Tuesday 05 May 2020 12:50 PM IST : By സ്വന്തം ലേഖകൻ

ഇനി വിനോദ സഞ്ചാരം റിമോട്ട് ടൂർ ആകുമോ? കൊറോണ കാലത്ത് പുതിയൊരു ടൂറിസവുമായി ഫറോ ഐലൻഡ്സ്

REMOTE1

ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുന്ന ഇക്കാലത്ത് പ്രകൃതി സൗന്ദര്യം നിറഞ്ഞ ഫറോ ദ്വീപുകൾ കാണാൻ ലോകമെമ്പാടുമുള്ളവർക്ക് അപൂർവ്വാവസരം. ഭൂരിപക്ഷം രാജ്യങ്ങളിലും വ്യോമഗതാഗതം ഉൾപ്പടെ തടസപ്പെട്ടു കിടക്കുമ്പോൾ എങ്ങിനെ അവിടെ എത്തിച്ചേരും എന്നോർത്ത് വിഷമിക്കണ്ട; ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം മുറിയിലിരുന്നു തന്നെ ഇവിടത്തെ കാഴ്ചകൾ ഇഷ്ടം പോലെ നടന്നു കാണാനുള്ള സംവിധാനമാണ് റിമോട്ട് ടൂറിസം പദ്ധതിയിലൂടെ അവതരിപ്പിക്കുന്നത്. ദ്വീപിലെ ഗവൺമെന്റ് വിനോദ സഞ്ചാര വിഭാഗമായ വിസിറ്റ് ഫറോ ഐലന്റ്സ് ആണ് ഈ നൂതന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

പഫിൻ പക്ഷികളുടെ നാട്

REMOTE2

ആഗോള തലത്തിൽ വളരെ വേഗത്തിൽ വളർന്നു വരുന്ന ടൂറിസം ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് ഡെൻമാർക്കിനു കീഴിലുള്ള സ്വയം ഭരണ പ്രദേശമായ ദ്വീപ സമൂഹം. നോർത്ത് അറ്റ്ലാന്റിക് കടലിൽ ഐസ്‌ലാൻഡിനും നോർവെയ്ക്കും ഇടയിലാണ് 18 വലിയ ദ്വീപുകളും 700 ൽ അധികം ചെറിയ കരപ്രദേശങ്ങളും അടങ്ങിയ ഫറോ ഐലൻഡ്സ്. പാറക്കെട്ടുകളും അഗ്‌നിപർവതങ്ങളും നിറഞ്ഞ ദ്വീപുകളിൽ ഇതുവരെ മനുഷ്യന്റെ കൈ കടത്തലുകൾ കാര്യമായി ഉണ്ടായിട്ടില്ല. ധ്രുവ പ്രദേശത്തിനു സമാനമായ കാലാവസ്ഥയും കടലിലേക്ക് ഇറങ്ങി നിൽക്കുന്ന മുനമ്പുകളും വെള്ളച്ചാട്ടങളും പുൽമേടുകളോടു കൂടിയ താഴ്‌വരകളും ഈ പ്രദേശത്തെ പ്രകൃതി രമണീയമാക്കുന്നു. പഫിൻ പക്ഷികളുടെ വാസസ്ഥാനം കൂടിയാണ് ഈ ദ്വീപുകൾ.

ജനസംഖ്യ അര ലക്ഷത്തിൽ താഴെയാണ് ഇവിടത്തെ ആകെ ജനസംഖ്യ. ടൂറിസ്റ്റുകളുടെ ആധിക്യം പ്രകൃതിക്കു ഹാനികരമാകാതിരിക്കാൻ ശ്രദ്ധിക്കുന്നവരാണ് ഫറോ ഐലൻഡുകാർ. കഴിഞ്ഞ വർഷങ്ങളിലും ഏപ്രിൽ മാസത്തിൽ ഒരാഴ്ചക്കാലം സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരുന്നു ഇവിടേക്ക്. കൊറോണ വൈറസ് ലോക ജനതയെ മുഴുവൻ വീട്ടിൽ അടച്ചിരിക്കാൻ നിർബന്ധിതരാക്കിയപ്പോൾ യാത്ര ചെയ്യാതെ തന്നെ തങ്ങളുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എല്ലാവർക്കും അവസരം ഒരുക്കുകയാണ് ഫറോ ഐലൻഡുകാർ.

റിമോട്ട് നിങ്ങളുടെ കയ്യിൽ

റിമോട്ട് ടൂറിസത്തിൽ ഫറവോ ഐലൻഡുകാരനായ ഒരു ഗൈഡാണ് നമ്മുടെ കാഴ്ചയ്ക്കായി ദ്വീപിലെ നിശ്ചിത ഡെസ്റ്റിനേഷനിലേക്ക് സഞ്ചരിക്കുന്നത്. ഗൈഡ് ഗോപ്രോ ക്യാമറ ഉറപ്പിച്ച ഹെൽമറ്റ് ക്യാമറ ധരിച്ചാണ് സഞ്ചരിക്കുന്നത്. ഇതിൽ നിന്നുള്ള ലൈവ് സ്ട്രീമിങ്ങിലൂടെ നമ്മളും അവർക്കൊപ്പം സഞ്ചരിക്കും. ഗൈഡിനെ വശങ്ങളിലേക്കു തിരിക്കാനും ചാടിക്കാനും ഓടിക്കാനും ഒക്കെ വെബ് സൈറ്റിൽ സ്വിച്ചുകളുണ്ട്.

REMOTE4

സ്മാർട്ട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും കമ്പ്യൂട്ടറുകളിലും ഈ സൈറ്റ് ആക്സസ് ചെയ്ത് യാത്ര ആസ്വദിക്കാം. ഏപ്രിൽ 15 മുതൽ 25 വരെ ദിവസവും ഒരു ഡെസ്റ്റിനേഷനിലേക്ക് ഒരു യാത്ര എന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും മെയ് 6ന് അടുത്ത സീസൺ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നു. ഫറോ ഐലൻഡിന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയും ഈ യാത്രയിൽ പങ്കുചേരാം.

ശരീരത്ത് ഉറപ്പിച്ച ക്യാമറയുമായി ദ്വീപുകളിലെ വിദൂര ഡെസ്റ്റിനേഷനിലേക്ക് സഞ്ചരിച്ച ചെമ്മരിയാടുകളെ ഉപയോഗിച്ച ഷീപ്പ് വ്യൂ ടൂറിസം പദ്ധതിയും ഫറോ ദ്വീപുകളെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാക്കിയിരുന്നു. കൊറോണാനന്തര കാലത്തെ വിനോദ സഞ്ചാരത്തെപ്പറ്റി ആശങ്ക ഉയരുമ്പോൾ റിമോട്ട് ടൂറിസം നാളത്തെ വലിയൊരു സാധ്യതയായി മാറിയേക്കാം.

REMOTE3