Saturday 21 December 2019 03:10 PM IST

റൈഡിങ് പ്രിയത്തിന് ഫുൾസ്റ്റോപ്പിട്ടത് പൊണ്ണത്തടി! 98ൽ നിന്നും 83ലേക്ക് തിരിച്ചെത്തി റിനിലിന്റെ പ്രതികാരം

Asha Thomas

Senior Sub Editor, Manorama Arogyam

rinil

മൂന്നു മാസങ്ങൾക്കു മുൻപ്, കുതിച്ചുപായുന്ന വണ്ടിയിലെ വേഗസൂചികളെ പോലെ ശരീരഭാരം കുതിച്ചുയർന്നപ്പോൾ റിനിൽ മനസ്സില്ലാ മനസ്സോടെ തന്റെ റൈഡിങ് പ്രേമത്തിനു ബൈ പറഞ്ഞു. എന്നാൽ ഇപ്പോൾ റിനിൽ ഒരു അടിപൊളി റൈഡിന്റെ പ്ലാനിങ്ങിലാണ്. എന്താണ് ഈ മൂന്നുമാസം കൊണ്ട് റിനിലിനു സംഭവിച്ചത് എന്നറിയണ്ടെ? ഒറ്റവാക്കിൽ പറഞ്ഞാൽ ഇത്രേയുള്ളു– ‘റൈഡിങ് ഭ്രമം മൂത്ത് 15 കിലോ കുറച്ചു.’

കൃത്യമായ ഡയറ്റ്–വ്യായാമ ക്രമീകരണത്തിലൂടെ മൂന്നു മാസം കൊണ്ട് 15 കിലോ കുറച്ചതെങ്ങനെയെന്ന് കൊച്ചി പനമ്പിള്ളി നഗർ സ്വദേശി റിനിൽ എഡ്വേർഡ് മനോരമ ആരോഗ്യത്തോട് പങ്കുവയ്ക്കുന്നു.

റൈഡിങ് പ്രിയത്തെ തകർത്ത അമിതവണ്ണം

‘‘ചെറുപ്പത്തിൽ അമിതവണ്ണം ഉണ്ടായിരുന്നില്ല. ഭക്ഷണശീലങ്ങളിലെ ചില മാറ്റങ്ങൾ മൂലം ഭാരം പെട്ടെന്നു കൂടുകയായിരുന്നു. അപ്പോഴും വണ്ണം കുറയ്ക്കുന്നതിനേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ അമിതവണ്ണം മൂലം എന്റെ ചില ഇഷ്ടങ്ങൾ ഉപേക്ഷിക്കേണ്ടി വന്നതാണ് വണ്ണം കുറയ്ക്കാനുള്ളതീരുമാനത്തിലെത്തിച്ചത്. ബൈക്ക് റൈഡിങ് എനിക്ക് വലിയ ഹരമായിരുന്നു. സമയം കിട്ടുമ്പോഴോക്കെ ലോങ് റൈഡുകൾ പോകും. ബാംഗ്ലൂരാണ് സ്ഥിരം സ്ഥലം. കോയമ്പത്തൂരും പോകാറുണ്ട്. പക്ഷേ, ശരീരഭാരം കൂടിയതോടെ കുറച്ചുദൂരം പോലും ബൈക്ക് ഒാടിക്കാൻ പ്രയാസമായി. പതിയെ റൈഡിങ് തന്നെ നിർത്തിവയ്ക്കേണ്ടി വന്നു.

നല്ലൊരു വസ്ത്രം വാങ്ങാൻ പോയാൽ ഇഷ്ടപ്പെട്ടതൊന്നും അളവൊത്തു ലഭിക്കില്ല. പാകമാകുന്നതു കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. ഇത് എന്റെ ആത്മവിശ്വാസത്തെ പോലും ബാധിച്ചുതുടങ്ങിയപ്പോൾ നേരേ എളംകുളത്തെ ഗ്ലാഡിയേറ്റർ ജിമ്മിൽ ചേർന്നു.

ദിവസവും രണ്ടു മണിക്കൂർ വ്യായാമത്തിനു മാറ്റിവച്ചു. വൈകുന്നേരങ്ങളിലായിരുന്നു ജിം പരിശീലനം. ആദ്യമൊക്കെ കാർഡിയോ വ്യായാമം മാത്രമാണ് ചെയ്തിരുന്നത്. പതിയെ സ്ട്രെങ്ത് ട്രെയിനിങ് തുടങ്ങി. ഒാരോ ദിവസവും ഒാരോ ശരീരഭാഗത്തിന് ഫോക്കസ് നൽകിയാണ് പരിശീലനം. എലിപ്റ്റിക്കൽ, റോപ് ട്രെയിനിങ്, ടയർ എക്സർസൈസ് എന്നിവയും ചെയ്യും. ജിം ട്രെയിനിങ് മാത്രമല്ല, സമയം കിട്ടുമ്പോൾ പുറത്ത് ഒാടാനും പോകും.

r2

അരിയാഹാരത്തോട് നോ പറഞ്ഞു

വ്യായാമം ചെയ്യുന്നതോടൊപ്പം ഡയറ്റിലും നല്ല മാറ്റം വരുത്തി. കാർബോഹൈഡ്രേറ്റ് നന്നേ കുറച്ചു. പ്രധാനമായും അരിഭക്ഷണം നിർത്തി. ചോറും അരി കൊണ്ടുള്ള പലഹാരങ്ങളും ഒഴിവാക്കി.

ഒാട്സ്, റാഗി ഫ്ലേക്സ് ഇവയിലേതെങ്കിലും ആണ് പ്രാതൽ. സോയ മിൽക്കോ കൊഴുപ്പുനീക്കിയ മിൽക്കോ ഇതിനൊപ്പം ചേർക്കും. കൂടെ പ്രാതലിന്റെ കറിയും (മുട്ട–ചിക്കൻ–ഫിഷ്) കഴിക്കും. ഇടയ്ക്കൊക്കെ വല്ലപ്പോഴും ഒരു അപ്പമോ ദോശയോ ഒക്കെ കഴിക്കും. ഒരു രുചിവ്യത്യാസത്തിന്...

ഇടനേരത്ത് കൊറിക്കലൊന്നുമില്ല. രാവിലെ 8.45 ഒാടെ പ്രാതൽ കഴിഞ്ഞ് അഞ്ചു മണിക്കൂർ കഴിഞ്ഞാണ് ഉച്ചഭക്ഷണം. ഒാഫിസ് വീടിന് അടുത്തായതിനാൽ കഴിവതും വീട്ടിൽ നിന്നു തന്നെ ഉച്ചഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നു. ചപ്പാത്തി രണ്ടെണ്ണം. ഒപ്പം ചിക്കനോ മീനോ മുട്ടയോ കഴിക്കും. ഇടനേരത്ത് പാൽ ചേർത്ത ചായയോ കാപ്പിയോ സ്നാക്സോ പതിവില്ല. ബ്ലാക് കോഫി കൊഴുപ്പുരുകാൻ സഹായിക്കുന്നതിനാൽ ഇടയ്ക്ക് അതു കുടിക്കും. വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിച്ചു.

വൈകുന്നേരം ഏഴ്–ഏഴര ആകുമ്പോഴാണ് ജിമ്മിൽ പോകുന്നത്.തിരികെ വരുമ്പോഴേക്കും ഒൻപതര ആകും. രാത്രി വൈകി അമിതഭക്ഷണമില്ല. സാലഡുകളാണ് കഴിക്കുക. കാരറ്റ്, കുക്കുമ്പർ പോലുള്ള പച്ചക്കറികളും പഴങ്ങളും കലർത്തി കഴിക്കും.

r1

മധുരത്തിന് ഡാർക് ചോക്‌ലറ്റ്

മധുരവും വറുത്ത ഭക്ഷണവും കുറച്ചു. മധുരത്തോട് വല്ലാത്ത േക്രവിങ് തോന്നുമ്പോൾ ചെറിയൊരു കഷണം ഡാർക് ചോക്‌ലറ്റ് കഴിക്കും.

ചിലപ്പോൾ കൂട്ടുകാരുമൊത്ത് പുറത്തു കഴിക്കാൻ പോകും. അ പ്പോൾ ഡയറ്റ് ഡേ ചീറ്റ് ഡേ ആകും. ഷവർമയൊക്കെയാണ് കഴിക്കുക. കഴിവതും അതിലെ മയണൈസ് കഴിക്കാതെ മാംസഭാഗവും പച്ചക്കറികളും മാത്രം കഴിക്കാൻ ശ്രദ്ധിക്കും. ഒരുദിവസം ഡയറ്റ് തെറ്റിയാൽ പിറ്റേ ദിവസം അര മണിക്കൂർ കൂടുതൽ വർക് ഔട്ട് ചെയ്യും.’’

മൂന്നുമാസം കർശനമായി ഡയറ്റ് നോക്കിയതിനും വ്യായാമം ചെയ്തതിനും ഫലം ഉണ്ടായി. ശരീരഭാരം 98ൽ നിന്നും 83–ലേക്ക് എത്തി. 183 സെ.മീ ആണ് റിനിലിന്റെ ഉയരം. ഇപ്പോൾ ഉയരത്തിന് ആനുപാതികമായ ഭാരമാണ്, പക്ഷേ, ഒരൽപം കൂടി കുറച്ച് 79 കിലോയിൽ എത്തിക്കണമെന്നാണ് ആഗ്രഹം.

‘‘വണ്ണം കുറഞ്ഞതോടെ സ്റ്റാമിന വർധിച്ചു. വണ്ണം കൂടിയപ്പോൾ ഇടാൻ പറ്റാതെ മാറ്റി വച്ചിരുന്ന പ്രിയപ്പെട്ട ഷർട്ടുകളൊക്കെ ഇട്ടുതുടങ്ങി. ഏറ്റവും സന്തോഷം ഇപ്പോൾ കൂളായി എത്ര ദൂരം വേണമെങ്കിലും ബൈക്ക് ഒാടിക്കാൻ പറ്റുമെന്നതാണ്’’–റിനിലിന്റെ മുഖത്തു മാത്രമല്ല ശരീരഭാഷയിലുമുണ്ട് പുതുതായി കിട്ടിയ ഊർജത്തിന്റെ തിളക്കം.