Tuesday 27 March 2018 05:29 PM IST : By ലിസ്മി എലിസബത്ത് ആന്റണി

സൂര്യകാന്തി എണ്ണ വെളിച്ചെണ്ണ പോലെ ഉപയോഗിക്കാമോ? അപ്പോള്‍ തവിടെണ്ണയോ? ഇതാ വിവിധ എണ്ണകളും ഗുണദോഷങ്ങളും അറിയാം

oils

തേങ്ങാ ആട്ടിയെടുത്ത നല്ല ശുദ്ധമായ വെളിച്ചെണ്ണ.  കുറച്ചു കാലം മുമ്പ്  നമ്മുടെ അടുക്കളയിൽ അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലിന്നോ! വിവിധ തരം  എണ്ണകൾ ഉൗഴം കാത്തിരിക്കുന്നു. സൂര്യകാന്തി എണ്ണയും തവിടെണ്ണയും  കനോല എണ്ണയുമൊക്കെ  അവയിൽ ചിലതു മാത്രം. ഒാരോ തരം പാചകത്തിനും   വേറിട്ട എണ്ണകൾ  ഉപയോഗിക്കാൻ നാം ശ്രമം തുടങ്ങിക്കഴിഞ്ഞു. ഡീപ് ഫ്രൈയിങ്ങിന്, ഉയർന്ന ചൂടുള്ള പാചകത്തിന്, സാലഡിൽ ചേർക്കാൻ ... അങ്ങനെ. ഇതാ നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന വിവിധ തരം എണ്ണകള്‍, ഉപയോഗിക്കേണ്ട രീതി, ഗുണം, ദോഷം ഇതെല്ലാം അറിയാം.

വെളിച്ചെണ്ണ

തേങ്ങയുടെ കൊപ്രയിൽ നിന്ന് ഉത്പാദിപ്പിക്കുന്നു.  ഉയർന്ന താപനിലയിലുള്ള പാചകത്തിന് അനുയോജ്യമല്ല. എന്നാൽ റിഫൈൻഡ് കോക്കനട്ട് ഒായിൽ ഡീപ് ഫ്രൈയിങിന് ഉത്തമം.

തവിടെണ്ണ

റൈസ്ബ്രാൻ ഒായിൽ എന്ന് അറിയപ്പെടുന്നു.  അരിയുടെ തവിടിൽ നിന്നാണു  തയാറാക്കുന്നത്. ഉയർന്ന സ്മോക്ക്  
പോയിൻറ് ഉള്ളതിനാൽ ഡീപ് ഫ്രൈയിങ്ങിന് ഉത്തമം.

സൂര്യകാന്തി എണ്ണ


സൂര്യകാന്തി വിത്തുകളിൽ നിന്ന് തയാറാക്കുന്ന ഈ എണ്ണയ്ക്ക് പ്രത്യേകിച്ച് ഗന്ധമില്ല.  എല്ലാ പാചകരീതികൾക്കും അനുയോജ്യം. സ്മോക്ക്  പോയിൻറ് ഉയർന്നതായതിനാൽ ഡീപ് ഫ്രൈയിങ്ങിന് ഉത്തമം.

നിലക്കടല എണ്ണ

ഗ്രൗണ്ട് നട്ട് ഒായിൽ, പീനട്ട് ഒായിൽ , അരാക്കിസ് ഒായിൽ എന്നും  അറിയപ്പെടുന്നു.സ്മോക്ക് പോയിൻറ് ഉയർന്നതിനാൽ ഈ എണ്ണ ഡീപ് ഫ്രൈയിങിന് ഉപയോഗിക്കാം.

ഒലിവ് എണ്ണ

ഒലിവിൽ നിന്നുള്ള ദ്രാവക കൊഴുപ്പാണിത്. എക്സ്ട്രാ വിർജിൻ ഒലിവ് എണ്ണ കോൾഡ് പ്രസിങ് എന്ന പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്നു. റിഫൈൻഡ് ഒലിവ് ഒായിൽ ഡീപ് ഫ്രൈയിങിന് ഉത്തമം.  

കനോല ഒായിൽ

പ്ലാൻറ് ക്രോസ് ബ്രീഡിങ് വഴി ഉത്പാദിപ്പിക്കപ്പെട്ട ഒരിനം റേപ്സീഡ്  ചെടിയിൽ നിന്നാണ് കനോല എണ്ണ തയാറാക്കുന്നത്.പൂരിതകൊഴുപ്പ്
കുറവ്. ഡീപ്  ൈഫ്രയിങിന് ഉത്തമം.

കടുകെണ്ണ

മസ്റ്റാർഡ് ഒായിൽ (കടുകെണ്ണ ) രണ്ടു വിധമുണ്ട്. കടുകിൻെറ കുരുക്കൾ അമർത്തി തയാറാക്കുന്ന ഫാറ്റി വെജിറ്റബിൾ
ഒായിലും കുരുക്കൾ വെള്ളം ചേർത്ത്  അരച്ച് വേർതിരിക്കുന്ന എസൻഷ്യൽ ഒായിലും. സ്മോക്കിങ്  പോയിൻറ് ഉയർന്നതായതിനാൽ ഡീപ് ഫ്രൈയിങിന് ഉത്തമം.

പാം ഒായിൽ

എണ്ണപ്പനയുടെ കുരുക്കളിൽ നിന്നാണു പാം ഒായിൽ തയാറാക്കുന്നത്.  ഉയർന്ന പൂരിത വെജിറ്റബിൾ കൊഴുപ്പാണിത്.ഉയർന്ന ചൂടിലുള്ള പാചകത്തിന് അനുയോജ്യമാണ്.


കോൺ ഒായിൽ


ചോളത്തിൻെറ  കൂമ്പിൽ നിന്നു വേർതിരിക്കുന്ന എണ്ണ. ഉയർന്ന സ്മോക്ക് പോയിൻറ് ഉള്ളതിനാൽ വറുക്കാനുള്ള എണ്ണയായി
പ്രധാനമായും ഉപയോഗിക്കുന്നു.

നല്ലെണ്ണ

നല്ലെണ്ണ രണ്ടു നിറങ്ങളിലുണ്ട്. എള്ള് കുരുക്കളിൽ നിന്നാണിതു തയാറാക്കുന്നത്.  ഇന്ത്യയിലുപയോഗിക്കുന്നത് ഇളം നിറത്തിലുള്ളതാണ്. അധികം ചൂടാക്കാത്ത പാചകങ്ങൾക്ക് അനുയോജ്യം.


സാഫ്ളവര്‍ ഒായിൽ

സാഫ്ളവർ കുരുക്കളിൽ നിന്നു തയാറാക്കുന്ന എണ്ണരണ്ടു തരമുണ്ട്. ഏക അപൂരിത സാഫ്ളവർ എണ്ണ ഉയർന്ന സ്മോക്ക്  പോയിൻറ് ഉള്ളതിനാൽ ഉയർന്ന ചൂടിലുള്ള പാചകത്തിനും ബഹു അപൂരിത എണ്ണ സാലഡ് ഡ്രസിങിനും ഉത്തമം.

സോയാ ഒായിൽ


സോയാബീനിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണിത്.ബേക്കിങ് , ഫ്രൈയിങ്, കുക്കിങ്, സാലഡ് ഡ്രസിങ്സ് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.ഡീപ് ഫ്രൈയിങ് ഒഴിവാക്കണം.



-ലിസ്മി എലിസബത്ത് ആൻറണി
വിവരങ്ങൾക്കു കടപ്പാട്: സിന്ധു എസ്. റജിസ്റ്റേഡ്  ഡയറ്റീഷൻ, കൊച്ചി