Tuesday 16 February 2021 04:33 PM IST : By സ്വന്തം ലേഖകൻ

കയ്യിലെയും കാലിലെയും കട്ടിയുള്ള തൊലി, വരണ്ടമുഖ ചർമം: ഉറപ്പായും ഫലംതരുന്ന ശാസ്ത്രീയ പരിഹാരങ്ങൾ

dryskin535

വരണ്ട ചർമ്മവും തന്മൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങളും പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. പാരമ്പര്യമായി വരണ്ട ചർമ്മം എന്ന രോഗാവസ്ഥ ചില കുടുംബങ്ങളിൽ കാണാറുണ്ട്. അതുപോലെ തന്നെ ത്വക്കിൽ കാണുന്ന വരൾച്ച ഉള്ളിലുള്ള ചില രോഗങ്ങളുടെ ഒരു ലക്ഷണവും ആകാം.

ത്വക്കിന്റെ ഘടനയെ കുറിച്ച് അറിഞ്ഞാൽ മാത്രമെ വരണ്ട ചർമം എന്ന അവസ്ഥ വരാനുള്ള കാരണങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. നാല് പാളികൾ ഉള്ള നമ്മുടെ ചർമ്മം ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഒരു മതിലിനോട് ഉപമിക്കാം. ഇതിൽ ഇഷ്ടിക എന്നത്  കെരാറ്റിനോസൈറ്റസ് എന്ന കോശങ്ങളും ഇതിന്റെ ഇടയിലെ സിമന്റ് ലിപിഡ്സ് ചേർന്നുള്ള ഒരു വസ്തുവും ആണ്. ഇഷ്ടിക ആകുന്ന കെരാറ്റിനോസൈറ്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചില ബോണ്ട് ഉണ്ട്.

നമ്മുടെ ചർമ്മം എപ്പോഴും ഒരു പുനർ നിർമാണ അവസ്ഥയിലാണുള്ളത്. അതായത് പുതിയ കോശങ്ങൾ മുകളിലേക്കു വരികയും അവ തമ്മിലുള്ള bond threads ആയിട്ട് ഈ കോശങ്ങൾ പുറത്തേക്ക് shed ചെയ്യപ്പെടുന്നു ഇങ്ങനെയുള്ള കൊഴിയൽ നടക്കാതെ വരുമ്പോൾ ഈ കോശങ്ങൾ ത്വക്കിന്റെ മുകൾ ഭാഗത്ത് കുമിഞ്ഞ് കൂടുകയും തന്മൂലം ഇത് വരണ്ട ചർമ്മമായി മാറുകയും കട്ടിയുള്ള ശൽക്കങ്ങളായി പൊളിഞ്ഞു വരുകയും ചെയ്യുന്നു. ത്വക്കിന്റെ മുകൾ ഭാഗത്തുള്ള കോശങ്ങളുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന ലിപിഡ് പാളിയുടെ ഘടനയിലെ ചില മാറ്റങ്ങൾ മൂലം ചർമ്മത്തിലുള്ള ജലാംശം പുറത്തേക്കു പോകാൻ ഇടയാകുന്നു. ഇതിന് Trans epidermal Water loss (TEW) എന്ന് വിളിക്കുന്നു.

ജനിതക കാരണങ്ങൾ കൊണ്ട് ത്വക്കിന്റെ ചില ഘടകങ്ങളിൽ വരുന്ന മാറ്റങ്ങൾ കൊണ്ടും, കട്ടിയുള്ള സോപ്പ്, മറ്റ് ക്ലീനറുകൾ മുതലായവയുടെ അമിത ഉപയോഗവും ഇതിന് കാരണമാകുന്നു. ഇങ്ങനെ വരുമ്പോൾ ത്വക്കിന്റെ pH മാറുകയും  ചർമത്തിന്റെ പ്രതിരോധ മതിലിനു കേടു സംഭവിക്കുകയും ചെയ്യും. പ്രതിരോധശേഷി നൽകുന്ന ചർമ്മത്തിന്റെ ഈ മതലിൽ നശിക്കുമ്പോൾ, അണുബാധ, ത്വക്കിലെ അലർജിയായ എക്സീമ മുതലായ രോഗങ്ങൾ വരാൻ സാധ്യതയേറുന്നു. സൗന്ദര്യ വർധനയ്ക്ക് ഉപയോഗിക്കുന്ന ചില ലേപനങ്ങൾ,  സ്റ്റിറോയ്ഡ് ക്രീമു കൾ മുതലായവ ത്വക്കിന്റെ ഈ പ്രതിരോധ മതിലിനെ തകർക്കുകയും, ഇതുമൂലം ചർമ്മം വരണ്ടതാകാനും അതിൽ അലർജി, കുരുകൾ എന്നിവ ഉണ്ടാക്കാനും കാരണമാകാറുണ്ട്.

ചിലതരം രോഗാവസ്ഥയുടെ ത്വക്കിൽ വരുന്ന ഒരു പ്രധാന ലക്ഷണം വരണ്ട ചർമ്മം  ആണ്. പോഷക ആഹാരക്കുറവ്, തൈറോയിഡ് ഹോർമോണിന്റെ വ്യതിയാനം, പ്രമേഹം (diabetes), വാതസംബന്ധമായ ചില  അസുഖങ്ങൾ,  AIDS, ചിലതരം രക്താർബുദം (hematological malignancy) എന്നീ അസുഖമുള്ളവർക്ക് ചർമ്മം വരണ്ടതായി കാണാറുണ്ട്. ചില മരുന്നുകൾ ഉദാ: കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മരുന്നുകൾ എന്നിവ  ചർമം വരണ്ടതാക്കാം. അതിനാൽ പെട്ടെന്നു ചർമ്മം വരണ്ടതായി എന്ന് ശ്രദ്ധിച്ചാൽ തീർച്ചയായും പരിശോധനകൾ നടത്തേണ്ടതാണ്.

എങ്ങനെ ചികിത്സിക്കാം?

വരണ്ടചർമം ഉള്ളവരിൽ കാണുന്ന പ്രധാന പ്രശ്നം ത്വക്കിലെ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇത് തടയാനും ചർമ്മത്തിന്റെ പ്രതിരോധ മതിൽ പ്രവർത്തനക്ഷമം ആകുന്നതിന് ഇമോലിയന്റ്സ് അഥവാ മോയിസ്ചറൈസർ കൂടെ ഉപയോഗിക്കുക എന്നതാണ് മാർഗ്ഗം.

∙ പാരഫിൻ, പെട്രോളിയം ജെല്ലി, ലെസിതിൻ എന്നീ ചേരുവകൾ ഉള്ള മോയിസ്ചറൈസറുകൾ തൊലിയുടെ മുകളിൽ ഒരു പാളി പോലെ പ്രവർത്തിച്ച് ജലാംശം ത്വക്കിൽ നിന്ന് നഷ്ടപ്പെടുന്നത് തടയുന്നു. 

∙ ഗ്ലിസറിൻ പോലുള്ളവ അന്തരീക്ഷത്തിൽ നിന്ന് ജലാംശം വലിച്ചെടുത്ത് തൊലിയിലേക്ക് കൊടുക്കുന്നു.

∙ ശരീരത്തിൽ എണ്ണ പുരട്ടുന്നതും ചർമ്മത്തിലെ വരൾച്ച കുറയ്ക്കാൻ സഹായിക്കും. മറ്റു പല തരത്തിലുള്ള എണ്ണയേക്കാൾ വെളിച്ചെണ്ണ ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

∙ സെറാമൈഡ്, കൊളസ്ട്രോൾ എസ്റ്ററുകൾ മുതലായവ അടങ്ങിയിട്ടുള്ള മോയിസ്ചറൈസർ ചർമ്മത്തിൽ ആഴ്ന്ന് ഇറങ്ങി, ചർമ്മത്തിന്റെ തനതായ കൊഴുപ്പ് ഘടകങ്ങളെ കൂട്ടുകയും തന്മൂലം ചർമ്മം മൃദുവാകാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള മോയിസ്ചറസർ  ചെറിയ കുഞ്ഞുങ്ങളിലും ഉപയോഗിക്കാം.

∙ ജനിതകമായ കാരണങ്ങൾ കൊണ്ട് വരുന്ന വരണ്ട ചർമ്മത്തിന് റെറ്റിനോയ്ഡ്  പോലുള്ള ചില ഗുളികയും ചികിത്സയുടെ ഭാഗമായി ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ളവരിൽ കാണാറുള്ള കൈവെള്ളയിലെയും കാൽവെള്ളയിലെയും കട്ടിയുള്ള തൊലിക്ക് സാലിസിലിക് ആസിഡ്, യൂറിയ പോലുള്ള മരുന്നുകളും നൽകാറുണ്ട്.

∙ സോപ്പിന്റെ ഉപയോഗം കുറയ്ക്കാനും മോയിസ്ചറെസറിന്റെ ഉപയോഗം കൂട്ടാനും വരണ്ട ചർമം ഉള്ളവർ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്. ത്വക്കിന്റെ pH നില നിർത്തുകയും അതിലെ ലിപിഡ് കളയാതെ ചർമ്മം വൃത്തിയാക്കുന്ന തരത്തിലുള്ള ‘syndel’ സോപ്പുകളാണ് വരണ്ട ചർമം ഉള്ളവർക്ക് ഉത്തമം.

∙ കുളിച്ചതിനുശേഷം ചർമ്മത്തിൽ ചെറിയ നനവുള്ളപ്പോൾ തന്നെ മോയിസ്ചറസർ  ഉപയോഗിക്കേണ്ടതാണ്. വരണ്ട ചർമത്തിന്റെ കാരണങ്ങൾ പരിശോധിക്കുകയും ചർമ്മത്തിന് അനുയോജിതമായ സോപ്പും moisturizer ഉം ഉപയോഗിക്കുന്നത് ഈ അസുഖത്തിന്റെ ചികിത്സയിൽ വളരെ അധികം പ്രാധാന്യം ഉള്ളതാണ്.

ഡോ. അബിൻ ഏബ്രഹാം ഇട്ടി

കൺസൽറ്റന്റ്, എച്ച്,ഒ,ഡി

ഡെർമറ്റോളജി വിഭാഗം

വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ

drabinitty.office@gmail.com

Tags:
  • Manorama Arogyam
  • Health Tips
  • Beauty Tips