Thursday 09 April 2020 04:54 PM IST : By Jithin Joshy

‘കാൽവേദനയ്ക്കുള്ള മരുന്നിനു പകരം ഒരു വിളക്കും മണിയുമായാണ് അവർ തിരികെ വന്നത്’; സിക്കിം യാത്രയിലെ അവിസ്മരണീയ അനുഭവങ്ങൾ!

sm1

പണ്ടൊരിക്കൽ സാങ്കദേഫു പർവതം കയറാൻ ഇറങ്ങിപ്പുറപ്പെട്ട യാത്ര ചെന്നെത്തിയത് സിക്കിമിലെ പെല്ലിങ്ങിൽ.. സത്യത്തിൽ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള നല്ല യാത്രകളെല്ലാം ഇത്തരത്തിൽ വഴി തെറ്റി സംഭവിച്ചിട്ടുള്ളവയാണ്.. പെല്ലിങ്ങിൽ ചെന്നിട്ടു ആദ്യ യാത്ര ദാരാപ് താഴ്‌വരയിലേക്കായിരുന്നു.. മനോഹരമായ ആ യാത്രയെക്കുറിച്ചു മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്..

കാലിൽ ഒരു മന്ത്രവാദം

കിലോമീറ്ററുകൾ നടന്നാണ് അന്ന് ദാരാപ് താഴ്‌വരയിലേക്ക് പോയതും വന്നതും.. അതുകൊണ്ടുതന്നെ പിറ്റേന്ന് കാലത്ത് എണീറ്റപ്പോൾ രണ്ടു കാലിലും സാമാന്യം ഭേദപ്പെട്ട രീതിയിൽ വേദന ഉണ്ടായിരുന്നു. താമസിക്കുന്ന വീട്ടിലെ മുത്തശ്ശിയോട് വേദന പറഞ്ഞപ്പോൾ അവർ ഇപ്പൊ വരാം എന്നും പറഞ്ഞു അകത്തേക്ക് പോയി. എന്തെങ്കിലും മരുന്നോ കുഴമ്പോ എടുക്കാൻ പോയതായിരിക്കും എന്ന് കരുതിയ എനിക്ക് തെറ്റി. മരുന്നിനുപകരം ഒരു വിളക്കും മണിയും ആയാണ് അവർ തിരികെ വന്നത്. എന്നോട് കാൽ നീട്ടി നിലത്തിരിക്കാൻ പറഞ്ഞു.. മുത്തശ്ശിയും എന്റെ സമീപത്തായി ഇരുന്നു. പിന്നെ എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ആ വിളക്കുകൊണ്ട് എന്റെ കാലിനുചുറ്റും ഉഴിയാൻ തുടങ്ങി..

അകമ്പടിയായി ഒരു കൈകൊണ്ട് മണിയടിയും.. എനിക്കാണേൽ ചിരി വന്നിട്ട് പാടില്ല.. ഇന്നലെ നടന്നപോലെ ഇച്ചിരി ദൂരം നടന്നാൽ മാറാനുള്ള വേദനയേയുള്ളു.. വല്ല വോളിനി സ്പ്രേയോ മറ്റോ കിട്ടിയാൽ ഇത്തിരി ആശ്വാസം ആയേനെ എന്ന് കരുതിയാണ് മുത്തശ്ശിയോട് പറഞ്ഞത്.. അതിപ്പോ ഇങ്ങനെ ആയി.. എന്തായാലും അവരുടെ മന്ത്രങ്ങൾ തീർന്നപ്പോളേക്കും ഒരു സമയമായി..

സംഘക് കൊയിലിങ് മൊണാസ്ട്രി

sm3

പുറത്തിറങ്ങി.. വെയിൽ വീണിട്ടില്ല.. ചെറിയ മൂടൽ മഞ്ഞുണ്ട്.. നല്ല തണുപ്പും.. ദാരാപ് വാലി ഇന്നലെ പോയി.. ഇനി എങ്ങോട്ട് പോകും..? എന്തായാലും വണ്ടി പിടിച്ചു പോകാനുള്ള മനസില്ല.. അടുത്ത് നടന്നു പോയി കാണാൻ പറ്റുന്ന സ്ഥലങ്ങൾ വല്ലതും ഉണ്ടോ എന്നന്വേഷിച്ചപ്പോളാണ് പെല്ലിങ് ഗ്രാമത്തിൽ നിന്നും അധികം ദൂരെയല്ലാത്ത ഈ മൊണാസ്ട്രിയുടെ പേര് കേൾക്കുന്നത്.. സംഘക് കൊയിലിങ് മൊണാസ്ട്രി.. AD 1642 ൽ സ്ഥാപിതമായ ഈ മൊണാസ്ട്രിയും തിരക്കുകളിൽ നിന്നും ഇത്തിരി മാറി ഒരു കുന്നിൽ മുകളിലാണ് നിൽക്കുന്നത്.. ഞാൻ മെല്ലെ നടത്തം ആരംഭിച്ചു.. പെല്ലിങ്ങിൽ പൊതുവെ നിരപ്പായ റോഡുകൾ കുറവാണ്.. ഒന്നുകിൽ നമ്മൾ എപ്പോളും കയറ്റം കയറുകയാവും, അല്ലെങ്കിൽ ഇറങ്ങുകയാവും.. ഇത്തിരി നേരം കയറിയപ്പോളേക്കും ശരീരം ശരിക്കും ചൂടായി.. കാലിന്റെ വേദനയും മെല്ലെ കുറഞ്ഞുവന്നു.. വഴിയരികിൽ അമ്മമാർ കുട്ടികളുമായി മല്പിടിത്തം നടത്തുന്നു.. സ്കൂൾ ആണ് വില്ലൻ..

ശാന്തം ബുദ്ധം

കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് മെല്ലെ നടന്നു.. ഇപ്പോൾ ദൂരെ മലമുകളിലായ് മൊണാസ്ട്രിയുടെ സ്തൂപം കാണാം.. അത്യാവശ്യം കുത്തനെയുള്ള മലയാണ്. നീണ്ട നേരത്തെ നടപ്പും സൂര്യന്റെ കടന്നുവരവും ജാക്കറ്റ് ഊരാൻ നിർബന്ധിതനാക്കി.. ഊരിയ ജാക്കറ്റും പിടിച്ചുകൊണ്ടു വീണ്ടും മുകളിലേക്ക്..ഒരുപാട് ലാമമാർ മലയിറങ്ങി വരുന്നുണ്ടായിരുന്നു.. ധൃതിയിലുള്ള ആ നടപ്പിനിടയിലും അവർ കയ്യിലുള്ള മാല ചലിപ്പിച്ചു മന്ത്രങ്ങൾ ഉരുവിടുന്നു.. ഒരുപക്ഷെ പലവട്ടം ഈ മല ഇങ്ങനെ കയറിയിറങ്ങാൻ അവർക്ക് ശക്തി കൊടുക്കുന്നതും ഈ മന്ത്രങ്ങളാവാം..

sm2

നീണ്ട നടപ്പിനൊടുവിൽ ഞാൻ മുകളിലെത്തി.. ഒരുപാട് പൈൻ മരങ്ങൾക്കിടയിൽ ശാന്തമായി നിലകൊള്ളുന്ന മൊണാസ്ട്രി.. അധികം ആളനക്കമോ ബഹളമോ ഒന്നുമില്ല.. പുതിയ ഒരു പ്രതിമയുടെ നിർമാണം നടക്കുന്നു.. നേപ്പാളിൽ നിന്നുള്ളവരാണ് ജോലിക്കാർ... ഒരു പ്രത്യേക ഗോത്രവംശക്കാരാണ് ഈ ജോലിക്കാർ.. പ്രതിമയിൽ സ്വർണം പൂശുക എന്നതാണ് മുഖ്യ ജോലി.. ഈ സ്വർണ്ണവും ഇവർ തന്നെയാണ് കൊണ്ടുവരുന്നതത്രെ.. അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് മൊണാസ്ട്രിക്ക് പിന്നിലുള്ള കാട്ടിലേക്കു നീളുന്ന ഒരു ഒറ്റയടിപ്പാത കണ്ണിൽ പെട്ടത്.. അത് എങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ ആദ്യം അവർ പറയാൻ മടിച്ചു.. പിന്നെയും ചോദിച്ചപ്പോൾ ഒരു ലാമ തന്നെയാണ് പറഞ്ഞത് അത് കാട്ടിലേക്കുള്ള വഴി ആണെന്ന്..

ഏതാണ്ട് ഒരു ദിവസത്തിന്റെ ദൂരം നടന്നാൽ കാട്ടിനുള്ളിൽ ഇടിഞ്ഞുപൊളിഞ്ഞ ഒരു പഴയ കോട്ടയുണ്ടത്രേ.. ആ കോട്ടയിൽ ഏതോ വിശേഷദിവസം എന്തൊക്കെയോ പൂജാകർമ്മങ്ങൾ ചെയ്യാറുണ്ട് പോലും.. മറ്റുള്ള ദിവസങ്ങളിൽ ആരും ആ വഴി പോകാറില്ലത്രേ.. അന്ധവിശ്വാസങ്ങളുടെയും രഹസ്യങ്ങളുടെയും നാടായ സിക്കിമിൽ നിന്നും മറ്റൊരു കഥ കൂടി... എന്നെങ്കിലും ഒരിക്കൽ ആ കോട്ടയിലേക്ക് പോകണം.. തിരിച്ചു മലയിറങ്ങുമ്പോൾ അതുമാത്രമായിരുന്നു മനസ്സിൽ.

Tags:
  • Manorama Traveller
  • Travel India