Monday 14 October 2019 12:41 PM IST

കഞ്ചാവ് അഡിക്ഷൻ മാറ്റാൻ പോൺ വിഡിയോ! നിംഹാൻസിൽ ചികിത്സയ്ക്കെത്തിയ 23കാരൻ; പഠനം

Santhosh Sisupal

Senior Sub Editor

nh

എൻജിനീയറിങ് പഠനം പാതിവഴി ഉപേക്ഷിച്ച ആ 23 കാരനെ ബന്ധുക്കൾ ബെംഗളൂരുവിലെ നിംഹാൻസിൽ എത്തിച്ചത്, അശ്ലീല വിഡിയോകളോടുള്ള അടിമത്തം (പോൺ അഡിക്ഷൻ) മാറ്റാനായിരുന്നു. പോൺ വിഡിയോകൾക്കൊപ്പം അതുമായി ബന്ധപ്പെട്ട ഗെയിമിലുമൊക്കെയായി ദിവസം ആറുമുതൽ 15 മണിക്കൂർവരെ ഈ യുവാവ് ചെലവഴിച്ചിരുന്നു. നേരത്തേ കഞ്ചാവിനോടുണ്ടായ അഡിക്‌ഷൻ മാറ്റാനായി കണ്ടെത്തിയ വഴിയായിരുന്നു അശ്ലീലവീഡിയോകൾ എന്നു നിംഹാൻസിലെ ചികിത്സകർ തിരിച്ചറിഞ്ഞു. അത്തരം വിഡിയോകൾ കണ്ടു തുടങ്ങിയതോടെ യുവാവിനു കഞ്ചാവിൽ താൽപര്യം കുറഞ്ഞു. ക്രമേണ പോൺ വിഡിയോ അഡിക്‌ഷൻ ആയതോടെ മയക്കുമരുന്നിനോടുള്ള താൽപര്യം തീർത്തും ഇല്ലാതായി.

ഈ രോഗിയുെട കാര്യത്തിൽ നിഹാൻസിലെ ചികിത്സകരും ഗവേഷകരും പഠന നിരീക്ഷണങ്ങൾക്കു ശേഷം ശ്രദ്ധേയമായ ഒരു പഠന റിപ്പോർട്ട് പുറത്തുവിട്ടു. ‘‘കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതിനു തുല്യമായ ഉത്തേജനവും സുഖാനുഭൂതിയും അശ്ലീലവിഡിയോ കാണുന്ന പലർക്കും ഉണ്ടാകുന്നു. അത് അനിയന്ത്രിതമായ പോൺ അഡിക്‌ഷനിലേക്ക് യുവതലമുറയെ നയിച്ചേക്കും’’

nh-3

സൈക്കോളജി, സൈക്യാട്രി, ന്യൂറോളജി

ഈ സംഭവകഥപോലെ രോഗികളിൽ നിന്നു പഠനഗവേഷണങ്ങളിലേക്കും ഗവേഷണഫലങ്ങൾ രോഗികളിലേക്കും വേഗം പകർന്നുകൊടുക്കുന്ന അസാധാരണമായ ഒരു സ്ഥാപനം മാത്രമല്ല നിംഹാൻസ് എന്നറിയപ്പെടുന്ന ബെംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത് ആൻഡ് ന്യൂറോ സയൻസസ്. മാനസികരോഗ ചികിത്സയിലെ ഏഷ്യയിലെ തന്നെ മികച്ച ആശുപത്രികളിലൊന്ന്, നാഡീരോഗ ചികിത്സകളിൽ ഇന്ത്യയിലെ തന്നെ മികച്ച കേന്ദ്രം. സൈക്കോളജി മുതൽ സൈക്യാട്രിയും, ന്യൂറോളജിയും ഉൾപ്പെടെയുള്ള ഇരുപതിലധികം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റ് പരിശീലനവും നൽകുന്ന ഇന്ത്യയിലെ തന്നെ അപൂർവ സ്ഥാപനം. ഇങ്ങനെ നിംഹാൻസിന്റെ പ്രത്യേകതകൾ പറയാനാണെങ്കിൽ ഏറെയുണ്ട്. എന്നാൽ നമ്മൾ മലയാളികൾക്ക് മനസ്സിനു സാന്ത്വനത്തിനായി തിരുവനന്തപുരത്തുനിന്നും പോലും തീവണ്ടിയിലെ ഒരു രാത്രിയാത്ര കൊണ്ട് എത്താവുന്ന ഇടമാണ് നിംഹാൻസ്. അതുകൊണ്ടു തന്നെ മാനസികാരോഗ്യപ്രശ്നങ്ങളുമായി ധാരാളം മലയാളികൾ ദിവസവും നിംഹാൻസിലേക്ക് പ്രവഹിക്കുന്നു. റഫറൻസ് കത്തുമായോ അല്ലാതെയോ, ആർക്കും നേരിട്ട്, ഒപിയിലേക്ക് എത്താം. അവിടെ ഒരു ഡോക്ടറുടെ പരിശോധനകഴിഞ്ഞാണ് ഏതു വിഭാഗത്തിലേക്കു രോഗിയെ അയയ്ക്കണമെന്നു തീരുമാനിക്കുന്നത്.

തണൽ മരങ്ങൾക്ക് ഇടയിൽ

ആശുപത്രി കാംപസിലേക്കു പ്രവേശിക്കുന്ന പോലല്ല തണൽ മരങ്ങൾ നിറഞ്ഞ ഒരു അവധിക്കാല റിസോർട്ടിലേക്കു പോകുന്നതു പോലയുള്ള അനുഭവമാണിവിടെ. നൂറ്റി അൻപതോളം ഏക്കറിലായി വ്യാപിച്ചുകിടക്കുന്നതാണ് നിംഹാൻസ് ക്യാംപസ്. ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങളും മികച്ച ചികിത്സകരും. രാജ്യത്തെ ഏറ്റവും നല്ല ചികിത്സ രോഗികൾക്ക് ഇവിടെ ലഭിക്കുന്നു. ഒപ്പം രോഗീ പുനരധിവാസത്തിനാവശ്യമായ പരിശീലനവും സഹായവും നൽകുന്നുമുണ്ട്.

സൈക്കോളജിയും സൈക്യാട്രിയും ന്യൂറോളജിയും അവയിലെ അതിസൂക്ഷ്മ സ്പെഷ്യൽറ്റികളും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതാണ് ഏറ്റവും മികച്ച നേട്ടം. മാനസിക പ്രശ്നവുമായെത്തുന്ന രോഗിക്ക് മരുന്നുചികിത്സ വേണ്ട അവസ്ഥയാണെങ്കിൽ സൈക്യാട്രിസ്റ്റിന്റെ അടുത്തേയ്ക്കും മറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ആവശ്യമുള്ള രോഗിയെ അങ്ങോട്ടയയ്ക്കാനും ഒരു ചികിത്സാ വിഭാഗത്തിനും മടിയില്ല. ഇത്തരം ക്രോസ് റഫറലും ആവശ്യമെങ്കിൽ വിവിധ ചികിത്സാ വിദഗ്ധർ തമ്മിൽ ആശയവിനിമയവും നടക്കുന്നതാണ് ഈ ആശുപത്രിയുെട വലിയ മേൻമ.‌ കുട്ടികൾക്കും കൗമാരക്കാർക്കും മുതിർന്നവർക്കുമെല്ലാം വേർതിരിച്ചാണ് ഇവിടെ മാനസികരോഗ ചികിത്സ നൽകുന്നത്.

nh-1

ആയുർവേദത്തിനും ഇടം

മാനസികവൈകല്യങ്ങളുടെയും നാഡീതകരാറുകളുടെയും ചികിത്സയിൽ ആയുർവേദത്തിന്റെ പ്രയോഗസാധ്യതകളെക്കുറിച്ച് ഗേവഷണത്തിനായി ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിെന്റ കീഴിൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ആയുർ‌വേദ ഇൻ മെന്റൽഹെൽത് ആൻഡ് ന്യൂറോ സയൻസും ഇവിെട പ്രവർത്തിക്കുന്നു. നിംഹാൻസ് ഇന്റഗ്രേറ്റഡ് സെന്റർ ഫോർ യോഗ, വെർച്വൽ ലേണിങ് സെന്റർ, WHO സഹകരണത്തോടെ സെന്റർ ഫോർ ഇൻജുറി പ്രിവൻഷൻ ആൻഡ് സേഫ്റ്റി തുടങ്ങി വിവിധ ചികിത്സ, പഠന, ഗവേഷണ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.

മനസ്സുഖത്തിനൊരു സെന്റർ

മാനസികപ്രശ്നങ്ങൾ മാത്രമേയുള്ളൂ, മരുന്നു ചികിത്സയോ സൈക്യാട്രിസ്റ്റിന്റെ സേവനങ്ങളോ ആവശ്യമില്ല എന്നു സ്വയം തോന്നുന്നവർക്ക് പോകാനും നിംഹാൻസിൽ‌ ഒരു സ്ഥലമുണ്ട്. ഇതാണ് ‘നിംഹാൻസ് സെന്റർ ഫോർ വെൽബീങ്’. സൈക്കോളജിസ്റ്റുകളുെട സേവനം ലഭ്യമാകുന്ന ഈ കേന്ദ്രം പ്രധാന ക്യാംപസിനു പുറത്താണ് സ്ഥിതിചെയ്യുന്നത്.

ഫാമിലി കൗൺസലിങ് മുതൽ മരുന്നില്ലാത്ത വിവിധ മനശ്ശാസ്ത്ര ചികിത്സകൾ വരെ ഇവിടെ ലഭിക്കും. ആവശ്യമെങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ സൈക്യാട്രി വിഭാഗത്തിലേക്കു റഫർ ചെയ്യും.

ബ്രെയിൻ ബാങ്കും മ്യൂസിയവും രോഗികൾക്കുമാത്രമല്ല, സന്ദർശകരേയും നിംഹാൻസ് കാത്തിരിക്കുന്നു. ഇന്ത്യയിലെ മാനസികാരോഗ്യചികിത്സാ ഗവേഷണ രംഗത്തെ നാഴികക്കല്ലുകളും നിംഹാൻസിന്റ വളർച്ചാ ചരിത്രവും വ്യക്തമാക്കുന്ന നിംഹാൻസ് മ്യൂസിയം ഇതിലൊന്നാണ്. ഇതിനു പുറമെയുള്ള അപൂർവകാഴ്ചയാണ് ബ്രെയിൻ ബാങ്കും മ്യൂസിയവും. വിവിധരോഗങ്ങൾ ബാധിച്ച തലച്ചോറുകളും മസ്തിഷ്കത്തിന്റെ വളർച്ചാ അവസ്ഥകളും പ്രദർശിപ്പിക്കുന്നതിനും പഠനത്തിനാവശ്യമായ വിവരങ്ങൾ നൽകുന്നതിനും നിംഹാൻസിന്റെ ബ്രെയിൻ‌ബാങ്കും മ്യൂസിയവും സജ്ജമാണ്.

nh-2

മലയാളികളും നിംഹാൻസും

നിംഹാൻസിെല സൈക്കോളജിയും സൈക്യാട്രിയും ന്യൂറോളജിയും ഉൾപ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളിൽ ധാരാളം മലയാളികൾ പ്രവർത്തിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ നിന്നുള്ള പ്രസീദ് കുമാർ ആണ് ഇപ്പോൾ നിംഹാൻസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ. ബാംഗ്ലൂർ സിറ്റി റെയിൽവേസ്റ്റേഷൻ, മെജസ്റ്റിക് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും ഏതാണ്ട് എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ നിംഹാൻസിലെത്താം.

ചികിത്സയ്ക്കു പോകുമ്പോൾ

ചികിത്സാ ആവശ്യങ്ങൾക്കായി നിംഹാൻസിൽ പോകുന്നവർക്ക് ഓൺലൈനായി അപ്പോയ്ന്റ്മെന്റ് നിശ്ചയിക്കാം. www.nimhans.ac.in, സർക്കാരിന്റെ ഓൺലൈൻ രജിസ്ട്രേഷൻ സൈറ്റായ www.ors.gov.in എന്നിവയിലൂടെ കൺസൽറ്റേഷൻ തീയതിയും ഡോക്ടറേയും മുൻകൂട്ടി നിശ്ചയിക്കാം. ഒപി സംബന്ധമായ മറ്റ് വിവരങ്ങൾ ക്ക് 080–26995530 എന്ന നമ്പരിലും ബന്ധപ്പെടാംമനശ്ശാസ്ത്ര ചികിത്സയ്ക്കും സേവനങ്ങൾക്കും സെന്റർ ഫോർ വെൽബീങ് ലേക്കു പോകാം. കൂടുതൽ വിവരങ്ങൾ nimhans.wellbeing@gmail.com ലേക്ക് മെയിൽ അയച്ചാൽ ലഭ്യമാകും.080–26685948, 9480829670 എന്നീ നമ്പരുകളിൽനിന്നും വിവരം ലഭിക്കും.