Saturday 29 September 2018 03:19 PM IST : By സ്വന്തം ലേഖകൻ

ഏഴു ദിവസം കൊണ്ട് അഞ്ച് കിലോ വരെ കുറയ്ക്കാം; ശരീരം സ്ലിമ്മായി സൂക്ഷിക്കാൻ ആയുർവേദത്തിലുണ്ട് ചില പൊടിക്കൈകൾ

arogyam

കൃത്യസമയത്തു ഭക്ഷണം കഴിക്കാതിരിക്കുക, ശരീരസ്ഥിതി അനുസരിച്ചല്ലാതെ ഭക്ഷണം കഴിക്കുക, സമീകൃതമായ ആഹാരം കഴിക്കാതിരിക്കുക, ശാരീരികവും മാനസികവും ആയ അധ്വാനം കുറഞ്ഞു വരിക തുടങ്ങിയതെല്ലാം തന്നെ ഇപ്പോൾ ജനങ്ങളെ കൂടുതൽ തടിയന്മാരാക്കി. തടിച്ചു കൊഴുത്ത മൃഗങ്ങളെ കാണാൻ പ്രയാസമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ തടിച്ചുകൊഴുത്ത മനുഷ്യർ ഇപ്പോൾ മുൻകാലങ്ങളെ അപേക്ഷിച്ചു കൂടുതലായിക്കൊണ്ടിരിക്കുകയാണ്.

അമിതവണ്ണം പലവിധ രോഗങ്ങളുടെയും അമ്മയാണ്. ഇപ്പോൾ മരണത്തിനുള്ള ഒരു പ്രധാന കാരണം അമിതവണ്ണവും അതിനോടനുബന്ധിച്ചുള്ള രോഗങ്ങളുമായി മാറിക്കൊണ്ടിരിക്കുകയാണ്. ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നതാണ് അമിതവണ്ണത്തിനു കാരണം. സ്ത്രീകളിൽ കൊഴുപ്പിന്റെ അളവു മുപ്പതു ശതമാനത്തിൽ അധികമാണെങ്കിലും പുരുഷന്മാരിൽ ഇരുപത്തിയഞ്ചു ശതമാനത്തിൽ അധികമാണെങ്കിലും അമിതവണ്ണം ഉള്ളവരായി കണക്കാക്കാം.

അമിതവണ്ണമുള്ളവർക്ക് ഏഴു ദിവസം തുടർച്ചയായി ചെയ്യേണ്ടതായ ഒരു ഭക്ഷണക്രമമാണ് ഇനി വിവരിക്കുന്നത്. ഇതോടൊപ്പം ഏഴു ദിവസത്തെ ആയുർവേദ ചികിത്സയും വേണം. ഈ ഭക്ഷണ– ആയുർവേദ ചികിത്സാ പാക്കേജ് തുടർച്ചയായി ഏഴു ദിവസം ചെയ്താൽ അമിതവണ്ണം കുറയുന്നതായി ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൂന്നു മുതൽ അഞ്ചു കി.ഗ്രാം വരെ 7 ദിവസംകൊണ്ടു ഭാരം കുറയുന്നുണ്ട്. വണ്ണം വളരെക്കൂടുതൽ ഉള്ളവർ 14 ദിവസമെങ്കിലും ഭക്ഷണത്തോടൊപ്പം ചികിത്സ ചെയ്യേണ്ടതാണ്.

h-3

ഒന്നാം ദിവസം: വിശപ്പിനും ആവശ്യത്തിനും അനുസരിച്ച് വിവിധതരം പഴങ്ങൾ ഒന്നാമത്തെ ദിവസം കഴിക്കണം. വെള്ളത്തിന്റെ അംശം കൂടുതലുള്ള പഴങ്ങളാണു കഴിക്കാൻ ശ്രദ്ധിക്കേണ്ടത്. ഉദാഹരണം–തണ്ണിമത്തൻ, മുസംബി മുതലായവ. എന്നാൽ നേന്ത്രപ്പഴം തുടങ്ങിയ പഴങ്ങൾ ഒഴിവാക്കണം.

രണ്ടാം ദിവസം: രാവിലെ ഭക്ഷണം പുഴുങ്ങിയ മൂന്നു കഷണം കപ്പയാണ്. മറ്റു നേരങ്ങളിൽ വിവിധതരം പച്ചക്കറികൾ കഴിക്കുക. പാകം ചെയ്തും ചെയ്യാതെയും കഴിക്കാം. കുരുമുളകുപൊടിയും അൽപം ഉപ്പും ചേർക്കാം. ഭക്ഷണം പാകം ചെയ്യുന്നതിനായി എണ്ണകൾ ഒഴിവാക്കണം.

മൂന്നാം ദിവസം: പഴങ്ങളും പച്ചക്കറികളും വേവിച്ചും വേവിക്കാതെയും കഴിക്കുക. എന്നാൽ നേന്ത്രപ്പഴം മുതലായ പഴങ്ങളും കപ്പ മുതലായ കിഴങ്ങുകളും കഴിക്കാൻ പാടില്ല. മൂന്നു നേരവും ഈ ഭക്ഷണം തന്നെയാണു കഴിക്കേണ്ടത്.

നാലാം ദിവസം: ആകെ ആറു നേന്ത്രപ്പഴങ്ങളാണ് നാലാമത്തെ ദിവസത്തെ ഭക്ഷണം. മൂന്നു ഗ്ലാസ് പാലും നാലാമത്തെ ദിവസം കഴിക്കാം

h-1

അഞ്ചാം ദിവസം: മൂന്നു ചപ്പാത്തി മൂന്നു നേരമായി കഴിക്കുക. ചെറുപയർപരിപ്പ് കുതിർത്തതും പച്ചമുളകും മല്ലിയിലയും സവാളയും മല്ലിയിലയും തക്കാളിയും ചെറുനാരങ്ങാനീരും ചേർത്തു സാലഡ് ആക്കി കഴിക്കുക. കുറഞ്ഞത് ആറു തക്കാളിയെങ്കിലും കഴിക്കണം. കൂടാതെ 13 ഗ്ലാസ് വെള്ളമെങ്കിലും അഞ്ചാമത്തെ ദിവസം കുടിക്കണം.

ആറാം ദിവസം: മൂന്നു ചപ്പാത്തി ഉച്ചയ്ക്കും രാത്രിയുമായി കഴിക്കണം. പച്ചക്കറികൾ രാവിലെയും ഉച്ചയ്ക്കും രാത്രിയും വേവിച്ചും വേവിക്കാതെയും കഴിക്കുക. ഭക്ഷണത്തിൽ തക്കാളിയും ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഏഴാം ദിവസം: പഴച്ചാറുകളും പച്ചക്കറികളും കഴിക്കാം. കൂടാതെ മൂന്നു ചപ്പാത്തി രണ്ടു നേരമായി കഴിക്കുക.

h-2

ഇങ്ങനെ ഏഴു ദിവസവും ഏഴു തരത്തിലുള്ള ഭക്ഷണക്രമങ്ങളാണു ശീലിക്കേണ്ടത്. പ്രത്യേകം ശ്രദ്ധിക്കേണ്ടതായ കാര്യം എല്ലാ ദിവസവും കുറഞ്ഞത് 8–10 ഗ്ലാസ് വെള്ളം കുടിക്കണം. ചായയോ കാപ്പിയോ കുടിക്കണമെന്നുണ്ടെങ്കിൽ ചെറുനാരങ്ങാനീര് ചേർത്ത മധുരമില്ലാത്ത ചായയോ മധുരമില്ലാത്ത കാപ്പിയോ കുടിക്കാം. കുടിക്കാനുള്ള വെള്ളത്തിൽ ഇഷ്ടമാണെങ്കിൽ ചെറുനാരങ്ങാനീര് ചേർക്കാം. ഒാരോ ദിവസവും അതതു ദിവസങ്ങളിൽ പറഞ്ഞിരിക്കുന്ന ആഹാരങ്ങൾ ആവശ്യത്തിനും വിശപ്പിനും അനുസരിച്ചു കഴിക്കണം. എല്ലാ ദിവസവും വെജിറ്റബിൾ സൂപ്പും കഴിക്കാവുന്നതാണ്.

ഈ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന പഴങ്ങളും പച്ചക്കറികളും

പച്ചക്കറികൾ– കാരറ്റ്, കക്കിരിക്ക, വെള്ളരിക്ക, കാബേജ്, സവാള, തക്കാളി, ബീറ്റ്റൂട്ട്, മുതിര, മുള്ളങ്കി, കുമ്പളങ്ങ, ചെറുപയർ, കൊത്തമര.

പഴങ്ങൾ–തണ്ണിമത്തൻ, പപ്പായ, മാമ്പഴം, ആപ്പിൾ, ഒാറഞ്ച്, മുസംബി, മാതളം, മാങ്കോസ്റ്റിൻ, പേരയ്ക്ക, മുന്തിരി, െെപനാപ്പിൾ.

സൂപ്പ്– തക്കാളി, കാരറ്റ്, സവാള, വെളുത്തുള്ളി ഇവ പൊടിയായരിഞ്ഞ് വെള്ളം ചേർത്തു വേവിച്ച് കുരുമുളകുപൊടി, ഉപ്പ് ഇവ പാകത്തിനു ചേർത്തെടുക്കാം.

വണ്ണം കുറയ്ക്കുന്ന ഔഷധങ്ങൾ

വണ്ണം കുറയ്ക്കാൻ പുറമേ ചെയ്യുന്ന ചികിത്സകൾ കൂടാതെ ഉള്ളിലേക്കു കഴിക്കാൻ ഔഷധങ്ങളും നൽകുന്നു. അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ചില ഒൗഷധങ്ങളെ പരിചയപ്പെടുത്താം.

കുടകപ്പാലയരി, കൊന്നത്തൊലി, ദേവതാരം, മഞ്ഞൾ, മരമഞ്ഞൾ, മുത്തങ്ങ, പാടക്കിഴങ്ങ്, കരിങ്ങാലിക്കാതൽ, ത്രിഫലത്തോട്, മേപ്പിൽതൊലി ഇവ കഷായമായി കഴിക്കുക, ഇവ തന്നെ പൊടിച്ചു ലേപനം ചെയ്യുക, ഇവ ഫലപ്രദമാണ്. ഇതോടൊപ്പം ഈ മരുന്നുകളിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്.

വരാദി കഷായം, മരണാദി കഷായം, ഗുൽഗുലുതിക്തകം കഷായം എന്നീ കഷായങ്ങൾ വിധിപ്രകാരവും അനുപാതത്തോടൊപ്പവും പഥ്യത്തോടുകൂടിയും കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും.

മുതിര, ചാമ, യവം, ചെറുപയർ, െെതരിന്റെ തെളിവെള്ളം, മോര്, ത്രിഫല, ചിറ്റമൃത്, കടുക്ക, മുത്തങ്ങ, ഗുൽഗുലു, വെളുത്തുള്ളി, കുടംപുളി, കന്മദം എന്നിവയുടെ വിവിധതരം പ്രയോഗങ്ങൾ അമിതവണ്ണം കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. യവം, തൂവർച്ചിലയുപ്പ്, ചുക്ക്, വിഴാലരി, നെല്ലിക്ക സമം പൊടിച്ചു ശുദ്ധമായ തേൻ ഒരു ടീസ്പൂൺ ചേർത്തു ദിവസവും രാത്രി കഴിക്കുക. ശേഷം ചൂടുവെള്ളം കുടിക്കുക. ദിവസവും ത്രിഫല കഷായംവച്ച് രാത്രി കഴിക്കുക. ഈ രണ്ടു യോഗങ്ങളും അമിതവണ്ണം കുറയ്ക്കുന്നതിനു ഫലപ്രദമായി കണ്ടിട്ടുണ്ട്.

എന്തൊക്കെ കഴിക്കാം?

മാംസം, മുട്ട, െെതര്, നെയ്യ്, പാൽ, വലിയ മത്സ്യങ്ങൾ, െഎസ്ക്രീം, വറുത്ത ആഹാരങ്ങൾ, ശീതളപാനീയങ്ങൾ മുതലായവ അമിതവണ്ണമുള്ളവർ ഒഴിവാക്കണം. ഭക്ഷണത്തിൽ അന്നജത്തിന്റെയും കൊഴുപ്പിന്റെയും അളവു പരമാവധി കുറയ്ക്കണം. വിവിധതരം ഇലക്കറികൾ, കാരറ്റ്, കാബേജ്, തക്കാളി, ബീറ്റ്റൂട്ട്, പാവയ്ക്ക, കുമ്പളങ്ങ, ചുരക്ക, ഉള്ളി, പീച്ചിങ്ങ, വെണ്ടയ്ക്ക, മുരിങ്ങക്കായ, കക്കിരിക്ക, സവാള, ചെറുനാരങ്ങ, കുടംപുളി എന്നിവ കൂടുതലായി ഉൾപ്പെടുത്തുക. മുന്തിരി, ഒാറഞ്ച്, പപ്പായ, ആപ്പിൾ, മാംഗോസ്റ്റിൻ, പേരയ്ക്ക, മുസമ്പി, മാതളം എന്നിവ കഴിക്കാം.

h-4

വ്യായാമം വേണം

ദിവസവും വ്യായാമം ചെയ്യുന്നത് അമിതവണ്ണം കുറയ്ക്കും. ശരീരത്തിന് ആയാസത്തെ ഉണ്ടാക്കുന്ന കർമമാണ് വ്യായാമം. വ്യായാമം ചെയ്യുന്നതിനാൽ മേദസ്സ് ക്ഷയിക്കുന്നു. ശരീരം കടഞ്ഞെടുത്തു ഘടിപ്പിച്ചതുപോലെ ആയിത്തീരുന്നു. നടക്കുക, ഒാടുക, നീന്തുക തുടങ്ങിയ വ്യായാമങ്ങൾ അമിതവണ്ണം കുറയ്ക്കും. യോഗയും അമിതവണ്ണത്തെ ഇല്ലാതാക്കും.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. കെ. എസ്. രജിതൻ
സൂപ്രണ്ട്
ഔഷധി പഞ്ചകർമ ആശുപത്രി
ആൻഡ് റിസർച്ച് സെന്റർ, തൃശൂ

rajithanks@ gmail.com