Tuesday 08 January 2019 03:13 PM IST : By സ്വന്തം ലേഖകൻ

അസുഖങ്ങൾ അടിത്തറയിളക്കും മുമ്പ് വേണം കരുതൽ: സാമ്പത്തിക ആസൂത്രണത്തിന് 10 മാർഗങ്ങൾ

insurance

മലയാളികളുടെ ജീവിതച്ചെലവില്‍ മുഖ്യപങ്ക്‌ വഹിക്കുന്നത്‌ കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബാംഗങ്ങളുടെ ചികിത്സയുമാണ്‌. നമ്മുടെ വരുമാനത്തിന്റെ മുപ്പതു ശതമാനത്തിലേറെയാണ്‌ ചികിത്സയ്‌ക്കായി ചെലവിടേണ്ടിവരുന്നത്‌. കുടുംബത്തില്‍ ഒരാള്‍ക്ക്‌ അസുഖം വന്നാല്‍ അതു മതി ജീവിതത്തിന്റെ താളം തെറ്റാന്‍. വന്നത്‌ മാരക അസുഖമാണെങ്കില്‍ അതോടെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ആകെ ഉലയും. രോഗി അസുഖം മാറി ജീവിതത്തിലേക്കു തിരിച്ചുവന്നാലും കുടുംബത്തിന്റെ സാമ്പത്തിക നില തകർന്നിട്ടുണ്ടാകും. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍, ഓരോ അംഗത്തിന്റെയും ഭാവി ജീവിതം തുടങ്ങിയവയെ എല്ലാം ഇത്‌ അപകടത്തിലാക്കും.

അസുഖം ആര്‍ക്കും തടയാന്‍ കഴിയില്ല. അസുഖം വന്നാല്‍ വിദഗ്‌ധചികിത്സ നല്‍കണം. അതേ സമയം തന്നെ ഇത്‌ കുടുംബത്തിന്റെ സാമ്പത്തിക നിലയെയും കുടുംബാംഗങ്ങളുടെ സ്വപ്‌നങ്ങളെയും ജീവിതലക്ഷ്യങ്ങളെയും തകിടം മറിക്കാനും പാടില്ല. ഈ രീതിയിലുള്ള ഒരു സാമ്പത്തിക പ്ലാനിങ്‌ നടത്തിവേണം ജീവിതം കരുപ്പിടിപ്പിക്കാന്‍.

ചികിത്സയ്ക്ക് പണം

ചികിത്സയ്‌ക്കുള്ള പണം കണ്ടെത്താന്‍ പല മാര്‍ഗങ്ങളുണ്ട്‌. അതിലേറ്റവും ഫലപ്രദമായ മാർഗമാണ് ഇന്‍ഷുറന്‍സ്‌. മറ്റൊന്ന്‌്‌, കുടുംബജീവിതം ആരംഭിക്കുമ്പോള്‍ മുതലേ പ്രതിമാസ സമ്പാദ്യത്തിന്റെ ഒരു വിഹിതം ഇതിനായി മാറ്റിവയ്‌ക്കുകയും ചിട്ടയായി അത്‌ ഏതെങ്കിലും മാര്‍ഗത്തില്‍ നിക്ഷേപിക്കുകയുമാണ്‌.

രോഗങ്ങൾ സാമ്പത്തിക ബാധ്യതയായി മാറാതിരിക്കാൻ ഏറ്റവും അഭികാമ്യം ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ പുറത്തിറക്കുന്ന മെഡിക്ലെയിം പോളിസികളാണ്‌. മാരകരോഗങ്ങൾക്കുള്ള ക്രിട്ടിക്കൽ ഇൽനസ് പോളിസികൾക്കു പുറമെ ടേം ഇന്‍ഷുറന്‍സിനൊപ്പവും ചികിത്സ കവറേജ്‌ ലഭിക്കും. നാൽപതോളം മാരക അസുഖങ്ങള്‍ക്ക്‌ ഇത്തരത്തില്‍ കവറേജ്‌ ലഭിക്കും.

മെഡിക്ലെയിം പ്രീമിയമായി പ്രതിവര്‍ഷം അടയ്‌ക്കുന്ന 25,000 രൂപവരെ ആദായ നികുതി ഇളവ്‌ സെക്ഷന്‍ 80 ഡി പ്രകാരം ലഭിക്കും. മാതാപിതാക്കളുടെ പേരിലുള്ള പോളിസി നിങ്ങളാണ്‌ അടയ്‌ക്കുന്നതെങ്കില്‍ 25,000 രൂപ വരെയുള്ള അത്തരം പോളിസി പ്രീമിയത്തിനും നിങ്ങള്‍ക്ക്‌ നികുതി ഇളവ്‌ ലഭിക്കും. മാതാപിതാക്കളില്‍ ആരെങ്കിലും സീനിയര്‍ സിറ്റിസണ്‍ ആണ്‌ എങ്കില്‍ 30,000 രൂപവരെയുള്ള പ്രീമിയം തുകയ്ക്ക്‌ ഇളവു ലഭിക്കും.

പണം മാറ്റിവയ്ക്കാം

ആരോഗ്യ പരിരക്ഷയ്‌ക്കായി എത്രനാള്‍ മുതല്‍ പണം മാറ്റിവയ്ക്കണമെന്നതു പലരുടെയും സംശയമാണ്. ജോലിയിൽ പ്രവേശിച്ചോ അല്ലാതെയോ വരുമാനം വന്നു തുടങ്ങുമ്പോള്‍ മുതലേ ചികിത്സയ്‌ക്കായി ഒരു കരുതല്‍ ഉണ്ടാകുന്നതു നല്ലതാണ്‌. മെഡിക്ലെയിം പോളിസികൾ ഉണ്ടെങ്കിലും ഇത്തരം കരുതലുകൾ വലിയ ആശ്വാസമാകും.

ചെറുപ്പത്തില്‍ അസുഖം വരാന്‍ സാധ്യത കുറവാണ്‌. പക്ഷേ, മാതാപിതാക്കള്‍ക്ക്‌ അസുഖം പിടിപെട്ടാല്‍ ചികിത്സ ചെലവ്‌ ഭാരമാകും. മാത്രമല്ല എത്ര ചെറിയ പ്രായത്തിലേ മെഡിക്ലെയിം പോളിസികളില്‍ ചേരുന്നുവോ അത്രയും പ്രീമിയം കുറവായിരിക്കും. കവറേജ്‌ തുക പോളിസി ഉടമയുടെ പ്രായം എന്നിവയെ ആശ്രയിച്ചാണ്‌ പ്രീമിയം ഈടാക്കുന്നത്‌.

60 വയസ്സില്‍ താഴെയാണു മാതാപിതാക്കളുടെ പ്രായം എങ്കില്‍ അവരെയും നിങ്ങളുടെ പോളിസിയില്‍ ചേർത്തു കവറേജ്‌ ലഭ്യമാക്കാവുന്നതേയുള്ളൂ. വിവാഹിതനാകുന്നതോടെ ഇതിലേക്കു ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെയും പിന്നീടു മക്കളെയും ചേര്‍ക്കാവുന്നതാണ്‌. പക്ഷേ, പലരും ഇത്തരം കാര്യങ്ങള്‍ അസുഖം പിടിപെടുമ്പോള്‍ മാത്രമാണ്‌ ആലോചിക്കാറുള്ളത്‌. പ്രായം കൂടുന്തോറും പോളിസികളില്‍ ചേരുന്നതിനു മുന്‍കൂര്‍ വൈദ്യപരിശോധനയും ആവശ്യമായി വരാം..

ചെലവിന്റെ ആസൂത്രണം

ചികിത്സ ചെലവിനുള്ള ആസൂത്രണം രോഗം വരുമ്പോഴല്ല തുടങ്ങേണ്ടത്. വരുമാനം വന്നു തുടങ്ങുമ്പോൾ ആദ്യം ചെയ്യേണ്ടത് സ്വന്തം ജിവിത ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക എന്നതാണ്. അതില്‍ ബൈക്ക്‌, കാര്‍, വീട്‌, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയര്‍മെന്റ്‌ തുടങ്ങിയ കാര്യങ്ങളെല്ലാം ഉണ്ടാകും. പക്ഷേ, ആരോഗ്യരക്ഷ എന്ന സുപ്രധാനമായ ലക്ഷ്യം പലരും വിട്ടുപോകും.

ചികിത്സയ്‌ക്ക്‌ പണം എപ്പോഴാണ്‌ ആവശ്യമായി വരുക എന്ന്‌ മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ല എങ്കിലും ചെറുതുക ചിട്ടയായി നിക്ഷേപിച്ച്‌ വലിയ തുകയാക്കി മാറ്റുന്ന നിക്ഷേപ മാര്‍ഗങ്ങളെ ആശ്രയിക്കാം. വലിയ ഒരു തുക മൊത്തമായി ഒരുമിച്ച്‌ കിട്ടുമ്പോള്‍ അതു സ്ഥിരനിക്ഷേപമാക്കി മാറ്റുക.ഈ തുക മറ്റ്‌ ആവശ്യങ്ങള്‍ക്കു ചെലവഴിക്കാതെ ചികിത്സയ്‌ക്കുള്ള ഫണ്ട്‌ ആയി സൂക്ഷിക്കുക. അതല്ല മാസനിക്ഷേപത്തിലൂടെ ചികിത്സയ്‌ക്കുള്ള ഫണ്ട്‌ സ്വരുക്കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വിവിധ നിക്ഷേപമാര്‍ഗങ്ങളെ ആശ്രയിക്കാം.

നിക്ഷേപങ്ങള്‍ എങ്ങനെ?

പ്രതിമാസം മിച്ചം പിടിക്കുന്ന പണം മുഴുവന്‍ ചികിത്സയ്‌ക്കുള്ള ഫണ്ട്‌ ഉണ്ടാക്കാനായി മാറ്റിവയ്‌ക്കുന്നതും അഭികാമ്യമല്ല. മറ്റു ജീവിതലക്ഷ്യങ്ങളും നിറവേറ്റണമല്ലോ. പ്രതിമാസ സമ്പാദ്യത്തിന്റെ 15-20 ശതമാനം തുക ചികിത്സ ആവശ്യത്തിനായി മാറ്റിവയ്‌ക്കാം. ഈ തുക നിക്ഷേപിക്കാവുന്ന വിവിധ മാര്‍ഗങ്ങള്‍ ഇനി പറയുന്നു.

റിക്കറിങ് ഡിപ്പോസിറ്റ്‌

ആറുമാസം മുതല്‍ 10 വര്‍ഷം വരെ എത്ര കാലയളവ്‌ വേണമെങ്കിലും നിക്ഷേപകനു തിരഞ്ഞെടുക്കാം. പണത്തിന്‌ ആവശ്യം വന്നാല്‍ കാലയളവ്‌ എത്തുന്നതിനു മുൻപു നിക്ഷേപിച്ചിരിക്കുന്ന തുകയുടെ 75 മുതല്‍ 90 ശതമാനം വരെ വായ്‌പ ലഭിക്കും. ഡിപ്പോസിറ്റിന്‌ എത്രയാണോ പലിശ ലഭിക്കുന്നത്‌ അതിനേക്കാള്‍ രണ്ടു ശതമാനം വായ്‌പയ്‌ക്കു പലിശ കൂടു തലായിരിക്കും. ഇപ്പോള്‍ ബാങ്കുകള്‍ പരമാവധി 6.95 ശതമാനം വരെ 10 വര്‍ഷ റിക്കറിങ്‌ ഡിപ്പോസിറ്റിന്‌ പലിശ നല്‍കുന്നുണ്ട്‌. കാലാവധി എത്തുമ്പോള്‍ മുതലും പലിശയും ചേർത്തു നല്ലൊരു തുക ലഭിക്കും.

മ്യൂച്വല്‍ ഫണ്ട്‌

വളര്‍ച്ചാസാധ്യതയുള്ള ഓഹരികള്‍ കണ്ടെത്തി അവയില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടില്‍ പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷപിക്കുക.അങ്ങനെ അഞ്ചുകൊല്ലമോ പത്തുകൊല്ലമോ തുടരുകയും ചെയ്‌താല്‍ ഉറപ്പായും മറ്റേതൊരു മാര്‍ഗത്തില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം കയ്യിൽ വരും.

മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തിനു ബാങ്ക്‌ സ്ഥിര നിക്ഷേപത്തിലേതുപോലെ ലാഭം ഉറപ്പുതരാന്‍ കഴിയില്ല എന്ന കാര്യം മറക്കരുത്‌. അതുകൊണ്ടുതന്നെ ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപത്തിലെ മുതലിനെയും ലാഭത്തെയും ബാധിക്കും. 500 രൂപ മുതല്‍ നിക്ഷേപിക്കാം. ഒരുമിച്ച്‌ ഒരു തുക അടയ്‌ക്കാം. അല്ലെങ്കില്‍ പ്രതിമാസം നിക്ഷേപിക്കാം. എത്രവര്‍ഷംവരെ വേണമെങ്കിലും. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ 12 മുതല്‍ 20 ശതമാനം വരെ വാര്‍ഷിക ലാഭം നല്‍കുന്നുണ്ട്‌. നഷ്‌ടപ്പെട്ടാലും സാമ്പത്തിക സ്ഥിതിയെ ബാധിക്കാത്ത തുക മാത്രം ഇതില്‍ നിക്ഷേപിക്കാം.

പോസ്റ്റ് ഓഫിസ് ഡിപ്പോസിറ്റ്‌

60 മാസം കാലയളവുള്ള റിക്കറിങ്‌ ഡിപ്പോസിറ്റ്‌ പദ്ധതിയാണ്‌ പോസ്റ്റ് ഓഫിസ്‌ റിക്കറിങ്‌ ഡിപ്പോസിറ്റ്‌. പ്രതിവര്‍ഷം 6.9 ശതമാനം പലിശയാണ്‌ ഇപ്പോള്‍ ഇതിനു നല്‍കുന്നത്‌. മൂന്നുമാസം കൂടുമ്പോഴാണു പലിശ മുതലിനോട്‌ കോംപൗണ്ട്‌ ചെയ്യുന്നത്‌. കേന്ദ്രഗവണ്‍മെന്റിന്റെ ഗാരന്റിയുള്ള നിക്ഷേപമാര്‍ഗമാണിത്‌.

മുതലിനും പലിശയ്‌ക്കും ഗവണ്‍മെന്റ്‌ ഗാരന്റി ഉള്ളതിനാല്‍ നിക്ഷേപം ഏറ്റവും സുരക്ഷിതമാണ്‌. ഒരു നിശ്ചിത തുക എല്ലാ മാസവും തുടര്‍ച്ചയായി അഞ്ചുവര്‍ഷം നിക്ഷേപിക്കേണ്ട സ്‌കീം ആണിത്‌.

പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്ട്‌

സുരക്ഷിതത്വം, ആകര്‍ഷകമായ പലിശ, ആദായ നികുതി ഇളവ്‌ എന്നിവയെല്ലാം ഒത്തിണങ്ങിയ നിക്ഷേപമാര്‍ഗമാണിത്‌. ഇപ്പോള്‍ പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്ടിലെ നിക്ഷേപത്തിന് എട്ട്‌ ശതമാനമാണ്‌ വാര്‍ഷിക പലിശ ലഭിക്കുക. 15 വര്‍ഷമാണ്‌ നിക്ഷേപ കാലാവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ താല്‍പര്യമുണ്ടെങ്കില്‍ അഞ്ചുവര്‍ത്തേക്ക്‌ വീതം വീണ്ടും നിക്ഷേപം പുതുക്കാം.

‌വര്‍ഷം 1.5 ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാം. ചുരുങ്ങിയത്‌ ഒരു വര്‍ഷം 500 രൂപയെങ്കിലും നിക്ഷേപിച്ചിരിക്കണം. പ്രതിവര്‍ഷം 12 തവണ നിക്ഷേപിക്കാനും അവസരമുണ്ട്‌. അതായത്‌ ഒരുമിച്ചോ മാസ തവണകളായോ ഇതില്‍ നിക്ഷേപിക്കാം.

പി പി എഫ്‌ അക്കൗണ്ട്‌ തുടങ്ങി മൂന്നുവര്‍ഷം കഴിഞ്ഞാല്‍ നിബന്ധനകള്‍ക്ക്‌ വിധേയമായി വായ്‌പ സൗകര്യം ലഭിക്കും. ഫണ്ടിലുള്ള തുകയുടെ 25 ശതമാനം വായ്‌പയായി ലഭിക്കും. 36 മാസത്തിനുള്ളില്‍ വായ്‌പതുക പലിശ സഹിതം തിരിച്ചടയ്‌ക്കണം. നാലുവര്‍ഷം പൂര്‍ത്തിയായാല്‍ ഫണ്ടിലുള്ള തുകയുടെ 50 ശമതാനം ആവശ്യമെങ്കില്‍ പിൻവലിക്കാം. ഇതല്ലാതെ കാലാവധി പൂര്‍ത്തിയാകും മുൻപ് അക്കൗണ്ട്‌ ക്ലോസ്‌ ചെയ്‌ത്‌ പണം പിൻ‌വലിക്കാന്‍ സാധിക്കില്ല. നിക്ഷേപകന്റെ മരണം സംഭവിച്ചാല്‍ മാത്രമേ കാലാവധിക്കുമുൻപ് ക്ലോസ്‌ ചെയ്യാന്‍ അനുവദിക്കൂ.

ഈ നിക്ഷേപ പദ്ധതികൾ ഭാവിയിൽ വന്നേക്കാവുന്ന ചികിത്സ ചെ ലവുകൾ കൈകാര്യം ചെയ്യാൻ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. ഇനി ചികിത്സ ചെലവുമായി ബന്ധപ്പെട്ടു മറ്റു സാധാരണ സാമ്പത്തിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.

കുറിച്ചുവയ്ക്കാം വിവരങ്ങൾ

പലവീടുകളിലും ഗൃഹനാഥനായിരിക്കും മെഡിക്ലെയിം കാർഡുകൾ, ഇൻഷുറൻസ് പേപ്പറുകൾ, എടിഎം തുടങ്ങിയവയൊക്കെ സൂക്ഷിക്കുക. അദ്ദേഹത്തിനു പെട്ടെന്ന് എന്തെങ്കിലും അത്യാഹിതം വന്നാൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ബന്ധുക്കൾ നെട്ടോട്ടമോടുന്നതു കാണാം. ഇതു സംഭവിക്കാതിരിക്കാൻ കുടുബത്തിലെ മുഴുവൻ പേരുടേയും ഇൻഷുറൻസ് വിവരങ്ങൾ, നിക്ഷേപങ്ങൾ, ഐഡി കാർഡുകൾ തുടങ്ങിയവയുെട വിശദാംശങ്ങൾ ഒരു നോട്ട്ബുക്കിൽ എഴുതിവയ്ക്കണം. അത് പങ്കാളിക്കോ മക്കൾക്കോ അറിയാവുന്നതും ഒപ്പം ഏറ്റവും സുരക്ഷിതവുമായ ഇടത്ത് സൂക്ഷിക്കണം.

എടിഎം കാർഡുകൾ മറ്റൊരാളും ഉപയോഗിക്കാൻ പാടില്ലെങ്കിലും എടിഎം പാസ്‌വേഡ് പങ്കാളിയോടെങ്കിലും പങ്കുവെയ്ക്കുന്നത് അവശ്യഘട്ടങ്ങളിൽ ഉപകരിക്കും. ഈ വിവരങ്ങൾ സമയാസമയം പുതുക്കാനും ശ്രദ്ധിക്കണം.

ആശുപത്രിയിലായാൽ

ചികിത്സ പൂർത്തിയാക്കി ആശുപത്രി വിടാനായി അവസാന ബില്ല് കയ്യിൽ കിട്ടുമ്പോഴാകും പലരും ഞെട്ടുക. മെഡിക്ലെയിമുകളോ മറ്റു പരിരക്ഷകളോ ഇല്ലാത്ത രോഗികൾ മുറിയുെട വാടക മുതൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ മറ്റു പ്രൊസീജിയറുകൾ എന്നിവയുെട ചെലവുകൾ മുൻകൂട്ടി മനസ്സിലാക്കണം. അതിനായി ഹോസ്പിറ്റൽ ബില്ലിങ് വിഭാഗത്തെസമീപിക്കാം. അതനുസരിച്ച് പണം ആസൂത്രണം ചെയ്യാനുമാകും.

മുൻകൂട്ടി ആസൂത്രണം ചെയ്യാവുന്ന ശസ്ത്രക്രിയകളിലും മറ്റും ആ ശസ്ത്രക്രിയയ്ക്ക് ഏറ്റവും മികച്ച ആശുപത്രിയും ഡോക്ടറെയും കണ്ടെത്തുന്ന അത്ര പ്രാധാന്യമുണ്ട് അവയ്ക്ക് വരുന്ന ചെലവും. ഗുണമേൻമയുള്ള ചികിത്സയ്ക്കൊപ്പം കുറഞ്ഞ ചെലവുള്ള ആശുപത്രികൾ മുൻകൂട്ടി തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്.

താരതമ്യം നല്ലത്

കാൻസർ പോലുള്ള രോഗങ്ങളുടെ ചെലവ് സാമ്പത്തികശേഷി ഉള്ളവർക്കും താങ്ങാൻ പ്രയാസമാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സ കൊണ്ട് സാമ്പത്തികശേഷി തകർന്നു കഴിഞ്ഞ് ആർസിസിയിലും സർക്കാർ സ്ഥാപനങ്ങളിലുമെത്തുന്നവർ ധാരാളമുണ്ട്. ഇത്തരം രോഗാവസ്ഥകളിൽ സാമ്പത്തികശേഷി ഉണ്ടെങ്കിലും ചികിത്സയുടെ കാലയളവും ചെലവും താരതമ്യം ചെയ്തു ബുദ്ധിപരമായ തീരുമാനം ഒാരോ ഘട്ടത്തിലും കൈക്കൊള്ളുന്നത് സാമ്പത്തിക സുരക്ഷയ്ക്ക് സഹായകരമായിരിക്കും.

മെഡിക്കൽ എമർജൻസി ഫണ്ട്

പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനായി ഒരു എമർജൻസി ഫണ്ട് സൂക്ഷിക്കുന്നത് വളരെ പ്രയോജനകരമാണ്. ഓരോ മാസവും മിച്ചം വരുന്ന തുക ഈ ഫണ്ടിലേക്ക് നിക്ഷേപിക്കാമെന്നു മിക്കവരും വിചാരിക്കും. എന്നാൽ ഇതു നടക്കാതെ പോകാം. അതിനാൽ ശമ്പളം കിട്ടുമ്പോഴേ നിശ്ചിത തുക അതിലേക്കു മാറ്റിവയ്ക്കണം. മറ്റ് ആവശ്യങ്ങൾക്ക് എളുപ്പത്തിൽ എടുത്തു ചെലവാക്കാൻ കഴിയാത്തവിധം പ്രത്യേക മണിബോക്സിൽ നിക്ഷേപിക്കുന്നതാകും നല്ലത്. എപ്പോഴാണ് ഒരു മെഡിക്കൽ എമർജൻസി ഉണ്ടാകുന്നതെന്നു പറയാനാകില്ലല്ലോ.

വിവരങ്ങൾക്ക് കടപ്പാട്;
കെ.കെ ജയകുമാർ
ഫിനാൻഷ്യൽ ജേണലിസ്റ്റ്,
എറണാകുളം.