Wednesday 26 July 2023 03:10 PM IST : By വി.ആർ. ജ്യോതിഷ്, അമ്മു ജൊവാസ്

‘ചേച്ചിയുടെ പാട്ടിൽ ലയിച്ചുനിന്ന ഞാൻ അടുത്ത വരി പാടാൻ മറന്നുപോയിട്ടുണ്ട്’; ഹേറ്റേഴ്സ് ഇല്ലാത്ത സെലിബ്രിറ്റി, ചിത്രയെക്കുറിച്ച് നിത്യ മാമൻ

nithya-maman

ഹേറ്റേഴ്സ് ഇല്ലാത്ത മൂന്നു സെലിബ്രിറ്റികളെ എടുത്താൽ അതിൽ ചിത്രചേച്ചി ഉണ്ടാകുമെന്നു നൂറു ശതമാനം ഉറപ്പാണ്. ആര്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകുകയില്ല. 

നാലു പതിറ്റാണ്ടിലേറെ സിനിമാ സംഗീതരംഗത്തു സജീവമായി നിന്നിട്ടും ആർക്കും ചേച്ചിയോടു ദേഷ്യമില്ല. വീട്ടിലെ ഒരംഗത്തെ പോലെയാണു ചേച്ചി നമുക്കെല്ലാം. സുപരിചിതമായ ശബ്ദം, വാത്സല്യമുള്ള മുഖം, സ്നേഹം നിറയുന്ന പെരുമാറ്റം.

ഏതു പാട്ടും ചേച്ചിയുടെ ശബ്ദത്തിനു വഴങ്ങും. എ ന്നെപ്പോലെ വളർന്നുവരുന്ന ഗായകർക്കു ചിത്രചേച്ചി പാഠപുസ്തകമാണ്. ഓരോ പാട്ടിലും കൊച്ചു കൊച്ചു വലിയ പാഠങ്ങൾ പഠിപ്പിച്ചു തരാനുണ്ടാകും.

ആരാധനയോടെ ദൂരെ നിന്നു കണ്ട ചിത്രചേച്ചിയെ അടുത്തുനിന്നു കേൾക്കാനും ഒപ്പം പാടാനും അവസരം കിട്ടിയത് ഇക്കഴിഞ്ഞ വർഷമാണ്. ഖത്തറിൽ നടന്ന സ്റ്റേജ് ഷോയിൽ ഞാനും ചേച്ചിക്കൊപ്പം ലതാജിയുടെ പാട്ടുകൾ പാടി. ചേച്ചിയുടെ സ്വന്തം ഓർക്കസ്ട്രയാണ് പിന്നണിയിൽ. ടെൻഷൻ കൊണ്ടു വിളറിയ എന്നെ ചിരിയോടെ കംഫർട്ടബിൾ ആക്കിയതു ചേച്ചിയാണ്. ആദ്യ പാട്ടിലൂടെ തന്നെ ഇത്രയധികം പ്രശംസ കിട്ടിയതു ഭാഗ്യമാണെന്നും അനുഗ്രഹീത ഗായികയാണെന്നുമൊക്കെ ചേച്ചി പറഞ്ഞതു കേട്ടപ്പോൾ സന്തോഷം  കൊണ്ടു മനം നിറഞ്ഞു. 

അന്നത്തെ ആ പ്രോഗ്രാമിനിടയിൽ ചേച്ചിയുടെ പാട്ടിൽ ലയിച്ചുനിന്ന ഞാൻ അടുത്ത വരി പാടാൻ മറന്നുപോയിട്ടുണ്ട്. 

ചിത്രചേച്ചി പാടിയവയിലെ ഇഷ്ടഗാനങ്ങൾ എണ്ണമിട്ടെഴുതാൻ വനിതയുടെ പേജുകൾ മതിയാകാതെ വരും. ചേച്ചി പാടി ‘കാതിൽ തേൻമഴയായി’ പെയ്ത ഗാനത്തിന്റെ കവർ വേർഷൻ ഞാൻ ചെയ്തിട്ടുണ്ട്. ഇനിയുമിനിയും ചിത്രഗീതങ്ങൾ പാടണമെന്നാണു മോഹവും.

Tags:
  • Movies