Thursday 27 July 2023 10:19 AM IST

‘ആ നിമിഷങ്ങൾ സ്വപ്നമല്ലെന്ന് ഉറപ്പിക്കാൻ ഇടയ്ക്ക് നുള്ളി നോക്കേണ്ടി വരും’: ഹൃദ്യമായ ഓർമകളുമായി സിതാര

Binsha Muhammed

chithra-sithara

ആ പാട്ടിന്റെ നൈർമല്യം ചിരിയിലുണ്ട്, സംഗീതം കൊണ്ട് ഹൃദയം കീഴടക്കുന്ന മാജിക് അവരുടെ പെരുമാറ്റത്തിലുമുണ്ട്. മലയാളിയുടെ ഹൃദയസ്വരങ്ങളെ തഴുകിയുണർത്തുന്ന കെ.എസ് ചിത്രയെക്കുറിച്ചു പറയാൻ, ആ പാട്ടോർമകളെ തലോടാൻ അന്നും ഇന്നും മലയാളി മത്സരിക്കുകയാണ്. അതിരുകൾ ഭേദിച്ചൊഴുകിയ ആ സ്വരമാധുരി അറുപതാം പിറന്നാളിലെത്തി നിൽക്കുമ്പോൾ ഹൃദയം കൊണ്ട് ആശംസ നേരുകയാണ് ഗായിക സിത്താര കൃഷ്ണ കുമാർ. വനിത ഓൺലൈനോടു സംസാരിക്കുമ്പോൾ കെ.എസ് ചിത്രയെന്ന സ്നേഹ സാഗരത്തെക്കുറിച്ചായിരുന്നു സിത്താരയ്ക്ക് പറയാനുണ്ടായിരുന്നത്.

ചിത്രയെന്ന സ്നേഹ സാഗരം

എല്ലാവരേയും ഒരുപോലെ സ്നേഹിക്കുക, വലുപ്പ ചെറുപ്പമില്ലാതെ ഒരു പോലെ ചേർത്തു നിർത്തുക. വലിയ മനസുള്ളവർക്കേ അതിനു സാധിക്കൂ. കെ.എസ് ചിത്രയെന്ന അനുഗ്രഹീത കലാകാരിയെ ഓർക്കുമ്പോൾ ആ പാട്ടിന്റെ മാധുര്യത്തിനൊപ്പം ഈയൊരു സ്വഭാവഗുണം കൂടിയാണ് ഓർമവരുന്നത്. ഒരു മത്സരാർഥിയായാണ് ചിത്ര ചേച്ചിയെ ഞാൻ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. അന്നു ചേച്ചി മത്സരത്തിന്റെ വിധികർത്താവായിരുന്നു. എല്ലാ മത്സരാർഥികളോടും ചേച്ചി ഒരു പോലെയാണ് പെരുമാറുക. അന്നു മുതൽ ഈ നിമിഷം വരേയ്ക്കും ആ സ്നേഹത്തിനും കരുതലിനും തുള്ളിപോലും കുറവു വന്നിട്ടില്ല. ആ സൗമ്യമായ പെരുമാറ്റവും ചിരിക്കുന്ന മുഖവും ഉള്ളിൽ നിന്നും വരുന്നതാണ്. ഇത്രയും സ്നേഹത്തിൽ ഒരാൾക്ക് എങ്ങനെ പെരുമാറാൻ കഴിയും എന്നതും അദ്ഭുതമാണ്. ഞങ്ങളെ പുതതലമുറയിലെ ആൾക്കാർക്ക് ശരിക്കും ഇൻസ്പിറേഷനാണ്.

കോറസ് പാടിയ ലാളിത്യം

ആ പാട്ടുകൾ പോലെ തന്നെ മധുരമുള്ളതാണ് ചേച്ചിയൊടൊപ്പം ചിലവഴിച്ച ഓരോ നിമിഷവും. ഞങ്ങൾ ഒരുപാട് ഗായകർ ഒന്നിച്ചുള്ള ഒരു പരിപാടിയുണ്ടായിരുന്നു. ചേച്ചിക്ക് വേണമെങ്കിൽ സ്വന്തം പാട്ടു പാടിയിട്ട് വേദി വിട്ട് പോകാവുന്നതേയുള്ളൂ. പക്ഷേ ഞങ്ങൾ ജൂനിയേഴ്സ് പാടുന്നത് ബാക്ക് സ്റ്റേജിൽ നിന്ന് ശ്രദ്ധയോടെ കേൾക്കും. എന്തിനേറെ പറയണം, ഞങ്ങളുടെ പാട്ടിന് കോറസ് പാടാൻ വരെ ചേച്ചി നിന്നിട്ടുണ്ട്. അതൊക്കെ പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ചില പാട്ടുകൾ പാടിയിറങ്ങുമ്പോൾ ചേച്ചിയിടെ ഇൻ ഇയർ വഴി കേട്ടിട്ട് അതിലെ തെറ്റുകൾ തിരുത്താനും അഭിനന്ദിക്കാനും സമയം കണ്ടെത്താറുണ്ട്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു ഗായികയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഓർക്കണം. ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന കാര്യമല്ല.

sithara-2

അതുപോലെ തന്നെ ചിത്ര ചേച്ചി ചുറ്റുമുള്ളവർക്ക് പകർന്നു നൽകുന്നൊരു ഊർജമുണ്ട്. ഡിവൈൻ ആയിട്ടുള്ള പ്രസൻസ് എന്നൊക്കെ നമ്മൾ പറയാറില്ലേ. ഒരു സെറ്റിലേക്ക് കയറി വന്നാൽ ആ ക്രൂവിലെ അവസാനത്തെ ആളുമായും ചിരിച്ചും വർത്താനം പറഞ്ഞുമായിരിക്കും ചേച്ചി കടന്നു പോകുന്നത്. പുറത്തു നിന്നു വരുന്നവരോട് പോലും യാതൊരു പരിചയവുമില്ലാതെ സ്നേഹത്തോടെ പെരുമാറും. ആ ചിരി തന്നെയാണ് ചേച്ചിയിലെ നന്മയുടെ അടയാളം. ഒരു പ്രകാശം പോലെയാണ്, ആ പ്രഭ ചുറ്റുമുള്ളവരിൽ പകർന്നു കൊണ്ടേയിരിക്കും. അങ്ങനെയുള്ള ഒരാളുടെ മുന്നിൽ ഒരു തെറ്റുപോലും നമുക്ക് ചെയ്യാൻ തോന്നില്ല.

എന്നും ഗുരുസ്ഥാനീയ

പാട്ടു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പാഠ പുസ്തകമാണ് കെ.എസ് ചിത്രയെന്ന് അഭിമാനത്തോടെ പറയാനാകും. പ്രത്യേകിച്ച് ഞങ്ങൾ പുതുതലമുറയിലെ ഗായകർക്ക്. പല പാട്ടുകളും അതിന്റെ സ്വര ശുദ്ധിയോടെ പാടണമെന്ന് ആഗ്രഹിച്ചിട്ടുള്ളത് ചേച്ചിയുടെ പാട്ട് കേട്ടതിനു ശേഷമാണ്. ചേച്ചിയുടെ എത്രയോ പാട്ടുകൾ റെഫറൻസായി എടുത്ത് പാടി പഠിച്ചുട്ടുണ്ടെന്നോ. സംഗീത പാഠങ്ങൾ പറഞ്ഞു തരാനും പങ്കുവയ്ക്കാനും അവർ സമയം കണ്ടെത്തുന്നത് അവരുടെ മനസിന്റെ നന്മ കൂടിയാണ്. വെറുതെ ഓർക്കാൻ വേണ്ടിയുള്ളതാകില്ല ആ ഉപദേശം. അത്രയ്ക്കും വിലമതിപ്പുണ്ട് ചിത്ര ചേച്ചി പങ്കുവയ്ക്കുന്ന ഓരോ സംഗീത പാഠങ്ങൾക്കും. അത് മിസ് ചെയ്യുന്നതോ ശ്രദ്ധിക്കാതെ പോകുന്നതോ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരിക്കും. ഇനി പറഞ്ഞു തന്നില്ലെങ്കിലും ചേച്ചിയെ കണ്ടോണ്ടിരുന്നാൽ മതി അതു തന്നെ വലിയൊരു പാഠമാണ്.

ഓരോ മൊമന്റും മാജിക്കൽ...

ഐഡിയ സ്റ്റാർ സിംഗറിൽ ചിത്ര ചേച്ചിക്കൊപ്പം ഞാനും വിധുവും വിധികർത്താക്കളായിട്ടുണ്ട്. ഒപ്പമുള്ള ആ മൊമന്റ് ഞങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ടെന്ന് പറയേണ്ടതില്ലല്ലോ. ചേച്ചിക്ക് ചേച്ചിയുടേതായിട്ടുള്ള ചിട്ടയുണ്ട്, രീതിയുണ്ട്. പക്ഷേ വലുപ്പ ചെറുപ്പമില്ലാതെ പഴയ ജനറേഷനിലെ പാട്ടുകാരെന്നോ പുതിയതെന്നോ വ്യത്യാസമില്ലാതെ ഞങ്ങൾക്കൊപ്പം കൂടാറുണ്ട് ചിത്ര ചേച്ചി. തമാശ കേൾക്കാനും പറയാനുമൊക്കെ ചേച്ചിക്ക് ഇഷ്ടമാണ്. എന്നോടും വിധുവിനോടും തമാശ പറയാനൊക്കെ ചേച്ചി പറയും. ഞങ്ങൾ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുമ്പോഴൊക്കെ ചേച്ചിയും ഒപ്പം കൂടും. ചേച്ചിക്ക് മധുരം വലിയ ഇഷ്ടമാണ്. ഇതെല്ലാം നടക്കുമ്പോഴും ഞങ്ങള്‍ പരസ്പരം പറയും ‘ആരാ ഈ ഇരിക്കുന്നേ... വിശ്വസിക്കാനാകുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ ഗായിക. ആ പ്രൊഫൈലൊന്ന് നോക്കണം. പതിനഞ്ചിൽ അധികം ഭാഷകൾ. മുപ്പതിനായിരത്തിൽ അധികം പാട്ടുകൾ. നാഷണൽ അവാർഡുകൾ... അങ്ങനെയുള്ള ഒരാളാണ് ഞങ്ങളോട് ചിരിച്ച് തമാശ പറയുന്നത്.’ സ്വപ്നമാണോ അല്ലയോ എന്നുറപ്പിക്കാൻ ഇടയ്ക്ക് നുള്ളി നോക്കേണ്ടി വരും. സ്വപ്നസമാനമാണ് ആ സാന്നിദ്ധ്യം.