Saturday 23 March 2019 03:30 PM IST : By സ്വന്തം ലേഖകൻ

പ്രസവ ശേഷവും മാറ്റ് കുറയാതെ പ്രണയം! വികാരം കെടാതിരിക്കാൻ ഈ മാർഗങ്ങൾ

sex മോഡലുകൾ; പ്രിയയും സുധിറും

ഗർഭധാരണവും പ്രസവവും ഭൂമിയിൽ മാനവജീവിതം നിലനിർത്താനായി ദൈവം സ്ത്രീയ്ക്ക് കനിഞ്ഞരുളിയ അതിശ്രേഷ്ഠമായ കർത്തവ്യങ്ങളാണ്. പ്രസവം അവളുടെ ശരീരത്തിലും മനസ്സിലും ചില അടയാളങ്ങൾ ബാക്കിവയ്ക്കുന്നു. ഭാഗ്യവശാൽ മാഞ്ഞുപോകുന്നവയാണെങ്കിലും ചില സ്ത്രീകളിൽ ഇവ നിരാശയുളവാക്കുന്നു. ഈ അവസ്ഥ അവരുടെ ലൈംഗികജീവിതത്തെ വരെ ബാധിക്കുന്നൂ.

പ്രസവശേഷം മുടികൊഴിച്ചിൽ അൽപം കൂടുമെങ്കിലും ഏതാനും ആഴ്ചകൾക്കകം പൂർവാവസ്ഥയിലാകും. കറുപ്പുനിറം,നീര് എന്നിവയും അപ്രത്യക്ഷമാകും. ചിലർക്ക് നേരിയ നടുവേദന, മുഖക്കുരു എന്നിവ വരാൻ സാധ്യതയുണ്ട്. ഇവയും താൽക്കാലികം മാത്രമാണ്. സ്ട്രെച്ച് മാർക്ക് മാറിയില്ലെങ്കിലും നിറംമങ്ങി നേരിയവയായിത്തീരും. മുലയൂട്ടലുള്ളിടത്തോളം കാലം സ്തനവലുപ്പം കൂടിത്തന്നെയിരിക്കും. മുലപ്പാൽ ചിലപ്പോൾ അനിയന്ത്രിതമായി ഒഴുകി വരുന്നത് വിഷമമുണ്ടാക്കും. ശരിയായ താങ്ങു നൽകുന്ന ബ്രേസിയർ ഉപയോഗിച്ചാൽ സൗന്ദര്യത്തിന് ഒരു കുറവും വരികയില്ല. വയറിന്റെ വലുപ്പം കുറയാൻ ആറ് ആഴ്ച വേണം. അതിനുശേഷവും വയറ് അൽപം തൂങ്ങിയിരിക്കും.

ഒൻപത് മാസം കൊണ്ട് വലിഞ്ഞുവലുതായ വയറിന്റെ മാംസപേശികൾ ക്രമേണ പൂർവാവസ്ഥയിലാകും. ചിലർക്ക് ഏതാനും വ്യായാമമുറകൾ ഫലപ്രദമായി കാണുന്നുണ്ട്.

അയയുന്ന യോനീപേശികൾ

യോനീനാളത്തിലെ മാംസപേശികളും ഹോർമോൺ പ്രവർത്തനം മൂലം അൽപാൽപമായി അയയുന്നു. അതുകൊണ്ടാണ് സിസേറിയൻ ആണെങ്കിൽ പോലും പ്രസവശേഷം യോനീനാളം അയഞ്ഞതുപോലെ തോന്നുന്നത്. സാധാരണ രീതിയിലുള്ള പ്രസവശേഷം യോനീനാളത്തിൽ ഒരിക്കലും പൂർവാവസ്ഥയിലെ മുറുക്കം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ല. യോനീഭിത്തികൾ തമ്മിൽ ഒട്ടുകയും വിടുകയും ചെയ്യുന്നതു മൂലം ഗ്യാസിന്റെ ഒരു ചെറുശബ്ദം അനുഭവപ്പെടാം. ചില ഭർത്താക്കന്മാർക്ക് ഭാര്യയുടെ യോനീനാളം അയയുന്നത് വലിയ പ്രശ്നമാണ്. ഈ പ്രശ്നം അവതരിപ്പിക്കാൻ ഭാര്യയെത്തന്നെ ഡോക്ടറുടെ അടുക്കൽ പറഞ്ഞുവിടും.

യോനീനാളം 10 സെന്റിമീറ്ററിലധികം നീളമുള്ളതാണ്. മുറുക്കം വർധിപ്പിക്കാനുള്ള ഒാപ്പറേഷൻ യോനീനാളത്തിന്റെ താഴ്ഭാഗത്തു മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു. മാത്രമല്ല, ഊഷ്മളമായ ലൈംഗികാനുഭവത്തിന് യോനിയുടെ മുറുക്കത്തെക്കാൾ ആവശ്യം പരസ്പരധാരണയും സ്നേഹവുമാണ്. മറ്റൊരു അനാവശ്യ ഒാപ്പറേഷന് ഭാര്യയെ വിധേയയാക്കേണ്ടതില്ലെന്ന് ഭർത്താക്കന്മാരെ പറഞ്ഞുമനസ്സിലാക്കാൻ ഡോക്ടർമാർ ശ്രമിക്കാറുണ്ട്. നിർബന്ധമാണെങ്കിൽ ഒാപ്പറേഷൻ നടത്താറുണ്ട്. അടുത്ത പ്രസവത്തോടെ വീണ്ടും അയവു വരാൻ സാധ്യതയുണ്ടെന്ന് ഒാർമിപ്പിക്കാറുമുണ്ട്.

ഉടയുന്ന ശരീരവും മരവിക്കുന്ന വികാരവും

ഗർഭിണികൾക്കു ശരാശരി 10 -14 കിലോ തൂക്കം കൂടാറുണ്ട്. അനാവശ്യമായ പോഷകാഹാരം വഴി തൂക്കം അമിതമായി വർധിക്കുന്നു. പ്രസവം കഴിഞ്ഞാലുടൻ ഇതു മുഴുവനും കുറയുകയില്ല. ഏതാനും ആഴ്ച കഴിയണം. അതിനിടെ വീണ്ടും ആവശ്യത്തിലധികം പോഷകാഹാരം,അരിഷ്ടം, ലേഹ്യം, സൂപ്പ് എന്നിവ കഴിച്ച് കുഴമ്പു തേച്ചുകുളിച്ച് അമിത വിശ്രമവുമെടുത്താൽ ശരീരഭാരം വർധിച്ച് വയറ് അധികമായി ചാടാനാണ് സാധ്യത.

മേൽപറഞ്ഞ താൽക്കാലിക ശാരീരികമാറ്റങ്ങൾ ചില സ്ത്രീകൾക്ക് താങ്ങാവുന്നതിനപ്പുറമാണ്. അവർ കണ്ണാടിയിൽ സ്വന്തം രൂപം കണ്ട് അപകർഷബോധത്തോടെ നെടുവീർപ്പിടുകയും ഭർത്താവിന് തന്നോടുള്ള സ്നേഹം കുറഞ്ഞു പോകുമെന്നു സങ്കൽപ്പിക്കുകയും ചെയ്യുന്നു. ശരീരഘടനയ്ക്കനുസരിച്ചുള്ള വസ്ത്രങ്ങൾ ഗർഭസമയത്തും പ്രസവശേഷവും ധരിച്ച് ആകർഷകമാകാമല്ലോ. ബാലിശമായ ചിന്താഗതികൾ ലൈംഗികശേഷി മരവിപ്പിക്കുന്നു

s-1

പ്രസവശേഷം എപ്പോൾ?

പ്രസവസമയത്ത് ഇടുന്ന സ്റ്റിച്ചിന്റെ അല്ലെങ്കിൽ സിസേറിയൻ ശസ്ത്രക്രിയയുടെ വേദന മാറാൻ ചിലർക്ക് ആഴ്ചകൾ പിന്നിടണം. വേദനയുടെ ഭയത്താൽ മാസങ്ങളോളം ലൈംഗികജീവിതം ഭയക്കുന്നവരുണ്ട്. പ്രസവവും ഗർഭധാരണവും സംബന്ധിച്ച് ഒരു അന്താരാഷ്ട്ര ജേണലിൽ വന്ന പഠനം പറയുന്നത് പ്രസവശേഷം നടന്ന ആദ്യ ലൈംഗികബന്ധപ്പെടലിൽ 85.7 ശതമാനം സ്ത്രീകൾക്കും വേദന അനുഭവപ്പെടുന്നു എന്നാണ്. ഗർഭധാരണഭയം ചിലരെയെങ്കിലും ലൈംഗികതയിൽനിന്ന് അകറ്റി നിർത്തുന്നു. പ്രസവം ഒരു ഭയാനകമായ സംഭവമായി പലരുടെയും മനസ്സിൽ ആഴത്തിൽ പതിയുന്നു. ഇത്തരം ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്.

ഡോക്ടർ പ്രത്യേകിച്ച് വിലക്കിയിട്ടില്ലെങ്കിൽ പ്രസവശേഷം എത്രയും വേഗം ലൈംഗികബന്ധത്തിൽ ഏർപ്പെടാം. ചില ഡോക്ടർമാർ സാധാരണ പ്രസവത്തിനു ശേഷം നാലു മുതൽ ആറാഴ്ചകൾക്കു ശേഷം ബന്ധപ്പെടാം എന്നാണു പറയാറ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ പ്രസവശേഷമുള്ള പരിശോധനയുടെ സമയത്ത് ഡോക്ടറോട് ചോദിച്ച് അറിയാം. മുലയൂട്ടുന്ന കാലത്ത് ഗർഭസാധ്യത തീരെയില്ല എന്നു കരുതരുത്. ഗർഭധാരണം ഉടനെ വേണ്ട എന്നുണ്ടെങ്കിൽ അനുയോജ്യമായ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുക തന്നെ വേണം.

ലൈംഗികതയ്ക്ക് പ്രസവം എന്ന പ്രക്രിയ യാതൊരു കോട്ടവും വരുത്തില്ല. ഒരുദാഹരണം പറയാം. 30 വയസ്സുകാരി സീമ സിസേറിയൻ കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനു മുൻപ് ഒരാവശ്യം ഉന്നയിച്ചു ."മൂന്നാഴ്ച കഴിഞ്ഞ് ഭർത്താവ് വിദേശത്ത് പോയാൽ മൂന്നു വർഷം കഴിഞ്ഞുമാത്രമേ വരികയുളളൂ. പോകുന്നതിന്നു മുൻപ് ഒന്നുകൂടി ഗർഭധാരണം നടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.". ആദ്യം ഒന്ന് മടിച്ചെങ്കിലും ചെയ്ത ഓപ്പറേഷൻ മുറിവിനെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നതുകൊണ്ട് ഞാൻ സമ്മതിച്ചു. ഓപ്പറേഷന്റെ പതിനഞ്ചാം ദിവസം അവർ വീണ്ടും ഗർഭിണിയായി. ഒൻപതാം മാസം അടുത്ത കുഞ്ഞ് ഉണ്ടായി.

s2

ഹോർമോൺ മാറ്റങ്ങളും വരൾച്ചയും

പ്രസവം കഴിയുമ്പോൾ, പ്രത്യേകിച്ച് ആദ്യപ്രസവശേഷം സ്ത്രീയുടെ ജീവിതരീതിയ്ക്കു വളരെ വലിയ മാറ്റമാണ് സംഭവിക്കുന്നത്. അവളെത്തന്നെ ശ്രദ്ധിക്കാൻ അവൾക്കു സമയം ലഭിക്കാത്തതുപോലെ തോന്നുന്നു. കണ്ണാടിയിൽ നോക്കുമ്പോൾ തന്നിൽ വന്നിരിക്കുന്ന (താൽക്കാലികമായ) രൂപമാറ്റം അവളെ നിരാശപ്പെടുത്തുന്നു. ഭർത്താവിനോടും അമ്മയോടുമെല്ലാം അകാരണമായി ദേഷ്യപ്പെടുന്നു. ഈ അവസ്ഥയിൽ അവൾക്ക് ലൈംഗികതയോട് വെറുപ്പാണ് തോന്നുന്നത്. വിഷാദരോഗത്തിനുവരെ അവൾ അടിമയായിപ്പോകുന്നു. ഇവർക്ക് ലൈംഗികത ആസ്വദിക്കാനുള്ള മൂഡും സമയവും ഉണ്ടാക്കിയെടുക്കാൻ താമസം വരാം.

ഈസ്‌ട്രജൻ ഹോർമോൺ പെട്ടെന്ന് കുറയുന്നതും മുലപ്പാലുണ്ടാക്കുന്ന പ്രൊലാക്ടിൻ ഹോർമോൺ അധികമായി പ്രവർത്തിക്കുന്നതും ലൈംഗികതാൽപര്യം കുറയാൻ ചെറിയരീതിയിൽ കാരണമാകുന്നു.യോനീഭാഗത്ത് അനുഭവപ്പെടുന്ന വരൾച്ച ഈ ഹോർമോണുകളുടെ പ്രവർത്തനവ്യത്യാസം മൂലമാണ്. രതിപൂർവ ലീലകൾക്കു ശേഷവും വേണ്ടത്ര നനവ് ഇല്ലെങ്കിൽ ഡോക്ടറോടു ചോദിച്ച് ലൂബ്രിക്കേഷൻ ക്രീമുകളോ ജെല്ലുകളോ വാങ്ങി ഉപയോഗിക്കാം.

ശരിയായ മാനസികാവസ്ഥയുണ്ടെങ്കിൽ ലൈംഗികതയ്ക്ക് ഒന്നും ഒരു പ്രതിബന്ധമാകില്ല. കുഞ്ഞിന്റെ നോട്ടത്തിലും മറ്റു കാര്യങ്ങളിലും ഭർത്താവിന്റെ അനുഭാവപൂർണമായ സഹകരണം ഉണ്ടെങ്കിൽ ലൈംഗികത ആസ്വദിക്കാൻ യാതൊരു വിഷമവും പ്രസവശേഷം സ്ത്രീയ്ക്ക് ഉണ്ടാകില്ല.

ചുരുക്കിപ്പറഞ്ഞാൽ ഗർഭധാരണ/പ്രസവ പ്രക്രിയകൾ സ്ത്രീയുടെ ലൈംഗികതയെ തെല്ലും ബാധിക്കില്ല. സന്തോഷകരമായ മനോഭാവം ഉണ്ടെങ്കിൽ എല്ലാ വിഷമങ്ങളും മറികടക്കാം. ഭർത്താവും വീട്ടുകാരും കൂടി സഹകരിച്ചാൽ കുഞ്ഞിനെ വളർത്തുന്നതോടൊപ്പം ലൈംഗികജീവിതവും ഭംഗിയായി ആസ്വദിക്കാൻ അവൾക്ക് കഴിയും.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. ഭവാനി ചന്ദ്രശേഖരൻ

റിട്ട. കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,
ഹോളി ഫാമിലി ഹോസ്പിറ്റൽ
മുതലക്കോടം, തൊടുപുഴ
 puzhavai@gmail.com