Thursday 27 July 2023 03:57 PM IST

‘പാട്ടിന്റെ രാജഹംസം’; ഗുരുത്വവും വിനയവും സ്നേഹവും നല്ല പുഞ്ചിരിയും, വ്യത്യസ്തയാണ് കെ എസ് ചിത്ര; ഹൃദ്യാനുഭവങ്ങളുമായി കൈതപ്രം

Priyadharsini Priya

Senior Content Editor, Vanitha Online

kaithapram-chithra

‘രാജഹംസമേ മഴവില്‍ കുടിലില്‍ 

സ്നേഹദൂതുമായ്‌ വരുമോ 

സാഗരങ്ങളേ മറുവാക്കു മിണ്ടുമോ 

എവിടെ എന്റെ സ്നേഹ ഗായകന്‍ ഓ...’

കൈതപ്രത്തിന്റെ മനോഹര വരികള്‍ക്ക് ജീവന്‍ പകര്‍ന്നു നല്‍കിയ ഗായിക കെ.എസ്. ചിത്ര. എന്നെന്നും മലയാളിയുടെ മനസ് നിറയ്ക്കുന്ന ആ മാസ്മരിക ശബ്ദത്തിന് ഇന്ന് 60 വയസ് തികയുന്നു. ഹൃദ്യമായ പെരുമാറ്റവും ലാളിത്യവും കൊണ്ട് കടലോളം ഇഷ്ടം നേടിയെടുത്ത അതുല്യ കലാകാരി, അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കും എത്രയോ മുകളിലാണ് ചിത്രയെന്ന വ്യക്തിത്വം. ‘ചിത്രാ’നുഭവങ്ങള്‍ വനിതാ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് ഗാനരചയിതാവും ഗായകനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി.  

അവളുടെ പാട്ട് കേട്ടാല്‍...

ചിത്രയെപ്പറ്റി ഹൃദ്യമല്ലാത്ത ഒരോര്‍മ ആര്‍ക്കുമുണ്ടാവില്ല. അത്ര നല്ല പെരുമാറ്റവും സ്നേഹവുമുള്ള കുട്ടിയാണ്. എപ്പോള്‍ കാണുമ്പോഴും സന്തോഷവതിയായിരിക്കും. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖമാണ്. എത്ര ദുഃഖമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാറില്ല. മാത്രമല്ല, അവളുടെ പാട്ട് കേട്ടാല്‍ എല്ലാ ദുഃഖവും മാറും. 

ചിത്രയ്ക്ക് പത്തു വയസുള്ളപ്പോള്‍ തൊട്ട് എനിക്കറിയാം. തിരുവനന്തപുരം ആകാശവാണിയില്‍ മിനി കോറല്‍ എന്നു പറഞ്ഞൊരു ഗ്രൂപ്പ് ഉണ്ടായിരുന്നു. അതിന്റെ ലീഡറായിരുന്നു ചിത്ര. അന്ന് എംജി രാധാകൃഷ്ണനാണ് അതിന്റെ സംഗീതം ചെയ്തിരുന്നത്. ആ മിനി കോറലിലെ ആദ്യത്തെ പാട്ട് എന്റെതാണ്. ആകാശവാണിയിലെ എന്റെ ആദ്യത്തെ പാട്ട് പാടുന്നതും ചിത്രയാണ്. റേ‍ഡിയോയിലും മറ്റുമായി എന്റെ ധാരാളം പാട്ടുകള്‍ ചിത്ര പാടിയിട്ടുണ്ട്. 

ആ കുട്ടി ചിത്രയായിരുന്നു...

1970- 72 കാലഘട്ടത്തിലാണെന്നു തോന്നുന്നു, ദാസേട്ടന്‍ ആറ്റുകാല്‍ അമ്പലത്തില്‍ കച്ചേരി നടത്തുകയാണ്. പാടിക്കൊണ്ടിരിക്കുന്ന സമയത്ത് ഞാന്‍ സ്റ്റേജിനു തൊട്ടുതാഴെ മുന്നിലായി ഇരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ എംജി രാധാകൃഷ്ണന്‍ ചേട്ടന്‍ ഒരു കുട്ടിയെ എടുത്തുപൊക്കി സ്റ്റേജിലേക്ക് കയറ്റുന്നു. ദാസേട്ടന്റെ അനുഗ്രഹം വാങ്ങാനെത്തിയ ആ കുട്ടി ചിത്രയായിരുന്നു. സ്കൂളിലും കോളജിലുമൊക്കെ ഒന്നാം സ്ഥാനക്കാരിയായിരുന്നു ചിത്ര. ചിത്രയുടെ ചേച്ചി ബീനയെയും കുട്ടിക്കാലം തൊട്ടേ എനിക്കറിയാം. ബീനയുടെ പിന്തുടര്‍ച്ചക്കാരിയായിട്ടാണ് ചിത്ര പിന്നണി രംഗത്ത് എത്തുന്നത്. 

പാട്ടിന്റെ രാജഹംസം...

ചിത്ര പാടിയതില്‍ ഏറ്റവും ഇഷ്ടമുള്ള പാട്ട് എന്റെ ‘രാജഹംസ’മാണ്. ‘തങ്കത്തോണി തെൻമലയോരം കണ്ടേ..’, ‘എന്തിനു വേറൊരു സൂര്യോദയം..’ എന്നിങ്ങനെ ഏറ്റവും ഇഷ്ടമുള്ള പത്തോളം പാട്ടുകള്‍ പറയാന്‍ പറ്റും. ഞങ്ങള്‍ ഒരുമിച്ച് നിരവധി തവണ സ്റ്റേജില്‍ പാടിയിട്ടുണ്ട്. 

എഴുത്തച്ഛന്‍ എന്ന സിനിമയിലെ ‘സ്വര്‍ഗ്ഗവാതില്‍ കിളിക്കൂട്ടില്‍ നിന്നും’ എന്നൊരു പാട്ടുണ്ട്. അധികമാരും അത് കേട്ടു കാണില്ല. പക്ഷേ, എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ടാണത്. ഞാന്‍ വീട്ടിലെത്തി ഭാര്യയ്ക്ക് ഈ പാട്ട് കേള്‍പ്പിച്ചു കൊടുത്തു. സന്തോഷമായിട്ട് കണ്ണു നിറഞ്ഞ് ഞങ്ങള്‍ പാട്ട് കേട്ടു കൊണ്ടിരുന്നു. അപ്പോള്‍ എനിക്ക് തോന്നി ചിത്രയെ ഒന്ന് വിളിക്കാം എന്ന്. വിളിച്ചപ്പോള്‍ ചിത്ര വിമാനത്താവളത്തില്‍ ഫ്ലൈറ്റ് കാത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍ തന്നെ എന്നോട് സംസാരിച്ചു, എന്നിട്ട് എന്റെ ഭാര്യയോട് പറഞ്ഞു, ‘ഇത് എനിക്ക് മാത്രം അവകാശപ്പെട്ടതല്ല, അവിടേക്കു കൂടി അവകാശപ്പെട്ടതാണ്’ എന്ന്. എപ്പോഴും സ്വന്തമായി ക്രഡിറ്റ് എടുക്കാറില്ല. അതൊക്കെയാണ് ചിത്രയെ വ്യത്യസ്തയാക്കുന്നത്.

വ്യക്തിത്വം കൊണ്ട് മറ്റുള്ളവരില്‍ നിന്ന് അറിയാതെ ഒരുപടി ഉയര്‍ന്നു നില്‍ക്കും ചിത്ര, അതൊരിക്കലും മനഃപൂര്‍വമായി നേടിയെടുക്കുന്നതല്ല. ആരാധന കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ താഴ്ന്നു നില്‍ക്കുന്നയാളാണ് ചിത്ര. ഗുരുത്വവും വിനയവും സ്നേഹവും നല്ല പുഞ്ചിരിയുമൊക്കെയാണ് ചിത്രയുടെ ഗുണങ്ങള്‍.

സ്വാദുള്ള പാട്ട്.. 

എന്റെ മകന്‍ ദീപാങ്കുരന്റെ സംഗീതത്തില്‍ ‘എനിക്കു വേണം പുഴ വെള്ളത്തില്‍ തുള്ളി തുളുമ്പുന്നൊരു ബാല്യം’ എന്നൊരു പാട്ടുണ്ട്. അത് പാടിയിരിക്കുന്നത് ചിത്രയാണ്. അതിലെല്ലാം സ്വാദുള്ള കാര്യങ്ങളാണ്. പാട്ട് പാടുമ്പോള്‍ ചിത്ര ദീപുവിനോട് പറഞ്ഞിരുന്നു, ‘തിരുമേനിയുടെ പാട്ടുകള്‍ പാടുമ്പോള്‍ വായില്‍ വെള്ളം വരും, നല്ല സ്വാദുണ്ടാകും’ എന്ന്. 

Tags:
  • Movies