Wednesday 08 April 2020 03:36 PM IST : By സ്വന്തം ലേഖകൻ

ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകുന്നത് അശാസ്ത്രീയം: എതിർപ്പ് പ്രകടിപ്പിച്ച്‍ ഡോക്ടർമാർ!

drink

മദ്യാസക്തി തീവ്രമായവർക്ക് ഡോക്ടറുടെ കുറിപ്പടിയുമായി ചെന്നാൽ മദ്യം ലഭ്യമാക്കുമെന്ന സർക്കാർ തീരുമാനത്തെക്കുറിച്ച് ഡോക്ടർമാർ വലിയ എതിർപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം കേരളത്തിൽ മദ്യപൻമാർക്ക് സർക്കാർ ചിലവിൽ എക്സൈസ് വകുപ്പിന്റെ സഹായത്തോടുള്ള മദ്യം വിതരണത്തിനുള്ള ഉത്തരവ് തികച്ചും അശാസ്ത്രീയവും അക്ഷന്ത്യവും ഖേദകരമായ തീരുമാനവുമാണ് എന്ന്  സൈക്യാട്രിസ്റ്റായ ഡോ. പി.എൻ.സുരേഷ് കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നുപറഞ്ഞിരുന്നു.

ഇത്രയും തിടുക്കപ്പെട്ട് ഒരു ഓർഡർ ഇറക്കാനുള്ള യുദ്ധസമാനമായ സാഹചര്യം കേരളത്തിലുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന‌ും കേവലം ബെൻസോ ഡയാപൈൻസ്, തയാമിൻ എന്നിങ്ങനെ വളരെ വില കുറഞ്ഞ മരുന്നുകൾ കൊണ്ട് വെറും എംബിബിഎസ് ബിരുദം മാത്രം ഉളള ഏതൊരു ഡോക്ടർക്കും കേവലം ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും കൊടുക്കാവുന്ന ചികിത്സയാണിത് എന്നും ഡോക്ടർ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

ഡോക്ടറുടെ കുറിപ്പടി പ്രകാരം കേരളത്തിൽ മദ്യപൻമാർക്ക് സർക്കാർ ചിലവിൽ എക്സൈസ് വകുപ്പിൻ്റെ സഹായത്തോടുള്ള മദ്യം വിതരണത്തിനുള്ള ഉത്തരവ് തികച്ചും അശാസ്ത്രീയവും അക്ഷന്ത്യവും ഖേദകരമായ തീരുമാനവുമാണ്. മദ്യാസക്തരായ രോഗികൾക്ക് വീണ്ടും മദ്യം കൊടുത്ത് മദ്യത്തിന്റെ കരാളഹസ്തത്തിലേക്ക് പറഞ്ഞു വിടുകയല്ല ജനങ്ങളുടെ ക്ഷേമത്തിന് തല്പരായ സർക്കാർ ചെയ്യേണ്ടത്, മറിച്ച് ഈയൊരു സുവർണ്ണാവസരം പരമാവധി വിനിയോഗിച്ചു് അവരെ മദ്യവിമുക്തി ചികിത്സക്ക് വിധേയരാക്കുകയാ ണ് വേണ്ടത്. ഇങ്ങിനെ ചെയ്താൽ അത് മദ്യത്തിന് അടിമയായ രോഗിയോടും അയാളുടെ കുടുംബത്തോടും സമൂഹത്തോടും സർക്കാർ ചെയ്യുന്ന ഏറ്റവും നല്ല സേവനമായിരിക്കും.

ഡോക്ടർമാർ ഹിപ്പോക്രാറ്റസ് പ്രതിജ്ഞ എടുത്ത് മെഡിക്കൽ കോഴ്സ് പൂർത്തിയാക്കി പുറത്തു വരുന്നത് മദ്യപൻമാർക്ക് മദ്യം കൊടുക്കാനുള്ള കുറിപ്പടി എഴുതാനല്ല, മറിച്ച് അത്തരക്കാരെ അതിൽ നിന്നും മോചിപ്പിക്കാനുള്ള ചികിത്സ കൊടുക്കാനാണ്. മറിച്ച് ഇത്തരമൊരു ഉത്തരവ് നടപ്പാക്കുന്ന പക്ഷം കേരളത്തിലെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മദ്യപൻമാരുടെ വലിയ ഒരു ക്യൂ പ്രതീക്ഷിക്കാം.

മറ്റൊന്ന് ക്വാറന്റീനും സോഷ്യൽ ഡിസ്റ്റൻസിങ്ങും ലംഘിച്ച് മുട്ടി ഉരുമ്മി ഡോക്ടറെ കാണാൻ വിതുമ്പി നിൽക്കുന്ന ഇവർ മറ്റ് അസുഖങ്ങളുമായി ഡോക്ടറെ കാണാൻ വരുന്ന രോഗികളുടെ അവസരം നഷ്ടപ്പെടുത്തുന്നു. ഇവരിൽ എത്രപ്പേർ കോവിഡ്പൊസിറ്റീവ് ആണെന്ന് ആർക്കറിയാം. മാത്രമല്ല ഡോക്യുടെ കുറിപ്പടി കിട്ടിയിട്ടു് വേണം ഇവർക്ക് എക്സൈസ് ഓഫീസിന് മുന്നിലും ബിവറേജ് ഷോപ്പിന് മുമ്പിലും അടുത്ത ക്യൂ നിൽക്കാൻ. ക്വാറന്റീനിന്റെ എത്ര കടുത്ത ചട്ടലംഘനം ആണ് ഇതെന്ന് നോക്കണം.

യാത്രകളും കൂട്ടം കൂടലും ഒഴിവാക്കിയാൽ മാത്രമേ കോവിഡ് എന്ന മഹാമാരിയിൽ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ സാധിക്കൂ എന്ന് നമ്മുടെ സർക്കാർ ചിന്തിക്കുന്നുണ്ടോ എന്ന് അറിവില്ല.ഈയൊരു സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾ എന്ത് നിലപാടാണ് സ്വീകരിച്ചതു് എന്ന് അധികാരത്തിലുള്ളവർ വേണ്ടപ്പെട്ടവരുമായി ചർച്ച ചെയ്യേണ്ടതായിരുന്നു.

ഡയറക്ടർ ഒഫ് ഹെൽത് സർവീസസ്, ഡയറക്ടർ ഒാഫ് മെഡിക്കൽ എഡ്യൂക്കേഷൻ സർവീസസ്, ഇന്ത്യൻ മെഡി.അസോസിയേഷൻ, ഇന്ത്യൻസൈക്യാട്രിക് സൊസൈറ്റി എന്നിങ്ങനെ കേരളത്തിലെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയമായ തീരുമാനങ്ങൾ എടുക്കാൻ വേണ്ടപ്പെട്ട ആളുകൾ നമ്മുടെ സംസ്ഥാനത്ത് ഉള്ളപ്പോൾ ഇവരെയെല്ലാം തള്ളി ഇത്രയും തിടുക്കപ്പെട്ട് ഒരു ഓർഡർ ഇറക്കാനുള്ള യുദ്ധസമാനമായ സാഹചര്യം കേരളത്തിലുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കേവലം ബെൻസോ ഡയാപൈൻസ്, തയാമിൻ എന്നിങ്ങനെ വളരെ വില കുറഞ്ഞ മരുന്നുകൾ കൊണ്ട് വെറും എംബിബിഎസ് ബിരുദം മാത്രം ഉളള ഏതൊരു ഡോക്ടർക്കും കേവലം ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും കൊടുക്കാവുന്ന ചികിത്സയാണിത്. ഇത്രയും തിടുക്കപ്പെട്ട് ഇറക്കിയ അശാസ്ത്രീയമായി ഈ ഗവൺമെൻ്റ് ഓർഡറിന് പിന്നിൽ മദ്യലോബികളുടെ സമ്മർദ്ദമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Tags:
  • Health Tips