Tuesday 28 January 2020 12:27 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുമക്കളാണ്, ലോഡിങ് തൊഴിലാളികളല്ല; ‘സ്കൂൾ‌ ബാഗിലെ’ കോടതി വിധിയും ആരോഗ്യ പ്രശ്നങ്ങളും

schhol-bag

ആളേക്കാളും വലിയ ബാഗും തൂക്കിയാണ് മിക്ക സ്കൂൾകുട്ടികളുടെയും നടപ്പ്. കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തിലും കൂടുതൽ ഭാരമുള്ള ബാഗ് ചുമത്തരുതെന്ന് ഈയിടെ കോടതിവിധി വന്നപ്പോൾ ആളുകളെല്ലാം ചോദിച്ചു...ബാഗിന് ഇത്തിരി കനം കൂടിയാൽ എന്താ കുഴപ്പം? നല്ല ഭാരമുള്ള സ്കൂൾ ബാഗും തൂക്കി 10–12 വർഷം നടന്നാൽ എന്താ കുഴപ്പമെന്നോ?

പതിവായുള്ള ചുമടുതാങ്ങൽ പ്രധാനമായും കുഴപ്പത്തിലാക്കുന്നത് നടുവിനെയാണ്. ഇന്ത്യൻ അക്കാദമി ഒഫ് പീഡിയാട്രിക്സ് അനുശാസിക്കുന്നത് കുട്ടിയുടെ തൂക്കത്തിന്റെ 10 ശതമാനം ഭാരമേ സ്കൂൾ ബാഗിനുണ്ടാകാവൂ എന്നാണ്. ഇതിലുമധികം ഭാരം പതിവായി ചുമന്നാൽ നടുവിലെ പേശികൾക്ക് ആയാസമുണ്ടാകും. മുന്നോട്ടു തല കുമ്പിട്ട് ചുമലു കൂനിയുള്ള നടപ്പ് ശീലമാകും. പതിയെ നട്ടെല്ലിന്റെ സ്വതവേയുള്ള എസ് ആകൃതിയിലുള്ള വളവും തോളുകളുടെ സ്വാഭാവിക ആകാരവും നഷ്ടപ്പെടാം. കുട്ടികളുടെ അസ്ഥിവളർച്ചയെ പോലും അമിതഭാരം ചുമക്കൽ ബാധിക്കാം.

∙ 40 കിലോ ഭാരമുള്ള കുട്ടിയുടെ ബാഗിന് പരമാവധി 4 കിലോ ഭാരമേ പാടുള്ളു. രണ്ടു മൂന്നു കിലോ വരെയാണ് കൂടുതൽ ആരോഗ്യകരം.

∙ ഭാരം കൂടിയ വസ്തുക്കൾ കുട്ടിയുടെ പുറംഭാഗത്തോടു ചേർന്നുള്ള അറകളിൽ വയ്ക്കാം. ഇതു നടുവിന്റെ ആയാസം കുറയ്ക്കും.

∙ നടക്കുമ്പോൾ ബാഗിലെ വസ്തുക്കൾ ഇളകിയാടുന്നതുപോലെ വയ്ക്കരുത്. ബാഗിലെ അറകളിൽ മുറുകിയിരിക്കുംവിധം പുസ്തകങ്ങളും മറ്റും വയ്ക്കാം.

∙ ഒാർക്കുക, വലിയ ബാഗല്ല...കുട്ടിയുടെ വലുപ്പത്തിന് അനുസൃതമായ ബാഗാണ് വാങ്ങേണ്ടത്. സ്ട്രാപുകൾ വീതിയുള്ളതാകണം. ഇടുപ്പിലിടാനുള്ള സ്ട്രാപ് ഉള്ളത് നോക്കി വാങ്ങുക. അപ്പോൾ ബാഗിന്റെ ഭാരം മുഴുവനും തോളിലേക്കും നടുവിലേക്കും മാത്രം ആകാതെ ഇടുപ്പിലേക്കു കൂടി ആയിക്കൊള്ളും.

∙ ബാഗിന്റെ അടിഭാഗം അരക്കെട്ടിനു മുകളിൽ വരുംപോലെ വേണം ബാഗ് ഇടാൻ. ബാഗ് പിന്നോട്ട് തൂങ്ങിക്കിടക്കുന്നത് നല്ലതല്ല.

∙ ബാഗ് ഇടുമ്പോഴും ഒന്നു ശ്രദ്ധിക്കണം. നടു വളയാതെ തുടയിലെ പേശികൾക്ക് ഊന്നൽ കൊടുത്ത് രണ്ടു കൈകൊണ്ടും ബാഗ് ഉയർത്തി ശരീരത്തോട് ചേർത്തുപിടിക്കുക. ഇനി ഒരു തോൾ സ്ട്രാപിൽ കൂടി കൈകടത്തുക. ശേഷം മറ്റേ സ്ട്രാപും ഇടുക. ഒരു കാരണവശാലും ഒറ്റ തോളിൽ മാത്രമായി ബാഗ് തൂക്കരുത്.

∙ ബാഗ് ഇടുമ്പോൾ കുട്ടിക്ക് വല്ലാതെ വളയേണ്ടിവരുന്നുണ്ടെങ്കിൽ ബാഗിന് ഭാരം കൂടുതലുണ്ടെന്നോ ശരിയായല്ല പാക്ക് ചെയ്തതും ധരിച്ചതും എന്നു കരുതാം.