Saturday 31 March 2018 03:45 PM IST : By സ്വന്തം ലേഖകൻ

കല്ലു തടയും ഭക്ഷണം! കിഡ്നിയിലും ബ്ലാഡറിലും കല്ലുകൾ വരാതിരിക്കാൻ കഴിക്കേണ്ടവ, ഒഴിവാക്കേണ്ടവ

stone1

കടുത്ത വേനലാണ് ഈ വർഷവും നമ്മെ കാത്തിരിക്കുന്നത് എന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഒട്ടേറെ രോഗങ്ങൾക്ക് അനുകൂലമായ വിളനിലമാണ് വേനലെങ്കിലും അവയിൽ പ്രധാനം കല്ലുകൾ തന്നെ. കടുത്തചൂടിൽ ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ മൂത്രത്തിൽ ലവണങ്ങളുടെ അംശം കൂടി ഗാഢമാകാം. ഇതു വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. വെള്ളം കുടിക്കുന്നതോടൊപ്പം ചില ഭക്ഷണകാര്യങ്ങളും കൂടി ശ്രദ്ധിച്ചാൽ അനാവശ്യമായി ലവണങ്ങൾ ശരീരത്തിൽ അടിയുന്നത് ഒഴിവാക്കാം.   

അമിതമായി മൂത്രത്തിലെത്തുന്ന കാൽസ്യം ലവണങ്ങളാണ് സാധാരണഗതിയിൽ കല്ലായി മാറുന്നത്. യൂറിക് ആസിഡ്, സിസ്റ്റിൻ, സ്ട്രൂവേറ്റ് (മഗ്നീഷ്യം അമോണിയം, ഫോസ്ഫേറ്റ് എന്നിവയുടെ മിശ്രിതം) എന്നിങ്ങനെയുള്ള പദാർഥങ്ങളും അമിതമായി ശരീരത്തിലെത്തിയാൽ കല്ലുകളായി രൂപപ്പെടാം. എന്തൊക്കെയാണ് കല്ലുകളെ തടയുന്ന ഭക്ഷണമെന്നും കല്ലു വരാതിരിക്കാൻ കഴിക്കേണ്ടവയെന്തെന്നും വിശദമായി അറിയാം.

നിയന്ത്രിക്കേണ്ട ആഹാരങ്ങൾ

∙ സോഡിയം കുറയ്ക്കുക.


സോഡിയം കൂടുതൽ  കഴിക്കുന്നത് മൂത്രത്തിലെ കാൽസ്യം വർധിപ്പിക്കുകയും സിട്രേറ്റ് (Citrate) കുറയ്ക്കുകയും ചെയ്യുന്നു. ഇത് കല്ലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.  ദിവസേനയുള്ള ആഹാരത്തിൽ സോഡിയം 2 ഗ്രാം ആയി ചുരുക്കണം.  ഉപ്പാണ് സോഡിയത്തിന്റെ പ്രധാന ഉറവിടം. എന്നാൽ മറ്റു ചില ഭക്ഷണങ്ങൾ വഴി സോഡിയം അമിത അളവിൽ ശരീരത്തിലെത്താം. അച്ചാറുകൾ, സംസ്കരിച്ച ഭക്ഷണം എന്നിവയൊക്കെ ഉദാഹരണമാണ്. ഇത്തരം ഒളിഞ്ഞിരിക്കുന്ന സോഡിയത്തെ കണ്ടുപിടിക്കാൻ പായ്ക്കറ്റ് ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ പുറത്തെ ലേബലുകൾ ശ്രദ്ധിക്കുക. പഞ്ചസാരയും കല്ലുണ്ടാക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.

∙ ഒാക്സലേറ്റ് കല്ല് തടയാൻ


ഒാക്സലേറ്റ് കല്ലുകൾക്കുള്ള സാധ്യത കുറയ്ക്കാൻ അവ അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നാണ് ചില ഗവേഷണങ്ങൾ പറയുന്നത്. പാലക്ക് ചീര,  കറുത്ത ചോക്‌ലേറ്റ്, കടുംചായ, കശുവണ്ടി, നിലക്കടല, മധുരക്കിഴങ്ങ്, കടലകൾ, പച്ച ഇലകൾ, സോയ, തക്കാളി. വെള്ളരി പോലുള്ള പച്ചക്കറികൾ,  എന്നിവയിലെല്ലാം ഒാക്സലേറ്റ് ഉണ്ട്.

475339094

എന്താണ് കല്ല്?


മൂത്രനാളിയിൽ കാണുന്ന ഘനമേറിയ വസ്തുക്കൾക്കാണ് മൂത്രത്തിൽ കല്ല് എന്നു പൊതുവേ പറയുന്നത്. സാധാരണയായി ഇവ വൃക്കയിൽ രൂപപ്പെടുകയും മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ എത്തി വലുതാവുകയും ചെയ്യുന്നു. കല്ലിന്റെ സ്ഥാനമനുസരിച്ച് ഇവയെ വൃക്കയിലെ കല്ല്, മൂത്രനാളിയിലെ കല്ല്, മൂത്രസഞ്ചിയിലെ കല്ല് എന്നിങ്ങനെ വിളിക്കുന്നു.  നഗ്നനേത്രങ്ങൾക്കു കാണാൻ വയ്യാത്തത്ര ചെറുതു മുതൽ 2.5 സെന്റിമീറ്ററോളം വലുപ്പമുള്ളത്ര കല്ലുകളുണ്ട്. സ്റ്റാഗ്ഹോൺ എന്നറിയപ്പെടുന്ന ചില കല്ലുകൾ വൃക്കയുടെ പ്രധാന ശേഖരണ അറ മുഴുവൻ തിങ്ങിനിറയുന്നത്ര വലുതായിരിക്കും.

∙ കല്ല്  അണുബാധയുണ്ടാക്കുമോ?


കല്ലിനു ചുറ്റും കെട്ടിക്കിടക്കുന്ന മൂത്രത്തിൽ ബാക്ടീരിയ വളർന്ന് മൂത്രനാളികളിൽ അണുബാധയുണ്ടാകാം. ഏറെനാളായി കല്ലുകൾ മൂലം മൂത്രനാളികളിൽ തടസ്സമുണ്ടായാൽ  വൃക്കയിലേക്കുള്ള നാളികളിൽ മൂത്രം കെട്ടിക്കിടന്ന് അമിതമായ ഒരു സമ്മർദം രൂപപ്പെടുകയും ഇതു വൃക്കകളുടെ വീക്കത്തിനും അതുവഴി നാശത്തിനും കാരണമാവുകയും ചെയ്യും.

011412

∙ ലക്ഷണങ്ങളും ചികിത്സയും

ചെറിയ കല്ലുകൾ വേദനയോ മറ്റു ലക്ഷണങ്ങളോ ഉണ്ടാക്കുന്നില്ല.  മൂത്രസഞ്ചിയിലെ കല്ലുകൾ അടിവയറിൽ വേദനയുണ്ടാക്കും.  മൂത്രനാളിയിലോ വൃക്കകളുടെ നാളികളിലോ ഉള്ള കല്ലുകൾ  നടുവിനു താഴ്ഭാഗത്തായോ വാരിയെല്ലിനും ഇടിപ്പിനുമിടയ്ക്കുള്ള ഭാഗത്തോ വേദനയുണ്ടാക്കുന്നു. ഇത് തുടയിടുക്കുകളിലേക്ക് വ്യാപിക്കുന്നതരം അലയടിച്ചുയരുകയും താഴുകയും ചെയ്യുന്ന വേദനയായിരിക്കും. തലചുറ്റൽ, ഛർ‍ദി, വിയർപ്പ്, മൂത്രത്തിൽ രക്തമോ കല്ലിന്റെ അവശിഷ്ടങ്ങളോ കാണുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. മൂത്രപരിശോധയും സ്കാനിങ് ടെസ്റ്റുകളും വഴി കല്ലുണ്ടോ എന്നു കണ്ടുപിടിക്കാം. മരുന്നുകൾ വഴി അലിഞ്ഞു പോകാത്ത കല്ലുകൾ നീക്കം ചെയ്യാൻ കല്ലു പൊടിച്ചുകളയുന്ന ലിതോട്രിപ്സി, എൻഡോസ്കോപി പോലുള്ള രീതികൾ ഉപയോഗിക്കുന്നു.

stone2

വേനലിൽ മാംസം കുറയ്ക്കാം

കോഴിയിറച്ചി, ബീഫ്, മീൻ, മുട്ട പോലുള്ള മൃഗ പ്രോട്ടീനുകൾ എന്നിവ കഴിക്കുന്നത് കുറയ്ക്കുക. ഇവ ധാരാളമായി കഴിച്ചാൽ മൂത്രത്തിലെ കാൽസ്യം, ഫോസ്ഫറസ്, യൂറിക് ആസിഡ് , ഒാക്സലേറ്റ് എന്നിവയുടെ വിസർജനം  വർധിപ്പിക്കുന്നു. ഇത് കല്ലുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.


വിവരങ്ങള്‍ക്ക് കടപ്പാട് േഡാ. രഘുനാഥ് കെ.ജി. കൺസൽറ്റന്റ് യൂറോളജിസ്റ്റ്, സെന്റ് തോമസ് ഹോസ്പിറ്റൽ, ചെത്തിപ്പുഴ, ചങ്ങനാശ്ശേരി- reghunathkg@yahoo.co.in