Saturday 17 March 2018 06:04 PM IST

പഠനത്തില്‍ പിന്നിലാകുന്നതു കഴിവില്ലാഞ്ഞിട്ടല്ല, മടികൊണ്ടുമാത്രം; എളുപ്പത്തിൽ പഠിക്കാനുള്ള വഴികൾ

Santhosh Sisupal

Senior Sub Editor

study1

ലോകത്തിന്റെ സ്‌പന്ദനം മാത്തമാറ്റിക്‌സിലാണ്’ എന്നു വിശ്വസിച്ച ചാക്കോമാഷിനെ  ഒാർമയുണ്ടോ? അദ്ദേഹത്തിന്റെ മകൻ ‘ആടു തോമ’ യെ ഓർമയുണ്ടോ? സ്‌ഫടികം’ സിനിമയിലെ ചാക്കോമാഷിനെയും ‘ആടു തോമ’യെയും നമ്മൾ മറക്കില്ല. മാഷായി തിലകനും തോമയായി മോഹൻലാലും ഗംഭീരമായ അഭിനയം കാഴ്‌ചവച്ചു. ചാക്കോമാഷ് മകനായ തോമസിനെ കണക്കിൽ ഒന്നാമനാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കൊടുവിൽ, മകൻ വലിയൊരു തെമ്മാടിയായി മാറി. പക്ഷേ, ആ കുട്ടി നടത്തുന്ന പരീക്ഷണങ്ങളേയും അസാധാരണമായ കണ്ടുപിടിത്തങ്ങളെയും മനസ്സിലാക്കാനും അവന്റെ ബുദ്ധിയെ തിരിച്ചറിയാനും മകന്റെ സ്ഥാനത്ത് 18–ാം പട്ട തെങ്ങുവച്ച ചാക്കോമാഷിനു കഴിഞ്ഞില്ല. ഒരു ശാസ്‌ത്രജ്‌ഞനോ മറ്റോ ആകേണ്ടിയിരുന്ന ആ കുട്ടി വളർന്ന് ‘ആടുതോമ’ യായി മാറി. ഇതാണു സിനിമയുടെ ഇതിവൃത്തം.
ഇതേ സിനിമ തെലുങ്കിൽ ‘റൗഡിശങ്കർ’ എന്ന പേരിൽ റീമേക്ക് ചെയ്‌തിട്ടുണ്ട്. അതിന്റെ ക്ലൈമാക്‌സ് മലയാളത്തിലേതുപോലെയല്ല. ആടുതോമയെന്ന കഥാപാത്രം തെലുങ്കിലെത്തിയപ്പോൾ റൗഡിശങ്കർ ആയി. ജീവിതത്തിലെ എല്ലാ പരാജയങ്ങൾക്കും വേദനകൾക്കും ചട്ടമ്പിത്തരത്തിനും ഒടുവിൽ അയാൾ വിജയിക്കുന്നതാണ് ക്ലൈമാക്‌സ്.

റൗഡിശങ്കറിന് സ്വന്തമായി ഒരു ടൂവീലർ വർക്ക്‌ഷോപ്പുണ്ട്. അവിടെ വച്ച്  റൗഡിശങ്കർ കണ്ടുപിടിച്ച, ഒരു ലീറ്റർ പെട്രോളിൽ 120 കിലോമീറ്റർ മൈലേജുള്ള ബൈക്ക് ദേശീയശ്രദ്ധ പിടിച്ചുപറ്റുന്നിടത്താണു സിനിമ അവസാനിക്കുന്നത്. ക്ലൈമാക്സ് എന്തുതന്നെയായാലും ചാക്കോമാഷുമാരുടെ വംശം ഇന്നും അന്യം നിന്നുപോയിട്ടില്ല. ഏറിയോ കുറഞ്ഞോ ചാക്കോമാഷുമാർ സമൂഹത്തിലുണ്ട്. അതുകൊണ്ടുതന്നെ ആടുതോമമാരും.

ഒാരോ കുട്ടിയും വ്യത്യസ്തം

പഠനത്തിെന്റ കാര്യത്തിൽ, ബുദ്ധിശേഷികളുെട കാര്യത്തിൽ, ഓർമയുടെ കാര്യത്തിൽ ഓരോ കുട്ടിയും വ്യത്യസ്തരാണ്. അപ്പോൾ അവർക്കു ലഭിക്കുന്ന മാർക്കുകളുെട കാര്യത്തിലും വ്യത്യാസം ഉണ്ടാവുകതന്നെ ചെയ്യും.   ഒന്നോ രണ്ടോ വിഷയത്തിനു മാർക്കുകുറഞ്ഞുവെന്നു കരുതി ആ കുട്ടിക്കു ബുദ്ധിയില്ലെന്നോ കഴിവില്ലെന്നോ കരുതുന്നതുപോലെ മണ്ടത്തരം വേറൊന്നില്ല. ഈ തിരിച്ചറിവോടെവേണം കുട്ടികളുെട പഠനത്തെ വിലയിരുത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കേണ്ടത്.

കുട്ടിയുടെ ബുദ്ധി വൈഭവശേഷികൾ തിരിച്ചറിഞ്ഞ് പഠനരീതിയെ ക്രമപ്പെടുത്തുന്നതുമുതൽ ( പേജ്–97)  പരീക്ഷകൾക്കും എൻട്രൻസുപോലുള്ള മത്സരപരീക്ഷകൾക്കുപയോഗിക്കേണ്ട സ്ട്രാറ്റജിക്കലായ സമീപനങ്ങളും വരെ (പേജ്–89) വേണ്ട വിധം പ്രയോജനപ്പെടുത്തിയാൽ പിന്നാക്കം നിൽക്കുന്ന പഠനവിഷയങ്ങളിലും മുന്നിലെത്താൻ കഴിയും.

മടിമാറ്റാൻ മാർഗങ്ങൾ

‘‘പഠിക്കാൻ കഴിവോ ബുദ്ധിയോ ഇല്ലാഞ്ഞിട്ടല്ല.. മടിയാണ് പ്രശ്നം..അതുമാറ്റാൻ വഴിയുണ്ടോ?’’ ഈ ആശങ്കയുമായി നടക്കുന്ന രക്ഷാകർത്താക്കൾ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. പരീക്ഷയ്‌ക്കു ശരാശരിയിലും മാർക്കുകുറയുന്ന വിദ്യാർഥികളിൽ  95 ശതമാനം പേരും അങ്ങനെയാകാൻ കാരണം അവരുടെ മടിയോ ശരിയായ പഠനരീതികൾ ഉപയോഗിക്കാത്തതുകൊണ്ടോ ആണ്. ശേഷിക്കുന്ന അഞ്ചു ശതമാനം പേരിൽ കാഴ്‌ച–കേൾവിക്കുറവ്, പഠനവൈകല്യങ്ങൾ എന്നിവ കാരണമാകാം.  

മടിയനും മിടുക്കുണ്ട്

സത്യത്തിൽ ആ മടി അത്ര കുഴപ്പക്കാരനാണോ? ചിലപ്പോൾ മിടുക്കന്മാരെക്കാൾ മിടുക്ക് മടിയന്മാർ തന്റെ മടികൊണ്ടുമാത്രം കാണിക്കാറില്ലേ. ചുറ്റുപാടുമൊന്നു നോക്കൂ... നമ്മുടെ സൗകര്യത്തിനായി, ജീവിതത്തിനായി ഉപയോഗിക്കുന്നതെല്ലാം ഓരോ മടിയുടെ ഫലമല്ലേ? ഉരകല്ലിലും അരകല്ലിലും ആട്ടുകല്ലിലുമൊക്കെ കഷ്‌ടപ്പെട്ടു പൊടിക്കുകയും അരയ്‌ക്കുകയും ആട്ടുകയുമൊക്കെ ചെയ്യാനുള്ള മടിയല്ലേ മിക്‌സറിന്റെയും ഗ്രൈൻഡറിന്റെയും കണ്ടുപിടിത്തത്തിലേക്കു നയിച്ചത്? ഇതുപോലെ പ്രധാന കണ്ടുപിടിത്തങ്ങളുടെയും ലോകത്തെ മാറ്റിമറിച്ച ചിന്തകളുടെയും പിന്നിൽ ഇത്തരം മടികൾ ഉണ്ടായിരുന്നില്ലേ. അപ്പോൾ മടി ഒരു മോശം കാര്യമാണോ?

നമ്മൾ മോശമാണെന്നു പറഞ്ഞാലും ലോകപ്രശസ്‌തനും മൈക്രോസോഫ്റ്റിന്റെ മുൻ ചെയർമാനുമായ ബിൽഗേറ്റ്സ് സമ്മതിച്ചു തരില്ല. കാരണം അദ്ദേഹം ഏറ്റവും സങ്കീർണമായ ജോലികൾ ഏൽപ്പിച്ചിരുന്നത് തന്റെ സ്‌ഥാപനത്തിലെ ഏറ്റവും മടിയൻമാരെയായിരുന്നു. എത്ര കഠിനമായ ജോലിയും എളുപ്പത്തിൽ ചെയ്‌തു തീർക്കാനുള്ള ഒരു മാർഗം അവർ കണ്ടുപിടിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

study3


എളുപ്പവഴികളിലാണ് മടിയുള്ളവർക്ക് താൽപര്യം. പരീക്ഷയ്‌ക്കുള്ള ചോദ്യങ്ങളുടെ ഉത്തരം ചെപ്പടിവിദ്യപോലെ കൺമുന്നിൽ തെളിഞ്ഞുവന്നിരുന്നുവെങ്കിലെന്നതുപോലുള്ളതാണ് അവരുടെ ആഗ്രഹങ്ങൾ. പഠിക്കാൻ ഏറ്റവും എളുപ്പമുള്ള വഴിയാണ് അവരുടെ അവശ്യം. ഇതെങ്ങനെ നിറവേറ്റും. അതിനുള്ള വഴികൾ ഇനി അറിയാം. അതറിയുന്നതോടെ പഠനം കൂടുതൽ രസകരവും ആസ്വാദ്യകരവുമായ അനുഭവമായി മറും. അപ്പോൾ മടി പോലും കുട്ടികൾ മറന്നു പോകും.

ഒാർമയുടെ  വഴിയേ നടക്കാം

പഠിച്ചതു മറന്നു പോകുന്നുവെന്നാണ് പഠനത്തിൽ പിന്നിലാകുന്ന കുട്ടികളുെട എക്കാലത്തേയും പരാതി. ഓർമയെന്നത് പുൽത്തകിടിയിലെ നടത്തം പോലെയാണ്. നമുക്കു പുൽത്തകിടിയിലൂടെ ഒന്നു നടന്നു നോക്കാം. ആദ്യത്തെ നടത്തത്തിൽ പുൽത്തകിടിയിൽ നടന്നതിന്റെ ഒരു അടയാളവും കാണില്ല. എന്നാൽ അതേ വഴിയിലൂടെ പലതവണ നടന്നാലോ? പുൽനാമ്പുകൾ ചാഞ്ഞും ചരിഞ്ഞും അരഞ്ഞുമൊക്കെ വഴി രൂപപ്പെട്ടു വരും. അങ്ങനെ പല ദിവസങ്ങൾ നടന്നാലോ അത് ഒരു വ്യക്‌തമായ വഴിയാകും. ഒറ്റനോട്ടത്തിൽത്തന്നെ വഴി അറിയാം. കുറെ നാളുകൾ കഴിഞ്ഞാലും ആ വഴിയുടെ അടയാളം അവിടെത്തന്നെ കാണും. ഇതുപോലെയാണ് ഓർമയും.

തലച്ചോറിലൊരിടത്ത് ഓർമിക്കേണ്ട കാര്യം ഇരിപ്പുണ്ട്. നമ്മൾ പലതവണ അത് ഓർമിക്കാൻ ശ്രമിച്ചാൽ ആ ഓർമയിലേക്കുള്ള വഴി തെളിഞ്ഞു കിടക്കും. ‘ന്യൂറൽ ട്രേസസ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഓർമിക്കാൻ എത്ര കാഠിന്യമുള്ള കാര്യമായാലും നിരന്തരം ഓർമിക്കാൻ ശ്രമിച്ച് ‘ന്യൂറൽ ട്രേസസ്’ വ്യക്‌തമായി തെളിഞ്ഞുകിടന്നാൽ ഏത് ഉറക്കത്തിൽ വിളിച്ചുണർത്തിയാലും അത് ഓർമിച്ചെടുക്കാനാകും. ഒരിക്കൽ നമ്മൾ പഠിച്ചാൽ 24 മണിക്കൂറിനുള്ളിൽ അതിന്റെ 50 ശതമാനവും മറന്നുപോകാം. ദിവസങ്ങൾ കഴിയുന്തോറും അത് കൂടി  80 ഉം 90 ശതമാനം  വരെയാകും. പഠിച്ചത് പാഴാവുകയും ചെയ്യും. മറിച്ച് ഇടയ്‌ക്ക് ഓർമിക്കാൻ ശ്രമിച്ചാലോ... നേരത്തേ പറഞ്ഞ ‘ന്യൂറൽ ട്രേസസ്’ എന്ന ഓർമയിലേക്കുള്ള വഴി വ്യക്‌തമായി തെളിഞ്ഞുകിടക്കുകയും ‘മറവി’യുടെ തോത് കുറഞ്ഞു പോവുന്നതും കാണാം.

ഓർമിക്കാനൊരു സൂത്രം

അന്നന്നു പഠിച്ച കാര്യങ്ങളെല്ലാം ഉറങ്ങാൻ കിടന്ന ഉടൻ ഓരോന്നായി, ഓർമിച്ചെടുക്കുക. ഓർമ കിട്ടാത്ത കാര്യം അപ്പോൾത്തന്നെ ഒന്നെഴുന്നേറ്റു വായിച്ചുനോക്കിയാലും കുഴപ്പമില്ല. ഈ ‘മസ്തിഷ്ക വ്യായാമ’ ത്തിനു കരുതുന്നതിനേക്കാളും പ്രയോജനമുണ്ട്. ഉറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ചിന്തകളെ ഉപബോധമനസ്സ് ഏറ്റെടുക്കുകയും അതിനുമേൽ പ്രവർത്തിക്കുകയും ചെയ്യും. ലോകത്ത് വലിയ വിജയങ്ങൾ നേടിയ പലരും പറഞ്ഞിട്ടുണ്ട്, അവർ അനുഭവിച്ച സങ്കീർണമായ പല പ്രശ്നങ്ങൾക്കും ഉത്തരം രാവിലെ ഉണർന്നപ്പോഴാണു കിട്ടിയതെന്ന്. ഉപബോധമനസ്സിന്റെ  ‘കളി’ കൊണ്ടാണ് ആ ഗുണം കിട്ടിയതെന്നാണ് വിദഗ്ധർ പറയുന്നത്.

ഉറങ്ങാൻ കിടക്കുമ്പോൾ പഠിക്കേണ്ട കാര്യം ഓർത്തുകിടക്കണം. രാവിലെ ഉണരുമ്പോൾ ഒന്നുകൂടി ഓർമിച്ചു നോക്കൂ. ഒരു വലിയ ഉപന്യാസമോ തിയറികളോ ഫോർമുലയോ ഒക്കെ ഇങ്ങനെ നിസ്സാരമായി പഠിക്കാം. ഒപ്പം അവയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങൾ പൊട്ടിമുളയ്‌ക്കുന്നതും അനുഭവിച്ചറിയാം.

ആക്ടീവ് ലേണിങ്

മക്കളോട്‘‘അവിടെ അടങ്ങിയിരുന്നു പഠിക്ക്’’ എന്നു ശാസിച്ചിട്ടില്ലാത്ത അച്ഛനമ്മമാർ കുറവായിരിക്കും. പരീക്ഷാകാലമായപ്പോൾ സ്വസ്‌ഥത നഷ്‌ടപ്പെട്ട് കുട്ടികൾ പഠനത്തിനിടയിൽ മുറിയിൽ ഉലാത്തുന്നതും ജനൽപടിയിൽ ഇരിക്കുന്നതും എത്ര പഠിച്ചിട്ടും മണ്ടയിൽ കേറാതെ വരുമ്പോൾ ചുവരിൽ ഇടിക്കുന്നതും മുടിയിൽ പിടിച്ച് അരിശത്തോടെ വലിക്കുന്നതും ചുവട്ടിലുള്ള വസ്‌തുവിൽ തൊഴിക്കുന്നതും എഴുന്നേറ്റുനിന്നു ടീച്ചറെ അനുകരിക്കുന്നതുമൊക്കെ കണ്ടിട്ടില്ലേ..?

പുസ്തകപ്പുഴുക്കളല്ലാത്ത, ശരാശരി പഠന നിലവാരമുള്ള കൂടുതൽ കുട്ടികൾക്കും പരീക്ഷാക്കാലമാകുമ്പോൾ അടങ്ങിയിരുന്നു പഠിക്കാനാവില്ല. കാരണം എത്രയും വേഗത്തിൽ കുറേയധികം പഠിച്ചേപറ്റൂ എന്ന അവസ്ഥയാണപ്പോൾ. നിന്നും നടന്നും ചാടിയും ജനൽകമ്പിയിൽ തൂങ്ങിയും എന്തിനു കുത്തിയിരുന്നും വരെ അവർ പഠിച്ചെന്നു വരും. കാരണം. പഠനത്തിൽ ശരീരത്തെ കൂടി പങ്കാളിയാക്കി പഠനം കൂടുതൽ ഫലപ്രദമാക്കാൻ അവർ അബോധമായി നടത്തുന്ന ശ്രമമാണിത്.

ഡ്രൈവിങ്‌പോലെ ശരീരം കൊണ്ടു പഠിക്കുന്ന കാര്യങ്ങൾ ഉദാഹരണം. 10 വർഷം ഡ്രൈവ് ചെയ്യാതിരുന്നാലും പിന്നെ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല. കുട്ടിക്കാലത്തു നീന്തൽ പഠിച്ചിട്ടുണ്ട്. 50 വർഷം കഴിഞ്ഞ് വെള്ളത്തിൽ വീണാലും നീന്താൻ മറക്കില്ല. അതായത് ശരീരംകൊണ്ടു പഠിക്കുന്നത് ഒരിക്കലും മറക്കില്ല എന്നു ചുരുക്കം. ഇതാണ് ആക്ടീവ് ലേണിങ്.

പഠനത്തിൽ ശരീരത്തെ കൂടി പങ്കാളിയാക്കുക. പരീക്ഷയാകുമ്പോൾ മാത്രമല്ല. പഠിക്കുമ്പോൾ അതെപ്പോഴായാലും ശരിതന്നെ. അവയവങ്ങളെ പരമാവധി ഉൾപ്പെടുത്തുക; പ്രത്യേകിച്ചും മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യങ്ങൾ പഠിക്കുമ്പോൾ. ഒരേ ഇരിപ്പിൽ നമുക്കു ദീർഘനേരം ഇരുന്നു പഠിക്കാനാവില്ല. ഒരേ നിലയിലിരുന്നുള്ള പഠനത്തിലാണു പെട്ടെന്നു വിരസത അനുഭവപ്പെടുക. വിരസത ക്രമേണ ഓർമയെ ഉറക്കിക്കളയും. ഓർമ ഉറങ്ങിയാൽ പിന്നെ പഠിച്ചിട്ടു കാര്യമുണ്ടോ?

അഞ്ചുമിനിറ്റുകൊണ്ടു മനസ്സിലാകുന്ന കാര്യം 50 മിനിറ്റു പഠിച്ചാലും മനസ്സിലാകാതെ വരും. ഇവിടെ യഥാർഥ പ്രശ്നം ശരീരത്തെ പഠനത്തിൽ ഉപയോഗിക്കുന്നില്ല എന്നതാണ്. ശരീരത്തെ കൂടുതൽ ഉപയോഗിച്ചാൽ വിരസത കുറയും. ഓർമശേഷിയും വിഷയത്തിലുള്ള ശ്രദ്ധയും കൂടും. ഇതെങ്ങനെ സാധിക്കും?

study2

വിരസതയ്ക്കു ഗുഡ്ബൈ

ചിലർ പറയാറുണ്ട് നിന്നുകൊണ്ടു പഠിച്ചാൽ പെട്ടെന്നു മനസ്സിലാകുമെന്ന്. ശരി, ആ കുട്ടികൾ പഠിക്കാൻ പ്രയാസമുള്ള കാര്യങ്ങൾ നിന്നുകൊണ്ടു പഠിച്ചുനോക്കൂ. പ്രയോജനം ചെയ്യുന്നുണ്ടോ? ഇല്ലെങ്കിൽ അംഗവിക്ഷേപങ്ങളോടെ പഠിക്കൂ, അഭിനയിച്ചുകൊണ്ടു പഠിക്കൂ, ക്ലാസ് എടുക്കുന്ന മട്ടിൽ, പ്രസംഗിക്കുന്ന മട്ടിൽ പഠിച്ചു നോക്കൂ  വിവിധ ശബ്‌ദങ്ങളിൽ വാചകങ്ങൾ ഉരുവിട്ടും ഡയലോഗ് പറഞ്ഞും പഠിച്ചുനോക്കൂ. ഒരു പുസ്‌തകം തലയിൽ വച്ച് അതു ബാലൻസ് ചെയ്‌തു പഠിച്ചുനോക്കൂ. ഒറ്റക്കാലിൽ നിന്നു നോക്കൂ... അതെ ഇവിടെ നിയമങ്ങൾ ഒന്നുമില്ല. പഠിക്കുമ്പോൾ ആ പഠനകാര്യത്തിനനുസൃതമായി എന്തു ചെയ്യാൻ തോന്നുന്നുവോ അത് അങ്ങനെ തന്നെ ചെയ്യുക. പഠനം നിങ്ങൾക്കു ബോറടിക്കരുത്. രക്ഷാകർത്താക്കൾ അതു തടയേണ്ടതുമില്ല. നൃത്ത കായിക താൽപര്യങ്ങൾ കൂടുതലുള്ള കുട്ടികൾക്ക് ( കിനസ്തെറ്റിക് ഇന്റലിജന്റ്സ് കൂടിയവർ) ആയിരിക്കും ഈ രീതി ഏറ്റവും പ്രയോജനം ചെയ്യുക. കണക്ക് ഇഷ്ടമല്ലേ..?

കണക്കിന്റെ കാര്യം കടുകട്ടി തന്നെ, ചരിത്രം എന്തൊരു ബോറിങ് ആണ്. ഇങ്ങനെ പല വിഷയങ്ങളോടും വളരെ നെഗറ്റീവായ സമീപനം കുട്ടികൾക്കുണ്ട്. ഇത്തരം സമീപനങ്ങൾ നമ്മുടെ പഠനത്തെ  വളരെയധികം പ്രതികൂലമായി ബാധിക്കും. വിഷയത്തോടുള്ള താൽപര്യക്കുറവിനപ്പുറത്ത് മുൻ ക്ലാസുകളിൽ പഠിപ്പിച്ച അധ്യാപകരുടെ രീതിയോ അവരോടുള്ള അനിഷ്ടമോ ഒക്കെയാകാം ഇതിനു കാരണം.
വിഷയങ്ങളോടുള്ള സമീപനവും ആത്മവിശ്വാസവും പഠനത്തിൽ വളരെ നിർണായകമാണ്. ഒരു അടി വീതിയും അഞ്ചു മീറ്റർ നീളവുമുള്ള ഒരു പലക നിലത്തിട്ടിരിക്കുന്നു. പലകയിൽനിന്നു കാൽ പുറത്തേക്കു പോകാതെ അതിലൂടെ നടന്നു മറുവശമെത്താൻ പറഞ്ഞാൽ നടക്കുകയോ ഓടുകയോ ചെയ്യാൻ നമ്മളെല്ലാവരും തയാറാകും. എന്നാൽ അഞ്ചു നില ഉയരമുള്ള രണ്ടു കെട്ടിടങ്ങളുടെ മുകളിൽ അവയെ ബന്ധിപ്പിച്ചുകൊണ്ട് ഈ പലക സ്‌ഥാപിച്ചിട്ട് അതിലൂടെ നടക്കാൻ പറഞ്ഞാൽ നമ്മൾ ചെയ്യുമോ?
99 ശതമാനം പേരും പിന്മാറും. കാരണം, വീണു പോകാം എന്ന പേടി. ഒരു അടി വീതിയുള്ള പലകയിലൂടെ നമ്മൾ നടന്നതാണ്. പലകയ്‌ക്ക് പുറത്തേക്ക് കാലു പോയതുമില്ല. പക്ഷേ, രണ്ടാമത്തെ സാഹചര്യത്തിൽ നമ്മുടെ സമീപനം മാറിയിരിക്കുന്നു. അത് അസാധ്യം, കഠിനം, അപകടകരം എന്നു നമ്മൾ വിശ്വസിച്ചിരിക്കുന്നു.

പഠനത്തിൽ വിഷയങ്ങളോടുള്ള സമീപനവും ഇങ്ങനെതന്നെയാണ്. ഒരു വിഷയം പാടാണ്, ബോറിങ് ആണ് എന്നു കരുതിയാൽ പിന്നെ അതു പഠിച്ചെടുക്കാൻ നമ്മുടെ പരിശ്രമം പല മടങ്ങ് വർധിപ്പിക്കേണ്ടി വരും. സമീപനം മാറാൻ എന്തു ചെയ്യണം? അത്തരം വിഷയങ്ങൾക്ക് നമുക്ക് ഇഷ്‌ടമുള്ള വിഷയങ്ങളോടുള്ള ബന്ധം കണ്ടെത്തുകയാണ് പരിഹാരമാർഗം.

കണക്കും സയൻസും പഠിക്കാൻ പ്രയാസമുള്ള കുട്ടിക്ക് ആ വിഷയങ്ങളോടുള്ള സമീപനം നെഗറ്റീവ് ആയിരിക്കും.  അതേസമയം യന്ത്രഭാഗങ്ങളും ഉപകരണങ്ങളും കേടായവ ശരിയാക്കാനുമൊക്കെ അയാൾ മിടുക്കനാണെന്നു കരുതുക.  സംഗതി എളുപ്പമായി. അയാൾക്ക് അതീവ ഇഷ്‌ടമുള്ള ആ കാര്യത്തോട് കണക്കും ശാസ്‌ത്രവും എങ്ങനെ ബന്ധപ്പെടുന്നുവെന്നാലോചിച്ചാൽ മതി, ആ വിഷയങ്ങളെ ഇഷ്‌ടപ്പെട്ടു തുടങ്ങാൻ.

ഓർമയിലൊരു കെണിയുണ്ട്; അത്  മറികടക്കാം


തലേദിവസം നന്നായി പഠിച്ചത് ടീച്ചർ ചോദിക്കുമ്പോൾ മറന്നു പോകുന്നത്, നന്നായി പഠിച്ചെന്നു കരുതിയത് പരീക്ഷയ്ക്കിരിക്കുമ്പോൾ ഓർമ വരാത്തത്– ഇത്തരം സംഭവങ്ങൾ അനുഭവിക്കാത്തവർ കുറവായിരിക്കും. ഇവിടെ എന്താണു സംഭവിച്ചത്?– ഓർമ ചതിച്ചു!.  
ഓർമ പ്രധാനമായും രണ്ടു തരത്തിലുണ്ട്. ഹ്രസ്വകാല  ഓർമയും ദീർഘകാല ഓർമയും. ഒരാൾ ഒരു ഫോൺ നമ്പർ പറഞ്ഞാൽ അതു കുറിച്ചുവയ്‌ക്കാതെ തന്നെ അപ്പോൾ നമുക്കു ഡയൽ ചെയ്യാൻ കഴിയും. എന്നാൽ അൽപ്പം കഴിഞ്ഞാലോ അത് ഓർത്തെടുക്കാൻ കഴിഞ്ഞെന്നുവരില്ല. അതാണ് ഹ്രസ്വകാല ഓർമ. ആദ്യം എല്ലാ കാര്യങ്ങളും എത്തുന്നത് ഈ ഹ്രസ്വകാല ഓർമയിലാണ്. സാധാരണനിലയിൽ മിനിറ്റുകൾ മാത്രമേ ഈ ഓർമ നിലനിൽക്കുകയുള്ളൂ. പഠിക്കുന്ന കാര്യങ്ങളും ആദ്യം എത്തുന്നത് ഇവിടേക്കു തന്നയാണ്. അത് ദീർഘകാല ഓർമയിലേക്ക് മാറ്റപ്പെട്ടാലേ മറക്കാതിരിക്കൂ. ആവർത്തിച്ചു പഠിക്കുമ്പോഴും ഓർമിക്കാൻ ശ്രമിക്കുമ്പോഴുമൊക്കെയാണ് ഈ പ്രവർത്തനം നടക്കുക.  അതിനാൽ പഠിച്ചാൽ മാത്രം പോര, ആവർത്തിച്ച് ഓർമിക്കുകയും വേണം. അപ്പോൾ ഓർമയുടെ കെണി മറികടക്കാം.

അച്ഛനമ്മമാരുടെ പിരിമുറുക്കം കുട്ടികളിലെ സമ്മർദ്ദം

പഠിക്കുന്ന കുട്ടികളുള്ള അച്ഛനമ്മമാർക്ക് മക്കൾ പഠനത്തിൽ മികവു കാട്ടുമ്പോൾ ലഭിക്കുന്നതിനേക്കാൾ വലിയ സന്തോഷങ്ങൾ വളരെ കുറച്ചേ കാണൂ. അതു പോലെ കുട്ടികൾ പഠനത്തിൽ മോശമായാൽ അതു രക്ഷാകർത്താക്കളിലുണ്ടാക്കുന്ന മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്കേ മനസ്സിലാവൂ.
നമ്മുെട നാട്ടിൽ കുട്ടികളുെട പഠന കാര്യത്തിൽ  കൂടുതലായും ഇടപെടുന്നത് അമ്മമാരാണ്. ‘‘ നീ ശ്രദ്ധിക്കാഞ്ഞിട്ടാണ് പരീക്ഷയ്ക്ക് മാർക്കുകുറയുന്നത്’’ എന്ന നിഷ്കരുണം വിമർശിക്കുന്ന ഭർത്താവാണ് കൂടെയുള്ളതെങ്കിൽ ആ വീട്ടമ്മയുെട അവസ്ഥ പറയേണ്ടതില്ലല്ലോ.. ഇങ്ങനെ കുട്ടികളുെട പഠനവും പരീക്ഷയും മാർക്കുമൊക്കെ ഗൃഹാന്തരീക്ഷത്തെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്.

study_parenting


ആദ്യമൊക്കെ കുട്ടിയെ പഠനത്തിൽ പ്രോത്സാഹിപ്പിക്കാനും മറ്റും ശ്രമിക്കുന്ന മാതാപിതാക്കൾ.. സമ്മാനങ്ങൾ വാഗ്ദാനം ചെയ്യും. അതുഫലിക്കാതെ വരുമ്പോൾ അയലത്തെ കുട്ടിയുമായി, നന്നായി പഠിക്കുന്ന സഹോദരങ്ങളുമായുമൊക്കെ താരതമ്യം ചെയ്ത് കുറ്റപ്പെടുത്താൻ തുടങ്ങും. പിന്നെ ശകാരമായി, പൊട്ടിത്തെറിക്കലും ബഹളം വെയ്ക്കലുമായി അതു നീളും. ഒടുവിൽ കടുത്ത നിരാശയോടെ കുഞ്ഞിനെ.. ‘‘ഇവൻ നന്നാകത്തില്ല’’ എന്നു മുദ്രകുത്തി തഴയുന്ന രക്ഷാകർത്താക്കളുമുണ്ട്. അവരിൽ കടുത്ത നിരാശാ ബോധം മുതൽ വിഷാദം വരെ ഇങ്ങനെ സംഭവിക്കാെമന്ന് വിദഗ്ധർ പറയുന്നു.


എന്നാൽ കുട്ടിയുെട അവസ്ഥയോ? പണ്ടൊക്കെ പത്താം ക്ലാസിലെത്തുമ്പോഴായിരുന്നു അച്ഛനമ്മമാർ മക്കളുെട പഠനത്തിൽ കാര്യമായി ശ്രദ്ധിച്ചിരുന്നത്. ഇന്നത് എൽകെജി തലം മുതൽ തന്നെ ആരംഭിക്കുന്നു. ആകെ മത്സരമാണ്. ഒന്നാമനായേ പറ്റൂ... അച്ഛനമ്മമാരുടെ ഈ പ്രതീക്ഷയും അതിനായി അവർ നടത്തുന്ന ഭീഷണിയിലധിഷ്ഠിതമായ പഠന രീതികളും കുട്ടികളിൽ ഉണ്ടാക്കുന്ന സമ്മർദം ചെറുതൊന്നുമല്ല.


  കാതടപ്പിക്കുന്ന ഒച്ചയിലുള്ള ശകാരവും ചിലപ്പോൾ തല്ലലും ഒക്കെ തുടർച്ചയായി അനുഭവിക്കേണ്ടി വരുന്ന കുട്ടിക്ക്, വിഷാദം, തനിക്ക് കഴിവും ബുദ്ധിയുമില്ലെന്നുള്ള തോന്നൽ തുടങ്ങിയ മാനസികപ്രശ്നങ്ങൾ മുതൽ വയറുവേദന, തലവേദന, വിക്ക് തുടങ്ങി വിവിധ പ്രശ്നങ്ങൾ ഉണ്ടായെന്നും വരാം.

kids-study

എന്താണു പരിഹാരം?


∙ സ്കൂൾ വിദ്യാർഥിക്ക് പരീക്ഷ അടുക്കുമ്പോഴല്ല, അധ്യയനവർഷം  ആരംഭിക്കുമ്പോൾ മുതൽ ചിട്ടയായി പഠിക്കാൻ വേണ്ട മാർഗ നിർദേശം നൽകണം.
∙ അമ്മ മാത്രമല്ല അച്ഛനും പഠനകാര്യത്തിൽ ശ്രദ്ധിക്കണം.
∙ ക്ലാസിൽ ന്നാമനായില്ലെങ്കിൽ അതൊരു വലിയ തെറ്റാണ് എന്ന പാപബോധം കുട്ടിയിൽ ഉണ്ടാക്കാതിരിക്കുക. ജീവിതത്തിൽ വലിയ വിജയം നേടിയവരിൽ മിക്കവരും ക്ലാസിൽ ഒന്നാമൻമാരായിരുന്നില്ല.
∙ കുട്ടികളുെട അഭിരുചിയും താൽപര്യവും വളരുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതിനാൽ ചെറിയക്ലാസിലേ ഐഎഎസും ഡോക്ടറുമാക്കാൻ ശ്രമിക്കേണ്ട.
∙ വീട്ടിൽ അച്ഛനമ്മാർ അവരുടെ പഠന സഹായികളായി മാത്രം മാറുക. അധ്യാപകരാകേണ്ടതില്ല.
∙ കുട്ടിക്കു പഠിക്കാൻ സമയം നിശ്ചയിക്കുന്നവർ കളിക്കാനും രസിക്കാനും സമയം കണ്ടെത്തികൊടുക്കാൻ മറക്കരുത്.

പങ്കുവയ്ക്കാം, ഒന്നാമനാകാം

ഇനിയൊരു നല്ല കാര്യം കൂടി ചെയ്യാം. മറ്റുള്ളവരെ സഹായിക്കാം. അതെ. പഠിച്ചൊരു കാര്യം, മനസ്സിലാക്കിയ കാര്യം സുഹൃത്തുക്കൾക്കോ ആ വിഷയം മനസ്സിലാക്കാത്തവർക്കോ പറഞ്ഞുകൊടുക്കുക, പഠിപ്പിച്ചുകൊടുക്കുക. എന്തേ... നല്ല കാര്യമല്ലേ? അപ്പോൾ മറ്റൊരു സംശയം ഉണ്ടാകാം. പരീക്ഷ ഒരു മത്സരമാണ് അതിൽ ഒന്നാമതെത്താനാണല്ലോ ഈ പെടാപ്പാടൊക്കെ പെട്ടത്. പിന്നെ അതു മറ്റുള്ളവർക്കു പറഞ്ഞുകൊടുത്താൽ സ്വന്തം സാധ്യത കുറയില്ലേ? എന്ന്. അസൂയകലർന്ന ഈ ചിന്ത സ്വന്തം പഠനമികവിനു തടസ്സം തന്നയാണ്. കാരണം  പഠിച്ച കാര്യം മറക്കാതിരിക്കണമെങ്കിൽ  അത് ഉപയോഗിക്കണം. മറ്റുള്ളവർക്ക്  പറഞ്ഞുകൊടുക്കുന്നതിനെക്കാൾ അതിനു നല്ലൊരു മാർഗമില്ല.

പഠിച്ച കാര്യം ഒരു തവണ ഒരാൾക്കു വിവരിച്ചു കൊടുക്കുന്നത് 10 തവണ ആവർത്തിച്ചു പഠിക്കുന്നതിനെക്കാൾ മികച്ചതാണ്. പഠിക്കാൻ ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച മാർഗം പഠിപ്പിക്കൽ തന്നെയാണ് സംശയമില്ല. കാരണം ഈ സമയത്ത് നിങ്ങളുടെ ഇന്ദ്രിയങ്ങളെല്ലാം ഏകോപിച്ച് ആ വിഷയത്തിനെ പൂർണതയോടെ അവതരിപ്പിക്കാൻ ശ്രമിക്കും. അതോടെ ആ ഇന്ദ്രിയങ്ങളെല്ലാം ചേർന്ന് ഓർമയിൽ ആ വിഷയം പാറ പോലെ ഉറപ്പിക്കും. മാത്രമല്ല പഠിപ്പിക്കുന്ന സമയത്ത് നിങ്ങളുടെ തലച്ചോർ അത്ഭുതകരമായ വേഗത്തിൽ പ്രവർത്തിച്ച്, അതിന്റെ സാധ്യതകളെല്ലാം ഉപയോഗിച്ച് വിഷയത്തിന്റെ പൂർണതയ്‌ക്കുവേണ്ടി ശ്രമിക്കും പിന്നീട് അതു മറക്കില്ല. ഇങ്ങനെ പഠനം രസകരവും ഫലപ്രദവുമായാൽ കുറഞ്ഞ സമയവും കുറഞ്ഞ അധ്വാനവും കൊണ്ടു തന്നെ കൂടുതൽ നന്നായി പഠിക്കാം മികച്ച വിജയവും നേടാം.