Friday 12 July 2019 11:35 AM IST : By സ്വന്തം ലേഖകൻ

‘വിവാഹിതരായാലും ഒരു നല്ല ഭർത്താവായിരിക്കാൻ എനിക്ക് കഴിയില്ല’! കാമുകൻ സ്വവർഗ പ്രേമി; ഞെട്ടിപ്പിക്കുന്ന അനുഭവം

homophobe

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചികിത്സ. ജീവിത വിജയ–വിഷയങ്ങളെ പരിചയപ്പെടാം. ഡോക്ടർ അനിൽ പ്രഭാകരൻ സംശയങ്ങൾക്ക് മറുപടി നൽകുന്നു.

എന്റെ സുഹൃത്തിനു വേണ്ടിയാണെഴുതുന്നത്. ഞങ്ങൾ ചെറുപ്പം മുതലേയുള്ള സൗഹൃദമാണ്. വീട്ടുകാർക്കും പരസ്പരം അറിയാം. ഒരുമിച്ച് കോളജിൽ പോവുകയും പഠിക്കുകയും ഒക്കെ ചെയ്തിരുന്നപ്പോൾ എപ്പോഴോ അവനോട് എനിക്ക് പ്രണയം തോന്നി. ഞാൻ പല രീതിയിൽ അതു പ്രകടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ ഗൗനിച്ചതേയില്ല. അപ്പോഴും എന്നോടുള്ള ചങ്ങാത്തത്തിന് ഒരു കുറവുമുണ്ടായില്ല. ഈയിടെ എനിക്ക് വിവാഹാലോചനകൾ തുടങ്ങിയപ്പോൾ കുടുംബക്കാർ ഞങ്ങളുടെ കാര്യം എടുത്തിട്ടു. പണ്ടേ കൂട്ടുകാരായവർ...അറിയാവുന്ന കുടുംബം...ഇതങ്ങു നടത്താമെന്ന് അവർ തീരുമാനിച്ചു. എന്റെയും ആഗ്രഹം അതായിരുന്നല്ലോ...എന്നാൽ അവന് തീരെ ഉത്സാഹം കണ്ടില്ല. മറ്റു ബന്ധം വല്ലതുമുണ്ടെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഒരുദിവസം അവനെന്നോട് തുറന്നുപറഞ്ഞു സ്ത്രീകളോട് താൽപര്യം ഇല്ലെന്ന്.

കുടുംബത്തിലെ പൊട്ടിത്തെറി ഒാർത്ത് അവൻ ആരോടും പറയാത്തതാണത്രെ. വിവാഹിതരായാലും ഒരു നല്ല ഭർത്താവായിരിക്കാൻ കഴിയില്ല എന്നുറപ്പുള്ളതുകൊണ്ടാണ് എന്നോടു പറഞ്ഞത്. വിവാഹത്തിന് എനിക്ക് സമ്മതമില്ല എന്നു പറഞ്ഞ് രക്ഷിക്കണമെന്നു കാലുപിടിച്ചു. എന്റെ വിവാഹം കഴിയുമ്പോൾ കേരളത്തിനു പുറത്തെവിടെങ്കിലും പഠിക്കാനായി പോകാനാണ് തീരുമാനം. ഇനിയുള്ള കാലം സ്ത്രീയായി കുറച്ചുകൂടി സ്വതന്ത്രമായി ജീവിക്കണം എന്നൊക്കെ പറയുന്നു...

ഇതെല്ലാം കേട്ട് ഞാനാകെ തകർന്നുപോയി. ഡോക്ടർ, എന്തുകൊണ്ടാണ് ചിലർ സ്വവർഗത്തോട് താൽപര്യമുള്ളവരാകുന്നത്? ഈ താൽപര്യം ഒരിക്കലും മാറില്ലേ? ഇവൻ പുറമേ ആണുങ്ങളേപ്പോലെ തന്നെയാണ്. നടപ്പിലും സംസാരത്തിലുമൊന്നും സ്ത്രൈണതയില്ല. അങ്ങനെയുള്ള സ്വവർഗപ്രേമികൾ ഉണ്ടാകുമോ? അവന്റെ കുടുംബത്തിൽ മറ്റാർക്കും ഇത്തരമൊരു സ്വഭാവമില്ല. ഇതു കൗൺസലിങ്ങിലൂടെ മാറ്റാനാകുമോ?

നീത ജയദേവൻ, തിരുവനന്തപുരം

പ്രിയ സഹോദരി,

1980 കൾക്ക് മുൻപ് സ്വവർഗ്ഗലൈംഗികതയെ ഒരു അസുഖമായാണ് കരുതിയിരുന്നത്. 90കൾ ആയപ്പോഴേക്കും ഇതൊരു രോഗമല്ല, ചികിത്സ ആവശ്യമില്ല എന്നൊരു തിരിച്ചറിവിലേക്ക് എത്തിച്ചേർന്നു. സ്വവർഗ്ഗലൈംഗികത ഒരു തകരാറല്ല, മറിച്ച് വ്യക്തികൾ സ്വന്തം സ്നേഹവും ലൈംഗികതയും പ്രകടിപ്പിക്കുന്ന രീതി മാത്രമാണെന്ന് ആളുകൾ അംഗീകരിച്ചുതുടങ്ങി.

ലൈംഗികപരമായ ഒട്ടേറെ വ്യത്യസ്ത സ്വഭാവവിശേഷങ്ങൾ ഉണ്ട്. പ്രധാനമായത് ഇവയൊക്കെയാണ്.

∙ ലെസ്ബിയൻ–പ്രണയവും ലൈംഗികാകർഷണവും സ്ത്രീകളോടു മാത്രം തോന്നുന്ന സ്ത്രീകൾ. ഇവർ ശാരീരികമായി സ്ത്രീകൾ തന്നെയായിരിക്കും.

∙ ഗേ– പുരുഷനോടു മാത്രം സ്നേഹം തോന്നുന്ന പുരുഷൻ‌. ഇവർ ശാരീരികമായി പുരുഷൻ തന്നെയായിരിക്കും.

∙ ബൈസെക്‌ഷ്വൽ– ആണിനോടും പെണ്ണിനോടും ഒരേപോലെ പ്രണയവും ലൈംഗികാകർഷണവും തോന്നുന്നവർ. ഇവർക്ക് എതിർലിംഗത്തോട് ഇഷ്ടക്കേടോ വൈകാരികമായി ഇടപഴകാൻ ബുദ്ധിമുട്ടോ കാണില്ല. ഇങ്ങനെയുള്ളവർക്ക് വിവാഹം കഴിച്ച് സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

∙ ട്രാൻസ് ജെൻഡർ–ജന്മനാലുള്ള ലിംഗസ്വഭാവത്തിനു വിപരീതമായ ലിംഗസ്വഭാവം സങ്കൽപിക്കുന്നവരാണ് ട്രാൻസ്ജെൻഡർ. ‍ഹിജഡയെന്നു പൊതുസമൂഹം വിളിക്കുന്നത് ഇവരെയാണ്.

സ്ത്രൈണത ഉള്ളിലൊളിപ്പിച്ച പുരുഷന്മാരെല്ലാം സ്ത്രൈണതയോടെ പെരുമാറുമെന്നത് സിനിമകളിലൂടെ സൃഷ്ടിക്കപ്പെട്ട ബോധമാണ്. യഥാർഥ ജീവിതത്തിൽ, പുറമേ ഇത്തരം പെരുമാറ്റങ്ങളൊന്നും പ്രകടമാക്കാത്തവരുമുണ്ടാകാം. ഇനിയും സ്വവർഗലൈംഗികതയെക്കുറിച്ച് പൂർണമായി മനസ്സിലാക്കാൻ ഗവേഷകർക്കു കഴിഞ്ഞിട്ടില്ല. പല വ്യത്യസ്ത രീതികളും ഉള്ളതുകൊണ്ട് സ്വവർഗ ലൈംഗികത എന്നത് ഒരു സ്പെക്ട്രം (പലതരം സ്വഭാവവിശേഷങ്ങൾ ചേർന്ന ബാൻഡ്) ആണെന്നു പറയാറുണ്ട്.

എന്തുകൊണ്ടാണ് സ്വവർഗ്ഗാനുരാഗികൾ ഉണ്ടാകുന്നത് എന്നതിനു കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. പാരമ്പര്യസ്വാധീനം ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. വ്യക്തികളുടെ തലച്ചോറിലെ ന്യൂറോൺ ഇഴപാകലുകളിലെ വ്യത്യാസമാണ് കാരണം എന്നാണ് ഇപ്പോഴത്തെ നിഗമനം. സാമൂഹികവും വൈകാരികവുമായ പല അനുഭവങ്ങളും സ്വവർഗ്ഗലൈംഗികതയിലേക്ക് നയിക്കുന്നതായി കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് ചെറിയ പ്രായത്തിലേ തന്നെ ലിംഗവ്യത്യാസം അനുസരിച്ച് വളർത്താത്തത്. പെൺകുട്ടികളെ ആൺകുട്ടികളുടെ വേഷം ധരിപ്പിക്കുന്നതും മറിച്ചും ചെയ്യുന്നത് സ്വവർഗ്ഗ താൽപര്യങ്ങളുണരാൻ ഇടയാക്കുന്നതായി കാണാറുണ്ട്. കുടുംബത്തിലെ താളപ്പിഴകൾ, അമിതമായ ഉൾവലിയൽ മൂലംഎതിർലിംഗത്തോട് ഇടപഴകാനുള്ള മടി എന്നിവയെല്ലാം സ്വവർഗ്ഗത്തോട് വൈകാരികമായ ഒരു അടുപ്പക്കൂടുതലിന് ഇടയാക്കാറുണ്ട്.

രോഗമല്ല, സ്വഭാവരീതി മാത്രം

ഇനി കുട്ടിയുടെ കാര്യത്തിലേക്കു വരാം. താങ്കളുടെ സുഹൃത്തിന്റെ സ്വവർ‍ഗ താൽപര്യം ഒരു രോഗമല്ല എന്നാദ്യം മനസ്സിലാക്കുക. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സ്വഭാവം മാറ്റാൻ ചികിത്സയും വേണ്ട.കൗൺസലിങ് എന്നത് ഒരാളുടെ മനസ്സിനെ കഴുകിവെടിപ്പാക്കുന്ന വാക്വം കീനർ പോലൊരു സംഗതിയാണെന്നു ധരിക്കരുത്. കൗൺസലിങ് കൊണ്ട് ഒരാളുടെ മാനസികവികാരങ്ങളെ നീക്കാനൊന്നും പറ്റില്ല.

ഇനി രണ്ടും കൽപിച്ച് നിർബന്ധിച്ച് വിവാഹം കഴിച്ചാൽ തന്നെ വൈവാഹികജീവിതത്തിലുള്ളതായ ലൈംഗികപ്രചോദനമോ താൽപര്യമോ ഒന്നും പ്രതീക്ഷിക്കേണ്ട. കുറച്ചുകൂടി വ്യക്തമാക്കിയാൽ നിങ്ങൾക്ക് മറ്റൊരു പെൺകുട്ടിയോടു തോന്നുന്ന വൈകാരികഭാവമേ നിങ്ങളുടെ സുഹൃത്തിന് നിങ്ങളോടു കാണൂ. നിർഭാഗ്യവശാൽ നിങ്ങൾ സ്നേഹിച്ച ആളുടെ മനസ്സും ആഗ്രഹങ്ങളും വേറൊരു രീതിയിലാണ്. അതു മനസ്സിലാക്കി യുക്തമായ തീരുമാനമെടുക്കുക.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. അനിൽ പ്രഭാകരൻ

പ്രഫസർ & ഹെഡ്

സൈക്യാട്രിവിഭാഗം

മെഡി. കോളജ് ഹോസ്പിറ്റൽ

തിരുവനന്തപുരം

dranilprabhakaran@gmail.com

Tags:
  • Vanitha Sex