Friday 26 March 2021 04:51 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

വിയർപ്പുഗന്ധം കൊണ്ട് നെറ്റിചുളിയേണ്ട; അമിതവിയർപ്പിനുള്ള മരുന്നുകളും ചികിത്സയും അറിയാം

viyarppu345634

വിയർക്കുന്നത് സ്വാഭാവിക പ്രക്രിയ ആണെങ്കിലും അമിതവിയർപ്പുമൂലമുള്ള പ്രശ്നങ്ങൾ ചില്ലറയല്ല. അമിതവിയർപ്പ് രോഗങ്ങളുണ്ടാക്കാം. ചിലപ്പോൾ മറ്റ് അസുഖങ്ങളുടെ ലക്ഷണമാകാം. മാനസിക സമ്മർദം, ഹൈപ്പർ തൈറോയ്ഡിസം, പ്രമേഹം, ഹൃദ്രോഗങ്ങൾ, നാഡീവ്യൂഹരോഗങ്ങൾ, ചില അർബുദങ്ങൾ, ചില മരുന്നുകളുടെ പാർശ്വഫലം എന്നിവ ഉദാഹരണം. ഗർഭിണികൾക്കും ആർത്തവവിരാമമായ സ്ത്രീകൾക്കും അമിത വണ്ണമുള്ളവർക്കും വിയർപ്പു കൂടുതൽ ഉണ്ടാകാം.

അമിതവിയർപ്പ് ഉള്ളവർ ദിവസവും കുറഞ്ഞത് രണ്ടു മൂന്നു ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോര് എന്നിവയൊക്കെ കുടിക്കാം. ജലാംശം അധികമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കണം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ പുറംജോലികൾ ഒഴിവാക്കണം.

അധികം ചൂടും എരിവും മസാലയുമുള്ള ഭക്ഷണ–പാനീയങ്ങൾ ഒഴിവാക്കുക.

വിയർപ്പുനാറ്റത്തിനു പിന്നിൽ

വിയർപ്പുനാറ്റം ഭയന്ന് മറ്റുള്ളവരുമായി അടുത്തിടപഴകാൻ മടിക്കുന്നവരുണ്ട്. സത്യത്തിൽ ശരീരം ഉണ്ടാക്കുന്ന വിയർപ്പിനു ഗന്ധമില്ല. ചർമത്തിലുള്ള ബാക്ടീരിയ വിയർപ്പിൽ പ്രവർത്തിച്ച് ദുർഗന്ധമുള്ള ചില രാസപദാർഥങ്ങൾ ഉണ്ടാക്കുന്നതാണ് പ്രശ്നം. കൂടാതെ കക്ഷത്തിലും ഗുഹ്യഭാഗങ്ങളിലും കാണുന്ന അപ്പോക്രൈൻ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ഫിറമോണുകളും ദുർഗന്ധമുണ്ടാകാൻ കാരണമാകുന്നു.

അമിതവിയർപ്പുള്ളവരിൽ ഈ പ്രശ്നം കൂടുതലായിരിക്കും. വൃത്തിക്കുറവ്, ചില ഭക്ഷണപദാർഥങ്ങൾ, മദ്യപാനം, പ്രമേഹം, അമിതവണ്ണം, മടക്കുകളിലെ അണുബാധ, കരൾ, വൃക്കരോഗങ്ങൾ, ചില മരുന്നുകൾ എന്നിവയും ആത്മവിശ്വാസം കെടുത്തുന്ന ഈ പ്രശ്നത്തിനു കാരണമാകാം.

വിയർപ്പു വലിച്ചെടുക്കാൻ ടാൽകം പൗഡറോ അണുബാധയുള്ളവർ ആന്റിഫംഗൽ പൗഡറോ ഉപയോഗിക്കുക. കക്ഷത്തിലെ രോമങ്ങൾക്കിടയിൽ ബാക്ടീരിയ വളരാമെന്നതിനാൽ രോമം കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യണം. ഉള്ളി, വെളുത്തുള്ളി, മദ്യം എന്നിവ കുറച്ചുമാത്രം ഉപയോഗിക്കുക. വിയർപ്പു തടയാനുള്ള സ്പ്രേ, ആന്റി ബാക്ടീരിയൽ സോപ്പ്, ക്രീം എന്നിവയും ഗുണം ചെയ്യും. രണ്ടുനേരം കുളിക്കാനും കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം.

മരുന്നുകളുണ്ട്

ചില ശരീരഭാഗങ്ങളിൽ മാത്രമായി, അതായത് കക്ഷത്തിലോ കൈപ്പത്തിയിലോ കാൽവെള്ളയിലോ മാത്രം അമിത വിയർപ്പ് ഉള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം അലുമിനിയം ക്ലോറൈഡ് ഹെക്സാഹൈഡ്രേറ്റ് അടങ്ങിയ ലോഷനോ സ്പ്രേയോ ഉപയോഗിക്കാം. ഈ രോഗമുള്ളവക്കായി വൈദ്യുതി ഉപയോഗിച്ചുള്ള അയൺറ്റോഫോറസിസ് , ബൊട്ടോക്സ് തുടങ്ങിയ ചികിത്സകളും നിലവിലുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്

മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Daily Life
  • Manorama Arogyam
  • Health Tips