ത നിസഹായ അവസ്ഥയിലായിരുന്നു ബന്ധുക്കൾ. ഒടുവിൽ കഫക്കെട്ടിൽ തുടങ്ങിയ പ്രശ്നങ്ങൾ ന്യൂമോണിയയിൽ ആണ് അവസാനിച്ചതെന്നും ഡോക്ടർ പറയുന്നു.
‘കുഞ്ഞുവാവയെ ഉമ്മ വയ്ക്കുന്നവർ ഒന്നോർക്കണം. നമ്മൾ വൈറസിന്റെയോ മറ്റു രോഗാണുക്കളുടെയോ വാഹകരാകാൻ സാധ്യതയുണ്ട്. മുപ്പതോ നാൽപതോ മാത്രം ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ പ്രതിരോധ ശേഷി കുറവായിരിക്കും. കുഞ്ഞിനെ അച്ഛന്റെയും അമ്മയുടേയും കൈകളിലിരുന്ന് കാണുന്നതും കൊഞ്ചിക്കുന്നതുമാണ് നല്ലത്.’– ഡോ. വിദ്യ വിമൽ പറയുന്നു.
വിഡിയോ: