Friday 09 October 2020 12:50 PM IST : By അജ്മൽ അലി പാലേരി

കോടമഞ്ഞിൽ പുതച്ചുറങ്ങി അട്ടപ്പാടി; അയ്യപ്പനും കോശിയും സിനിമയിലെ അട്ടപ്പാടി കാണാനൊരു യാത്ര

ajmal 7

നീണ്ട ആറുമാസം, സഞ്ചാരിയെ സംബന്ധിച്ച് ജയിലിലകപ്പെട്ട പോലെയാണ് ദിവസങ്ങൾ കഴിഞ്ഞുപോകുന്നത്. കാടും മലയും കാട്ടാറുകളും കടൽതീരവുമെല്ലാം മാടി വിളിക്കുന്നു... വീട്ടിൽ വെറുതേയിരിക്കാൻ രസമായിരുന്ന ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു.

ajmal 8

രാജ്യം സമ്പൂർണ്ണ ലോക്ക്ഡൗണ് ഘട്ടം ഘട്ടമായി പിൻവലിക്കുന്നു. രോഗവ്യാപനം പേടിച്ച് ഓരോ സംസ്ഥാനങ്ങളും തങ്ങളുടെ അതിർത്തികൾ കൊട്ടിയടച്ച കാലം മാറി, ആളുകൾ വേണ്ട മുൻകരുതലുകളെടുത്ത് തങ്ങൾക്ക് ആവശ്യമായിടത്തെല്ലാം യഥേഷ്ടം സഞ്ചരിച്ചു തുടങ്ങി. ഒരു യാത്ര അത്യാവശ്യമെന്ന് തോന്നിയ ഘട്ടത്തിലാണ് കോവിഡിനോട് പൊരുതി ബാഗുമായി വീട്ടിൽ നിന്ന് ഇറങ്ങുന്നത്.

വയനാട് പ്ലാൻ ചെയ്തിറങ്ങിയ യാത്ര ചെന്നെത്തിയത് അട്ടപ്പാടിയിലാണ്. കൂടെ രണ്ട് സുഹൃത്തുക്കൾ. മണ്ണാർക്കാട് നിന്നും ചുരം കയറാൻ തുടങ്ങുമ്പോൾ സമയം സന്ധ്യയോടടുത്തു. ദൂരെ മലമടക്കുകളിൽ കോടയിറങ്ങിത്തുടങ്ങി. മിക്കദിവസവും മഴയുള്ളതിനാൽതന്നെ ചുരത്തിൽ അങ്ങിങ്ങായി ചെറിയ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. വ്യൂപോയിന്റിലൊന്നും തന്നെ സാധാരണയായി കാണാറുള്ള തിരക്കില്ല. അവിടെയുള്ള സഞ്ചാരികൾ കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയുമാണ് കാഴ്ചകൾ കാണുന്നത്.

ajmal 1

സൈലന്റ് വാലി ദേശീയോദ്യാനത്തോടു ചേർന്നുള്ള അട്ടപ്പാടി വനമേഖലയിലെ ചെക്ക്പോസ്റ്റ് കടക്കുമ്പോൾ നേരം ഇരുട്ടിയിരുന്നു. മുക്കാലി കഴിഞ്ഞു കൽക്കണ്ടിയിൽ നിന്നും വലത്ത് തിരിഞ്ഞു യാത്ര തുടർന്നു. താമസിക്കാനുള്ള റിസോർട്ട് ബുക്ക്‌ചെയ്തിരുന്നത് അവിടെയാണ്. കോവിഡ് വ്യാപനം കാരണം റിസോർട്ടിലെ റസ്റ്ററന്റ് അടച്ചതുകൊണ്ട്, പോകുന്നവഴി ഭക്ഷണം വാങ്ങി കയ്യിൽ കരുതി. കൽക്കണ്ടി പിന്നിട്ട ശേഷമുള്ള ആറുകിലോമീറ്റർ കടകളൊന്നും തന്നെയില്ല.

സമയം രാത്രി എട്ട്. മുന്നോട്ടു പോകും തോറും വീടുകൾ അപ്രത്യക്ഷമായി തുടങ്ങി. തൊട്ടുമുന്നിലെ വഴികൾ പോലും കാണാനാവാത്ത വിധം കോടമഞ്ഞ്. പെട്ടെന്ന് കാറിന്റെ ടയറിൽ നിന്നും ഒരു ശബ്ദം. ടയറിൽ ഒരാണി തറച്ചിരിക്കുന്നു. ഭാഗ്യവശാൽ വലിയ പ്രശ്‌നങ്ങളില്ലാതെ റിസോർട്ടിലെത്തി. കവാടം അടഞ്ഞു കിടക്കുന്നു. ഒരു കെയർട്ടേക്കറല്ലാതെ അവിടെ മറ്റാരുമില്ലായിരുന്നു.

ajmal 3

കവാടം കടന്ന് ഒരു കുന്നുകയറിവേണം റിസോർട്ടിലെത്താൻ. കൂടെയുള്ളവരെ പോലും കാണാൻ കഴിയാത്തവിധം പ്രകൃതി കോട പുതച്ചിരിക്കുകയാണ്. വാഹനത്തിൽ നിന്നിറങ്ങി. അസമുകാരനായ കേയർട്ടേക്കറുടെ കൂടെ ഞങ്ങളുടെ കോട്ടേജിലേക്കു നടന്നു. ഫ്രഷായി പുറത്തിറങ്ങുമ്പോഴേക്കും ഞങ്ങൾക്കുള്ള ക്യാംപ്്ഫയർ റെഡിയായിരുന്നു. ആറേക്കറിൽ പരന്നുകിടക്കുന്ന റിസോർട്ടിലെ കുന്നിൻചെരുവിൽ പനയോലമേഞ്ഞ കുടിലിനുള്ളിലാണ് ക്യാമ്പ്ഫയർ. കോടമഞ്ഞിന്റെ കൂടെ ചാറ്റൽമഴ കൂടിയായായപ്പോൾ ഞങ്ങൾ കഥകൾ പറഞ്ഞു ക്യാംപ് ഫയറിന് ചുറ്റും കൂടി.

ajmal 2
ajmal 9

രാത്രി വൈകിയാണുറങ്ങിയതെങ്കിലും രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. പ്രഭാതകാഴ്ചകൾ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വ്യത്യസ്തങ്ങളായ ധാരാളം പൂക്കളും ചെടികളും നിറഞ്ഞ ഒരു ഉദ്യാനത്തിനാൽ ചുറ്റപ്പെട്ട സ്വർഗത്തിലായിരുന്നു ആ രാത്രി താമസിച്ചിരുന്നത്. കോടമഞ്ഞിന്റെ പുതപ്പിനുള്ളിൽ തന്നെയായിരുന്നു അപ്പോഴും പ്രകൃതി.

ajmal 5

ഒൻപതുമണിയായപ്പോഴേക്കും ഞങ്ങൾക്കുള്ള പ്രഭാതഭക്ഷണവുമായി ഗോപാലേട്ടനെത്തി. റിസോർട്ടിലെ ജോലിക്കാരനാണ് അദ്ദേഹം. അസംക്കാരനായ കെയർടേക്കറും ഭാര്യയുമാണ് റിസോർട്ടിലെ കൃഷിയും കാര്യങ്ങളുമെല്ലാം നോക്കിനടത്തുന്നത്. റിസോർട്ടിന്റെ പുറകുവശത്ത് കാടാണ്. ഭക്ഷണത്തിന് ശേഷം ഗോപാലേട്ടന്റെ കൂടെ കഥകൾ പറഞ്ഞ്, കാട്ടരുവികൾ കടന്ന് ഒരു പ്രഭാത നടത്തം.

ajmal 4

സൂര്യൻ തട്ടിവിളിച്ചിട്ടും കോടമഞ്ഞിന്റെ പുതപ്പ് മാറ്റാതെ ഉറങ്ങുകയാണ് പ്രകൃതി. സമയം പതിനൊന്നുമണി. കുന്നിന്മുകളിലെ ആ റിസോർട്ടിൽനിന്നിറങ്ങി അട്ടപ്പാടിയിലെ ഗ്രാമവഴികൾ തേടി യാത്ര തുടർന്നു. അയ്യപ്പനും കോശിയും സിനിമ ചിത്രീകരിച്ച അട്ടപ്പാടിയിലെ സ്ഥലങ്ങൾ കാണണം. ഗോപാലേട്ടനിൽ നിന്നും ചോദിച്ചറിഞ്ഞപ്രകാരം കോട്ടത്തറ എന്ന സ്ഥലത്ത് സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചതായി അറിയാൻ കഴിഞ്ഞു. നരസിമുക്കു വഴി കാട്ടിലൂടെയുള്ള ആ യാത്ര അട്ടപ്പാടിയിലെ ഗ്രാമഭംഗി ആസ്വദിച്ചുള്ളതായിരുന്നു. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളിൽ നിലക്കടലയും പപ്പായയും തുടങ്ങി എല്ലാവിധ പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും കൃഷിചെയ്യുന്നുണ്ട്. കൃഷിക്കാരിലധികവും തമിഴ് സംസാരിക്കുന്ന ഗ്രാമീണരായിരുന്നു. സിനിമ ചിത്രീകരിച്ച മാർക്കറ്റും, ലോഡ്ജുമെല്ലാം കാണിച്ചു തന്നത് ആ നാട്ടുകാരനായ സലീംക്കയായിരുന്നു. കൊട്ടാത്തറയിൽ നിന്നും ആനക്കട്ടിവഴി ഷോളയൂരിലേക്കുള്ള വഴിയിൽ ദൂരെ നിന്നുതന്നെ വിൻഡ്‌മില്ലുകൾ കാണാൻ കഴിയുന്നുണ്ടായിരുന്നു. അവിടെയാണ് സിനിമയിലെ പൊലീസ് േസ്റ്റഷൻ സീനുകൾ ചിത്രീകരിച്ചിരുന്നത്. പുൽമേടുകൾ നിറഞ്ഞ ഷോളയൂർ ഗ്രാമത്തിന്റെ ഭംഗി സ്വിറ്റ്സർലൻഡിലെ ഗ്രാമങ്ങളെപോലെ തോന്നിപ്പിക്കും വിധം പച്ചപ്പുനിറഞ്ഞതാണ്. വിൻഡ്‌മില്ലിനോടു ചേർന്ന പൊലീസ് േസ്റ്റഷൻ തിരഞ്ഞു നടന്ന ഞങ്ങൾക്ക് സിനിമയ്ക്കായി സെറ്റിട്ട പടികളും മതിൽക്കെട്ടും മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.

ajmal 6

ചുരംകയറി അട്ടപ്പാടിയിൽ ചെന്നാൽ കാണാനൊരുപാടുണ്ട്. കോവിഡ് മഹാമാരി നമ്മൾ സഞ്ചാരികളെ എത്രത്തോളം ബാധിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കിത്തന്ന ഒരു യാത്ര അവസാനിക്കുമ്പോൾ ഇനിയെത്രനാൾ വേണ്ടിവരും നമുക്ക് പഴയപോലെ കാടും മലകളും കയറിയിറങ്ങാൻ എന്ന ചോദ്യം മാത്രമായിരുന്നു ബാക്കി.