Saturday 27 January 2018 09:44 AM IST

നന്നായി ഭക്ഷണം കഴിച്ചിട്ടും വിളര്‍ച്ചയും ക്ഷീണവും മാറുന്നില്ലേ? കാരണങ്ങൾ അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

anemia1 മോഡലുകൾ– മെയ് മോൾ തോമസ്, എയ്‌ലീൻ, ചിത്രം - സരുണ്‍ മാത്യു

രാധാ മാഡം ഫ്രീയാണോ?  ഉച്ചയൂണ് കഴിഞ്ഞ് പിറ്റേന്ന് ഒരു സ്കൂളിൽ ക്ലാസ്സെടുക്കാനുള്ള പേപ്പറുകൾ തയാറാക്കുകയായിരുന്ന ഞാൻ മുഖമുയർത്തി. വാതിൽക്കൽ പുഞ്ചിരിയോടെ നിൽക്കുന്നു ഒരമ്മയും മകളും. ആളെ പിടികിട്ടി. തൊട്ടടുത്ത സ്കൂളിൽ ഒമ്പതാംക്ലാസ്സിൽ പഠിക്കുന്ന ടീനയും അമ്മയുമാണ്. രണ്ടുമാസം മുമ്പ് സ്കൂളിൽ തലകറങ്ങി വീണ ടീനയെ അന്നു കണ്ടതാണ്. പിന്നെ കാണുന്നത് ഇന്നാണ്.

വരൂ...മോൾക്ക് എന്താ ഒരു ക്ഷീണം. തന്നുവിട്ട അയൺ ഗുളികയൊന്നും കഴിച്ചില്ലേ? ഇപ്പോഴെങ്ങനെയുണ്ട്? ഞാ ൻ ടീനയുടെ കൺപോളകൾ വിടർത്തി പരിശോധിച്ചു. അ വിടെ വിളറി രക്തമയമില്ലാതിരിക്കുന്നു. കൈകളുടെ അറ്റത്തും ചോരമയമില്ല. കുട്ടിയുടെ മുഖത്തിന് വിളർത്തൊരു വെളുപ്പാണ്. ദിവസങ്ങളായി ഉറങ്ങാത്തവരുടെ പോലെ ക്ഷീണിച്ച് മയങ്ങിയ കണ്ണുകൾ...വിളർച്ചയുടെ ക്ലാസിക് ലക്ഷണങ്ങൾ എല്ലാം അതുപടിയുണ്ട്.


ഇതെന്താ, ടീനെടെ അമ്മേ...മോളു മരുന്നു കഴിച്ചില്ലേ? കുറ്റപ്പെടുത്തലിന്റെ ധ്വനി വരാതിരിക്കാൻ ശ്രദ്ധിച്ച് ചോദിച്ചു. ‘‘ഒരു മാസം കഴിച്ചു ഡോക്ടറെ. പക്ഷേ, അവൾക്ക് അത് കഴിക്കുമ്പോെല്ലാം വയറിനു പ്രശ്നമാ. അതുകൊണ്ട് നിർത്തി. ചീരയിലൊക്കെ ധാരാളം ഇരുമ്പുണ്ടെന്നു കേട്ടതുകൊണ്ട് ചീരത്തോരനൊക്കെ വച്ചു കൊടുത്തു. പ ക്ഷേ, എപ്പോഴും ക്ഷീണമാണെന്നാ പറയുന്നെ. പഠിക്കാനിരുന്നാ ഉറക്കം തൂങ്ങും. 10 തവണ വായിച്ചാലും ഒന്നും തലയിൽ കയറുന്നില്ലെന്ന്. എപ്പോഴും കാലും കയ്യും കഴപ്പാണ്. അടുത്തവർഷം പത്തിലോട്ടല്ലെ. അവളുടെ ക്ലാസ്സ് ടീച്ചറാ പറഞ്ഞെ, ഡോക്ടറെ വന്നൊന്നു കാണാൻ.’’
ഇനി ഏക ആശ്രയം ഞാനാണെന്ന മട്ടിൽ ടീനയും എന്നെ നോക്കി.


‘‘ആട്ടെ...എത്ര ദിവസം മരുന്നു കഴിച്ചു?’’‘‘20 ദിവസം കഴിച്ചുകാണും ഡോക്ടറെ’’. ‘ഭക്ഷണശേഷമല്ലെ കഴിച്ചത്?’ അമ്മയും മകളും മുഖത്തോടു മുഖം നോക്കി,
‘അപ്പോൾ അതാണ് കാര്യം. ഭക്ഷണം കഴിച്ചയുടനെ ത ന്നെ അയൺ ഗുളികകളും കഴിക്കണം. അപ്പോൾ വയറിനു പ്രശ്നം വരില്ല. അതേപോലെ കാൽ‌സ്യം ഗുളികകളും അ യൺ ഗുളികകളും ഒരുമിച്ചു കഴിക്കരുത്. ചുവന്ന മാംസത്തിലും ആടിന്റെ പേശീമാംസത്തിലും (Muscle meat) ആണ് ഏറ്റവുമധികം അയണുള്ളത്. കക്കയിറച്ചി, മൃഗങ്ങളുടെയും കോഴിയുടെയും കരൾ, മുട്ട, ചൂരപോലുള്ള മീനുകൾ, കൊഞ്ച് എന്നിവയിലും അയണുണ്ട്.


‘‘അയ്യോ..ഡോക്ടറെ ഞങ്ങൾ വെജിറ്റേറിയനാണ്. അതാണോ മോൾക്കു വിളർച്ച മാറാത്തത്.?’’
‘‘എന്നല്ല. എളുപ്പം ആഗിരണം ചെയ്യപ്പെടുന്നതും മുന്തിയ ഗുണനിലവാരം ഉള്ളതുമായ അയൺ മാംസത്തിലാണുള്ളത്. ഇതിനെ ഹീം അയൺ എന്നു പറയും. എങ്കിലും  ഇലക്കറികൾ, മാതളം, തണ്ണിമത്തൻ, മൾബറി പോലുള്ള പഴങ്ങൾ, മൊളാസസ്സ്, ചക്കര, എള്ള്, എള്ളുണ്ട, നെല്ലിക്ക, അ ണ്ടിപ്പരിപ്പുകൾ, മത്തൻകുരു, ഉണക്കമുന്തിരി, ഈന്തപ്പഴം, പാവയ്ക്ക, പയർ–പരിപ്പ് വർഗങ്ങൾ എന്നിവയിലും ധാരാളം അയണുണ്ട്. എന്നാൽ ചിലപ്പോൾ ഇവയിലെ അയൺ പൂർണമായും ലഭിക്കാതെ പോകാം. അയണിന്റെ ആഗിരണം തടസ്സപ്പെടുന്നതാണ് കാരണം.  


പച്ചക്കറികളിലെ പോളിഫിനോൾ എന്ന ഘടകമാണ് ഇ രുമ്പിന്റെ ആഗിരണം കുറയ്ക്കുന്നത്. പല രീതിയിൽ ഈ പോളിഫിനോളിനെ നീക്കാം. ഉദാഹരണത്തിന് പാലക്കിലയിലെ പൊളിഫിനോൾ പാലക്ക് വേവിക്കുമ്പോൾ നീങ്ങും. ചെറുപയറും പരിപ്പു വർഗങ്ങളുമൊക്കെ മുളപ്പിച്ചു കഴിച്ചാലും പെട്ടെന്ന് അയൺ ആഗിരണം ചെയ്യപ്പെടും. ഇരുമ്പടങ്ങിയ ഭക്ഷണത്തോടൊപ്പം വൈറ്റമിൻ സിയുള്ള വിഭവവും ചേർത്തു കഴിക്കുന്നതും നല്ലത്. ഉദാഹരണത്തിന്  പച്ചക്കറി സാലഡിനൊപ്പം നാരങ്ങാനീരു ചേർക്കാം.
ചായയും കാപ്പിയും അയണിന്റെ ആഗിരണത്തെ തടയുന്നവയാണ്. അതുകൊണ്ട് ഭക്ഷണശേഷം രണ്ടു മണിക്കൂർ കഴിഞ്ഞ്  മാത്രം കുടിക്കുക. ഭക്ഷണം കഴിഞ്ഞ് നാരങ്ങാനീരു ചേർത്ത ചായ കുടിച്ചാൽ വലിയ പ്രശ്നമില്ല. നാരങ്ങയിലെ വൈറ്റമിൻ സി അയൺ ആഗിരണം തടയുന്ന ടാനിൻ എന്ന അമിനോ ആസിഡിന്റെ പ്രവർത്തനം തടഞ്ഞോളും. പ്രധാനഭക്ഷണത്തോടൊപ്പം ഒാറഞ്ചു ജ്യൂസ് കുടിക്കുന്നതും നല്ലത്.’’

anemia2


ഫോർട്ടിഫൈഡ് ഭക്ഷണവും പാലും


‘‘ഡോക്ടറാന്റി, അയൺ ഫോർട്ടിഫൈഡ് ഫൂഡ് എന്നൊക്കെ കാണാറുണ്ടല്ലൊ...അതു നല്ലതാണോ?’’ ചോദ്യം ടീനയുടെയാണ്.
അയൺ ഫോർട്ടിഫൈഡ് ഭക്ഷണത്തിൽ ഇരുമ്പുണ്ടെന്നാണ് സങ്കൽപം. പക്ഷേ, എത്ര അളവുണ്ടെന്നോ, അതുകൊണ്ട് ഗുണമുണ്ടോ എന്നൊക്കെ പറയാൻ പഠനങ്ങളില്ല. അതുകൊണ്ട് നേരിട്ട് അയൺ നൽകുന്ന ഭക്ഷണം കഴിക്കുന്നതല്ലേ പ്രായോഗികം. പക്ഷേ, വളരെ നേരത്തേ മുലകുടി നിർത്തിയ കുഞ്ഞുങ്ങളിൽ അയൺ ഫോർട്ടിഫൈഡ് ആയ ഫോർമുല മിൽക്ക് നൽകുന്നത് വിളർച്ച തടയും.


‘‘കഴിഞ്ഞദിവസം എവിടെയോ വായിച്ചു, പാൽ കൂടുതൽ കുടിച്ചാൽ വിളർച്ച വരുമെന്ന്. ശരിയാണോ?’’ ടീനയുടെ അമ്മയുടെ ചോദ്യത്തിൽ അൽപം ഉത്കണ്ഠയുണ്ട്.
അതിൽ കുറച്ചു ശരിയുണ്ട് കേട്ടോ. പാലിലെ കാൽ‌സ്യം അയണിന്റെ ആഗിരണം തടയാം. ഇരുമ്പംശമുള്ള ഭക്ഷണത്തോടൊപ്പം ചേർത്ത് പാൽ കുടിച്ചാൽ (ഉദാഹരണത്തിന് മുട്ടയും പാലും ഒരുമിച്ചു കഴിക്കുന്നത്), ഭക്ഷണത്തിലൂടെ കിട്ടേണ്ട അയൺ മുഴുവൻ കിട്ടില്ല.  മറ്റു ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് രണ്ടുനേരം പാൽ നൽകിയാൽ മതിയാകും. അതും പ്രധാനഭക്ഷണത്തിന് മുമ്പോ പിമ്പോ മാത്രം.’’  


‘‘ടീനയ്ക്ക് ദോശയും ഇഡ്‌ലിയുമൊന്നും ഇഷ്ടമില്ല. ബ്രൗൺ ബ്രെഡും ജാമുമാണ് സ്ഥിരം കഴിക്കാറ്. ഈ ‘‘ബ്രഡ്ഡിലൊക്കെ അയണുണ്ടോ ഡോക്ടർ? ’’ ചോദ്യം അമ്മയുടെ വകയാണ്.
ഞാൻ ടീനയെ പാളിനോക്കി. കേൾക്കാത്ത മട്ടിലിരുപ്പാണ് കക്ഷി... ‘‘ 100 ഗ്രാം ബ്രൗൺ ബ്രെഡിൽ രണ്ടു മി.ഗ്രാം അയണുണ്ടെന്നാണ്. പക്ഷേ എന്നും ബ്രെഡ് മാത്രം കഴിച്ചിട്ട് കാര്യമില്ല. വ്യത്യസ്തമെനുവിലൂടെയേ അധികം പോഷകങ്ങൾ ലഭിക്കൂ.  ദോശയോ ഇഡ്‌ലിയോ സാമ്പാറു കൂട്ടി കഴിച്ചാൽ ആവശ്യത്തിന് അയൺ ലഭിക്കും.ചപ്പാത്തിയും പരിപ്പുകറിയും നല്ല അയൺ ലഭിക്കുന്ന കോമ്പിനേഷനാണ്. അപ്പം   വെജിറ്റബിൾ കറിയോ ഗ്രീൻപീസ് കറിയോ കടലയോ ഒ ക്കെ കൂട്ടി കഴിച്ചാലും അയൺ ലഭിക്കും. ഗ്രീൻസ് (പച്ചക്കറികൾ), ഗ്രാംസ് (പയർ–പരിപ്പ് വർഗങ്ങൾ)– ഗ്രെയിൻസ് (ധാന്യങ്ങൾ). ഇതും മൂന്നും ചേർന്ന ഭക്ഷണം വിളർച്ച തടയും.


കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം (ഗ്രെയിൻസ്) മാത്രം കഴിക്കുന്നവരിൽ വിളർച്ച കൂടുതലാണ്. കപ്പയും േചാറും ധാരാളം കഴിക്കുന്നവർ ഉദാഹരണം.  ഇതെല്ലാം കേട്ട് ടീന മിണ്ടാതിരിക്കുകയാണ്...സാന്ത്വനരൂപേണ ഞാൻ പറഞ്ഞു. ‘‘ ഇനി ബ്രെഡ് കഴിച്ചാൽ തന്നെ പച്ചക്കറികൾ അരിഞ്ഞ് നാരങ്ങാനീരും ഉപ്പും പുരട്ടി രണ്ടു ബ്രെഡിനിടയ്ക്ക് വച്ച് വെജ് സാൻവിജ് ആയി കഴിക്ക് കേട്ടോ. പച്ചക്കറികൾ നാടൻ തന്നെയാകുന്നത് ഗുണം. സീസണിൽ ലഭിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും വിഷാംശവും കുറവായിരിക്കും. നമ്മുടെ സ്നാക്കുകളും കൂടെ നാടനാക്കിയാൽ കുറച്ചുകൂടി നല്ലതാണ്. പയർ മുളപ്പിച്ചത് ശർക്കര ചേർത്തത്, അവിലും ശർക്കരയും നനച്ചത്, സുഖിയൻ എന്നിവയൊക്കെ അയൺ ധാരാളമുള്ള വിഭവങ്ങളാണ്.


ഇപ്പോഴത്തെ ജനറേഷന് വിളർച്ചയൊക്കെ വരാൻ കാരണം തന്നെ അവരുടെ ഭക്ഷണശീലങ്ങളാണ്. എപ്പോഴും വറുത്തതും പൊരിച്ചതും മാത്രം. അല്ലെങ്കിൽ പഫും ബർഗറും പോലുള്ള സംസ്കരിച്ച ഭക്ഷണമോ ബേക്കറി പലഹാരങ്ങളോ. ഇതിലൊന്നും പോഷകങ്ങളുണ്ടാകില്ല. കുറച്ച് കാലറി മാത്രം കാണും. അതുകൊണ്ടാണ് തടിച്ചു ഗുണ്ടുമണിയായിരുന്നാലും വിളർച്ച വരുന്നത്. പെൺകുട്ടികൾക്ക്  ജീവശാസ്ത്രപരമായ പല ധർമങ്ങൾക്കും വേണ്ടി ശരീരത്തെ ഒരുക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ പ്രായത്തിലേ തന്നെ വിളർച്ചയൊക്കെ മാറ്റാൻ ശ്രദ്ധിക്കണം. ’’


ഞാൻ പറഞ്ഞുനിർത്തിയതും ടീനയുടെ മുഖം വാടി. കാരണമന്വേഷിച്ച് തലപുകയ്ക്കേണ്ടി വന്നില്ല. അമ്മ കാര്യം പ റഞ്ഞു. ‘‘നന്നായി ഡോക്ടറെ. തിരികെ വീട്ടിലേക്കു പോകുന്ന വഴി പിസ ഹട്ടിൽ കയറണമെന്നു പറഞ്ഞ് ബഹളമായിരുന്നു...കേട്ടല്ലോ ഡോക്ടർ പറഞ്ഞത്,  നമുക്കു നേരേ വീട്ടിൽ പോകാം’’ എന്നെ പരിഭവത്തോടെ നോക്കിക്കൊണ്ട് എഴുന്നേറ്റ ടീനയോട് കൺകോണിലൂടെ ഞാൻ പറഞ്ഞു. ‘‘ആരോഗ്യത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല കുഞ്ഞേ...’


ഭക്ഷണവും ഇരുമ്പ് അളവും


വെള്ളക്കടല–6 മി.ഗ്രാം
തുവരപരിപ്പ്–8 മി.ഗ്രാം
സ്പിനച്ച്–2 മി.ഗ്രാം
പപ്പായ–1 മി.ഗ്രാം
മാങ്ങ–1 മി.ഗ്രാം
ഒാട്മീൽ–4 മി.ഗ്രാം
ഗോതമ്പ്പൊടി–
9മി.ഗ്രാം
ബദാംപരിപ്പ്– 3 മി.ഗ്രാം
കശുവണ്ട്–6 മി.ഗ്രാം
നിലക്കടല–3 മി.ഗ്രാം
ബീഫ്–2 മി.ഗ്രാം
കോഴി–1 മി.ഗ്രാം
താറാവ്–2 മി.ഗ്രാം
(എല്ലാം 100 ഗ്രാമിലെ അളവ്)

വിളർച്ചയ്ക്കു പിന്നിലെ കാരണങ്ങൾ

ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിൻ ആണ് ശ്വാസകോശങ്ങളിൽ നിന്നു വായുവിനെ പകർന്ന് ശരീരഭാഗങ്ങളിലെത്തിക്കുന്നത്. ഗ്ലോബുലിൻ എന്ന പ്രോട്ടീനും ഹീം എന്ന ഇരുമ്പുമായി ചേർന്നാണ് ഹീമോഗ്ലോബിൻ തന്മാത്ര രൂപപ്പെടുന്നത്. ശരീരത്തിലെ ഇരുമ്പ് ധാതുവിന്റെ ഉൽപാദനം കുറയുന്ന അവസ്ഥയെയാണ് അനീമിയ എന്നു പറയുന്നത്. ഭക്ഷണത്തിലൂടെ ശരീരത്തിനു വേണ്ട ഇരുമ്പ് ലഭിക്കാതിരുന്നാൽ ഹീമോഗ്ലോബിൻ അളവു കുറയും. ശരീരകലകൾക്കു പ്രാണവായു ലഭിക്കില്ല, പോഷണദാരിദ്യമനുഭവപ്പെടും.   
തെറ്റായ ഭക്ഷണരീതികളെ പോലെ ചില ഘടകങ്ങളും അയൺ ആഗിരണം തടയാം. സീലിയാക് രോഗം പോലുള്ള കുടലിനെ ബാധിക്കുന്ന രോഗങ്ങൾ, ശ സ്ത്രക്രിയകൾ, കൊക്കോപ്പുഴു, വിര അണുബാധകൾ, ജനിതകമായി ഇരുമ്പിന്റെ അഭാവം, ബി12, ഫോളേറ്റ് എന്നീ പോഷകങ്ങളുടെ അഭാവം എന്നിവ മൂലം അയൺ ലഭ്യത കുറയാം. അതുകൊണ്ട് ഭക്ഷണം ശരിയാക്കിയിട്ടും സപ്ലിമെന്റ് കഴിച്ചിട്ടും മാറാത്ത വിളർച്ചയ്ക്കു മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നു പരിശോധിക്കണം.