Monday 17 May 2021 05:56 PM IST : By സ്വന്തം ലേഖകൻ

ബീറ്റാകരോട്ടിൻ, റെറ്റിനോൾ, ഒമേഗ കൊഴുപ്പ്: നിത്യയൗവനത്തിന്റെ പോഷണക്കൂട്ട് അറിയാം; എന്നും ചെറുപ്പമായിരിക്കാം

antisging3e24

ചെറുപ്പമായിരിക്കാനാണ് എല്ലാവർക്കും ഇഷ്ടം. അതുകൊണ്ടു തന്നെ പ്രായമാകാതിരിക്കുന്നതിനുള്ള വഴികളെക്കുറിച്ചറിയാനും എല്ലാവർക്കും ഏറെ ആഗ്രഹമുണ്ടാകും.

പ്രായാധിക്യത്തിലേയ്ക്കുള്ള യാത്രയുടെ വേഗം കുറയ്ക്കുന്നതിന് ആഹാരം വളരെ പ്രകടമായിത്തന്നെ  സഹായിക്കുമെന്ന് അറിയാമല്ലോ. യുവത്വം നിലനിർത്താനും, ഭംഗിയും കരുത്തുമുള്ള ചർമം രൂപപ്പെടുത്താനും ആഹാരത്തിനു സവിശേഷമായ സിദ്ധിയുണ്ട്. ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും അടങ്ങുന്ന തനത് ആഹാരശീലങ്ങളിലൂടെ ചർമത്തെ തിളക്കമുള്ളതും ചെറുപ്പവുമാക്കി മാറ്റാം.

ബാഹ്യ കാരണത്തെ തടയാം

ചർമത്തിന് പ്രായം കൂടുന്നതിന് രണ്ടു കാരണങ്ങളുണ്ട്.  (1) ആന്തരിക കാരണത്താൽ (2) ബാഹ്യ കാരണത്താൽ. വയസ്സു  കൂടുന്നതു മൂലം ചർമത്തിനുണ്ടാകുന്ന വ്യതിയാനത്തെയാണ് ആന്തരിക കാരണം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.  എന്നാൽ സൂര്യതാപം, അൾട്രാവയലറ്റ് രശ്മികൾ, മലിനീകരണം, ഉറക്കമില്ലായ്മ, പുകവലി
തുടങ്ങിയവ മൂലം ചർമത്തിനുണ്ടാകുന്ന വ്യത്യാസത്തെയാണു ബാഹ്യ കാരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ചിട്ടയായ ജീവിതം, പതിവായുള്ള വ്യായാമം, ഭക്ഷണക്രമീകരണം  എന്നിവയിലൂടെ  ബാഹ്യ കാരണത്താലുള്ള പ്രായമാകലിനെ തടയാം. കരോട്ടിനോയിഡുകൾ, ടോക്കോഫെറോളുകൾ, ഫ്ലേവനോയിഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകളും  വൈറ്റമിൻ എ, ബി,സി, ഡി, ഇ,  ഒമേഗ 3 ഫാറ്റി ആസിഡുകൾ, ചില പ്രോട്ടീനുകൾ, ലാക്റ്റോ ബാസിലസ് ബാക്ടീരിയ  തുടങ്ങിയവയും ചർമത്തിന്റെ ആരോഗ്യത്തിനും അഴകും വർധിപ്പിക്കുന്നതിനു   മികച്ചതാണ്.

ആന്റിഒാക്സിഡന്റുകൾ ഫ്രീ റാഡിക്കൽ ഉത്പാദനത്തെ കുറച്ചും എതിർത്തും  ചർമത്തെ  സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകൾ
ആരോഗ്യമുള്ള ചർമകോശങ്ങളെ നശിപ്പിച്ച് ഒാക്സിഡേറ്റീവ് സ്ട്രെസ് വരുത്തുന്നവയാണ്. ആന്റിഒാക്ഡിഡന്റുകൾ ഫ്രീ റാഡിക്കലുകളിൽ നിന്ന്  ചർമത്തെ സംരക്ഷിച്ച് പിഗ്മെന്റേഷൻ അതായത്  മെലാനിന്റെ ആധിക്യം കുറയ്ക്കുന്നതിനു സഹായിക്കുന്നു. മുഖത്തു വരകളും ചുളിവുകളും കുറയ്ക്കുന്നു.

തരംഗമായ് വൈറ്റമിൻ സി

അസ്കോർബിക് ആസിഡ് ( ascorbic acid)  അഥവാ  വൈറ്റമിൻ സി  വെള്ളത്തിൽ അലിയുന്ന ഒരു പ്രധാന ആന്റിഓക്സിഡന്റ് ആണ്. വൈറ്റമിൻ സി  നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നില്ല. നാരകവർഗത്തിൽപ്പെട്ട പഴങ്ങൾ, ഞാവൽപ്പഴം, റോസ് ഹിപ് (റോസാച്ചെടിയുടെ കായ), പേരയ്ക്ക, കാപ്സിക്കം എന്നിവയിൽ വൈറ്റമിൻ സി  ധാരാളമായി  അടങ്ങിയിരിക്കുന്നു. കൊളാജന്റെ ട്രിപ്പിൾ ഹെലിക്കൽ ഘ‍ടനയെ  സ്ഥിരതയോടെ നിലനിർത്തുന്നതിനുള്ള കഴിവ്  വൈറ്റമിൻ സിക്ക്  ഉണ്ട്.  (ചർമത്തിലും മറ്റു കണക്‌റ്റീവ് കലകളിലും കാണപ്പെടുന്ന പ്രധാനപ്പെട്ട, ഘടനാപരമായ പ്രോട്ടീനാണ് കൊളാജൻ) ഇതു കൂടാതെ കൊളസ്ട്രോളിന്റെ ഉൽപാദനം, ഇരുമ്പിന്റെ സ്വാംശീകരണം, സെലിനിയത്തിന്റെ ജൈവലഭ്യത കൂട്ടുക തുടങ്ങിയ ധർമങ്ങളിലും വൈറ്റമിൻ സി  പ്രധാന പങ്ക് വഹിക്കുന്നു.

വൈറ്റമിൻ സിയുടെ കുറവ് കൊളാജന്റെ ഉൽപാദനം തകരാറിലാകുന്നതിനു  കാരണമാകുന്നു. അത് ചർമത്തിന്റെ ഘടനയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. സൂര്യതാപം,  അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന  പ്രശ്നങ്ങൾ, അർബുദം ഇവയെ  തടയുന്നതിനും വൈറ്റമിൻ സിക്കും വൈറ്റമിൻ ഇയ്ക്കും  കഴിവുണ്ടെന്നു  പുതിയ പഠനങ്ങൾ പറയുന്നു.

വൈറ്റമിൻ ഇയും  പ്രധാനം

ടോക്കോഫെറോൾ അഥവാ വൈറ്റമിൻ ഇ  ഒരു പ്രധാന ആന്റി ഓക്സിഡന്റ് ആണ്. പച്ചക്കറികളിലും പച്ചക്കറി എണ്ണയിലും വൈറ്റമിൻ ഇ  ധാരാളമായി അടങ്ങിയിരിക്കുന്നു. ഉദാ:
സൂര്യകാന്തി എണ്ണ, ബദാം, മത്തങ്ങ, സ്പിനച്ച്, പീനട്ട്, അവക്കാ
ഡോ. ചർമത്തിനു പ്രായമാകുന്നതിനെ തടയാൻ വൈറ്റമിൻ ഇയ്ക്ക് കഴിവുണ്ട്. വൈറ്റമിൻ ഇ യുടെ കുറവ് നവജാത ശിശുക്കളുടെ ചർമത്തിൽ ദ്രവം കെട്ടിക്കിടന്ന് വീക്കം (Edema) ഉണ്ടാകുന്നതിനും, ചുവന്ന പാടുകളും  (Erythema), ചെതുമ്പലുകളും  രൂപപ്പെടുന്നതിനും (Seborrhoiec changes), ചർമം വരണ്ടുണങ്ങുന്നതിനും കാരണമാകുന്നു. ശരീരത്തിലെ  വൈറ്റമിൻ ഇ യുടെ അളവ് ചർമത്തിലെ എണ്ണ ഗ്രന്ഥികളുടെ സാന്ദ്രതയെ ആശ്രയിച്ചാണെന്ന് ചില ശാസ്ത്രജ്ഞന്മാരുടെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കരുത്തേകുംകരോട്ടിനോയ്ഡ്

വൈറ്റമിൻ എ, ബീറ്റാ കരോട്ടിൻ, അസ്റ്റാസാന്തിൻ, റെറ്റിനോൾ, ലൈക്കോപ്പീൻ എന്നീ പ്രധാന ആന്റിഓക്സിഡന്റുകൾക്ക് പൊതുവായുള്ള പേരാണ് കരോട്ടിനോയിഡ്സ്. പ്രകാശമേൽക്കുന്നതു മൂലം ശരീരത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ തടയാനുള്ള കഴിവ് ഇവയ്ക്കെല്ലാമുണ്ട്. നാം കഴിക്കുന്ന ആഹാരത്തിലടങ്ങിയ പ്രധാന കരോട്ടിനോയ്ഡ് ബീറ്റാകരോട്ടിൻ ആണ്. ഇത്  ശരീരത്തിൽ എത്തുമ്പോൾ  വൈറ്റമിൻ എ  ആയി മാറ്റപ്പെടുന്നു.

കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, മാങ്ങ, പപ്പായ എന്നിവയിലെല്ലാം ബീറ്റാകരോട്ടിൻ ധാരാളമുണ്ട്. അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നതു മൂലം ശരീരത്തിലുണ്ടാകുന്ന
ചുവന്ന പാടുകളെ തടയാൻ ബീറ്റാകരോട്ടിനു കഴിവുണ്ട് എന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ചെറിയ ആൽഗകള്‍, യീസ്റ്റ്, കോര, പുഴമീൻ, ചെമ്മീൻ വർഗത്തിൽപ്പെട്ട മത്സ്യങ്ങൾ എന്നിവയിൽ അസ്റ്റാസാന്തിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ചെറിയ ആൽഗകളും, ഫൈറ്റോപ്ലാങ്ക്റ്റണുകളും ഉൽപ്പാദിപ്പിക്കുന്ന അസ്റ്റാസാന്തിൻ  എന്ന ആന്റി ഒാക്സിഡന്റ് സൂപ്ലാങ്കറ്റണുകളും ചെമ്മീൻ–ഞണ്ട് വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളും ഭക്ഷണമാക്കുന്നു. ഇങ്ങനെ അസ്റ്റാസാന്തിൻ നമ്മുടെ ഭക്ഷ്യശൃംഖലയിൽ ഇടം പിടിക്കുന്നു. ഇതിന് പല രോഗങ്ങളെയും തടയാനുള്ള കഴിവ് ഉണ്ട്.  അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നതു മൂലം ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളേയും അതുപോലെ ചർമ്മം അയയുന്നതിനേയും തടയാൻ അസ്റ്റാസാന്തിന് കഴിവുണ്ട് എന്ന് പഠനങ്ങൾ കാണിക്കുന്നു.

ചുവന്ന നിറത്തിലുള്ള കരോട്ടിൻ ആണ് ലൈക്കോപീൻ. ഇത് പച്ചക്കറികളിലും, തക്കാളി, കാരറ്റ്, തണ്ണിമത്തൻ, പപ്പായ തുടങ്ങിയവയിലും ധാരാളമായി അടങ്ങിയിരിക്കുന്നു. മനുഷ്യരക്തത്തിലും, കലകളിലും കാണുന്ന പ്രധാന കരോട്ടിനോയ്ഡ് ബീറ്റാകരോട്ടിനും ലൈക്കോപീനും ആണ്. ഇവയ്ക്ക്
സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചർമ പ്രശ്നങ്ങളെ തടയാനുള്ള കഴിവുണ്ട്. കാൻസറിനെ തടയാനുള്ള കഴിവും  ലൈക്കോപീനുള്ളതായി തെളിഞ്ഞിട്ടുണ്ട്.

മനുഷ്യ ശരീരത്തിനാവശ്യമായ  മറ്റൊരു പ്രധാന ആന്റിഓക്സിഡന്റ് ആണ് റെറ്റിനോൾ. ഈ ആന്റിഓക്സിഡന്റ് ശരീരം സ്വയം ഉൽപ്പാദിപ്പിക്കുന്നില്ല. ഭക്ഷണത്തിലൂടെ ഇത് ശരീരത്തിലെത്തേണ്ടതാണ്. പാൽ, മുട്ടയുടെ മഞ്ഞക്കരു, പാൽക്കട്ടി, മൽസ്യം എന്നിവയിൽ റെറ്റിനോൾ ധാരാളമായി അടങ്ങിയിരിക്കുന്നു. മനുഷ്യ ശരീരത്തെ ആവരണം ചെയ്തിരിക്കുന്ന കലകളുടെ (Epithelial tissues) ഉൽപാദനത്തിനും വളർച്ചക്കും സംരക്ഷണത്തിനും റെറ്റിനോൾ വളരെ അത്യാവശ്യമാണ്.

പഴങ്ങൾ കഴിക്കാം,പച്ചക്കറികളും

കൃത്രിമമായി ശരീരത്തിലെ ആന്റി ഓക്സിഡന്റുകളുടെ അളവു കൂട്ടുന്നത് കോശങ്ങളുടെ പ്രായം കൂടുന്നതിനും അതുപോലെ ട്യൂമറിനും കാരണമാകുമെന്ന് ഓമാൻ,
ഗുഡ്മാൻ മുതലായ ശാസ്ത്രജ്ഞന്മാർ 1996–ൽ  നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ലെന്നും  വിദഗ്ധർ പറയുന്നു.

വൈറ്റമിൻ ഡിയും വേണം

മനുഷ്യശരീരത്തിനു സൂര്യപ്രകാശത്തിൽ നിന്ന്  വൈറ്റമിൻ ഡി    ഉത്പാദിപ്പിക്കാനുള്ള കഴിവ് ഉണ്ട്. പാൽ, ധാന്യങ്ങൾ എന്നിവയിൽ വൈറ്റമിൻ ഡി  ധാരാളമായി അടങ്ങിയിരിക്കുന്നു. മത്സ്യം, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവയിൽ ചെറിയ തോതിലും  വൈറ്റമിൻ ഡി ഉണ്ട്.

ശരീരത്തിൽ അധികമായി എത്തുന്ന വൈറ്റമിൻ ഡി  കൊഴുപ്പുകലകളിലാണു സൂക്ഷിക്കപ്പെടുന്നത്. ഇത് ഛർദ്ദി, വിശപ്പില്ലായ്മ, തളർച്ച, ഭാരനഷ്ടം, മലബന്ധം
തുടങ്ങിയ ദോഷഫലങ്ങൾ ഉളവാക്കുന്നു.

വൈറ്റമിൻ  ഡി പല ശാരീരിക പ്രവർത്തനങ്ങൾക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇതിന് അൾട്രാവയലറ്റ് രശ്മികളേറ്റ് കോശങ്ങൾ നിർജ്ജീവമാകുന്നതിനേയും അതുപോലെ തന്നെ കാൻസറിനേയും തടയാനുള്ള കഴിവുണ്ട്.

പ്രായമാകുന്തോറും മനുഷ്യശരീരത്തിന് വൈറ്റമിൻ ഡി  ഉൽപാദിപ്പിക്കാനുള്ള കഴിവ് കുറഞ്ഞു തുടങ്ങും. അങ്ങനെ  ഈ വൈറ്റമിൻ ശരീരത്തിനു നൽകുന്ന സംരക്ഷണത്തിന്റെ തോതും കുറഞ്ഞു തുടങ്ങുന്നു. 20–നും 80 വയസിനും ഇടയിൽ വൈറ്റമിൻ ഡി യുടെ ഉൽപ്പാദനത്തിൽ ഏതാണ്ട് 50% കുറവാണ് അനുഭവപ്പെടുന്നത്. ആയതിനാൽ പ്രായമായ ആളുകൾ  വൈറ്റമിൻ ഡി യും കാൽസ്യവും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

0–14 വയസിന് ഇടയിലുള്ള കുട്ടികൾ  ദിവസവും 200 IU (International Unit)/), 14–15 വയസിനു ഇടയിലുള്ളവർ 200 IU,  50–70 വയസിന് ഇടയിലുള്ളവർ 400 IU, 71 വയസിനു മുകളിലുള്ളവർ 600 IU  എന്ന  അളവിൽ  വൈറ്റമിൻ ഡി കഴിക്കണമെന്ന്  അമേരിക്കൻ അക്കാദമി ഒാഫ് ഡെർമറ്റോളജിയും  കനേഡിയൻ  കാൻസർ സൊസൈറ്റിയും  2009–ൽ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ അനുവദനീയമായ അളവിൽക്കൂടുതൽ ൈവറ്റമിൻ ഡി  ദീർഘകാലം കഴിച്ചാൽ മറ്റ്  ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും.

ഒമേഗ 3, ഒമേഗ 6

വൈറ്റമിൻ എഫിന്റെ  മറ്റൊരു പേരാണ് എസൻഷ്യൽ ഫാറ്റി ആസിഡ്. ഇതിനെ ഒമേഗ –3 എന്നും, ഒമേഗ–6 എന്നും രണ്ടായി തിരിക്കാം. വൈറ്റമിൻ എഫ്  ശരീരം സ്വയം ഉൽപാദിപ്പിക്കുന്നില്ല.

മത്സ്യങ്ങൾ, ചണവിത്ത്, ചെമ്മീൻ എണ്ണ, സോയ എണ്ണ, കടുക് എണ്ണ, ചിയവിത്ത്, മത്തങ്ങയുടെ കുരു, സൂര്യകാന്തിയുടെ വിത്ത്, ഇലക്കറികൾ, വാൾനട്ട്, അവക്കാഡോ എന്നിവയിൽ ധാരാളമായി  വൈറ്റമിൻ എഫ് അടങ്ങിയിരിക്കുന്നു. മനുഷ്യകലകളിലെ കൊഴുപ്പിനെ ഉൽപാദിപ്പിക്കുന്നതിലും അതുപോലെ തന്നെ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നതിലും വൈറ്റമിൻ എഫ്  വളരെ അത്യാവശ്യമാണ്. കൂടാതെ ഇവയ്ക്ക് അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറയ്ക്കാനുള്ള കഴിവും  ഉണ്ട്.

പോളിഫിനോൾ സൂപ്പറാണ്

സസ്യജന്യ സംയുക്തങ്ങളെയാണ് പോളിഫിനോൾസ് (Polyphenols) എന്ന് പറയുന്നത്. ഇവയ്ക്കു പ്രായത്തെ ചെറുക്കാനുള്ള കഴിവുണ്ട്. പോളിഫിനോളുകൾ അവയുടെ ആന്റിഓക്സിഡന്റ് സ്വഭാവവും കാൻസർ, ഹൃദ്രോഗങ്ങൾ, നാഡീരോഗങ്ങൾ തുടങ്ങിയവയെ ചെറുക്കാനുള്ള കഴിവും  മൂലം  ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധ  ഏറെ പിടിച്ചു പറ്റിയതാണ്.

ജ്യൂസ്, കാപ്പി, ചായ, റെഡ് വൈൻ, പച്ചക്കറികൾ, ധാന്യങ്ങൾ, ചോക്‌ലെറ്റ് ,  പയറു വർഗങ്ങൾ എന്നിവയിൽ പോളിഫിനോൾസ് ധാരാളമുണ്ട്. ഇവയ്ക്ക് അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ,  രോഗകാരികളുടെ ആക്രമണം എന്നിവയെ തടയാനുള്ള കഴിവുണ്ട്.

ഭക്ഷണനിയന്ത്രണത്തിലൂടെ പ്രായമാകുന്നതിനെ ചെറുക്കാനും, അതുപോലെ ആയുർദൈർഘ്യം കൂട്ടാനും സാധിക്കും എന്ന് മൃഗങ്ങളിൽ നടത്തിയ ശാസ്ത്രീയ പഠനങ്ങളും തെളിയിക്കുന്നു.

ചർമത്തിന്റെ ആരോഗ്യത്തിനായി ആഹാരത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതെന്തൊക്കെയെന്ന് അറിഞ്ഞു കഴിഞ്ഞു. ഇനി ചർമത്തിന്റെ പ്രായം കുറയുന്നത് കണ്ടറിഞ്ഞോളൂ.

തയാറാക്കിയത്

ഡോ. അരുൺ കെ. ശ്രീധർ

ജിയോളജിസ്‌റ്റ്
ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ, ബെംഗളൂരു

arunksreedhar79@gmail.com

Tags:
  • Manorama Arogyam
  • Diet Tips
  • Health Tips