Saturday 12 February 2022 03:29 PM IST

‘ഇതാരാ മോളേ...മക്കളുടെ അപ്പൂപ്പനാണോ...’: നാടകത്തിൽ തുടങ്ങിയ പ്രണയം: അമലും ദിവ്യയും പറയുന്നു: വിഡിയോ

V.G. Nakul

Sub- Editor

amalraj

ചക്ക കുഴഞ്ഞതു പോലെയൊരു കുടുംബമാണ് ‘ചക്കപ്പഴ’ത്തിലേത്. ഗൃഹനാഥനായ കുഞ്ഞുണ്ണിയാകട്ടെ മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയായിട്ടും തന്റെ പേരു പോലെ ‘കുഞ്ഞുണ്ണി’യായാണ് ജീവിക്കുന്നത്. അൽപ്പസ്വൽപ്പം പിശുക്കും മക്കളോടും മരുമക്കളോടുമൊക്കെ ചങ്ങാതിമാരെപ്പോലെയുള്ള ഇടപഴകലും തമാശയും പിണക്കങ്ങളുമൊക്കെയായി നടക്കുന്ന ഒരു അറുപതുകാരൻ കാരണവർ.

പക്ഷേ, കുഞ്ഞുണ്ണിയായി തിളങ്ങുന്ന അമൽരാജ് യഥാർഥത്തിൽ അപ്പൂപ്പനല്ല. സീരിയലിൽ കൊച്ചുമക്കളായി അഭിനയിക്കുന്ന കുട്ടികളുടെ പ്രായത്തിലുള്ള രണ്ട് മക്കളുടെ അച്ഛനാണ്.ഈ നരയും കഷണ്ടിയുമൊക്കെയേ ഉള്ളൂ.ആളിപ്പോഴും ചെറുപ്പമാണ്.

മാലിക് എന്ന ചിത്രത്തിലൂടെ സിനിമയിലും തിരക്കിലേക്കു നീങ്ങുന്ന അമലിന്റെ പ്രിയമേഖല നാടകമാണ്. തൃശൂർ ഡ്രാമ സ്കൂളില്‍ നിന്ന് പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞാണ് അഭിനയരംഗത്ത് സജീവമായത്.

അമലും ഭാര്യ ദിവ്യലക്ഷ്മിയും പ്രണയിച്ച് വിവാഹിതരായവരാണ്.നർത്തകിയാണ് ദിവ്യ. കാലടി സർവകലാശാലയിൽ നിന്ന് ഭരതനാട്യം പഠിച്ച ആളാണ്. കലാമേഖലയിലൂടെ കണ്ട് പരിചയപ്പെട്ട് പ്രണയത്തിലേക്കെത്തുകയായിരുന്നു ഇവർ. വീടുകളിൽ പറഞ്ഞപ്പോൾ അത് ഒരു അറേഞ്ച്ഡ് മാര്യേജിന്റെ സ്റ്റൈലിൽ ആയി. 5 വർഷത്തെ പ്രണയത്തെത്തുടർന്ന് 2005 ൽ ആയിരുന്നു വിവാഹം.

amal-2

വിവാഹ ശേഷം അമലും ദിവ്യയും ചേർന്ന് അവതരിപ്പിച്ച ‘പ്രേമലേഖനം’ എന്ന നാടകം വലിയ ചർച്ചയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന പ്രശസ്ത കൃതിയുടെ ഈ നാടകാവിഷ്ക്കാരം മലയാള നാടകരംഗത്ത് ഒരേ കഥാപാത്രങ്ങൾ ഒരേ അഭിനേതാക്കൾ തന്നെ 1000 വേദികളിൽ അവതരിപ്പിച്ചു എന്ന അപൂർവതയാണ് സ്വന്തമാക്കിയത്.

കല്യാണം കഴിഞ്ഞ സമയത്ത് അമൽ സൂര്യയുടെ ‘മേൽവിലാസം’ എന്ന നാടകവുമായി ബന്ധപ്പെട്ട് തിരക്കുള്ള യാത്രകളിലായിരുന്നു. അപ്പോൾ ദിവ്യ പലപ്പോഴും ഒറ്റയ്ക്കായി. അതിനെ മറികടക്കാനാണ് സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച്, ഇരുവരും ഒന്നിച്ച് ‘പ്രേമലേഖനം’ അവതരിപ്പിച്ചു തുടങ്ങിയത്.

രണ്ട് മക്കളാണ് അമലിനും ദിവ്യയ്ക്കും. മൂത്തയാൾ ആയുഷ് ദേവ് ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. രണ്ടാമത്തെയാൾ ആഗ്നേഷ് ദേവ് യുകെജിയിൽ. നെയ്യാറ്റിൻകരയിലാണ് അമലിന്റെ നാട്. ദിവ്യയുടെത് മാവേലിക്കര. ദിവ്യ ഒരു നൃത്തവിദ്യാലയം നടത്തുന്നുണ്ട്.ഭാവലയ എന്നാണ് പേര്. അവിടെ കുട്ടികളുടെ തിയറ്റര്‍ ഗ്രൂപ്പും ഉണ്ട്. ഇപ്പോൾ, എം.മുകുന്ദന്റെ തിരക്കഥയിലൊരുങ്ങുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’, ടൊവീനോ തോമസിന്റെ ‘വാശി’ എന്നീ ചിത്രങ്ങളിൽ അമൽ ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഈ പ്രണയദിനത്തിൽ, തങ്ങളുടെ തങ്ങളുടെ പ്രണയകാലത്തെക്കുറിച്ച് ‘വനിത ഓൺലൈനിൽ’ മനസ്സ്തുറക്കുകയാണ് അമലും ദിവ്യയും...വിഡിയോ കാണാം: