ഹൃദയം തൊടുന്ന ചിരിയുടെ പേരാണ് സുബി സുരേഷ്. വാക്കിലും നോക്കിലും വിടർന്നു വരുന്ന നർമത്തിന്റെ രസപ്പൂക്കൾ കണ്ടിരിക്കവേ ഒരുപാടിഷ്ടം തോന്നും ഈ കൊച്ചിക്കാരിയോട്. അടുത്ത കാലത്ത് ഒരു ഗംഭീര മെയ്ക്ക് ഒാവർ നടത്തിയാണ് സുബി വീണ്ടും താരമായത്. ശരീരഭാരം കുറച്ച് കൂടുതൽ സുന്ദരിയായാണ് ഈ തമാശക്കാരിയുടെ തിരിച്ചു വരവ്. 74 കിലോയിൽ നിന്ന് ശരീരഭാരം 55 കിലോയിലെത്തിച്ച യാത്രയുടെ വിശേഷങ്ങൾ ചിരിയുടെ അകമ്പടിയോടെ പങ്കുവയ്ക്കുകയാണ് സുബി.
‘‘ മിനിസ്ക്രീനിലെത്തിയ ആദ്യകാലത്ത് ഞാൻ നന്നായി മെലിഞ്ഞതായിരുന്നു. അന്ന് വണ്ണം വയ്പിക്കാൻ വേണ്ടി അമ്മ ച്യവനപ്രാശവും മീൻഗുളികയുമൊക്കെ കഴിപ്പിച്ചിട്ടുണ്ട്. ഞാൻ പച്ചപിടിച്ചില്ല. കുട്ടിപ്പട്ടാളം എന്ന ഷോ ചെയ്തു തുടങ്ങിയ സമയത്ത് (5–6 വർഷങ്ങൾ മുൻപ്) പാകത്തിനു വണ്ണമുണ്ടായിരുന്നു. കുട്ടിപ്പട്ടാളം ഒന്നുരണ്ടു വർഷം കഴിഞ്ഞപ്പോൾ ഡ്രസിന്റെ അളവു കൂടി വന്നു. പിന്നെ വണ്ണം കൂടിത്തുടങ്ങി. എല്ലാവരും കരുതിയതു വണ്ണം കൂടിയത് ഭക്ഷണം കഴിച്ചിട്ടാണെന്നാണ്. എനിക്ക് തൈറോയ്ഡും പിസിഒഡിയും ഉണ്ടായിരുന്നു. അതിന്റെ ഹോർമോൺ ഗുളികകൾ മൂന്നു നാലുവർഷം കഴിച്ചതിന്റെ ഭാഗമായും പ്രോഗ്രാമിനു പോകുമ്പോൾ പുറത്തു നിന്നു ഭക്ഷണം കഴിച്ചതു കൊണ്ടുമൊക്കെയാണ് വണ്ണം കൂടിയത്.
അക്കാലത്ത് ഒരു ദിവസം രമേഷ് പിഷാരടിയെ കണ്ടപ്പോൾ ‘നീ കണ്ണാടിയിലൊന്നും നോക്കാറില്ലേ’ എന്ന് പിഷു ചോദിച്ചു. എന്റെ വിദഗ്ധ ഉപദേഷ്ടാവാണ് പിഷാരടി. ‘ നീ ശരീരമൊന്നും തീരെ ശ്രദ്ധിക്കുന്നില്ല’ എന്നും പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി. ‘‘ ജിമ്മിലൊക്കെ പോകുന്നുണ്ട്. വണ്ണം കുറയുന്നില്ല’’ എന്നു ഞാൻ പറഞ്ഞു. അപ്പോൾ ‘ നീ എന്തെങ്കിലും ചെയ്യ്. നിന്റെ നേരത്തെയുള്ള കോലോം ഇപ്പഴത്തെ കോലോം കൂടി ഒന്നു നോക്കിയേ’ എന്നു പിഷു പറഞ്ഞു. അതോടെയാണ് ഡയറ്റിങ് തുടങ്ങണമെന്നു സീരിയസായി തീരുമാനിക്കുന്നത്.
അന്ന് 74 കിലോ ഭാരമുണ്ട് ’’....
വിഡിയോ കാണാം.