Thursday 25 February 2021 03:36 PM IST : By സ്വന്തം ലേഖകൻ

ജീവിതം തകർത്ത കഴുത്തിനു പിന്നിലെ പാട്: മിഥ്യാരോഗവിശ്വാസികളുടെയും രോഗപ്രണയികളുടെയും മനശ്ശാസ്ത്രം അറിയാം

disabilitye4234

സാധാരണ സംഭാഷണങ്ങളിൽ പോലും മലയാളി വ്യാപകമായി ഉപയോഗിക്കുന്ന മാനസിക അസ്വാസ്ഥ്യങ്ങളെയും വ്യക്തിത്വ വൈകല്യങ്ങളെയും കുറിച്ച് മുതിർന്ന മനോരോഗ -പെരുമാറ്റ ചികിത്സാ വിദഗ്ധനായ ഡോ. കെ എ കുമാർ എഴുതുന്ന പംക്തി 

ശരീരത്തിലെ ഇല്ലാത്ത വൈകല്യത്തിന്റെ പേരിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർ ഏറെയാണ്. ഏതെങ്കിലും പ്രത്യേക രോഗം, അതു ഹൃദ്രോഗമാകാം, കാൻസർ ആകാം, ഉണ്ടെന്ന ഉറച്ച വിശ്വാസത്തോടെ ആശുപത്രി സന്ദർശനം പതിവാക്കുന്നവരാണു രോഗപ്രണയികൾ (Hypochondriacs). എത്ര പരിശോധന കഴിഞ്ഞാലും ഹൃദ്രോഗമുണ്ടെന്ന ദൃഢവിശ്വാസം അവർ കൈവിടില്ല. കാൻസറിനെ പ്രണയിക്കുന്നവരും അങ്ങനെ തന്നെ. കഴിഞ്ഞ രണ്ടു ദശകങ്ങളായി എയ്ഡ്സ് രോഗത്തെക്കുറിച്ചാണ് ഇവരിൽ പലരുടെയും ആധി. രോഗത്തെപ്പറ്റിയുള്ള അവരുടെ വിശ്വാസം, മിഥ്യാധാരണ (Delusion) യുടെ നിലവാരത്തിൽ എത്താറുണ്ട്.

അശ്വതിക്കു സംഭവിച്ചത്.

അശ്വതിയെന്ന പ്ലസ് ടു വിദ്യാർഥിനിക്ക് കഴുത്തിന്റെ പുറകിലുള്ള കറുത്ത പാടാണ് പ്രശ്നമായത്. ഇതിന്റെ പേരിൽ ക്ലാസിൽ പോകാൻ അവൾക്കു മടിയായി. എല്ലാ സമയത്തും രണ്ടു കണ്ണാടികൾക്കിടയിൽ മുഖം ചരിച്ചും കുനിച്ചുമൊക്കെ പിടിച്ചു തന്റെ പിൻകഴുത്തിലെ വിരൂപമായ ആ പാട് കാണാനും സങ്കടപ്പെടാനും അവൾ തുനിഞ്ഞു. ആഹാരം കഴിക്കാതെയും കുളിക്കാതെയും ആരോടും മിണ്ടാതെയും അവൾ തന്നിലേക്ക് ഒതുങ്ങി അവളുടെ വിഷമവും ജീവിതക്രമത്തിലുള്ള മാറ്റവും കണ്ടപ്പോൾ അമ്മ സാമാധാനിപ്പിക്കാൻ നോക്കി. കഴുത്തിന്റെ പുറകിൽ ഏറ്റവും മുകളിൽ ഇടതൂർന്നു കിടക്കുന്ന മുടിക്കടിയിലാണ് ഒരു സെന്റി മീറ്റർ നീളത്തിൽ ഉണങ്ങിയ ഒരു മുറിവിന്റെ പാട്. ചെറിയ കുട്ടിയായിരുന്നപ്പോൾ ഗോവണിപ്പടിയിൽ നിന്ന് ഉരുണ്ടു വീണപ്പോൾ ഉണ്ടായ മുറിവിന്റെ നേരിയ അടയാളം.

മുടിയിഴകൾ ചികഞ്ഞു മാറ്റി നോക്കിയാലേ അതു കാണാനാകൂ. ഇതിനെപ്പറ്റി ഇത്രയധികം ആകുലപ്പെടേണ്ട ഒരു കാര്യവുമില്ല. ഇങ്ങനെയൊക്കെയാണ് കുടുംബത്തിലുള്ളവർക്കും കൂട്ടുകാർക്കും ആശുപത്രിയിൽ കാണിച്ച ചർമരോഗവിദഗ്ധനും ഒക്കെ തോന്നിയതും. അവർ അശ്വതിയെ പറഞ്ഞ് ആശ്വസിപ്പിച്ചതും ഒന്നും അശ്വതിക്ക് ആശ്വാസം നൽകിയില്ല. സൈക്യാട്രിസ്റ്റിന്റെ സമീപത്തും അവൾ സങ്കടം കൊണ്ടും ക്ഷോഭം കൊണ്ടും വീർപ്പുമുട്ടി. തന്റെ വൈകല്യം ഭീകരമാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.

വൈകല്യ വിശ്വാസങ്ങൾ

ഇതാണു ശരീരസംബന്ധമായ മിഥ്യാവിശ്വാസം (Somatic Delusion). ഈ വിശ്വാസം തെറ്റാണെന്ന് തെളിവുകളോ യുക്തികളോ കൊണ്ടു സ്ഥാപിക്കാൻ കഴിയില്ല. ഉൾക്കാഴ്ചയില്ലാത്ത സൈക്കോസിസ് വിഭാഗത്തിൽപ്പെടുന്ന രോഗമാണിത്.

പ്രവീൺ എന്ന എൻജിനീയറിങ് വിദ്യാർഥിക്ക് അയാളുടെ ഇടത്തെ കൈത്തണ്ടയിൽ ജന്മനാ ഉണ്ടായ ഒരു ചെറിയ മറുകാണു പ്രശ്നം. അതു മറയ്ക്കാനായി അയാൾ മുഴുക്കൈയൻ ഷർട്ട് അണിഞ്ഞു. പക്ഷേ, കോളജിലെ യൂണിഫോം ചാരനിറത്തിലുള്ള അരക്കൈയൻ ഷർട്ടും പാന്റുമാണ്. തന്റെ കൈയുടെ ഉൾവശത്തുള്ള മറുകിന്റെ വൈരൂപ്യം കൂട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നും മറച്ചു വയ്ക്കാൻ അയാൾ നന്നെ പണിപ്പെട്ടു. ഇടത്തെ കൈ ശരീരത്തോട് ചേർത്തു പിടിച്ചു യാന്ത്രികമായി അയാൾ നടന്നു. ഗ്രാഫിക് പഠിപ്പിച്ചിരുന്ന അധ്യാപിക കടുപ്പക്കാരിയാണ്. ഇടത്തെ കൈ ശരീരത്തോട് പറ്റിച്ചേർത്തു വച്ച് കഷ്ടപ്പെട്ടു ഗ്രാഫിക്സ് വരയ്ക്കുന്ന പ്രവീണിനെ ടീച്ചർ വിരട്ടി. “താനെന്താ ഇങ്ങനെ പ്രതിമപോലിരുന്ന് വരയ്ക്കുന്നത്? തന്റെ ഇടതു കൈയിന്റെ അടിയിലെന്താ പരു വല്ലതും പൊട്ടാറായി നിൽക്കുന്നുണ്ടോ? നോക്കട്ടെ) അടുത്തു ചെന്ന് അവർ പ്രവീണിന്റെ ഇടതുകൈ വലിച്ചു പൊക്കി.

പ്രവീൺ പൊട്ടിക്കരഞ്ഞു. ടീച്ചറും അടുത്തിരുന്ന കുട്ടികളും തന്റെ ഇടതു കൈയുടെ ഉൾവശത്തുള്ള വൃത്തികെട്ട മറുകു കണ്ടു കഴിഞ്ഞു. ഇനി എങ്ങനെ അവരെ നോക്കും. എങ്ങനെ ഈ അപമാനത്തിൽ നിന്നും രക്ഷനേടും? എങ്ങനെ ക്ലാസിൽ പോകും. അശ്വതിയും പ്രവീണും ശരീരത്തിന്റെ ഒരു ഭാഗത്തുള്ള നിസ്സാരമായ ഒരു അടയാളത്തിനെ വലിയ ഒരു വൈകല്യമെന്ന് ഉറച്ചു വിശ്വസിച്ചു ചികിത്സ തേടുന്നവരാണ്. മറ്റു ചിലർ അൽപം കൂടി വലിയ വൈകല്യത്തെയാകും മനസ്സിൽ മഹാരോഗമായി പ്രതിഷ്ഠിക്കുന്നത്.

പശ്ചാത്തലം വ്യക്തമല്ല

രോഗമാലിക (സൊമറ്റൈസേഷൻ രോഗം), രോഗനാവികർ (Maunchausen’s Syndrome), രോഗപ്രണയം (Hypochondriasis) എന്നിവരുടെ മാനസിക പശ്ചാത്തലം ഇന്നും വ്യക്തമല്ല എന്നതാണു വാസ്തവം. കുടുംബാംഗങ്ങൾക്കും ചികിത്സകർക്കും ഒരുപോലെ വിഷമം സൃഷ്ടിക്കുന്നവരാണ് ഈ രോഗാനുരാഗികൾ. അമിതമായും ആവർത്തിച്ചും ലാബ് പരിശോധനകളും സങ്കീർണമായ ചികിത്സാപ്രയോഗങ്ങളും ഈ രോഗികൾക്കു നൽകാതിരിക്കണം എന്നാണു രോഗ നിർണയത്തിലെയും ചികിത്സയിലെയും പൊതുതത്വം.

യഥാർഥത്തിലുള്ള ശാരീരികരോഗങ്ങൾ തിരിച്ചറിയപ്പെടാതെ പോവുകയുമരുത്. രോഗലക്ഷണങ്ങളിൽ നിന്നു ശ്രദ്ധ പിൻതിരിപ്പിക്കാനായി കൗൺസലിങ്ങും ജീവതശൈലിയിലെ മാറ്റങ്ങളും ആണ് ചികിത്സയിലെ പ്രധാന ഘടകം. ഉത്കണ്ഠ, വിഷാദം എന്നിവ രോഗാനുരാഗത്തിന് അനുബന്ധമായുണ്ടെങ്കിൽ, അതിനുള്ള ഔഷധങ്ങൾ മിതമായ അളവിൽ ചുരുങ്ങിയ കാലത്തേക്ക് നൽകാം. മെഡിക്കൽ ക്ലിനിക്കുകളിലും സ്ഥിരസാന്നിധ്യമായ ഇവർ രണ്ടിടത്തും അസംതൃപ്തരായിരിക്കും. അതുപോലെ ഇവരെ ചികിത്സിക്കുന്നവരും ഏതാണ്ട് സമാനമായ അവസ്ഥയിലെത്താറുണ്ട്.

Tags:
  • Mental Health
  • Manorama Arogyam