Friday 20 March 2020 02:42 PM IST : By സ്വന്തം ലേഖകൻ

കോവിഡ് 19, മുലയൂട്ടുന്ന അമ്മമാരിലും ഗർഭിണികളിലും; അമിതാശങ്കകൾ വേണോ? കരുതലുകൾ എങ്ങനെ?

bfsseas3a32q

കോവിഡ് ലോകമെമ്പാടും പടർന്ന സാഹചര്യത്തിൽ അമ്മയാവാൻ കാത്തിരിക്കുന്നവരും കുടുംബവും അൽപ്പം ആകാംക്ഷയിൽ ആയിരിക്കും. അമിതാശങ്കകൾ വേണോ ? എന്തൊക്കെ കരുതലാണ് വേണ്ടത് ?

നാം അറിയേണ്ടവ...

ഗർഭാവസ്ഥയിൽ രോഗപ്രതിരോധ ശേഷി സാധാരണ മനുഷ്യരേക്കാൾ കുറവായിരിക്കുമെന്നതിനാൽ, ഒരു രോഗം വന്നാൽ ഗർഭിണികളിൽ അത് അൽപ്പം കൂടി കൂടുതലായി പ്രകടമായേക്കാം. സങ്കീർണ്ണതകളും രോഗാതുരതയും മറ്റുള്ളവരേക്കാൾ കൂടിയേക്കാം.

ഉദാ: ശ്വാസം മുട്ട് അഥവാ വലിവ്, പ്രമേഹം, എസ്.എൽ. ഇ (SLE) എന്നിവയുളളവരിൽ രോഗം ചിലപ്പോൾ കുറച്ചു കൂടി കഠിനമായേക്കും.

WHO യും CDC യും മുന്നോട്ടുവച്ച കോവിഡ് - 19 താൽക്കാലിക മാർഗരേഖകളിൽ ഗർഭിണികൾക്കു വേണ്ടി പ്രത്യേകമായുളള ചില നിർദ്ദേശങ്ങളും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ ചൈനയിൽ അടുത്തയിടെ രോഗം ബാധിച്ച ഏതാനും ഗർഭിണികളെയും അവരുടെ നവജാത ശിശുക്കളെയും പരിചരിച്ചതിലൂടെ ഉരുത്തിരിഞ്ഞു വന്നവയാണ്. എന്തു തന്നെയായാലും ഭാഗ്യവശാൽ ഒരു മാതൃമരണവും കൊറോണ മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസജനകമായ ഒരു വസ്തുതയാണ്.

ഗർഭിണികളിൽ കോവിഡ് 19 വന്നാൽ ഗർഭസ്ഥ ശിശുക്കളെ ബാധിക്കുമോ ?

ഇതിനെ കുറിച്ചും കൃത്യമായ പഠനങ്ങൾ പുറത്തു വന്നിട്ടില്ല. ആദ്യ മൂന്ന് മാസങ്ങളിൽ ഉയർന്ന പനിയുണ്ടാക്കുന്ന രോഗങ്ങൾ വന്നാൽ (ഏത് കാരണം കൊണ്ടായാലും) ഗർഭസ്ഥ ശിശുവിനെ ബാധിച്ചേക്കാം എന്നത് ഒരു പൊതുവായ വസ്തുതയാണ്. ഇതിനു മുൻപുള്ള കൊറോണ അസുഖങ്ങളിൽ ഗർഭസ്ഥ ശിശുവിനെ ബാധിക്കുന്ന സങ്കീർണതകൾ (മാസം തികയാതെയുള്ള പ്രസവം, വളർച്ചക്കുറവ്) കണ്ടെത്തിയിരുന്നു.

ഗർഭിണിയിൽ ഉള്ള കോവിഡ്-19 ബാധ, കുഞ്ഞിന് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമോ ?

ഇതിനും ഇതുവരെ വ്യക്തമായ തെളിവുകളൊന്നും തന്നെ ലഭ്യമല്ല. മുകളിൽ സൂചിപ്പിച്ചതുപോലെ തന്നെ മാസം തികയാതെയുള്ള പ്രസവം, അല്ലെങ്കിൽ വളർച്ചക്കുറവ് എന്നിവ മൂലമുള്ള സങ്കീർണ്ണതകൾ ഉണ്ടായേക്കാം എന്ന് മാത്രം. പക്ഷേ കൃത്യമായ നവജാത ശിശു പരിചരണ സൗകര്യങ്ങളുള്ള ഒരു ആധുനിക വൈദ്യ ആതുരാലയത്തിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ നടക്കുന്ന ഇത്തരം പ്രസവങ്ങളിൽ ഇത്തരം സങ്കീർണ്ണതകൾ ഇക്കാലത്ത് വിരളമാണ്.

മാതാവിന് അസുഖം ഉണ്ടെങ്കിൽ ജനനസമയത്ത് കുട്ടിക്ക് പകരാൻ സാധ്യതയുണ്ടോ ?

ഇപ്പോഴും പഠനങ്ങൾ നടക്കുന്ന വിഷയമാണ്. എന്നാൽ നിലവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് വെർട്ടിക്കൽ ട്രാൻസ്മിഷൻ (അതായത്, അമ്മയിൽ നിന്നും രക്തം വഴി ഗർഭസ്ഥ ശിശുവിലേക്ക്) നടക്കുന്നില്ല. അസുഖ ബാധയുള്ള അമ്മമാർക്ക് ഉണ്ടായ കുട്ടികളിൽ വൈറസ് ബാധ ഉണ്ടായിട്ടില്ല. മുലപ്പാൽ, അമ്നിയോട്ടിക് ദ്രവം, പൊക്കിൾക്കൊടിയിലെ രക്തം, നവജാത ശിശുവിന്റെ തൊണ്ടയിലെ സ്രവം എന്നിവയിൽ വൈറസ് കണ്ടെത്താനായിട്ടില്ല. യോനീ ദ്രവങ്ങളിലുടെ വൈറസ് പുറത്തേക്കു വരുന്നുണ്ടോ എന്ന് അറിവായിട്ടില്ല.

കോവിഡ്-19 ബാധിതയായ അമ്മയിൽ നിന്നും നവജാതശിശുവിലേക്ക് പടരുമോ?

മുൻപ് സൂചിപ്പിച്ചതു പോലെ മുലപ്പാലിൽ ഈ വൈറസിന്റെ സാന്നിധ്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ മുലയൂട്ടൽ ഒഴിവാക്കേണ്ടതില്ല.

പക്ഷേ മുലയൂട്ടുന്ന വേളയിലും, തുടർന്നും, രോഗബാധിതയായ അമ്മയും കുഞ്ഞും വളരേ അടുത്ത് ഇടപഴകുന്നതിനാൽ, മറ്റ് ഏതൊരാളിലേക്കും പകരുന്നത് പോലെ തന്നെ അമ്മ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും 'ഡ്രോപ്ലറ്റ്' വഴി ഈ കോവിഡ്-19 ആ കുഞ്ഞിലേക്കും പകരാം.

മുലയൂട്ടാൻ തീരുമാനിച്ചാൽ ഞാൻ എന്തൊക്കെ ശ്രദ്ധിക്കണം?

1. CDC ഗൈഡ് ലൈൻ പ്രകാരം കോവിഡ് ബാധിതരായ അമ്മമാർ കുഞ്ഞുങ്ങളെ മുലയൂട്ടണമെന്നാണ്. കാരണം കുഞ്ഞുങ്ങൾക്ക് ഏറ്റവും നല്ല പോഷണം കിട്ടുന്നത് മുലപ്പാലിൽ നിന്നാണ് എന്നതു കൊണ്ടു തന്നെ.

2. അമ്മ മാസ്ക് ധരിക്കുക.

3. കുഞ്ഞിനെ മുലയൂട്ടുന്ന സമയം തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാതിരിക്കുക.

4. ബ്രസ്റ്റ് പമ്പുപയോഗിക്കുകയാണെങ്കിൽ, ഓരോ തവണ ഉപയോഗിച്ച ശേഷവും വൃത്തിയാക്കേണ്ട വിധം ശരിയായി മനസ്സിലാക്കുക. നിങ്ങൾക്ക് മാത്രമായി ഒരെണ്ണം ഉപയോഗിക്കുക.

5. കുഞ്ഞിനെയോ, ബ്രെസ്റ്റ് പമ്പിനെയോ, മുലക്കുപ്പിയേയോ തൊടും മുൻപ് കൈകൾ നന്നായി കഴുകുക.കൈകളുടെ വൃത്തി കൃത്യമായി ഉറപ്പുവരുത്തുകയും വേണം.

6. ഫോർമുല ഫീഡ് കൊടുക്കേണ്ടി വന്നാൽ പാലാട, അഥവാ ഗോകർണ്ണം എങ്ങനെ വൃത്തിയായി സ്റ്ററിലൈസ് ചെയ്യാം എന്ന് അറിഞ്ഞിരിക്കണം.

പ്രസവശേഷം എനിക്ക് കുഞ്ഞിനെ കൂടെ ചേർത്തു കിടത്താമോ?

♥️ നിങ്ങളുടെ കുട്ടിയ്ക്ക് നവജാത ശിശു പരിചരണ വിഭാഗത്തിൽ കിടത്തി ചികിത്സിക്കേണ്ട അവസ്ഥയില്ലെങ്കിൽ നിങ്ങൾക്ക് ഒപ്പം കൂട്ടാം. മുലയൂട്ടാം. അല്ലെങ്കിൽ അത് മുലയൂട്ടലിനെയും തൽഫലമായുണ്ടാകുന്ന അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികമായ അടുപ്പത്തിനേയും (Bonding ) ബാധിച്ചേക്കാം.

♥️ നിങ്ങളും വീട്ടുകാരും നവജാത ശിശു വിദഗ്ദ്ധരും തമ്മിൽ ചർച്ച നടത്തി തീരുമാനിക്കേണ്ട ഒന്നാണ് ഈ വിഷയം.

എന്തൊക്കെയാണ് ഗർഭിണികൾ അനുവർത്തിക്കേണ്ടത് ?

1. പ്രതിരോധ വാക്സിനുകൾ ഒന്നും കോവിഡ് - 19 ന് എതിരെ കണ്ടുപിടിക്കാത്തതു കൊണ്ടു തന്നെ ഗർഭിണികൾ പരമാവധി യാത്രകൾ ഒഴിവാക്കണം.

2. ജനക്കൂട്ടങ്ങളിൽ നിന്നും മാറി നിൽക്കണം. (Social distancing ).

3. പൊതു വാഹനങ്ങളിൽ യാത്ര ചെയ്യരുത്.

4. രോഗികളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക.

5. നിങ്ങൾ പൊതുസ്ഥലങ്ങളിൽ നിന്നും വന്നവരാണെങ്കിൽ വീട്ടിൽ/ജോലി സ്ഥലത്തു പോകുന്നതിനു മുൻപ് പല കുറി കൈകൾ കഴുകുക /ശുദ്ധമാക്കുക എന്നതാണ് ഏറ്റവും പ്രധാനം.

6. ചുമ, പനി, ക്ഷീണം, മേലു വേദന, തൊണ്ടവേദന, ശ്വാസം മുട്ടൽ എന്നിവയുള്ളവർ സമയാസമയങ്ങളിൽ വൈദ്യ പരിശോധന നടത്തുക.

7. രോഗബാധിത പ്രദേശങ്ങളിൽ യാത്ര ചെയ്ത സ്ത്രീകളേയും രോഗബാധ സംശയിക്കുന്നവരേയും മാറ്റി താമസിപ്പിക്കുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്യുക.

8. കഠിനമായ ഉൽക്കണ്ഠയോ, വിഷാദമോ കാണിക്കുന്ന ഗർഭിണികളെ മാനസിക രോഗ വിദഗ്ദ്ധരെ കാണിച്ചു ആവശ്യമായ പിന്തുണ കൊടുക്കണം.

ആരോഗ്യപ്രവർത്തകരായ ഗർഭിണികൾ പ്രത്യേകമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് ഉണ്ടോ ?

തീർച്ചയായും ശ്രദ്ധിക്കണം. സാധാരണ സമൂഹത്തിൻറെ പരിശ്ചേദത്തിൽ ഉള്ളവരെക്കാൾ കൂടുതൽ എക്സ്പോഷർ അവർക്ക് എപ്പോഴും ലഭിക്കും. നിലവിൽ ആധികാരികമായ പഠനങ്ങൾ ഒന്നും ലഭ്യമല്ലാത്തതുകൊണ്ട് അവർ കൂടുതൽ ജാഗ്രത പുലർത്തണം. അസുഖം സ്ഥിരീകരിച്ചവരുമായി ഇടപഴകുന്നത് പരമാവധി കുറയ്ക്കണം. സങ്കീർണതകൾ ഉള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

കോവിഡ് - 19 രോഗനിർണയം ഗർഭിണികളിൽ എങ്ങനെയാണ്?

രോഗനിർണയം എല്ലാവരിലും ഒരു പോലെ തന്നെ. മൂക്ക്, തൊണ്ട എന്നിവയിലെ സ്രവങ്ങൾ എടുത്തുള്ള പരിശോധന, രക്തപരിശോധന, RT - PCR, ഉമിനീർ, ശ്വാസനാളത്തിലെ സ്രവങ്ങൾ, കഫം, എൻഡോ ട്രക്കിയൽ ആസ്പിറേറ്റ്, BAL, മൂത്രം, മലം എന്നിവയെല്ലാം പരിശോധിക്കുന്നത് രോഗം കണ്ടുപിടിക്കുന്നതിനും, ഒന്നിലധികം തവണ ചെയ്യുന്നത് രോഗം സ്ഥിരീകരിക്കാനും സഹായിക്കും. 

സാർസ് -കൊറോണ വൈറസ് -2 ന്യൂക്ലിക് ആസിഡ് ശ്വാസനാളസ്രവങ്ങളിൽ ഒന്നിലും കാണപ്പെടുന്നില്ല എങ്കിൽ (24 മണിക്കൂർ ഇടവിട്ട് എടുത്ത രണ്ടു സാമ്പിളുകളിൽ ) COVID - 19 ബാധയില്ല എന്ന് തീരുമാനിക്കുകയും ചെയ്യാം.

കോവിഡ് - 19 ബാധ സംശയിക്കുന്ന ഗർഭിണികളെ ചികിത്സിക്കുന്നതെങ്ങനെ?

▪അവരെയും ഐസൊലേറ്റ് ചെയ്യുകയും ടെസ്റ്റുകൾക്ക് വിധേയമാക്കുകയും ചെയ്യണം.

രോഗം സ്ഥിരീകരിച്ച ഗർഭിണികളെ നെഗറ്റീവ് പ്രഷർ ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്യണം. പറ്റുമെങ്കിൽ ഒരു ടെർഷ്യറി കെയർ ആശുപത്രിയിലോ HDU ഉള്ള സ്ഥലത്തോ, മറ്റു സ്പെഷ്യാലിറ്റികൾ കൂടി ഉള്ളിടത്തോ ആയ അതീവ ഗുരുതര രോഗം ബാധിച്ചവരെ ചികിത്സിക്കാൻ സൗകര്യമുള്ളിടത്ത് വേണം ചികിത്സിക്കേണ്ടത്.

കോവിഡ് - 19 രോഗികളെ പരിചരിക്കുന്നവർ നിർദ്ദിഷ്ട വ്യക്തിഗത സുരക്ഷാ ഉപാധികൾ അഥവാ PPE ഉപയോഗിക്കുകയും വേണം.

മറ്റു ചില പ്രധാന സംശയങ്ങൾ

❓ എനിക്ക് യാത്രയ്ക്ക് ഒരുങ്ങാമോ?

നിങ്ങളുടെ പ്രസവത്തിനും നവജാത ശിശു പരിരക്ഷണത്തിനും വേണ്ടി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. വിശേഷിച്ചും നിങ്ങൾ മറുനാട്ടിൽ പ്രസവിക്കുകയാണെങ്കിൽ.

❓എനിക്ക് ഗർഭകാല ചെക്കപ്പുകൾ എങ്ങനെ നടത്താം?

▪നിങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയിൽ തന്നെ നിങ്ങൾക്കുള്ള ഗർഭകാല പരിചരണവും കിട്ടുന്നതാണ്.

❓ഞാൻ രോഗബാധയിൽ നിന്നു വിമുക്തയായാൽ എന്തു ചെയ്യണം?

▪14 ദിവസം കഴിഞ്ഞ് അൾട്രാ സൗണ്ട് സ്കാനിങ്ങിനു വിധേയയാവണം. നിങ്ങൾക്ക് പ്രസവവേദന വരും മുൻപ് അസുഖം മാറി എന്ന് നെഗറ്റീവ് ടെസ്റ്റ് മുഖാന്തിരം ബോധ്യമായാൽ നിങ്ങൾക്കിഷ്ടമുള്ള ആശുപത്രിയിൽ പ്രസവം നടത്താവുന്നതാണ്.

❓എനിക്ക് സാധാരണ പോലെ പ്രസവിക്കാമോ അതോ സിസേറിയൻ വേണ്ടി വരുമോ?

▪സാധാരണ പ്രസവം നടത്തുന്നതിന് കുഴപ്പമൊന്നുമില്ല. പക്ഷെ നിങ്ങളുടെ ശ്വസന വ്യവസ്ഥയ്ക്ക് എന്തെങ്കിലും തകരാറ് സംഭവിച്ചിട്ടുണ്ടെങ്കിൽ സിസേറിയൻ ആയിരിക്കും നല്ലത്.

❓സാധാരണ സിസേറിയൻ വേണ്ടി വന്നാൽ നടുവിന് കുത്തി മരവിപ്പിക്കുന്നത് എനിക്കു പറ്റുമോ?

വേദനരഹിത പ്രസവവും

എപിഡ്യൂറൽ / സ്പൈനൽ അനസ്തീഷ്യയും നിങ്ങൾക്ക് സാധാരണ പോലെത്തന്നെ ഉപയോഗപ്പെടുത്താം. പക്ഷെ വേദനരഹിത പ്രസവത്തിനും മറ്റും എൻടോനോക്സ് (ഗ്യാസ് + എയർ മിശ്രിതം) ഉപയോഗിച്ചാൽ aerosolisation വഴി രോഗപ്പകർച്ച കൂടുവാൻ സാധ്യതയുണ്ട്.

❓ പ്രസവ സമയത്ത് ബർത്ത് കംപാനിയൻ പറ്റുമോ?

പറ്റും. പക്ഷെ അവരും വ്യക്തിഗത സുരക്ഷാ ഉപാധികൾ (PPE) ഉപയോഗിക്കണം.

❓പ്രസവശേഷം എന്റെ കുഞ്ഞിന് കോവിഡ് വരുമോ?

ഗർഭാവസ്ഥയിൽ പകരുന്നതായി കണ്ടിട്ടില്ല.

❓എന്റെ കുഞ്ഞിനെ പ്രസവശേഷം ടെസ്റ്റ് ചെയ്യുമോ?

ഉടനെ ചെയ്യും. കൂടുതൽ കേസുകൾ വരുന്നതനുസരിച്ച് കൂടുതൽ പഠനവും നടക്കും, സുവ്യക്തമായ ചികിത്സാ നിർദ്ദേശങ്ങൾ നമുക്ക് വഴിയേ പ്രതീക്ഷിക്കാം.

എഴുതിയത്: Dr. Swapna Bhasker, Dr. Kiran Narayanan & Dr Jinesh P S

Tags:
  • Spotlight
  • Social Media Viral