Friday 01 January 2021 01:02 PM IST : By സ്വന്തം ലേഖകൻ

ജലദോഷപ്പനിയിൽ തുടങ്ങും, നെഞ്ചുവേദനയും കഫത്തില്‍ രക്തവും പിന്നാലെ: കോവിഡ് കാലത്ത് പേടിക്കണം ന്യുമോണിയയെ

pneumonia-and-covid

ജലദോഷപ്പനിയിൽ തുടങ്ങും, നെഞ്ചുവേദനയും കഫത്തില്‍ രക്തവും പിന്നാലെ: കോവിഡ് കാലത്ത് പേടിക്കണം ന്യുമോണിയയെ



ന്യുമോണിയ എന്നു കേൾക്കുമ്പോൾ നമുക്ക് പരിചിതമായ രോഗമാണെന്നു തോന്നുമെങ്കിലും അതീവ ഗുരുതരമാകാവുന്ന രോഗാണുബാധയാണിത്. ദരിദ്രരാജ്യങ്ങളിലെ മരണകാരണങ്ങളിൽ ഒന്നാം സ്ഥാനക്കാരൻ, കുട്ടികളുടെ മരണങ്ങളിൽ പ്രധാനി.. ഇങ്ങനെ ന്യുമോണിയക്കു വിശേഷണങ്ങൾ ഏറെയുണ്ട്. എന്നിരുന്നാലും രോഗസാധ്യതയുള്ളവർ കൂടുതൽ കരുതലെടുത്താൽ, ചികിത്സ യഥാസമയം ലഭിച്ചാൽ ഒരുപരിധിവരെ ന്യുമോണിയയുടെ തീവ്ര കുറയ്ക്കാം.

മദ്യപാനം, പുകവലി എന്നിവയുള്ളവരിൽ രോഗസാധ്യത കൂടുതലാണ്. രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്നവരിൽ, പ്രത്യേകിച്ചും പ്രമേഹം, സ്റ്റിറോയ്ഡ് ഉപയോഗം, വൃക്കരോഗം, കരൾരോഗം, അവയവമാറ്റിവയ്ക്കൽ തുടങ്ങിയ അവസ്ഥയിൽ ന്യുമോണിയ ബാധിക്കാനും സങ്കീർണമാവാനും സാധ്യതയേറെയാണ്. കുഞ്ഞുങ്ങൾ, പ്രായമായവർ, ടി ബി മുതലായ പൂർവകാലരോഗത്തിന്റെ ഭാഗമായി കേടുപാടുകൾ സംഭവിച്ച ശ്വാസകോശമുള്ളവർ എന്നിവരിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. മദ്യപാനം, പുകവലി എന്നിവയുള്ളവരിൽ രോഗസാധ്യത കൂടും.



ന്യുമോണിയ എന്നാൽ എന്താണ്?

രോഗം വരുന്ന വഴി

പ്രധാനമായി ശ്വസിക്കുന്ന വായു (ഇൻഹലേഷൻ) വഴിയും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ഈർപ്പകണങ്ങളിലൂടെയുമാണ് രോഗാണു പകരുക. ഇതുകൊണ്ടാണ് മാസ്ക് ഉപയോഗിക്കാനും ചുമ യ്ക്കുമ്പോൾ തൂവാല ഉപയോഗിക്കാനും നിഷ്കർഷിക്കുന്നത്.

ഛർദി, അപസ്മാരം, പക്ഷാഘാതം, മോണരോഗങ്ങൾ തുടങ്ങിയവയുള്ളപ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ ശ്വാസകോശത്തിൽ കയറുന്നതു മൂലം ആസ്പിരേഷൻ ന്യുമോണിയ ബാധിക്കാം. കൂടാതെ ദീർഘകാല ശ്വാസകോശരോഗങ്ങൾ മുൻകാലങ്ങളിൽ വന്നവരിൽ ശ്വാസകോശത്തിൽ കേടുപാട് സംഭവിക്കുകയും അവിടെ അണുക്കൾ പെരുകിയും രോഗം വരാം. മാത്രമല്ല ഏതൊരു അവയവത്തിന് അണുബാധ സംഭവിച്ചാലും അതു രക്തം വഴി ശ്വാസകോശത്തിലേക്കും കടക്കാം. മറ്റു പല രോഗങ്ങളാൽ അണുബാധയുണ്ടാവുന്നവരിൽ മരണം ന്യുമോണിയ മൂലമാകുന്നത് ഇതുകൊണ്ടാണ്.

രോഗകാരണമാകുന്ന അണുക്കൾക്കനുസരിച്ച് ന്യുമോണിയ പ്രധാനമായും ബാക്ടീരിയൽ ന്യുമോണിയ, വൈറൽ ന്യുമോണിയ, ഫംഗൽ ന്യുമോണിയ എന്നു മൂന്നു തരമുണ്ട്. തീരെ പ്രതിരോധശേഷി കുറയുന്ന രോഗികളിലാണ് ഫംഗൽ ന്യുമോണിയ കാണുക. ഇത് അപൂർവമാണ്.

ബാക്ടീരിയൽ ന്യുമോണിയ

സാധാരണയായി കാണുന്ന ന്യുമോണിയ ഉണ്ടാക്കുന്നത് ന്യുമോകോക്കസ് എന്ന ബാക്ടീരിയയാണ്. ഹീമോഫിലസ് എന്ന ബാക്ടീരിയയും ചിലരിൽ രോഗമുണ്ടാക്കാം. ഇവ ബാധിച്ചാൽ ശക്തമായ കുടച്ചിലോടും വിറയലോടും കൂടിയ പനി, കഫത്തോടു കൂടിയ ചുമ എന്നിവ കാണും. പക്ഷേ പ്രമേഹം, അർബുദം തുടങ്ങി രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ പനി ചിലപ്പോൾ ഉണ്ടാവണമെന്നില്ല.

രോഗത്തിന്റെ കാഠിന്യം അനുസരിച്ചു ശ്വാസംമുട്ട്, ശ്വാസം വലിക്കുമ്പോഴുള്ള നെഞ്ചുവേദന, കഫത്തിൽ രക്തം എന്നിവയും കാണും. ഈ ന്യുമോണിയയെ ടിപ്പിക്കൽ (typical) ന്യുമോണിയ എന്ന് പറയുന്നു. എന്നാൽ മൈക്കോപ്ലാസ്മാ എന്ന ഇത്തിരികുഞ്ഞൻ ബാക്ടീരിയ, ക്ലമീഡിയ, ലീജിയാണെല്ലാ ബാക്ടീരിയ എന്നിവകൊണ്ടുള്ള ന്യുമോണിയയിലും പനി അത്ര ശക്തമല്ല, ചുമയ്ക്കുമ്പോൾ കഫം വരണമെന്നുമില്ല. ജലദോഷപ്പനി പോലെയാണ് തുടങ്ങുന്നത്.അതാണ് അറ്റിപ്പിക്കൽ (atypical) ന്യുമോണിയ. ഇത് താരതമ്യേന 10-14 വരെ നാൾ നീണ്ടു നിൽക്കും. അപൂർവമായി കരൾ, ഹൃദയം, തലച്ചോറിന്റെ ആവരണമായ മെനിഞ്ചസ് എന്നിവയ്ക്കു നീർക്കെട്ടു വരാനും സോഡിയം കുറയുക, രക്തക്കുറവുണ്ടാവുക എന്നിങ്ങനെ സങ്കീർണ്ണതകൾ ഉണ്ടാവാനും സാധ്യതയുണ്ട്.

മദ്യപാനികൾ സൂക്ഷിക്കുക

മദ്യപാനികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, ആശുപത്രി അധിഷ്ഠിത രോഗബാധയുള്ളവരിൽ ക്ലെബിസിയെല്ല, സ്യുഡോമോണാസ്, എംആർഎസ്എ എന്നീ ബാക്ടീ രിയകൾ ബാധിക്കാൻ സാധ്യത ഏറെയാണ്. ശ്വാസകോശത്തിൽ പഴുപ്പ്, നീർക്കെട്ട്, മറ്റു അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുക എന്നീ സങ്കീർണതകൾക്കു സാധ്യതയുള്ളതുകൊണ്ട് ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടിവരും. മരണനിരക്കും കൂടുതലാണ്.

ന്യുമോണിയയും കൊറോണയും

നമ്മൾ ഇപ്പോൾ ഭയക്കുന്ന കോവിഡ്, ആർ.എസ്.വി , റൈനോ, പന്നിപ്പനി, പക്ഷിപ്പനി എന്നിവയെല്ലാം വൈറൽ ന്യുമോണിയയാണ്. പൊതുവെ ഇവയെല്ലാം ആദ്യം ജലദോഷവും തൊണ്ടവേദനയും ആയി തുടങ്ങുന്നു. വയറിളക്കവും ഉണ്ടാവാം. ശക്തമായ പനിയും ശരീരവേദനയും ഇതിന്റെ കൂടെ വരുന്നു.

10-20% ആളുകളിൽ മാത്രമേ ഇവ ന്യുമോണിയ ഉണ്ടാക്കുന്നുള്ളൂ. സാധാരണ അതിനു മുൻപേ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി ഇതിനെ തടയും.

ന്യുമോണിയ ബാധിച്ചാൽ വളരെ പെട്ടെന്ന് തന്നെ രണ്ടു ശ്വാസകോശത്തിലും ബാധിക്കാൻ സാധ്യതയുണ്ട്. തന്മൂലം രോഗിക്കു ശ്വാസംമുട്ടും, മാരകമായ ശ്വാസതടസ്സമുണ്ടാക്കുന്ന എആർഡിഎസ് (ARDS) എന്ന അവസ്ഥ വരാനും സാധ്യതയുണ്ട്. ഇതിനു പുറമെ, ഈ രോഗികളിൽ ബാക്ടീരിയ കൂടി അണുബാധയുണ്ടാക്കാം. ഇത് സങ്കീർണതകൾ കൂട്ടി, മരണവും വരുത്താം.

വൈറസിൽ ഇൻഫ്ലുൻവൻസ എന്ന പക്ഷിപ്പനി, പന്നിപ്പനി അടക്കമുള്ള ഫ്ലൂ പനിക്കു മാത്രമേ കൃത്യമായ ആന്റിവൈറൽ മരുന്നുള്ളു. ബാക്ടീരിയ കൂടി വൈറസിനൊപ്പം ഉണ്ടാവാം എന്നുള്ളതു കൊണ്ടാണ് ആന്റിബയോട്ടിക്കും നൽകുന്നത്.

രോഗം ഉറപ്പാക്കാം

ന്യുമോണിയ ലക്ഷണങ്ങളുണ്ടെങ്കില്‍ ആദ്യം നെഞ്ചിന്റെ എക്സ്-റേ എടുത്തു രോഗം ഉറപ്പിക്കും. ഇതിനുശേഷം രക്തത്തിലെ കൗണ്ട് നോക്കും. കഴിയുന്നതും മരുന്ന് തുടങ്ങുന്നതിനു മുൻപേ തന്നെ ചെയ്യേണ്ട പരിശോധനയാണ് കഫ കൾച്ചർ പരിശോധന. രോഗാണു ഏതെന്നു മനസ്സിലാക്കാനും ഏതു മരുന്നാണ് ഇതിൽ കൃത്യമായി പ്രവർത്തിക്കുക എന്നും മനസിലാക്കാനും ഇത് സഹായിക്കുന്നു. മികച്ച ആശുപത്രികളിൽ പോലും കഫപരിശോധന പാളിച്ചകൾ മൂലം 50 ശതമാനത്തിൽ താഴെ മാത്രമാണ് കൃത്യമായ രോഗാണുവിനെ മനസിലാക്കുന്നത്. ഇത് ചികിത്സാ പുരോഗതിയെ ബാധിക്കാം.

രോഗത്തിന്റെ തീവ്രത അനുസരിച്ചു രക്തത്തിന്റെ കൾച്ചറും മറ്റ് പരിശോധനകളും വേണ്ടിവരും. മറ്റു അവയവങ്ങളെ ബാധിച്ചോ എന്നറിയാനുള്ള വിവിധ പരിശോധനകളും വേണം. വൈറൽ രോഗബാധ സംശയിക്കുന്നവരിൽ തൊണ്ടയിലെ സ്രവം പരിശോധിക്കും. വിട്ടുമാറാത്ത ന്യുമോണിയ ചിലപ്പോൾ ക്ഷയം, ശ്വാസകോശ അർബുദം മുതലായ രോഗങ്ങളുടെ ബാഹ്യപ്രകടനമാവാൻ സാധ്യതയുണ്ട്. അതിനാൽ വിട്ടുമാറാത്ത ന്യുമോണിയയെ ഒരിക്കലും അവഗണിക്കരുത്.

ചികിത്സയിലെ കൃത്യത

മദ്യപാനശീലം, പുകവലി, എച്ച്ഐവി സാധ്യത, മുൻകാല രോഗങ്ങൾ, ശരീരത്തിലെ മുറിവുകൾ, അടുത്തിടെ നടത്തിയ യാത്രവിവരങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും കൃത്യമായി ഡോക്ടറോടു പറഞ്ഞാല്‍ മാത്രമേ ശരിയായ ആന്റിബയോട്ടിക് ഡോക്ടർക്ക് തിരഞ്ഞെടുക്കാനാകൂ. മാത്രമല്ല അതിലൂടെ അനാവശ്യ പരിശോധനകൾ കുറയ്ക്കാം.

കൃത്യമായും സമയബന്ധിതമായും കുത്തിവയ്പ് ആയോ ഗുളികയായോ നൽകുന്ന ആന്റിബയോട്ടിക് മരുന്നുകളാണ് ന്യുമോണിയ ചികിത്സയുടെ പ്രധാനഭാഗം. വൈറൽ രോഗസാധ്യതയുണ്ടെങ്കിൽ അതിനനുസരിച്ചുള്ള ആന്റിവൈറൽ മരുന്നുകളും ചേർക്കും. കഫത്തിന്റെയും രക്തത്തിന്റെയും കൾച്ചർ പരിശോധന റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ചു (സാധാരണയായി ഇതിനു 2 - 5 ദിവസം വരെ എടുക്കാം) രോഗാണുവിനെ മനസിലാക്കി ആന്റിബയോട്ടിക്കുകൾ മാറ്റാം. ആന്റിബയോട്ടിക്കുകൾ ആവശ്യമില്ലാതെയും ക്രമമില്ലാതെയും ഉപയോഗിച്ചാൽ രോഗാണു മരുന്നിനോടു പ്രതികരിക്കുന്നത് കുറയും.

ഇതിന്റെ കൂടെ രോഗിയുടെ അവസ്ഥയ്ക്കനുസരിച്ചു അനുബന്ധ ചികിത്സകളും നൽകുന്നു.രക്തത്തിൽ ഓക്സിജന്റെ കുറവുണ്ടെങ്കിൽ ഓക്സിജനും, രക്തസമ്മർദകുറവോ ജലാംശക്കുറവോ ഉണ്ടെങ്കിൽ ഐവി ഫ്ലൂയിഡുകൾ, പനിമരുന്ന്, കഫം ലയിപ്പിക്കാനുള്ള മരുന്നുകൾ എന്നിവ നൽകി രോഗിയെ രക്ഷിച്ചെടുക്കാം.

മരുന്നുകളോടു പ്രതികരിക്കാതെ രോഗാവസ്ഥ സങ്കീർണമായാൽ ഐസിയു പരിചരണവും വെന്റിലേറ്റർ സേവനവും അത്യാവശ്യമാണ്. കാരണം 50 ശതമാനമാണ് ഈ ഘട്ടത്തിൽ മരണ നിരക്ക്. വൃക്കകൾ തകരാറിലായാൽ ചിലപ്പോൾ ഡയാലിസിസ് പോലും വേണ്ടി വന്നേക്കാം.

അണുബാധ കൂടുമ്പോൾ ശ്വാസകോശത്തിനുള്ളിൽ പഴുപ്പ്കെട്ടൽ (ലങ് അബ്സെസ്സ്) ഉണ്ടാവാം. ഈ പഴുപ്പ് കളയാൻ ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിൽ രോഗിയെ കിടത്തി കൂടെയുള്ളയാൾ ആവശ്യമുള്ള ശക്തിയിൽ പുറത്തു തട്ടി കഫം പുറത്തേക്കു കളയണം. അതുപോലെ നെഞ്ചിനകത്തു

തന്നെ പഴുപ്പോ നീർകെട്ടോ (പ്ലൂറൽ എഫുഷൻ/ഏംപൈമ) ബാധിച്ചാൽ ചിലപ്പോൾ നെഞ്ചിൽ നിന്ന് സൂചിവച്ചു വെള്ളമോ പഴുപ്പോ കുത്തിയെടുക്കേണ്ടിയും വന്നേക്കാം.

വൈറൽ ന്യുമോണിയയുടെ പ്രധാന സങ്കീർണതയാണ് മയോകാർഡൈറ്റിസ്. ഹൃദയത്തിന്റെ പേശികളെ പ്രതികൂലമായി ബാധിച്ച് ഹൃദയമിടിപ്പിൽ വ്യതിയാനം മുതൽ പെട്ടെന്നുള്ള മരണം വരെ സംഭവിക്കാം. കൊറോണയുടെ ഭീതിജനകമായ മുഖങ്ങളിലൊന്നാണിത്.

വാക്സിനുകൾ

ന്യുമോണിയേയും അനുബന്ധ പ്രശ്നങ്ങളേയും പ്രതിരോധിക്കാൻ മൂന്നു തരം വാക്സിനുകൾ ലഭ്യമാണ്. ന്യൂമോകോക്കസസിനെതിരായ വാക്സിനാണ് ഇതിൽ പ്രധാനം.

കുട്ടികളിലും പ്രായമേറിയവരിലും എടുക്കാവുന്നവിധത്തിൽ ഈ വാക്സിൻ ലഭ്യമാണ്. കുട്ടികൾക്കു ‍ഹീമോഫിലസിനു എതിരായ വാക്സിൻ പെന്റാവാലന്റ് വാക്സിനിൽ ഉൾപ്പെടുത്തി നൽകുന്നുണ്ട്.

ഫ്ലൂപനിക്കെതിരായ ഇൻഫ്ലുവൻസ വാക്സിനുമുണ്ട്. ഇവ ന്യുമോണിയ വരാൻ സാധ്യതയേറിയവരിലും ആരോഗ്യപ്രവർത്തകരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും കുഞ്ഞുങ്ങളിലും പ്രായമായവരിലുമാണ് എടുക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. എല്ലാ കൊല്ലവും ഒരു ഡോസ് എടുക്കണം.

ന്യുമോണിയ എന്ന ഭീകരനെകുറിച്ചറിയുമ്പോൾ ഓർക്കുക- പ്രതിരോധത്തിനു പ്രാധാന്യം നൽകി, മദ്യപിക്കാതെ, പ്രമേഹമുണ്ടെങ്കിൽ നിയന്ത്രിച്ചുനിർത്തി, അസുഖം വരുമ്പോൾ സ്വയംചികിത്സ ചെയ്യാതെ, ആന്റിബയോട്ടിക്കുകൾ ആവശ്യമില്ലാതെയും ക്രമമില്ലാതെയും കഴിച്ചു രോഗാണുവിനെ ശക്തനാക്കാതെ, കൃത്യമായി ഡോക്ടറുടെ നിർദ്ദേശത്തിനനുസരിച്ചു ചികിത്സ ചെയ്താൽ ഒരു പരിധിവരെ നമുക്ക് ഇതിനു കടിഞ്ഞാൺ ഇടാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. പാർവതി രാജേന്ദ്രൻ അസി.പ്രഫസർ പൾമണറി മെഡിസിൻ വിഭാഗം, ഗവ.മെഡിക്കൽ കോളജ്, തൃശൂർ