Thursday 29 August 2019 02:46 PM IST

സെഞ്ച്വറിയടിക്കാൻ കാത്തു നിന്ന ശരീര ഭാരം! നാല് മാസം കൊണ്ട് 25 കിലോ കുറച്ച് ലിജോ, പൊണ്ണത്തടി ക്ലീൻ ബൗൾഡ്

Asha Thomas

Senior Sub Editor, Manorama Arogyam

wl

ഭാരം താങ്ങി മടുത്തിഷ്ടാ എന്ന് ശരീരം പിണങ്ങിയപ്പോഴാണ് തൃശൂരുകാരനായ ലിജോ ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. 70, 75, 90.5 എന്നിങ്ങനെ ഭാരസൂചികൾ മുന്നോട്ടു കുതിച്ചപ്പോൾ നടുവേദനയും ഉപ്പൂറ്റിവേദനയും തുടർക്കഥയായി. കുറച്ചു നടന്നാൽ മതി, കിതപ്പു തുടങ്ങും. പള്ളിയിൽ പോയാൽ ഇരിക്കാൻ നാലാളിന്റെ സ്ഥലം വേണം. കാൽ മുൻപോട്ടു നീട്ടി കയ്യ് രണ്ടും പിന്നിലേക്കു വച്ച് ഇരുന്നാൽ പിന്നെ കുർബാന കഴിയണം എഴുന്നേൽക്കാൻ. ഇഷ്ടപ്പെട്ട ഡ്രസ്സ് ഒന്നും ഇടാൻവയ്യ, പറ്റിയ സൈസ് ഡ്രസ്സ് കിട്ടില്ല. രാത്രിയായാൽ മൂക്കടപ്പ് തുടങ്ങും. മൂക്കിൽ ഒട്രിവിൻ ഒഴിച്ചില്ലെങ്കിൽ ഉറങ്ങാനേ പറ്റില്ല. ശാഠ്യക്കാരിയായ ഭാര്യയെ പോലെ ശരീരം പിണങ്ങി മുഖം വീർപ്പിച്ചതോടെ വണ്ണം കുറച്ചേ മതിയാകൂ എന്നു ലിജോയ്ക്ക് മനസ്സിലായി.

‘ഇളയ കുഞ്ഞ് പിറന്ന് 10 ദിവസം ആയപ്പോഴാണ് ഭാരം കുറയ്ക്കാൻ തുടങ്ങിയത്. മൂത്ത കുട്ടിക്ക് അപ്പോൾ മൂന്നു വയസ്സ് കഴിഞ്ഞു. അവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനമാണ് നമ്മൾ ആരോഗ്യത്തോടെ ഇരിക്കുന്നത് എന്നു തോന്നി. പിന്നെ മാതാപിതാക്കളുടെ രീതികൾ കണ്ടാണ് മക്കൾ പഠിക്കുക. അപ്പോൾ അവർക്കു റോൾ മോഡലായിരിക്കണമല്ലോ നമ്മൾ. ചെറുപ്പത്തിൽ എനിക്കിത്ര ഭാരമുണ്ടായിരുന്നില്ല. 21 വയസ്സിൽ വെറും 49 കിലോയേ ഉണ്ടായിരുന്നുള്ളു, ഉയരം 167 സെന്റി മീറ്ററും. ബിസിനസ്സ് തുടങ്ങി ഭക്ഷണശീലങ്ങളും സമയവുമൊക്കെ താളംതെറ്റിയതോടെയാണ് ഭാരം 90.5 വരെയായത്.

ഒരു സുഹൃത്ത് മുഖേനയാണ് തൃശൂരുള്ള ഒരു വെയ്റ്റ് ലോസ് പ്രോഗ്രാമിനെ കുറിച്ച് അറിയുന്നത്. സ്വന്തം അമിതഭാരം കുറച്ചിട്ടു വന്നവരാണ് അവിടെ പരിശീലകരായി ഉള്ളത്. അവരുടെ അനുഭവം തന്നെ വലിയൊരു മോട്ടിവേഷനായി. നമുക്കെത്ര കാലറിയാണ് യഥാർഥത്തിൽ വേണ്ടത്? അത് ഏതൊക്കെ വിഭവങ്ങളിൽ നിന്നാണ് കിട്ടേണ്ടത്? എത്ര അളവ് വെള്ളം കുടിക്കണം? എപ്പോൾ കുടിക്കണം എന്നിങ്ങനെ അടിസ്ഥാന കാര്യങ്ങളൊക്കെ ആദ്യം പറഞ്ഞുതന്നു. ഞാൻ ഏതാണ്ട് 3000–4000 കാലറിയാണ് ദിവസവും കഴിച്ചിരുന്നത്. യഥാർഥത്തിൽ 1870 കാലറി മതിയായിരുന്നു. അതനുസരിച്ച് ഡയറ്റ് പ്ലാൻ ചെയ്തു. ഇഷ്ടമുള്ള ഭക്ഷണം പൂർണമായും ഒഴിവാക്കുന്നത് അവരുടെ രീതിയല്ല. അങ്ങനെ ചെയ്താൽ എപ്പോഴെങ്കിലും പഴയ ഡയറ്റിലേക്ക് തിരിച്ചുപോകാനും കുറഞ്ഞ ഭാരം അതേപടി തിരികെ വരാനും സാധ്യതയുണ്ട്. അതുകൊണ്ട് ഇഷ്ട ഭക്ഷണം അളവു കുറച്ച് കഴിക്കാനാണ് നിർദേശിക്കുക.

wl1

പ്രോട്ടീൻ പ്രാതൽ

പക്ഷേ, എനിക്ക് അമിത ഭാരമായിരുന്നതിനാൽ 15 ആഴ്ചത്തേക്ക് ചോറ് പൂർണമായും ഒഴിവാക്കി. നമ്മുടെ നാടൻ പ്രാതലിൽ കാർബോഹൈഡ്രേറ്റ് അളവ് കൂടുതലാണ്. വണ്ണം കുറയണമെങ്കിൽ കാർബോഹൈഡ്രേറ്റ് കുറയ്ക്കണം. അതുകൊണ്ട് പ്രഭാതഭക്ഷണമായി ഒരു ന്യൂട്രീഷനൽ സപ്ലിമെന്റാണ് കഴിച്ചത്. ഒരു ഗ്ലാസ്സ് കൊഴുപ്പുനീക്കിയ പാലിൽ ഈ സപ്ലിമെന്റ് മൂന്ന് സ്കൂപ്പ് ചേർത്തു. ഇതുവഴി ധാരാളം പ്രോട്ടീൻ കിട്ടും. ഉച്ചയ്ക്ക് ചപ്പാത്തി. പരമാവധി മൂന്നെണ്ണം. കൂടെ വെജിറ്റബിൾ കറിയോ മീൻ കറിയോ കൂടെ കഴിക്കും. ഇടയ്ക്ക് ചിക്കനും. പക്ഷേ, ചെമ്മീൻ, ഞണ്ട്, കൂന്തൽ പോലെ കൊഴുപ്പേറിയവ ഒഴിവാക്കി.

രാത്രിയും ചപ്പാത്തിയും കറിയും തന്നെ. പ്രാതലിനു മുൻപായി ഒരു ഹെർബൽ ടീ കുടിച്ചു. പാൽ, കാപ്പി, ചായ എന്നിവ ഒഴിവാക്കി. മധുരം പൂർണമായും ഉപേക്ഷിച്ചു. സ്നാക്കുകൾ ഇല്ലായിരുന്നു. വല്ലാതെ ക്ഷീണം തോന്നിയാൽ ഒരു ആപ്പിൾ കഴിക്കും. അല്ലെങ്കിൽ കുക്കുമ്പറും കാരറ്റുമൊക്കെ ചേർന്ന ഒരു പ്ലേറ്റ് സാലഡ്. ഭാരം കുറച്ചുതുടങ്ങി നാലാം ദിവസം മുതൽ രാത്രിയിലെ ചപ്പാത്തി നിർത്തി ന്യൂട്രീഷനൽ സപ്ലിമെന്റ് ആക്കി. ആഴ്ച ഒരിക്കൽ മാത്രം ചോറ് കഴിക്കും, നാവിനെ തൃപ്തിപ്പെടുത്താൻ.

ശരീരഭാരത്തിനുള്ള വെള്ളം

എപ്പോൾ വെള്ളം കുടിക്കണമെന്നും എത്ര അളവ് കുടിക്കണമെന്നതും പ്രധാനമാണ്. ദഹനപ്രക്രിയയുടെ ഭാഗമായുള്ള മാലിന്യമെല്ലാം നീങ്ങാൻ ഒാരോരുത്തരും തങ്ങളുടെ ഭാരത്തിനനുസരിച്ചു വെള്ളം കുടിക്കണം. 20 കിലോ ഭാരത്തിന് ഒരു ലീറ്റർ എന്നാണ് കണക്ക്. ഞാൻ ഏതാണ്ട് നാലര ലീറ്ററോളം വെള്ളം കുടിക്കുമായിരുന്നു. ഭക്ഷണത്തിന് ഒപ്പം കുടിക്കരുത്. തൊട്ടു മുൻപും കഴിഞ്ഞ ഉടനെയും കുടിക്കരുത്. ഭക്ഷണത്തിനു മുൻപും ശേഷവും അര മണിക്കൂർ ഇടവേള കഴിഞ്ഞേ കുടിക്കാവൂ.

15 കിലോ കുറയുന്നതുവരെ വ്യായാമം ചെയ്തില്ല. തടിയും വച്ച് വ്യായാമം ചെയ്താൽ ശരീരവേദന വരുമോ എന്നൊരു പേടി. 75 കിലോ ആയതോടെ നടക്കാൻ തുടങ്ങി. പതിയെ അത് ഒാട്ടമായി. 130 മിനിറ്റിൽ 25 കിലോമീറ്റർ ഒാടും. ഇപ്പോഴും ദിവസവും 10 കിലോമീറ്റർ ഒാടും. രണ്ടു കിലോമീറ്റർ നടക്കും. വെളുപ്പിനെ മൂന്നു മണിക്ക് എഴുന്നേൽക്കും. മൂന്നരയ്ക്ക് ഒാടാൻ പോയി അഞ്ചു മണിക്ക് തിരികെ വരും. മഴക്കാലത്ത് ഇത് സാധിക്കില്ല. അപ്പോൾ ജിമ്മിൽ പോയി ട്രെയിനറുടെ നിർദേശപ്രകാരം വ്യായാമം ചെയ്യും.

wl-2

എന്റെ മാറ്റം കണ്ട് ഒരുപാട് ആളുകൾ ഭാരം കുറയ്ക്കലിനെ കുറിച്ച് അറിയാൻ സമീപിച്ചു. അവരുടെ സംശയങ്ങൾക്ക് ഉത്തരം നൽകാനായി ഭാരം കുറയ്ക്കലിനെ കുറിച്ചും ഡയറ്റിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കി. നടൻ ടിനി ടോം ഉൾപ്പെടെ ഒട്ടേറെ സെലിബ്രിറ്റികൾക്കും ഡയറ്റ് നിർദേശങ്ങൾ നൽകി. ഒരു ഭാരം കുറയ്ക്കലിലൂടെ ഞാനും വെയ്റ്റ് ലോസ് ട്രെയിനറായി.

ശരീരഭാരം കുറഞ്ഞതോടെ ഒട്ടേറെ മെച്ചങ്ങളുണ്ടായി. 25 വർഷമായി അലട്ടിയിരുന്ന മൈഗ്രെയ്ൻ മാറി. ഏതാണ്ട് 11 മാസം ഗ്യാസ് പ്രശ്നങ്ങൾക്കു ചികിത്സയിലായിരുന്നു ഞാൻ. ഡയറ്റിങ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ വയറിന്റെ പ്രശ്നമെല്ലാം മാറി.

ഇപ്പോൾ ഇഷ്ടപ്പെട്ട വേഷം ധരിക്കാം. വണ്ണമുണ്ടായിരുന്നതിനെക്കാൾ പ്രായം കുറവ് തോന്നുന്നത് ഇപ്പോഴാണെന്നു കാണുന്നവരെല്ലാം പറയും. ഇതൊക്കെ പോരേ സന്തോഷിക്കാൻ...

വെയ്റ്റ് ലോസ് സീക്രട്ട്സ്

  • ചോറും മധുരവും ഒഴിവാക്കി

  • കാലറി കുറഞ്ഞ ഭക്ഷണ രീതി

  • പാലും ചായയും കാപ്പിയും നിർത്തി

  • ശരീര ഭാരത്തിനനുസരിച്ച് വെള്ളം കുടിച്ചു

  • ക്ഷീണം തോന്നിയാൽ സാലഡും പഴങ്ങളും

  • ദിവസവും ഹെർബൽ ടീ കുടിച്ചു

Tags:
  • Diet Tips