Tuesday 01 January 2019 10:55 AM IST

ടൂത്ത് പേസ്റ്റിന് പല്ലു വെളുപ്പിക്കാനാകുമോ; ചില ധാരണകളും തെറ്റിദ്ധാരണകളും; മറുപടി

Asha Thomas

Senior Sub Editor, Manorama Arogyam

tooth-paste

പേസ്റ്റു കൊണ്ടു തേച്ചാൽ പല്ലു വെളുക്കുമോ?

പെറോക്സൈഡ് എന്ന രാസഘടകമാണ് പല്ലു വെണ്മയുള്ളതാക്കാനുള്ള ചികിത്സയിൽ പൊതുവേ ഉപയോഗിക്കുന്നത്. എന്നാൽ, മിക്കവാറും വൈറ്റനിങ് ടൂത്ത്പേസ്റ്റുകളിൽ പെറോക്സൈഡ് ഇല്ല. അപ്പോൾ പേസ്റ്റിലെ മറ്റ് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചില അനുമാനങ്ങളാണുള്ളത്. പല്ലിനു പുറമേയുള്ള പാളിയിലെ കറകളെ ഉരച്ചുനീക്കുന്നതുകൊണ്ട് ഒരു ചെറിയ വെണ്മയുടേതായ പരിവേഷം ലഭിക്കുന്നുണ്ടാകാം എന്നതാണ് ഒരു അനുമാനം. ഇത്തരം ചില പേസ്റ്റുകളിൽ കോവാറിൻ എന്ന രാസപദാർഥം ഉണ്ടെന്നും അത് പല്ലിന്റെ പുറംപാളിയിൽ പറ്റിപ്പിടിച്ച് പല്ലിന്റെ മഞ്ഞപ്പ് കുറഞ്ഞതായുള്ള ഒരുതരം ദൃശ്യഭ്രമം (Optical illusion) സൃഷ്ടിക്കുമെന്നാണ് രണ്ടാമത്തെ അനുമാനം. എന്തായാലും വൈറ്റനിങ് ടൂത്ത്പേസ്റ്റ് കൊണ്ടു പല്ലു തേച്ചാൽ പല്ലിന്റെ സ്വാഭാവിക നിറം മാറി വെണ്മയുള്ളതാകുമെന്നോ ആഴത്തിലുള്ള കറകൾ നീങ്ങുമെന്നോ പറയാൻ ശാസ്ത്രീയമായ തെളിവില്ല. ചില വൈറ്റനിങ് ടൂത്ത്പേസ്റ്റുകളിൽ ഹൈഡ്രജൻ പെറോക്സൈഡിനൊപ്പം ബേക്കിങ് സോഡയും ചേർത്തുകാണുന്നു. ഇതു പല്ലിന്റെ ഇനാമലിനു സുരക്ഷിതമല്ല.

പേസ്റ്റ് അലർജി

വളരെ അപൂർവമായി പേസ്റ്റിലെ ചില ഘടകങ്ങൾ കോണ്ടാക്ട് ഡെർമറ്റൈറ്റിസ് അലർജിക്ക് കാരണമാകാറുണ്ട്. ട്രൈക്ലോസാൻ, സോഡിയം ലോറേൽ സൾഫേറ്റ്, പോളിപ്രോപ്പിലിൻ ഗ്ലൈക്കോൾ, പാരബിൻ എന്നീ ഘടകങ്ങളൊക്കെ അലർജിയുണ്ടാക്കാം. നീര്, വായിലെ തൊലി പാളിയായി ഇളകിപ്പോരുക, മോണയിലും നാവിലും ശ്ലേഷ്മസ്തരത്തിലും വ്രണങ്ങൾ, ചർമത്തിന് ചുവപ്പ് എന്നിവയാണ് ലക്ഷണങ്ങൾ.

പല്ലു തേക്കുന്നതിൽ പ്രധാന റോൾ ബ്രഷിനു തന്നെയാണ്. പ്രത്യേക സാഹചര്യങ്ങളിൽ മോണയ്ക്കോ പല്ലിനോ രോഗബാധയുള്ളപ്പോൾ ദന്തരോഗവിദഗ്ധർ മെഡിക്കേറ്റഡ് പേസ്റ്റുകൾ നിർദേശിക്കാറുണ്ട്. ആ സന്ദർഭങ്ങളൊഴിച്ചാൽ പേസ്റ്റ് നിർബന്ധമല്ല, വ്യക്തിപരമായ തിരഞ്ഞെടുക്കലാണെന്നു പറയാം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. ചന്ദ്രശേഖരൻ
പ്രഫസർ ഇമരിറ്റസ്, വിഷ്ണു ദന്തൽ കോളജ്
ഭീമാവരം, ആന്ധ്ര

ഡോ. കെ. ജി. രവികുമാർ
തിരുവനന്തപുരം