Friday 12 July 2019 05:31 PM IST : By സ്വന്തം ലേഖകൻ

‘വയറ് ഒരിക്കലും കാലിയായിരിക്കല്ല, എന്നാൽ വിശക്കുകയുമില്ല’; ഡയറ്റ് വിജയിക്കാൻ അഞ്ച് ടിപ്സ്

diet-plans മോഡൽ; ദീപ്തി പ്രദീപ്

മെലിഞ്ഞതാണ് സുന്ദരം എന്ന ജ്വരത്തിനു പുറകേ ലോകം പാഞ്ഞുതുടങ്ങിയതോടെയാണ് ഡയറ്റിങ് എന്ന വാക്ക് നമ്മൾ കേട്ടുതുടങ്ങിയത്. എന്നുമുതലാണ് ഡയറ്റിങ് എന്ന വാക്ക് ഉപയോഗിച്ചുതുടങ്ങിയതെന്ന് കൃത്യമായ അറിവില്ല.

ഡയറ്റിങ് എന്ന അർഥത്തിലല്ലെങ്കിലും ഉപവാസവും നോമ്പുമൊക്കെ മിക്ക പ്രാചീന സംസ്കാരങ്ങളുടെയും ഭാഗമായിരുന്നു. ഡയറ്റ് എന്നാൽ പതിവായി കഴിക്കുന്ന ഭക്ഷണം എന്നാണ് നിഘണ്ടുവിലെ നിർവചനം. എന്നാൽ കുറച്ചുകൂടി വിശാലമായാണ് പണ്ട് ഡയറ്റിനെ കണ്ടിരുന്നത്. വൈദ്യനിർദേശാനുസരണം പിൻതുടരുന്ന ഭക്ഷണക്രമവും ജീവിതശീലങ്ങളുമെന്നായിരുന്നു അന്നു ഡയറ്റ് കൊണ്ടുദ്ദേശിച്ചിരുന്നത്. ഡയറ്റ് എന്ന വാക്കിന് ആധാരമായ ഡയാറ്റ (diaita) എന്ന ഗ്രീക്ക് പദത്തിനർഥം തന്നെ ജീവിതരീതി (way of living) എന്നാണ്. ആയുർവേദത്തിൽ മരുന്നുകളോടൊപ്പമുള്ള പത്ഥ്യക്രമം ഒരുതരം ഡയറ്റിങ് ആയി തന്നെ കാണാവുന്നതാണ്.

ശരിയായ ഡയറ്റിങ്

പോഷണശാസ്ത്ര പ്രകാരം ഡയറ്റെന്നു പറഞ്ഞാൽ കാലറിമൂല്യം കുറഞ്ഞ ഭക്ഷണം കഴിക്കേണ്ട സമയത്ത് കഴിക്കേണ്ട രീതിയി ൽ കഴിക്കുന്നതാണ്. ഇത് ഒന്നോ രണ്ടോ മാസത്തേക്കു വേണ്ടതല്ല. ജീവിതശൈലിയായി മാറണം. ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജത്തിന്റെ അളവാണ് കാലറി. ദൈനംദിനപ്രവൃത്തികൾക്കു വേണ്ടതിലുമേറെ കാലറി ശരീരത്തിലെത്തി കൊഴുപ്പായി അടിയുമ്പോഴാണ് തടി കൂടുന്നത്.

നമ്മുടെ ഭക്ഷണത്തിൽ ഊർജം ലഭിക്കുന്നത് പ്രധാനമായും മൂന്നുഘടകങ്ങളിലൂടെയാണ്. അന്നജം, മാംസ്യം, കൊഴുപ്പ്. ഒരു ഗ്രാം അന്നജത്തിലൂടെ നാലു കാലറിയും കൊഴുപ്പിലൂടെ 9 കാലറിയും ലഭിക്കും. ഒരു ഗ്രാം മാംസ്യത്തിലൂടെ ലഭിക്കുന്നത് നാല് കാലറിയാണ്. ഏറ്റവും കാലറിസാന്ദ്രമായ ഭക്ഷണം എണ്ണയാണ്. കാലറി മൂല്യം ഏറ്റവും കുറവ് അധികം പഴുക്കാത്ത പഴങ്ങൾക്കും പച്ചക്കറികൾക്കുമാണ്. അരി, ഗോതമ്പ്, പോലുള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ 100 ഗ്രാമിന് 330–350 വരെ കാലറി നൽകുന്നതാണ്. എന്നാൽ, മാംസാഹാരങ്ങളും പാലും ഊർജലഭ്യതയിൽ പിന്നിലാണ്.

കുറയ്ക്കാം മധുരവും അന്നജവും

∙ ഭാരം കുറയ്ക്കാൻ കൊഴുപ്പും അന്നജവും മധുരവും കുറഞ്ഞ ഭക്ഷണമാണ് അനുയോജ്യം. കാർബോഹൈഡ്രേറ്റ് അളവു കുറയ്ക്കുമ്പോഴേ ശരീരത്തിലെത്തുന്ന കാലറി കുറയും. ആഴ്ചയിൽ അരക്കിലോ കുറയണമെങ്കിൽ 3500 കാലറി കുറവു വരുത്തണം. ഇതിനായി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കണം.

∙ ഭക്ഷണസമയം പ്രധാനമാണ്. പ്രാതൽ മുടക്കരുത്. രാത്രിഭക്ഷണം വൈകിക്കഴിക്കുന്ന ശീലം നിർത്തുക. കഴിവതും രാത്രി എട്ടു മണിക്കു മുൻപേ കഴിക്കുക.

∙ ഭാരം കുറയ്ക്കാൻ അനുയോജ്യം ചെറിയ അളവിൽ പലതവണ കഴിക്കുന്നതാണ്. അതാകുമ്പോൾ വയറ് ഒരിക്കലും കാലിയായിരിക്കില്ല. വിശക്കുകയുമില്ല.

∙ അമിതഭക്ഷണത്തിനിടയാക്കുന്ന ശീലങ്ങൾ മാറ്റുക. സിനിമ കാണുമ്പോൾ കൊറിക്കുന്ന ശീലം, ബോറടി മാറ്റാനും ടെൻഷൻ വരുമ്പോഴുമൊക്കെ ഭക്ഷണം കഴിക്കുന്ന ഇമോഷനൽ ഈറ്റിങ് ഇവ വേണ്ട.

∙ മധുരത്തിൽ വളരെയധികം കാലറിയുണ്ട്. മധുരം നിയന്ത്രിക്കാതെ ഡയറ്റിങ് ഫലപ്രദമാകില്ല. എണ്ണയും ഊർജസാന്ദ്രമാണ്. തടി കുറയ്ക്കാൻ വറുത്ത ഭക്ഷണങ്ങൾ കുറയ്ക്കാൻ പറയുന്നത് ഇതുകൊണ്ടാണ്.

∙ ഒരു മാതൃകാ ഡയറ്റിൽ നിർബന്ധമായും മൂന്നു കാര്യങ്ങൾ വേണം. ഒന്നും അമിതമാകരുത്, വ്യത്യസ്തത വേണം, പോഷകങ്ങളെല്ലാം സന്തുലിതമായിരിക്കണം.

ശരീരഘടനയും ഭക്ഷണവും ഹോർമോൺ പ്രവർത്തനങ്ങളും തമ്മിൽ ബന്ധമുണ്ട്. അതുകൊണ്ട് എല്ലാവർക്കും യോജിച്ച ഭക്ഷണക്രമം നിർദേശിക്കാൻ പ്രയാസമാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും അധ്വാനവും സ്ത്രീയോ പുരുഷനോ എന്നതും കണക്കിലെടുത്താണ് ഭക്ഷണം തിരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ ഭക്ഷണക്രമം ചിട്ടപ്പെടുത്തിയാൽ ഡയറ്റിങ് ഒരിക്കലും ഭാരമായി തോന്നില്ല.

Tags:
  • Diet Tips