Tuesday 21 January 2020 02:44 PM IST

ഭാര്യ ഡയറ്റ് പ്ലാനിട്ടു, തടിയനെന്നു വിളിപ്പിച്ച 140 കിലോയിൽ നിന്ന് 80ലേക്ക് പറന്നെത്തിയ കെവിൻ മാജിക്!

Asha Thomas

Senior Sub Editor, Manorama Arogyam

kevin

കെവിൻ എന്ന ലളിതസുന്ദരമായ പേരു കേട്ടു വന്നിട്ട് ആളെ കണ്ടപ്പോൾ ശ്വാസംമുട്ടിപ്പോയി എന്നൊരാൾ പറഞ്ഞപ്പോൾ കെവിനു വലിയ അദ്ഭുതമൊന്നും തോന്നിയില്ല. കാരണം പേരിനു വലിയ വെയ്റ്റ് ഇല്ലെങ്കിലും കെവിന്റെ ശരീരഭാരം 140 കിലോയാണ്.

അന്നൊക്കെ കെവിൻ എവിടെ എന്നാരെങ്കിലും അന്വേഷിച്ചാൽ ‘ആരാ, തടിയൻ കെവിനാണോ?’ എന്നായിരുന്നു മറുപടി. ‘‘മൊത്തത്തിൽ ഈ തടി നമ്മളെ എല്ലായിടത്തും ഇടിച്ചുതാഴ്ത്തുകയാണല്ലൊ എന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങി. ’’ 140 കിലോയിൽ നിന്നും 80 കിലോയിലേക്കുള്ള സേഫ് ലാൻഡിങ്ങിന്റെ വഴികളെക്കുറിച്ച് കൊച്ചി നെടുംപറമ്പിൽ കെവിൻ ഒാർമിക്കുന്നു.

‘‘വണ്ണം മൂലം ശരീരത്തിനു ചില പോസ്ചർ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുറച്ചു നടക്കുമ്പോഴേ ഭയങ്കര കിതപ്പ്... നടുവേദന പോലുള്ള പ്രശ്നങ്ങൾ. ഡ്രെസ്സ് എടുക്കാൻ പോയാൽ ഇഷ്ടമാകുന്നതൊന്നും വാങ്ങാനാകുന്നില്ല..ചേരുന്ന സൈസ് കിട്ടണ്ടേ? അതൊക്കെ പോകട്ടെ എന്നു വയ്ക്കാം. ഐഡന്റിന്റി തന്നെ തടിയുള്ളയാൾ എന്നായി മാറി. ആ കെവിൻ എവിടെ...? എന്നു ചോദിച്ചാൽ ഉടനെ മറുപടി കേൾക്കാം..ആരാ, തടിയൻ കെവിൻ ആണോ എന്ന്? ഇങ്ങനെ പോയാൽ പറ്റില്ല എന്നു സ്വയം തോന്നി.

വണ്ണം കുറയ്ക്കാമെന്നു വിചാരിച്ചപ്പോഴുമുണ്ടായിരുന്നു പ്രശ്നം. 65 കിലോയുള്ളയാൾ ഞാൻ വണ്ണം കുറയ്ക്കാൻ പോകുന്നെന്നു പറഞ്ഞാൽ നമ്മളെല്ലാം ഡയറ്റും വ്യായാമ ടിപ്സും ഒക്കെയായി പ്രോത്സാഹിപ്പിക്കും. 140ൽ നിൽക്കുന്ന ഒരു തടിയൻ അത് പറയുമ്പോൾ എല്ലാവർക്കും ഒരു വിശ്വാസക്കുറവാണ്... ഇവനെക്കൊണ്ടൊക്കെ പറ്റുമോ എന്ന്. ഞാനതൊരു വെല്ലുവിളിയായെടുത്തു. എന്നെക്കൊണ്ട് ഇത് സാധിക്കുമെന്നു കാണിച്ചുകൊടുക്കണമായിരുന്നു.

പൂർണപിന്തുണയുമായി ഭാര്യ ലിന്റ കൂടെനിന്നു. അവൾ നല്ല ഹെൽത് കോൺഷ്യസ് ആണ്. എന്നെപ്പോലെ വെറുതേ ഭക്ഷണം കഴിക്കാത്ത, വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്നയാൾ. ഹെൽതി ആയ ചില റെസിപ്പികൾ കണ്ടുപിടിച്ചും ഡയറ്റ് പ്ലാൻസ് പറഞ്ഞുതന്നും വണ്ണം കുറയ്ക്കലെന്ന എന്റെ ലക്ഷ്യം വിജയകരമാക്കുന്നതിൽ അവൾ നൽകിയ മാനസിക പിന്തുണ വലുതാണ്.

വണ്ണം കുറയ്ക്കാൻ തുടങ്ങുംമുമ്പേ എന്തൊക്കെയാണ് എന്നെ ഇങ്ങനെ തടിയനാക്കിയതെന്നു ഞാൻ ആലോചിച്ചുനോക്കി. എന്റെ ഹോബിയും ടൈം പാസ്സുമൊക്കെ കുക്കിങ് ആയിരുന്നു. നന്നായി പാചകം ചെയ്യുന്നയാൾ സ്വാഭാവികമായും നന്നായി ഭക്ഷണം കഴിക്കുന്നയാളായിരിക്കും.

പ്രാതൽ തന്നെ ഹെവി ആയാണ് തുടങ്ങിയിരുന്നത് പുട്ടും ബീഫുമാണ് പ്രിയ വിഭവം. പുട്ടും മീനും പുട്ടും ചിക്കനും എന്നിങ്ങനെയുള്ള വെറൈറ്റികളും പരീക്ഷിക്കും. ജോലി തുടങ്ങുമ്പോഴേ ഒരു പായ്ക്കറ്റ് പൊട്ടറ്റോ ചിപ്സ് പൊട്ടിച്ചുവച്ചിട്ടുണ്ടാകും. തൊട്ടടുത്ത് ഒരു സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലും കാണും. ജോലി തീരുന്നതിനു സമാന്തരമായി പായ്ക്കറ്റുകളും കുപ്പികളും ഒഴിയും. വൈകുന്നേരമായാൽ സുഹൃത്തുക്കളുമായി ടൗണിലൊക്കെ കറങ്ങാൻ പോകും. ഞാൻ കോട്ടയത്ത് ജോലി ചെയ്തിരുന്ന സമയത്ത് കഞ്ഞിക്കുഴിയിൽ ഒരു തട്ടുകടയിലെ സ്ഥിരം സന്ദർശകനായിരുന്നു. ഞങ്ങളെ കാണുമ്പോഴേ തട്ടുകടയിലെ ചേട്ടൻ കോഴിക്കഷണങ്ങൾ തിളച്ച എണ്ണയിലിടും. ചൂടോടെ 12–14 കഷണം അകത്താക്കും. ഈ ഈവനിങ് സ്നാക്ക് കഴിഞ്ഞാൽ രാത്രി ഭക്ഷണവുമുണ്ട്.

കൂടാതെ ധാരാളം ഒഫീഷ്യൽ പാർട്ടികളും ഒരുമിച്ചുകൂടലുകളുമുണ്ട്. അവിടെയെല്ലാം ഭക്ഷണം പ്രത്യേകിച്ച് ജങ്ക് ഫൂഡ് ധാരാളമായി ലഭിക്കുകയും ചെയ്യും. പുകവലിയും മദ്യപാനവുമൊന്നുമില്ലാത്തതിനാൽ അതിന്റെ സമയത്തു കൂടി ഞാൻ ഭക്ഷണം കഴിക്കും.

ഈ കഴിക്കുന്ന ഭക്ഷണത്തെ എരിച്ചുകളയാൻ ശരീരത്തിനു വഴിയില്ല. കാരണം രാവിലെ കാറിൽ ഒാഫിസിനു തൊട്ടുമുമ്പിൽ പോയിറങ്ങുന്നു, ലിഫ്റ്റ് കയറി ക്യാബിനിലെത്തുന്നു... എസി ക്യാബിനിൽ ഇരുന്നു ജോലി ചെയ്യുന്നു. വൈകിട്ട് തിരികെ കാറിൽ വൈകി വീട്ടിലെത്തുന്നു. കുറച്ച് വറപൊരികളുമായി ടിവിയുടെ മുന്നിലിരിക്കുന്നു. മെൈബൈലും ടാബും നോക്കിയിരുന്ന് വൈകി ഉറങ്ങുന്നു.. ഇങ്ങനെ അല്ലലും അലട്ടലും ശാരീരികാധ്വാനവുമില്ലാത്ത ജീവിതം. ഇതിനിടയിൽ തലച്ചോറിനു വേണ്ടുന്ന കുറച്ച് ഊർജം മാത്രം ചെലവാകും. ബാക്കി ശരീരത്തിലേക്കടിയും.

അങ്ങനെയാണ് 23 വയസ്സു മുതൽ 27 വയസ്സുവരെയുള്ള കാലയളവു കൊണ്ട് ഞാൻ സാമാന്യം നല്ലൊരു തടിയനായത്. തടി 100 നോടടുക്കുമ്പോൾ നമുക്കൊരു ആധിയൊക്കെ തോന്നും. അയ്യോ..99 ആയി, ഇപ്പോ നൂറാകുമല്ലോ എന്നൊക്കെ. ആ സമയത്ത് ഞാനും ഭക്ഷണമൊക്കെ നിയന്ത്രിച്ച് ഒന്നു പിടിച്ചുനോക്കിയിരുന്നു. പക്ഷേ, എന്റെ പിടിയിലൊതുങ്ങാതെ ശരീരഭാരം 100 കടന്നങ്ങുപോയി. 100 എന്നത് ഒരു സന്നിഗ്ധ ഘട്ടമാണ്. അതു കടന്നാൽ പിന്നെ ചെറിയ പിടി കൊണ്ടൊന്നും തിരികെ വരാനാകില്ല.

ഇതൊക്കെ മനസ്സിലൂടെ റീവൈൻഡ് ചെയ്തപ്പോൾ ഞാൻ തീരുമാനിച്ചു, ഭക്ഷണത്തിൽ പിടിച്ചേ പറ്റൂ. ആദ്യം തന്നെ ഒരു കുറ്റി പുട്ടും ബീഫും എന്നതങ്ങു മാറ്റി മൂന്നു ദോശയും വെജ് കുറുമയും എന്നാക്കി. എഴുന്നേറ്റയുടനെ തന്നെ ഒന്നര ലീറ്റർ വെള്ളമങ്ങു കുടിക്കും പ്രാതൽ വരെ അതു വിശപ്പിൽ നിന്നു രക്ഷിക്കും. രാവിലെ എട്ടേകാലിനു പ്രാതൽ കഴിഞ്ഞാൽ പിന്നെ കൊറിയ്ക്കലൊന്നുമില്ല. അത്യാവശ്യമെന്നു തോന്നിയാൽ ഒരു ഗ്ലാസ്സ് കട്ടൻചായ കുടിക്കും. ഉച്ചയ്ക്ക് രണ്ടു തവി ചോറ്. മീൻകറിവച്ചത് കഴിക്കും. കൂടെ പച്ചക്കറികളും. വൈകുന്നേരം ഒരു ജഗ്ഗ് ജ്യൂസ് കുടിക്കും. മൂന്നു ദിവസം സിട്രിക് ജ്യൂസുകളാണെങ്കിൽ മൂന്നുദിവസം തണ്ണിമത്തനോ പപ്പായയോ പൈനാപ്പിളോ ജ്യൂസ്. മധുരമിടാതെയാണ് കുടിക്കുന്നത്. ഇത് ശരീരത്തിലെ ആൽക്കലൈൻ–അസിഡിക് ബാലൻസ് നിലനിർത്തും. രാത്രി ഒമ്പതുമണിയോടെ രണ്ടു ചപ്പാത്തി. പരിപ്പോ പയറോ വിഭാഗത്തിലുള്ള കറികളാണ് കൂടെ. ഇടയ്ക്ക് മീനോ ഇറച്ചിയോ വറുത്ത് കഴിക്കാൻ തോന്നിയാൽ കഴിക്കും. പക്ഷേ എണ്ണയിൽ വറുത്തല്ലെന്നു മാത്രം. മീൻ മസാല പുരട്ടി കാസ്റ്റ് അയൺ പാത്രത്തിലിട്ട് അരികുകളിൽ വെള്ളം ഇറ്റിച്ചുകൊടുത്ത് വറുത്തെടുക്കും. ചിക്കൻ ഗ്രില്ല് ചെയ്യും. ബീഫും മറ്റു മാംസവുമൊക്കെ വേവിച്ച് മുകളിൽ പൊങ്ങിവരുന്ന നെയ്യ് നീക്കി കഴിക്കും.

kevin-1

വണ്ണം കുറയ്ക്കാനായി ജിമ്മിൽ ഒന്നും പോകുന്നില്ലെന്നു തീരുമാനിച്ചിരുന്നു. എന്റെ ചെറുപ്പത്തിൽ– പ്ലസ്ടു കാലത്ത് കസർത്തിനായി ഫോർട്ട് കൊച്ചിയിലെ മിന്നൽ ജോർജ് ആശാന്റെ അടുത്തുപോയിട്ടുണ്ട്. മൂന്നുവർഷത്തോളം ഭാരമെടുത്തുള്ള വ്യായാമങ്ങളും സ്ട്രെച്ചിങ്ങുകളും ഒക്കെ ചെയ്തു പരിശീലിച്ചതാണ്. രണ്ടുവർഷം കളരിയും പരിശീലിച്ചിട്ടുണ്ട്. അതുകൊണ്ട് വർക് ഔട്ടിന്റെ കാര്യത്തിൽ മറ്റാരുടെയും നിർദേശം വേണ്ടിവന്നില്ല. ജോഗിങ്ങും സ്ട്രെച്ചിങ് വ്യായാമങ്ങളും ചേർന്ന പാക്കേജാണ് പരീക്ഷിച്ചത്. സാധാരണഗതിയിൽ വലിയ വയറും വച്ച് 250–300 അടിയിൽ കൂടുതൽ ഒാടാൻ സാധിക്കില്ല. അതുകൊണ്ട് വയറു മുറുക്കി കച്ചകെട്ടി. ഇത് നടുവിനും അടിവയറിനും നല്ല സപ്പോർട്ട് നൽകി. കച്ചകെട്ടുന്നതു കൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ടായിരുന്നു. രാവിലെ വയറുനിറയെ വെള്ളം കുടിച്ചാലും പ്രശ്നമില്ലാതെ ഒാടാം. വെള്ളം കുടിക്കാതെ ഒാടാൻ പോയാലുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും പറ്റും. രാവിലെ ആഞ്ചു മുതൽ ആറുവരെ ദിവസവും ഏതാണ്ട് ഒരു മണിക്കൂർ നേരം ജോഗിങ് ചെയ്യുമായിരുന്നു. തിരികെ വന്നിട്ട് 15–20 മിനിറ്റു നേരം അടിസ്ഥാന സ്ട്രെച്ചിങ്ങുകളെല്ലാം ചെയ്യും. സനാതനയോഗ എന്ന സെന്ററിൽ നിന്ന് യോഗ പരിശീലിച്ചു. ദിവസവും ഒരു മണിക്കൂർ യോഗയും ചെയ്തു.

ഇങ്ങനെ ഒമ്പതു മാസമായതോടെ ശരീരഭാരം പ്രകടമായി കുറഞ്ഞു. 18 കിലോയോളം കുറഞ്ഞു. ഒമ്പതാം മാസത്തിൽ മാത്രം ഒമ്പത് കിലോയാണ് കുറഞ്ഞത്. അങ്ങനെ ഒരു വർഷം കൊണ്ട് 60 കിലോ കുറഞ്ഞു. 67 കിലോയാണ് എന്റെ ഐഡിയൽ ശരീരഭാരം.

ആളുകളുടെ പ്രതികരണമായിരുന്നു രസകരം. അതേവരെ ‘ഇതെന്തോരു വണ്ണമാടാ കെവിനേ’ എന്നു ചോദിച്ചുകൊണ്ടിരുന്നവർ വണ്ണം കുറഞ്ഞു തുടങ്ങിയതോടെ പ്ലേറ്റ് തിരിച്ചു. ‘കെവിനേ..ഇതെന്തോരു ക്ഷീണമാടാ...’ എന്നായി.

അപ്പച്ചനും അമ്മയുമൊക്കെ എന്നും കണ്ടുകൊണ്ടിരിക്കുന്നതു കൊണ്ടാകണം, വണ്ണം കുറഞ്ഞതിൽ വലിയ അദ്ഭുതമൊന്നും പ്രകടിപ്പിച്ചു കണ്ടില്ല. അമ്മ സെലീന ഒരു മിനിറ്റുനേരം അടങ്ങിയിരിക്കാതെ ജോലി ചെയ്യുന്നയാളാണ്, ആരോഗ്യകാര്യത്തിലൊക്കെ ശ്രദ്ധയുമുണ്ട്. പക്ഷേ, അപ്പച്ചൻ ഫ്രാങ്ക്ളിൻ ആരോഗ്യകരമായ ജീവിതം എന്നതിലൊന്നും വിശ്വസിക്കാത്ത ആളാണ്. ചെറുപ്പത്തിലൊക്കെ ഇത്ര ശ്രദ്ധിച്ചു ജീവിച്ചിട്ട് നീട്ടിക്കിട്ടുന്നത് വാർധക്യത്തിലെ കുറേ വർഷങ്ങളല്ലേ എന്നാണ് പുള്ളിയുടെ തിയറി.

ഒരിക്കൽ ശരീരഭാരം കുറച്ചതിന്റെ സുഖമനുഭവിച്ചാൽ പഴയ അനാരോഗ്യകരമായ ശീലങ്ങളിലേക്ക് പോകാൻ നമ്മൾ മടിക്കും. ഇപ്പോൾ കിതപ്പും വേദനയുമില്ലാതെ എത്ര ദൂരം വേണമെങ്കിലും നടക്കാം. പൊതുവേ കനം കുറഞ്ഞ ഒരു ഫീലിങ്ങാണ്. വണ്ണം കുറഞ്ഞപ്പോൾ ഒരു 10 വയസ്സ് കുറഞ്ഞതു പോലുണ്ടെന്നു പലരും പറഞ്ഞു. ശരീരത്തിൽ കെട്ടിക്കിടക്കുന്ന വിഷാംശങ്ങൾ നീങ്ങിപ്പോയതു കൊണ്ട് ചർമം കൂടുതൽ സുന്ദരമായി, ആരോഗ്യകരമായ തുടിപ്പുണ്ടായി. പക്ഷേ, ചെറിയൊരു വിഷമം ബാക്കിയുണ്ട്. ഇപ്പോൾ ഡ്രെസ്സ് എടുക്കാൻ ചെല്ലുമ്പോൾ നല്ല ഫാഷനബിൾ ഷർട്ടുകളെല്ലാം പ്ലസ് സൈസാണ്...!!!’’കെവിന്റെ ചിരിയിൽ പുതിയ മാറ്റത്തിന്റെ എല്ലാ ആഹ്ളാദവും നിറയുന്നു.

Tags:
  • Diet Tips