Friday 16 April 2021 04:57 PM IST : By സ്വന്തം ലേഖകൻ

‘കോവിഡ് വാക്സീൻ എടുത്തവരിൽ നിന്നും രോഗം പകരുമോ’: വാക്സീനേഷനും ആശങ്കകളും: മറുപടി

vaccination-doubts

Qകോവിഡ് വാക്സീനിൽ എന്താണ് ഉള്ളത്? നമ്മുടെ ശരീരത്തിന് ദോഷകരമായ ഘടകങ്ങളുണ്ടോ?

A കോവിഡ് വാക്സീൻ നിർമാണത്തിന് വൈറസിനെ മുഴുവനായി ഉൾപ്പെടുത്തുന്നില്ല. പകരം വൈറസ് ഘടകങ്ങളെയും നിഷ്ക്രിയമായ വൈറസിനെയുമാണ് ഉൾപ്പെടുത്തുന്നത്. നിഷ്ക്രിയമായ വൈറസിനെ ഉപയോഗിച്ചുള്ള വാക്സീനാണ് ഭാരത് ബയോടെക്കിന്റെ കോവാക്സീൻ.

കൊറോണ വൈറസ് എംആർഎൻഎയും ഡിഎൻഎയുമാണ് വാക്സീൻ നിർമാണത്തിന് ഉപയോഗിക്കുന്ന മറ്റു ഘടകങ്ങൾ. കൊറോണവൈറസ് ഡിഎൻഎയെ രോഗങ്ങളൊന്നും ഉണ്ടാക്കാത്തതരം അഡിനോവൈറസിൽ ഉൾച്ചേർത്താണ് മനുഷ്യ ശരീരത്തിലെ കോശങ്ങളിലേക്ക് ഒളിച്ചുകടത്തുന്നത്. ഈ വൈറസ് ശരീരത്തിലെത്തുമ്പോൾ കോശങ്ങൾ അണുബാധിതമാകുമെങ്കിലും നശിക്കുകയില്ല. അണുബാധിതമായ കോശങ്ങൾക്കുള്ളിൽ വൈറസ് ഡിഎൻഎ ആക്ടീവായി എംആർഎൻഎ (മെസ്സഞ്ചർ ആർഎൻഎ) രൂപപ്പെടും. പ്രോട്ടീൻ നിർമിക്കാനുള്ള സന്ദേശമാണ് ഈ എംആർഎൻഎയിലുള്ളത്. ഈ സന്ദേശം കോശങ്ങൾക്ക് ലഭിക്കുന്നതോടെ കൊറോണവൈറസിന്റേതിനു സമാനമായ സ്പൈക് പ്രോട്ടീൻ ഉൽപാദിപ്പിക്കപ്പെടും. ഉടനെ തന്നെ ഈ പ്രോട്ടീൻ ശരീരത്തിന്റേതല്ല എന്നു നമ്മുടെ പ്രതിരോധസംവിധാനം മണത്തറിയുകയും പ്രതിരോധനടപടികൾ ആരംഭിക്കുകയും ചെയ്യും. റഷ്യൻ വാക്സീനായ സ്പുട്നികും കോവിഷീൽഡും വൈറസിന്റെ ഡിഎൻഎ ഘടകങ്ങൾ ഉപയോഗിച്ചുള്ള വാക്സീനുകളാണ്.

ഇനി, ഡിഎൻഎ ഒളിച്ചുകടത്തുന്നതിനു പകരം എംആർഎൻഎ തന്നെ കടത്താം. ഫൈസർ, മൊഡേണ വാക്സീനുകൾ എംആർഎൻ ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. കോശങ്ങൾക്ക് എളുപ്പം ആഗിരണം ചെയ്യാൻ പ്രത്യേകമായി നിർമിച്ച കൊഴുപ്പുരുളകൾക്കുള്ളിൽ (Fat globules) എംആർഎൻഎ പായ്ക്ക് ചെയ്താണ് ശരീരത്തിലെത്തിക്കുക. ഈ കൊഴുപ്പുരുളകൾ കോശത്തിനുള്ളിലെത്തുമ്പോൾ പൊട്ടി എംആർഎൻഎ പുറത്തുവരികയും അതു നൽകുന്ന സന്ദേശമനുസരിച്ച് ശരീരം സ്പൈക് പ്രോട്ടീൻ ഉൽപാദിപ്പിച്ച് പ്രതിരോധപ്രതികരണം സൃഷ്ടിക്കുകയും ചെയ്യും.

സന്ദേശം കൈമാറിക്കഴിഞ്ഞാൽ ഉടൻ തന്നെ എംആർഎൻഎ നശിച്ചുപോകും. ഇതു ശരീരത്തിൽ അവശേഷിക്കുകയോ എന്തെങ്കിലും പ്രശ്നങ്ങൾക്ക് ഇടയാക്കുകയോ ഇല്ല.

Qഏതു വാക്സീനാണ് ഏറ്റവും ഫലപ്രദം?

Aനിഷ്ക്രിയമായ വൈറസിനെ ഉപയോഗിച്ചുള്ള ചില വാക്സീനുകൾ നേരത്തെ തന്നെ ഉപയോഗത്തിലുണ്ട്. ഉദാഹരണം റാബീസ് വാക്സീൻ. ആ ടെക്നോളജി ഫലപ്രദമാണെന്നു പണ്ടേ തെളിഞ്ഞിട്ടുള്ളതാണ്. പക്ഷേ, എംആർഎൻഎ, ഡിഎൻഎ ഘടകങ്ങൾ ഉപയോഗപ്പെടുത്തിയുള്ള വാക്സീൻ നിർമാണവും പരീക്ഷണവും ലോകത്ത് ഇതാദ്യമാണ്. പുതിയ ടെക്നോളജിയാണ്. അതുകൊണ്ട് ഏതു തരം വാക്സീനാണ് കൂടുതൽ മെച്ചമെന്ന് ഇപ്പോൾ പറയാനാവില്ല.

Qഇത്രയും പെട്ടെന്ന് ഒരു രോഗത്തിനു വാക്സീൻ വരുന്നത് പുതിയ കാര്യമാണല്ലോ. ഇതു സ്വീകരിക്കുന്നത് സുരക്ഷിതമാണോ?

A നോവൽ കൊറോണ വൈറസ് കണ്ടെത്തി വളരെ പെട്ടെന്നു തന്നെ തന്നെ ശാസ്ത്രജ്ഞർ അതിന്റെ ജീനോം സീക്വൻസ് ചെയ്തെടുത്തു. പെട്ടെന്നു തന്നെ ട്രയലുകളും ആരംഭിച്ചു. പെട്ടെന്നാണ് രൂപപ്പെടുത്തിയതെങ്കിലും സാധാരണ വാക്സീൻ പരീക്ഷണങ്ങളിലേതു പോലെയുള്ള ഒട്ടേറെ ഘട്ടം ട്രയലുകളും കണിശമായ വിശകലനങ്ങളും സ്ഥിതിവിവരക്കണക്കുകളും കഴിഞ്ഞാണ് ഈ വാക്സീനും പുറത്തുവന്നിരിക്കുന്നത്. മരുന്നുകളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും നിരീക്ഷിക്കാൻ ഒാരോ രാജ്യത്തിനും അതിന്റേതായ നിയന്ത്രണസമിതികളും ഉണ്ട്. ഇന്ത്യയിൽ, സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് ഒാർഗനൈസേഷന്റെ പിന്തുണയോടെ ഡ്രഗ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ (DCGI) യാണ് ഇക്കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്.

വാക്സീൻ തൃപ്തികരമായ രീതിയിൽ പ്രതിരോധപ്രതികരണം ഉളവാക്കുന്നുണ്ടോ എന്നതും അണുബാധകളിൽ നിന്നു സംരക്ഷിക്കുന്നുണ്ടോ എന്നും സംശയലേശമില്ലാതെ തെളിയിക്കേണ്ടതുണ്ട്. അതിന് ആദ്യം ലാബിൽ മൃഗങ്ങളിൽ സുരക്ഷാപരീക്ഷണങ്ങൾ ( പ്രീ ക്ലിനിക്കൽ ടെസ്റ്റിങ്) നടത്തും. തുടർന്ന് മൂന്നു ഘട്ടമായിട്ടുള്ള ക്ലിനിക്കൽ ട്രയലുകൾ (3 ഫേസ്) നടത്തും. ഒാരോ ഘട്ടത്തിന്റെയും വിശദമായ പഠനപ്രോട്ടോക്കോൾ ഇൻസ്റ്റിറ്റ്യൂഷനൽ എതിക്സ് കമ്മറ്റി അംഗീകരിക്കണം. ഐസിഎംആറിന്റെ കീഴിലുള്ള നാഷനൽ ക്ലിനിക്കൽ ട്രയൽ റജിസ്ട്രിയിൽ റജിസ്റ്റർ ചെയ്യേണ്ടതുമുണ്ട്. തുടർന്ന് ഡിസിജിഐയുടെ അംഗീകാരത്തിന് സമർപ്പിക്കണം. അവരുടെ അംഗീകാരം കൂടി നേടിയശേഷമേ വാക്സീൻ പുറത്തിറക്കൂ. അങ്ങനെ ലഭിക്കുന്ന വാക്സീൻ തികച്ചും വിശ്വസിക്കാവുന്നതാണ്.

Q കുട്ടികൾക്ക് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നതു സുരക്ഷിതമാണോ?

A 18 വയസ്സു മുതലുള്ളവരിലേ വാക്സീൻ ട്രയൽ നടത്തിയിട്ടുള്ളൂ. ഫേസ് 3 ട്രയലിൽ വാക്സീൻ മറ്റുള്ളവരിൽ ഫലപ്രദമാണെന്നു തെളിഞ്ഞാൽ കുട്ടികളിലും ഫലപ്രദമാകുമെന്ന് അനുമാനിക്കാം. സാധാരണ മുതിർന്നവരിൽ ഫലപ്രദമായ വാക്സീൻ കുട്ടികളിൽ കൂടുതൽ ഫലപ്രദമായിരിക്കും. പക്ഷേ, സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ശാസ്ത്രം. അതിന് ചെറിയൊരു ഗ്രൂപ്പ് കുട്ടികളിൽ പരീക്ഷിച്ച് വാക്സീന്റെ പ്രതിരോധപ്രതികരണം മറ്റു പ്രായക്കാരിലേതുപോലെ തന്നെയാണോ എന്നുറപ്പിക്കേണ്ടതുണ്ട്. അതിനുശേഷമേ വാക്സീൻ നൽകാനാവൂ.

Q പ്രായമായവരിൽ വാക്സീൻ ഫലപ്രദമാണോ?

A ഫൈസർ വാക്സീൻ 65 വയസ്സു കഴിഞ്ഞവരിലും 85 വയസ്സു കഴിഞ്ഞവരിലുമൊക്കെ പരീക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. അവ പ്രായമായവരിൽ ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നുമാണ് കണ്ടത്. മറ്റു വാക്സീനുകളുടെ കാര്യത്തിൽ ട്രയൽ പൂർത്തിയായാലേ ഏതൊക്കെ പ്രായക്കാരിൽ നൽകിയിട്ടുണ്ട് എന്ന് അറിയാനാകൂ. പ്രായമായവരിൽ വാക്സീൻ എടുത്തിട്ടും പ്രതിരോധ പ്രതികരണം കുറവാണെങ്കിൽ ചിലപ്പോൾ മൂന്നാമത് ഒരു ഡോസ് കൂടി നൽകേണ്ടി വന്നേക്കാം.

Qപ്രമേഹം, ബിപി, ഹൃദ്രോഗം പോലെ രോഗങ്ങളുള്ളവരിൽ വാക്സീൻ നൽകാമോ?

A ലൈവ് വാക്സീൻ ഒഴികെ എംആർഎൻഎ വാക്സീനും നിർവീര്യമാക്കപ്പെട്ട വൈറസ് കൊണ്ടുള്ള വാക്സീനും മറ്റുള്ളവരിലെ പോലെ ഇവരിലും സുരക്ഷിതമാണെന്ന് അനുമാനിക്കാം. അഡിനോ വൈറസ് വാക്സീൻ ലൈവ് വാക്സീൻ ആയതുകൊണ്ട് അതു മറ്റു രോഗമുള്ളവരിൽ സുരക്ഷിതമെന്ന് ഉറപ്പാക്കാൻ ചെറിയൊരു ട്രയൽ കൂടി നടത്തേണ്ടിവരും.

Qകോവിഡ് വാക്സീൻ എടുത്തവരിൽ നിന്നും രോഗം പകരുമോ?

A വാക്സീൻ കുത്തിവയ്ക്കുന്നതോടെ അണുബാധയുണ്ടാകില്ല എന്നുറപ്പിച്ചു പറയാനാവില്ല. അണുബാധ തീവ്രരോഗമാകാതിരിക്കുകയോ മരണകാരണമാവുകയോ ചെയ്യാതിരിക്കാം എന്നേ കരുതാവൂ. അങ്ങനെ വരുമ്പോൾ വാക്സീൻ എടുത്തവർ അറിയാതെ തന്നെ അണുബാധ മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാനുള്ള ചെറിയൊരു സാധ്യതയുണ്ട്. എന്നാൽ, ആ സാധ്യത വാക്സീൻ എടുക്കാത്തവരിൽ നിന്നും അണുബാധ പിടിപെടുന്നതിനെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ട് വാക്സീൻ എടുക്കുന്നവരിൽ നിന്നും രോഗം പടരുമെന്ന അമിത ഭയാശങ്ക വേണ്ട.

Q വാക്സീനിന്റെ സാധാരണ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?

Aകുത്തിവയ്പ് എടുക്കുന്നവരിൽ ഏതാണ്ട് പകുതിപേർക്കും കുത്തിവയ്പെടുത്തിടത്ത് വേദന, ചെറിയ തോതിൽ പനി, ശരീരവേദന, തലവേദന എന്നീ പ്രശ്നങ്ങൾ വരാം. ഇവ രണ്ടു ദിവസത്തിനുള്ളിൽ തനിയെ മാറുന്നതാണ്.

Qവാക്സീൻ സൂക്ഷിക്കാൻ പ്രത്യേക തയാറെടുപ്പ് വേണോ?

A ഫൈസറിന്റെ വാക്സീൻ മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കേണ്ടതുണ്ട്. ബാക്കി വാക്സീനുകൾക്ക് ആ പ്രശ്നമില്ല. ദീർഘകാലത്തേക്ക് സൂക്ഷിക്കേണ്ടിവരുമ്പോൾ മൈനസ് 20 ഡിഗ്രിയിൽ സൂക്ഷിക്കേണ്ടിവരും.

Qവാക്സീൻ എടുത്ത് എത്ര ദിവസം കൊണ്ട് പൂർണപ്രതിരോധം ലഭിക്കും?

A വാക്സീന്റെ ആദ്യ ഡോസ് എടുത്ത് നാല് ആഴ്ചയ്ക്കു ശേഷം രണ്ടാം ഡോസ് എടുക്കണം. രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസത്തിനുള്ളിൽ പ്രതിരോധശേഷി പൂർണമാകും.

Qകൊറോണ വൈറസ് പടരുന്നത് തടയാൻ െപാതുവിടങ്ങളിൽ അണുനാശിനി തളിക്കുന്നത് ഫലപ്രദമാണോ?

A കൊറോണ വൈറസ്, രോഗം ബാധിച്ച വ്യക്തിയുടെ, ചുമ, തുമ്മൽ എന്നിവയിലൂടെ പുറത്തു വരുന്ന സ്രവങ്ങളിലൂടെയൊ അല്ലെങ്കിൽ ഉമിനീരിലൂടെയോ ആണ് വ്യാപിക്കുന്നുത് . ഈ സ്രവങ്ങൾ ഒരാളിൽ നിന്നു മറ്റൊരാളിലേക്കു നേരിട്ട് പതിച്ചാണ് ഏറ്റവും കൂടുതൽ രോഗവ്യാപനം ഉണ്ടാകുന്നത്. അതുപോലെ തന്നെ സ്രവത്തിലൂടെ പുറത്തു വരുന്ന വൈറസ് കുറച്ചു നേരത്തേക്ക് അന്തരീക്ഷത്തിൽ തങ്ങി നിന്ന് മറ്റൊരാളിലേക്ക് പകരാം. ഈ തരത്തിൽ ഉള്ള രോഗബാധ സാധാരണയായി അടച്ചിട്ട വായു സഞ്ചാരം കുറവുള്ള ഇടങ്ങളിലാണ് ഉണ്ടാകുന്നത്. ഇങ്ങനെ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഈ വൈറസ് ഉണ്ടാക്കുന്ന വ്യാപനം തടയാനായി പൊതു സ്ഥലങ്ങളിൽ അണുനാശിനി തളിക്കുന്നത് ഫലപ്രദമല്ല.

സ്രവത്തിലൂടെ പുറത്തു വരുന്ന വൈറസ് മേശ , കസേര തുടങ്ങിയ പ്രതലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുകയും അവിടെ പിന്നീട് തൊടുന്ന ആളുകളുടെ കയ്യിൽ പറ്റി പിടിച്ചിരിക്കുകയും അവർ മുഖത്തു സ്പർശിക്കുമ്പോൾ അവരുടെ മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലേക്ക് പ്രവേശിച്ചു രോഗo ഉണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ പ്രതലങ്ങളിൽ പറ്റി ഇരിക്കുന്ന വൈറസുകളെ നശിപ്പിക്കാൻ അണുനാശിനി ഉപയോഗിച്ചു പ്രതലങ്ങൾ വൃത്തിയാക്കുന്നത് ഫലപ്രദമാണ്.

Q അയൽവാസികളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കണം. COVID-19 ബാധിക്കാതിരിക്കാൻ എന്ത് മുൻകരുതലുകൾ എടുക്കണം?

A∙ ഇടുങ്ങിയ വായു സഞ്ചാരം ഇല്ലാത്ത അടച്ചിട്ട മുറികളും ,ശീതികരിച്ച മുറികളും രോഗവ്യാപനത്തിന് കാരണം ആകും എന്നതിനാൽ കഴിയുന്നതും ഒഴിവാക്കുക .

∙ കഴിയുന്നതും വിവാഹവും സൽക്കാരവും തുറസായ സ്ഥലങ്ങളിൽ നടത്തുന്നത് ആയിരിക്കും ഉചിതം. എപ്പോഴും മാസ്ക് ധരിക്കുക .

∙ ആഹാരം കഴിക്കുന്ന സമയത്ത് മാസ്ക് മാറ്റുമ്പോൾ അടുത്ത് ആരും ഇല്ല എന്ന് ഉറപ്പ് വരുത്തുക ∙ മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് ഒരു മീറ്റർ ദൂരം നിലനിർത്തുക, മാസ്ക് ധരിക്കാത്തവരോട് സംസാരിക്കാതിരിക്കുക

∙ പൊതുസ്ഥലങ്ങളിൽ തുമ്മുന്നതും ചുമയ്ക്കുന്നതും പരമാവധി ഒഴിവാക്കുക, പൊതുസ്ഥലങ്ങളിൽ വച്ച് തുമ്മുമ്പോൾ ടിഷു പേപ്പർ ഉപയോഗിക്കുക അല്ലെങ്കിൽ കയ്യുടെ മടക്കിലേക്കു തുമ്മുക, ഉപയോഗിച്ച ടിഷ്യു ഉടൻ നീക്കം ചെയ്യുക. കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക.

∙ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ ഇടയ്ക്കിടെ കഴുകുക. കഴിയുന്നതും കുറച്ചു സമയം മാത്രം കല്യാണ വീട്ടിൽ ചെലവഴിക്കുക.

Qജോലിസ്ഥലത്ത് എന്ത് മുൻകരുതലുകൾ എടുക്കണം?

Aജോലിചെയ്യുന്ന മുറികളിൽ കഴിയുന്നതും വായുസഞ്ചാരം ഉറപ്പാക്കുക. എ . സി യുടെ ഉപയോഗം കഴിയുന്നതും ഒഴിവാക്കുക. ‌ എല്ലായ്‌പ്പോഴും കുറഞ്ഞത് ഒരു മീറ്ററെങ്കിലും ശാരീരിക അകലം പാലിക്കണം. ∙ ഫേസ് കവറുകൾ / മാസ്കുകൾ ഉപയോഗിക്കുന്നത് നിർബന്ധമാണ്. ∙ ഇടയ്ക്കിടെ സോപ്പ് അല്ലെങ്കിൽ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുക ∙ സ്ഥാപനത്തിലെ ജോലിക്കാർക്കോ അവരുടെ വീട്ടുകാർക്കോ അസുഖലക്ഷണം ഉണ്ടെങ്കിൽ പരിശോധന ഫലം വരുന്നത് വരെ അവരെ ജോലിക്കു വരുന്നതിൽ നിന്നും ഒഴിവാക്കുക. ∙ ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരുടെ അടുത്ത് റിപ്പോർട്ട് ചെയ്യുക.∙ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക ∙ ഒരുമിച്ച് ഇരുന്നു ആഹാരം കഴിക്കുന്നത് ഒഴിവാക്കുക ∙ മേശകൾ, ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ് തുടങ്ങിയവയുടെ ഉപരിതലങ്ങൾ പതിവായി അണുവിമുക്തമാക്കണം ∙ ഓഫിസിലെ മീറ്റിങ് കഴിയുന്നതും ഓൺലൈൻ ആയി നടത്തുക

Qരോഗബാധിതനായ ആളുമായി അടുത്ത ബന്ധമുണ്ടെങ്കിൽ എപ്പോഴാണ് പരിശോധന നടത്തേണ്ടത്?

Aരോഗിയുമായി സമ്പർക്കത്തിൽ വന്ന ഒരാൾക്കു രോഗലക്ഷണo ഉണ്ടെങ്കിൽ ഉടനെ പരിശോധന നടത്തണം . രോഗലക്ഷണങ്ങളില്ലാത്ത, എന്നാൽ രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ രോഗിയുമായി സമ്പർക്കത്തിൽ വന്ന് 7 ദിവസം കഴിയുമ്പോൾ പരിശോധിക്കുന്നതാകും നല്ലത്. ആർ ടി പി സി ആർ പരിശോധനയാണ് ഏറ്റവും അനുയോജ്യo.

Qപുരുഷന്മാരിലും സ്ത്രീകളിലും ലക്ഷണങ്ങൾ സമാനമാണോ?

ACOVID-19 പൊതുവെ പുരുഷന്മാരെയാണ്‌ കൂടുതൽ ഗുരുതരമായി ബാധിക്കുകത. .പനി , ചുമ,മണവും രുചിയും ഇല്ലാത്ത അവസ്ഥ, പേശിവേദന തുടങ്ങിയ ലക്ഷണങ്ങൾ പുരുഷന്മാരിലും സ്ത്രീകളിലും ഒരു പോലെ ആണ് കാണപ്പെടുന്നതെങ്കിലും ന്യൂമോണിയ പോലെയുള്ള കടുത്ത ലക്ഷണങ്ങളും മരണവും സ്ത്രീകളിൽ പുരുഷന്മാരേക്കാൾ താരതമ്യേന കുറവാണ്.

Qകടുത്ത ശരീരവേദനയോടു കൂടിയ പനി കോവിഡ് ലക്ഷണമല്ല. ശരിയോ തെറ്റോ?

ACOVID-19 വ്യത്യസ്തത ആളുകളെ വ്യത്യസ്ത രീതികളിൽ ബാധിക്കുന്നു. . ചില വ്യക്തികളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല, എന്നാൽ മറ്റുചിലരിൽ വളരെ തീവ്രമായ രോഗ ലക്ഷണങ്ങൾ ഉണ്ടാകാം . കടുത്ത പനിയും ശരീര വേദനയും കോവിഡിന്റെ ലക്ഷണമായി വരാം. വരണ്ട ചുമ, ക്ഷീണം, ജലദോഷം, തലവേദന, തൊണ്ടവേദന, വിശപ്പില്ലായ്മ, മണം നഷ്ടപ്പെടൽ,വിശപ്പ് കുറവ്,ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. ചില ആളുകളിൽ, പനി കൂടുകയും , കടുത്ത ചുമ, ശ്വാസം മുട്ടൽ തുടങ്ങിയ കടുത്ത ലക്ഷണങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു, ഇതു പലപ്പോഴും ന്യുമോണിയയെ സൂചിപ്പിക്കുന്നു.

Q ഒ രക്തഗ്രൂപ്പുകാരിൽ കോവിഡ് വരാനുള്ള സാധ്യത കുറവാണെന്നു പറയുന്നതു ശരിയാണോ? കാരണമെന്ത്?

A ഒ ബ്ലഡ് ഗ്രൂപ്പ് ഉള്ള രോഗികളിൽ എ അല്ലെങ്കിൽ ബി ബ്ലഡ് ഗ്രൂപ്പ് ഉള്ള രോഗികളേക്കാൾ രോഗതീവ്രത കുറവായിരിക്കും എന്നാണ് ആദ്യ പഠനങ്ങൾ സൂചിപ്പിക്കുന്നത് . എന്നാൽ കൂടുതൽ പഠനങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്.

Qജിമ്മിലോ പൊതുവായ ഇടങ്ങളിലോ വ്യായാമം ചെയ്യുമ്പോഴും മാസ്ക് ധരിക്കണോ?

Aജിമ്മിൽ പോകുമ്പോൾ വ്യായാമം ചെയ്യുന്ന ആളുകൾ വേഗത്തിൽ ശക്തിയിൽ ശ്വാസോശ്വാസം നടത്തുമ്പോൾ വൈറസ് വ്യാപന സാധ്യത വളരെ കൂടുതലാണ്. അടച്ചിട്ട മുറികളിൽ ഈ സാധ്യത വീണ്ടും കൂടുന്നു . അത് കൊണ്ടുതന്നെ ജിമ്മിൽ പോകുമ്പോൾ നിർബന്ധമായും എല്ലാവരും മാസ്ക് ധരിക്കണം. കഴിയുന്നതും തുറസ്സായ ഇടങ്ങളിൽ വ്യായാമം ചെയുന്നതാണ് അഭികാമ്യം

Qതനിയെ നടക്കാൻ പോകുമ്പോൾ മാസ്ക് ധരിക്കേണ്ടതുണ്ടോ?

Aകൊറോണ വൈറസിന്റെ (COVID-19) വ്യാപനത്തിൽ നിന്നു നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന്, പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ എല്ലാവരും മാസ്ക് ധരിക്കേണ്ടതാണ് . എന്നാൽ

തുറസ്സായ സ്ഥലത്തു തനിയെ നടക്കാൻ പോകുമ്പോൾ മാസ്ക് താൽക്കാലികമായി ഉപയോഗിച്ചില്ലെങ്കിലും കുഴപ്പം ഇല്ല. എന്നാൽ രണ്ടു മീറ്റർ അകലത്തിൽ ആരെങ്കിലും വരുന്നു എന്ന് കാണുമ്പോൾ തന്നെ മാസ്ക് ധരിക്കേണ്ടതാണ്..

Qഎൻ95 മാസ്ക് , സർജിക്കൽ മാസ്ക് ഇവ കഴുകാമോ?

Aഎൻ–95 മാസ്കുകൾ ഒരൊറ്റ ഉപയോഗത്തിനു വേണ്ടിയുള്ളതാണ്. എത്രനേരം ഉപയോഗിക്കിക്കുന്നുവോ അത്രകണ്ട് അരിക്കാനുള്ള കഴിവ്, മുഖത്ത് ഇറുകി പിടിച്ചിരിക്കാനുള്ള കഴിവ്, ശ്വസനക്ഷമത എന്നിവ കുറയും. എൻ 95 മാസ്ക് കഴുകിയാൽ അത് ഉപയോഗശൂന്യമാകും. അതുപോലെ തന്നെ സർജിക്കൽ മാസ്കും കഴുകി ഉപയോഗിക്കാൻ പാടുള്ളതല്ല.

Qമാസ്ക് അവ്നിൽ വച്ച് അണുവിമുക്തമാക്കി ഉപയോഗിക്കാമോ?

Aഎൻ95 മാസ്ക് സാധാരണയായി ഒറ്റത്തവണ ഉപയോഗത്തിന് നിർമിച്ചിട്ടുള്ളതാണ്. എന്നാൽ കോവി‍ഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം മാസ്കുകളുടെ ദൗർലഭ്യം രൂക്ഷമായതോടെ ഈ മാസ്കുകൾ വീണ്ടും ഉപയോഗിക്കുന്നതിനെ കുറിച്ച് പഠനങ്ങൾ നടത്തുകയുണ്ടായി. 100 ഡിഗ്രി സെൽഷ്യസിൽ (212 ഡിഗ്രി ഫാരൻഹീറ്റ്) 30 മിനിറ്റ് ചൂടാക്കിയാൽ മാസ്കുകൾ വീണ്ടും ഉപയോഗിക്കാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ എൻ95 മാസ്കുകൾ വില കുറച്ച് ലഭിക്കുന്ന ഈ സമയത്ത് കഴിയുന്നതും പുതിയത് ഉപയോഗിക്കുന്നതാകും നല്ലത്.

Qഒരിക്കൽ കോവിഡ് വന്നവർ എത്രകാലം വൈറസിൽ നിന്നും സുരക്ഷിതരായിരിക്കും?

Aഒരിക്കൽ രോഗം വന്നു മാറിയാൽ രോഗിയുടെ ശരീരത്തിൽ ജീവനില്ലാത്ത വൈറസിന്റെ കണികകൾ 2 മുതൽ 3 മാസം വരെ കാണാം . ഈ സമയത്തു ടെസ്റ്റ് ചെയുമ്പോൾ പൊസിറ്റീവ് റിസൽറ്റ് കിട്ടാനും രോഗം ഉണ്ടെന്നു തെറ്റിധരിക്കാനും സാധ്യത ഉണ്ട്. രോഗം വന്നു പൂർണമായും മാറിയ ആളുകൾക്ക് വീണ്ടും രോഗം പിടിപെടാതിരിക്കാനുള്ള ശക്തി നൽകുന്നത് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ ആണ്.എന്നാൽ അസുഖം വന്നു മാറിയവരിൽ ചെറിയ ശതമാനം ആളുകൾക്ക് ആന്റിബോഡി ഉണ്ടാകുന്നില്ല . അതുപോലെ തന്നെ ആന്റിബോഡി ഉണ്ടായ ആളുകളിൽ അതിന്റെ അളവ് കുറച്ചു മാസങ്ങൾക്കു ശേഷം കുറയുന്നതായി കണ്ടുവരുന്നു. അതുകൊണ്ട് വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യത ഉണ്ട്. എന്നാൽ ഇത് വളരെ അപൂർവമാണെന്നതാണ് ആശ്വാസം.

കടപ്പാട്:

ഡോ. ജേക്കബ് ടി. ജോൺ
വൈറോളജിസ്റ്റ്,
വെല്ലൂർ