Friday 10 August 2018 03:07 PM IST : By സ്വന്തം ലേഖകൻ

അമിതമായ ചായ കുടി നിങ്ങളെ പൊണ്ണത്തടിയനാക്കിയേക്കാം; മലയാളികളുടെ ഇഷ്ടപാനീയത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഇവയൊക്കെ

tea

ചായയില്ലാത്ത ഒരു ദിവസത്തെ പറ്റി ചിന്തിക്കാനാകുമോ? കൃത്യസമയത്ത് ഭക്ഷണം കിട്ടിയില്ലെങ്കിലും വേണ്ടില്ല, ചായ കിട്ടണമെന്ന നിർബന്ധക്കാരാണ് പലരും. അത്രമാത്രം ഈ പാനീയം നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ചായകുടിയില്ലാതെ ജീവിതമില്ലെന്ന് പ്രഖ്യാപിക്കുന്നവർ അറിയുന്നുണ്ടോ നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായ ചായ ചില സമയങ്ങളിൽ അപകടകാരിയായി മാറുമെന്നത്?

അമിതമായ ചായകുടി അതല്ലെങ്കിൽ ഇടവിട്ട സമയങ്ങളിലെ ചായകുടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യം മുൻനിർത്തി ഗ്രീൻ ടീയിൽ അഭയം പ്രാപിക്കുന്നവരും പേടിക്കേണ്ടിയിരിക്കുന്നു എന്ന് ചുരുക്കം. ഗ്രീന്‍ ടീ ആണെങ്കില്‍ കൂടിയും കൂടുതലായാല്‍ ശരീരത്തില്‍ നിര്‍ജലീകരണത്തിന് (Dehydration) കാരണമാകുമെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. ശരീരകോശങ്ങളില്‍ നിന്ന് ചായ ജലത്തെ പുറന്തള്ളുന്നു. ഇതുവഴിയാണ് നിര്‍ജലീകരണം സംഭവിക്കുന്നത്. ശരീരത്തിന് നഷ്ടമായ ജലം വീണ്ടെടുക്കാന്‍ പിന്നീട് നമുക്ക് ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരുന്നു. ഒരുപക്ഷേ ശരീരം നമ്മളറിയാതെ തന്നെ അധിക ഭക്ഷണം ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടാകുന്നു. ഇത് ഒരു രീതിയില്‍ വയറ് ചാടാന്‍ കാരണമാകും. 

ചായയിലടങ്ങിയിരിക്കുന്ന ടാന്നിന്‍ എന്ന ആന്റി ഓക്‌സിഡന്റിന് ധാരാളം ഗുണങ്ങളുണ്ടെന്നത് നേര് തന്നെ. എന്നാല്‍ ഇവ വയറ്റില്‍ അസിഡിറ്റിയും ഗ്യാസുമുണ്ടാക്കാന്‍ കാരണമാകുന്നുവെന്നാണ് മറ്റൊരു കണ്ടെത്തൽ. അതുകൊണ്ടുതന്നെ അമിതമായി ചായ കുടിക്കുന്നവരില്‍ ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലായി കാണാനുള്ള സാധ്യതയുണ്ട്. അളവിലധികം ഗ്യാസ് വന്ന് നിറയുന്നതും വയറ് വീര്‍ത്തിരിക്കാന്‍ കാരണമാകുന്നു.

ഏതു സമയത്തും കുടിക്കാവുന്ന പാനീയമാണ് ചായ എന്ന ധാരണയും ഇനി വേണ്ട. ഭക്ഷണത്തിന്റെ തൊട്ടുമുമ്പ് ചായ കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ന്യൂട്രീഷ്യനിസ്റ്റുകള്‍ നിര്‍ദേശിക്കുന്നു. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് ശരീരത്തെ ഇത് പിന്തിരിപ്പിക്കുമത്രേ. 

പലപ്പോഴും ചായയല്ല, ചായയ്ക്കകത്തെ പാലാണ് വില്ലനാകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ചിലര്‍ക്ക് പാലോ പാലുത്പന്നങ്ങളോ കഴിച്ചാല്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇത്തരക്കാര്‍ ഇവ കൂടുതല്‍ കഴിക്കുന്നത് സ്വാഭാവികമായും വയറിന് ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. കഴിച്ച ഭക്ഷണം ദഹിക്കും മുമ്പ് വീണ്ടും കഴിക്കുന്നത് ഗുരുതമായ ദഹന പ്രശ്‌നങ്ങളുണ്ടാക്കുകയും തുടര്‍ന്ന് വയറ് വീര്‍ത്തുവരികയും ചെയ്യുന്നു.