Wednesday 26 July 2023 02:23 PM IST

‘ജാനകിയമ്മ വേണോ...? ഈ കുട്ടി പാടിയാപ്പോരേ...’: ‘ആ ട്രാക്ക്’ സൂപ്പർഹിറ്റായി, ചിത്രയെന്ന താരം ജനിച്ചു

V.G. Nakul

Sub- Editor

fazil_chithra

വർഷം 1982–83. തിരുവനന്തപുരത്ത്, തരംഗിണി സ്റ്റുഡിയോയിൽ ‘എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്’ ലെ പാട്ടുകളുടെ റെക്കോഡിങ്. ചിത്രത്തിൽ എസ്. ജാനകിയ്ക്ക് വേണ്ടിയുള്ള ‘ആളൊരുങ്ങി അരങ്ങൊരുങ്ങി...’ എന്ന പാട്ടിന്റെ ട്രാക്ക് പാടാൻ സംഗീത സംവിധായകൻ ജെറി അമൽദേവ് പരിചയത്തിലുള്ള ഒരു പെൺകുട്ടിയെ ഏർപ്പാടാക്കി. ആ ‍‍ട്രാക്ക് ചെന്നൈയിൽ കൊണ്ടു പോയി ജാനകിയെക്കൊണ്ട് പാടിക്കണം. ജാനകി പാടാത്ത ഒരു സിനിമ ചിന്തിക്കാനേയാകില്ലെന്നതാണ് അപ്പോഴത്തെ അവസ്ഥ.

സംവിധായകൻ ഫാസിലിന് ചെറിയ സംശയം –

‘ടോപ്പ് പിച്ചിലൊക്കെ പോകേണ്ട പാട്ടാണ്...ആ കുട്ടി നന്നായിട്ട് പാടുമല്ലോ അല്ലേ...’

‘പാടും പാടും...’

‌ജെറി വലിയ ആത്മവിശ്വാസത്തിലാണ്.

പിറ്റേദിവസം പെൺകുട്ടി വന്നു. ഫാസിലും സ്റ്റുഡിയോയിലുണ്ട്.

പെൺകുട്ടി പാടാൻ കയറി. പാട്ട് തുടങ്ങി. പാടിപ്പാടിപ്പോകെ, ‘മാമാട്ടുക്കുട്ടിയമ്മേ...മാമുണ്ണാൻ ഓടിവായോ...’എന്ന ഭാഗമൊക്കെയായപ്പോൾ ഫാസിൽ ഞെട്ടി. അസ്സലായി പാടുന്നു. ഫാസിൽ ജെറിയെ തോണ്ടി –

chitra-60-cover

‘ജാനകിയമ്മ വേണോ...ഈ കുട്ടി പാടിയാപ്പോരേ...’

ജെറിക്ക് മറുപടി പറയാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല –

‘ഐ പ്രിഫർ ഹെർ...പക്ഷേ, നവോദയ സമ്മതിക്കുമോ...?’

നവോദയയുടെ ബാനറിൽ അപ്പച്ചനാണ് ചിത്രത്തിന്റെ നിർമാണം.

‘ഞാൻ വിളിച്ച് ചോദിക്കാം. പാട്ട് മൊത്തം റെക്കോഡ‍് ചെയ്യട്ടേ...’ എന്ന് ഫാസിൽ.

പാട്ട് മൊത്തം പാടിക്കേട്ടപ്പോൾ ഫാസില്‍ പൂർണതൃപ്തൻ. അദ്ദേഹം മനസ്സിലുറപ്പിച്ചു – പാട്ട് ഈ കുട്ടിയ്ക്ക് തന്നെ!

അപ്പോൾ റെക്കോഡിങ് റൂമിൽ നിന്ന് ഇറങ്ങി വന്ന പെൺകുട്ടി, ജെറിയോടും ഫാസിലിനോടുമായി ചോദിച്ചു –

‘ഒരിടത്ത് ശ്രുതി ഒരൽപ്പം പോയല്ലേ ?’

ഉടൻ ഫാസിൽ –

‘പോകാൻ പറ... എന്ത് ശ്രുതി...’

അദ്ദേഹം അത്ര സന്തോഷത്തിലായിരുന്നു.

ഫാസില്‍ അപ്പച്ചന്റെ മകൻ ജിജോയെ വിളിച്ച് കാര്യം പറഞ്ഞു.

‘ആദ്യമായിട്ട് പാടുന്നതാണോ’ എന്ന് ജിജോ.

‘അല്ല, രണ്ട് മൂന്ന് പടങ്ങളിൽ പാടിയിട്ടുണ്ട്. അസ്സലാണ്...’ എന്ന് ഫാസിൽ.

‘ശരി, പപ്പായോട് ചോദിക്കട്ടേ’ എന്നായി ജിജോ.

‘പാച്ചിക്കിഷ്ടപ്പെട്ടെങ്കിൽ ആയിക്കോട്ടേ’ എന്നായിരുന്നു അപ്പച്ചന്റെ മറുപടി.

അങ്ങനെയാണ് ‘ആളൊരുങ്ങി അരങ്ങൊരുങ്ങി...’ എന്ന പാട്ട് ആ പെൺകുട്ടിയ്ക്ക്, കെ.എസ് ചിത്രയ്ക്ക്, ലഭിച്ചത്. പാട്ടും പടവും വൻ ഹിറ്റ്. കെ.എസ് ചിത്ര എന്ന പേര് മലയാള സിനിമാ പിന്നണിഗാനരംഗത്ത് ഒരു തരംഗമായി പടർന്നു കയറുകയായിരുന്നു, അതോടെ...

fazil-chithra-1

പിന്നണിഗായകരുടെ പട്ടികയിൽ, ആദ്യമായ് ഒരു സിനിമയുടെ ടൈറ്റിൽ കാർഡിൽ ചിത്രയുടെ പേര് വരുന്നത് ‘എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്’ എന്ന ചിത്രത്തിലാണെന്നറിയുന്നു.

യേശുദാസ് വന്നില്ല, ചിത്ര പാടി

ഫാസിലിന്റെ അടുത്ത ചിത്രങ്ങളിലൊന്നായ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ ന്റെ റെക്കോഡിങ്ങും തരംഗിണിയിലായിരുന്നു. ‘ആയിരം കണ്ണുമായ്...’ എന്ന പാട്ട് പാടാൻ പറഞ്ഞ ദിവസം യേശുദാസിന് വരാൻ പറ്റിയില്ല. രണ്ട് ദിവസം കൂടി മാറ്റി വച്ചു. വീണ്ടും പലവട്ടം റെക്കോഡിങ് മുടങ്ങിയതോടെ, ഫാസിൽ പറഞ്ഞു –

‘ഈ പാട്ടിന് സിനിമയിൽ ലിപ് ഇല്ല. ചിത്രയെ വിളിച്ച് പാടിക്കാം’.

അങ്ങനെ ചിത്ര വന്നു പാടി.

‘ഇത് പിന്നെ വേറെ ആരെയെങ്കിലും വച്ച് പാടിക്കും കേട്ടോ’ എന്ന് റെക്കോഡിങ് കഴിഞ്ഞപ്പോൾ‌ ഫാസിൽ ചിത്രയോട് തമാശയായി പറഞ്ഞിരുന്നു.

chithra-yesudas

കേട്ടവർക്കെല്ലാം ചിത്ര പാടിയത് ഇഷ്ടപ്പെട്ടു. നാല് ദിവസം കഴിഞ്ഞപ്പോള്‍ യേശുദാസും വന്ന് അതേ പാട്ട് പാടിയിട്ട് പോയി. ഏതെങ്കിലും ഒന്നേ സിനിമയിൽ ഉപയോഗിക്കാനാകു. ചിത്രയുടെ പാട്ട് ഒഴിവാക്കാൻ ഫാസിലിന്റെ മനസ്സ് അനുവദിച്ചില്ല.

എന്ത് ചെയ്യും...?

അങ്ങനെ ചിന്തിച്ച് ചിന്തിച്ച് കഥയിൽ ഒരു ഭാഗം കണ്ടെത്തി. കൊച്ചുമകളുടെ ആഗ്രഹങ്ങൾ മുത്തശ്ശി സാധിച്ചു കൊടുക്കുന്ന രംഗങ്ങളിൽ ചിത്ര പാടുന്നത് ഉൾപ്പെടുത്തി. പാട്ട് ഹിറ്റ്. പടവും!

രാജ ചോദിച്ചു, ‘അന്ത പാടണ പൊണ്ണ് യാര്...?’

‘നോക്കെത്താ ദൂരത്ത്’ ‘പൂവേ പൂ ചൂടവാ’ എന്ന പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി, പാട്ടുകൾ ചെയ്യാൻ സംഗീത സംവിധായകൻ ഇളയരാജയെ സിനിമ കാണിച്ചു. പടം കണ്ട ഇളയരാജ ആദ്യം പറഞ്ഞതിങ്ങനെ –

‘റൊമ്പ നല്ലാര്ക്ക്...’

തുടർന്ന് ഒരു ചോദ്യം –

‘അന്ത പാടണ പൊണ്ണ് യാര്...?’

‘കെ.എസ് ചിത്ര. നമുക്ക് പാടിക്കലാമാ ? ’

എന്ന് ഫാസിൽ

രാജ ഉടൻ പറഞ്ഞു –

‘ധാരാളമാ...’

വൈകുന്നേരം ഫാസിൽ ചിത്രയോട് ഫോണിൽ ചോദിച്ചു –

‘തമിഴിൽ പാടാൻ ആഗ്രഹമുണ്ടോ ?’

ഉണ്ടെന്ന് ചിത്ര.

അങ്ങനെ, ഇളയരാജയുടെ മാനേജർ കല്യാണത്തിന് ഫാസിൽ ചിത്രയുടെ ഫോൺനമ്പർ കൊടുത്തു. ചിത്ര വന്നു. ആദ്യം ഭാരതിരാജയുടെ ഒരു പടത്തിനാണ് പാടിയത്. പിറ്റേന്ന്, ‘പൂവേ പൂ ചൂടവാ’ യിലെ പാട്ടും പാടി. ആ പാട്ടാണ് ‘പൂവേ...പൂ ചൂടവാ...’

chithra-ilayaraja

പാട്ട് പാടിക്കഴിഞ്ഞപ്പോൾ, അത് കേൾക്കാൻ രാജയുടെ ടീമിലെ മൊത്തം മ്യുസിഷൻസും അവിടേക്ക് വന്നു. പാട്ട് തീർന്നതും എല്ലാവരും കയ്യടിച്ചു.

അപ്പോൾ ഇളയരാജയുടെ ചോദ്യം –

‘കൈ തട്ട് യാർക്ക് ? എനക്കാ ചിത്രായ്ക്കാ...? ’

എല്ലാവരും പരുങ്ങി, ‘ഉങ്കളുക്ക് സാർ’ എന്ന് ഒന്നിച്ചു പറഞ്ഞു.

‘എനക്ക് എതുക്ക് കൈതട്ട്. കൈതട്ട് അന്ത വിശ്വനാഥൻ രാമമൂർത്തി സാറ്ക്ക് കൊട്’

എന്ന് രാജ.

അതാണ് രസം. എം.എസ് വിശ്വനാഥൻ ഈണം പകർന്ന

‘മലർന്ത് മലരാത പാതി മലർ പോല...’ എന്ന പാട്ടിന്റെ ട്യൂണാണ് ചെറിയ മിനുക്കു പണികളോടെ രാജ ‘പൂവേ...പൂ ചൂടവാ...’ആക്കിയത്. അതിന്റെ മറ്റൊരു വകഭേദമാണ് രാജയുടെ ‘കണ്ണേ കലൈമാനേ....’.

‘പൂവേ...പൂ ചൂടവാ...’ ചിത്രയ്ക്ക് തമിഴിലും ബ്രേക്ക് ആയി. ബാക്കി ചരിത്രം...

(സംവിധായകൻ ഫാസിലുമായുള്ള സംഭാഷണത്തില്‍ നിന്നു തയാറാക്കിയത്)