Tuesday 16 March 2021 12:02 PM IST

പതിനൊന്നുകാരൻ മകനൊപ്പം ഭാരതപര്യടനത്തിനൊരുങ്ങി ഡോ. മിത്ര , ഒരു ദേശി ഡ്രൈവ്

Akhila Sreedhar

Sub Editor

mithra 4

നിങ്ങൾ എത്ര രാജ്യങ്ങൾ കണ്ടിട്ടുണ്ട് ? യാത്രകളാണ് അഭിനിവേശമെന്ന് പറയുമ്പോൾ എറണാകുളം സ്വദേശിയും തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മിത്ര സ്ഥിരം കേട്ടിരുന്ന ചോദ്യമായിരുന്നു ഇത്. അതുകൊണ്ടു തന്നെ യാത്ര ചെയ്യാൻ തുടങ്ങിയ കാലത്ത് എങ്ങനെയെങ്കിലും പത്തിരുപതു രാജ്യം കാണണമെന്നായിരുന്നു മിത്ര ആഗ്രഹച്ചത്. പക്ഷേ , യാത്രകളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ ആ കാഴ്ചപ്പാട് മാറി. സന്ദർശിക്കുന്ന സ്ഥലം, നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും നന്നായി കാണുക, മനസ്സിലാക്കുക എന്നതിനായി പ്രാധാന്യം. പോകുന്നിടത്തെ ആളുകളുടെ ജീവിത രീതികളും, സംസ്കാരവും, ഭക്ഷണവുമെല്ലാം യാത്രകളെ മനോഹരമാക്കും.

രാജസ്ഥാനും , നാഗാലാൻഡും, മണിപ്പൂരും യാത്ര ചെയ്തെത്തിയപ്പോഴാണ് ഇന്ത്യ മുഴുവനായി കാണാനുള്ള ആഗ്രഹം മിത്ര തിരിച്ചറിഞ്ഞത്. ആ ആഗ്രഹത്തിലേക്കുള്ള ചവിട്ടുപടികൾ കയറിക്കൊണ്ടിരിക്കുമ്പോൾ കോവിഡ് രോഗ വ്യാപനം വില്ലനായെത്തി. 2020 സെപ്റ്റംബറിൽ പോകാം എന്നു പ്ലാനിട്ട യാത്ര പിന്നെയും നീണ്ടു. ലോക് ഡൗൺകാലം തന്റെ ഓൾ ഇന്ത്യ സോളോ യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾക്കായി മിത്ര വിനിയോഗിച്ചു. യാത്രാവിവരണ പുസ്തകങ്ങളിലൂടെ, ബ്ലോഗുകളിലൂടെ ഇന്ത്യയെ കൂടുതൽ അറിയാൻ തുടങ്ങി. എന്നാൽ പ്ലാനിങ്ങിന്റെ ഒരു ഘട്ടത്തിൽ സോളോ യാത്ര എന്ന ആശയം മാറി യാത്ര മകൻ നാരായണിനൊപ്പം ആകാം എന്നു തീരുമാനിച്ചു. കാക്കനാട് ഭവൻസ് വരുണ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് നാരായൺ.

mithra 2

‘മൂന്ന് മാസത്തിലധികം നീണ്ടുനിൽക്കുന്ന കാർ യാത്രയാണ് പ്ലാനിലുള്ളത്. പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളൊന്നും യാത്രയിൽ ഉൾപ്പെടുത്തുന്നില്ല. പകരം അധികം അറിയപ്പെടാത്ത സ്ഥലങ്ങളിലൂടെ, ഗ്രാമങ്ങളിലൂടെ സംസ്കാരങ്ങളിലൂടെയായിരിക്കും യാത്ര. മാർച്ച് 17 ന് വില്ലിങ്ടൻ െഎലൻഡിലെ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസിൽ നിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തെക്ക് >>>> കിഴക്ക് >>>> വടക്ക് കിഴക്ക് >>>> വടക്ക് >>>>പടിഞ്ഞാറ് >>>> തെക്ക് .എന്നിങ്ങനെയാണ് ഏകദേശ ട്രാവൽ റൂട്ട്, മിത്ര പറയുന്നു.

മുന്നൊരുക്കങ്ങൾ

mithra 3

ഒരുപാട് ബ്ലോഗുകളും , സഞ്ചാരകുറിപ്പുകളും വായിച്ചാണ് ഇന്ത്യയിൽ അധികം അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങൾ മിത്ര കണ്ടു പിടിച്ചത്. പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങൾ യാത്രയിൽ ഉൾപ്പെടുത്തുന്നില്ല എന്ന തീരുമാനം ഉറച്ചതായതിനാൽ പോകേണ്ട ഇടങ്ങള്‍ തേടി കണ്ടെത്തുന്നത് വലിയൊരു ടാസ്ക് തന്നെയായിരുന്നെന്ന് മിത്ര പറയുന്നു. സ്ഥലങ്ങൾ കണ്ടെത്താനും റൂട്ട് തയ്യാറാക്കാനും നിരവധി സുഹൃത്തുക്കൾ സഹായമേകി. കൊച്ചിയിൽ നിന്ന് ആലപ്പുഴ വരെയാണ് മിത്ര കാറോടിച്ച വലിയ ദൂരം. ഉദ്ദേശം അറുപത്തിയഞ്ചു കിലോമീറ്റർ മാത്രം. ദീർഘദൂരം ഒറ്റയ്ക്ക് കാർ ഓടിക്കാനുള്ള പരിചയം നേടിയെടുക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. നാനോ കാറിൽ ഒറ്റയ്ക്ക് ഇന്ത്യചുറ്റി വന്ന സഞ്ചാരി ചാക്കോയുടെ നിർദേശ പ്രകാരം, ഒരു ദിവസം കൊച്ചിയിൽ നിന്നു തിരുവനന്തപുരം പോയി , അന്നേ ദിവസം തിരിച്ചും വണ്ടിയോടിച്ചു. അടുപ്പിച്ച് മൂന്നാഴ്ചയോളം ഈ രീതിയിൽ യാത്ര തുടർന്നു. ദീർഘദൂര ഡ്രൈവ് എന്ന കടമ്പ മിത്ര അനായാസം കടന്നു.

mithra 1

‘ഹംപി - ഊട്ടി -കൂർഗ് മുതലായ സ്ഥലങ്ങളിലേക്ക് ഡ്രൈവുകൾ നടത്തി ഞാനെന്റെ ആത്മവിശ്വാസമുയർത്തി. ഗൂഗിൾ മാപ്പിനെ ആശ്രയിക്കാതെ റോഡ് മാപ്പിന്റെ സഹായത്തോടെ യാത്രകൾ ചെയ്യാൻ പഠിച്ചു. പതിനഞ്ചു വർഷത്തിലധികമായി വണ്ടി ഓടിക്കുന്നെങ്കിലും, ഇതുവരെ ഒരിക്കൽ പോലും ബോണറ്റ് തുറന്നു നോക്കിയിട്ടില്ല. യാത്രയുടെ മുന്നോടിയായി അത്യാവശ്യ വണ്ടി പണികൾ വർക്ക് ഷോപ്പിൽ പോയി പഠിച്ചു. ഏറ്റവും സന്തോഷകരമായ കാര്യം ഒരുപാട് സഞ്ചാരികളെ പരിചപ്പെടാൻ കഴിഞ്ഞു എന്നതും അതിലൂടെ എല്ലാ സംസ്ഥാനങ്ങളിലും ചുരുങ്ങിയ കാലയളവിനുള്ളിൽ പുത്തൻ സൗഹൃദ വലയം ഉണ്ടാക്കാൻ കഴിഞ്ഞു എന്നതുമാണ്. ഇതൊരു സ്വപ്ന യാത്രയാണ് . വഴിയിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നത് ഉറപ്പാണ്. പലവട്ടം ചിറകിട്ടടിച്ചാൽ മാത്രമല്ലേ പക്ഷികൾ പറക്കാൻ പഠിക്കുകയുള്ളൂ. ഓരോ പ്രതിസന്ധിയും എന്നേ വളർത്തും എന്നതിൽ സംശയമില്ല. ഇത്ര ചെറിയ പ്രായത്തിൽ ഇന്ത്യയെ അറിയാൻ മകന് അവസരമൊരുക്കി കൊടുക്കാൻ കഴിയില്ലേ. ഒരമ്മ എന്ന നിലയ്ക്ക് അതൊരു വലിയ ഭാഗ്യമായി കാണന്നു, മിത്ര പറയുന്നു.