Thursday 15 November 2018 02:44 PM IST : By Deepa N. P.

ഭൂമിയുടെ ഏറ്റവും ഉയരത്തിൽ, ആകാശത്തിനടുത്ത്; ബ്രഹ്മഗിരി, ട്രെക്കിങ് പ്രേമികളുടെ സ്വർഗഭൂമി

1 Photo : Ali Malappuram

ഓരോ തവണ വയനാട്ടിലേക്ക് ചുരം ക യറുമ്പോഴും കരുതാറുണ്ട്, ഇരുപത് വർഷം മുൻപ് വന്നപ്പോൾ ഇവിടെയുണ്ടായിരുന്ന തണുപ്പെവിടെ, മഴയെവിടെ, പച്ചപ്പെവിടെ എന്നൊക്കെ. മീൻമുട്ടിയും സൂചിപ്പാറയും എടക്കൽ ഗുഹയും ബാണാസുരസാഗർ അണക്കെട്ടും ചേർന്നൊരുക്കുന്നതാണ് പരിചയമുള്ള വയനാടൻ സൗന്ദര്യം. ഈ സ്ഥലങ്ങൾക്കപ്പുറം വയനാടിന്റെ ഉൾത്തുടിപ്പ് തേടി ചെന്നപ്പോൾ കേട്ടറിഞ്ഞ പേരാണ് ബ്രഹ്മഗിരി. മരിക്കും മുമ്പ് കണ്ടുതീർക്കണം എന്നു കരുതി കുറിച്ചിട്ട നൂറുകണക്കിന് ദേശങ്ങളുടെ ലിസ്റ്റിൽ ബ്രഹ്മഗിരിയും ഇടം പിടിക്കുന്നത് അങ്ങനെയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറി ൽ നടത്തിയ ഹിമാലയൻ ട്രെക്കിങ്ങിന്റെ ഒന്നാം വാർഷികം ആ ഘോഷിച്ചുകൊണ്ട് ഒരു ട്രെക്കിങ് നടത്താൻ പറ്റിയ സ്ഥലം ഏ താണെന്ന് വാട്സാപ്പ് ഗ്രൂപ്പി ൽ നടത്തിയ ചർച്ചയാണ് ബ്രഹ്മഗിരി എന്ന നിർദേശത്തിലെത്തിച്ചത്. ഹിമാലയത്തോളമില്ലെങ്കിലും ഓർമകളിൽ പോലും മഞ്ഞു പെയ്യിക്കാൻ കഴിയുന്ന ഒരിടമായിരുന്നു സ്വപ്നങ്ങളിലെ ബ്രഹ്മഗിരി. ഹിമാലയന്‍ യാത്രയുടെ ഓര്‍മകള്‍ പുതുക്കാനുള്ള അവസരം എന്ന പ്രതീക്ഷയിലാവാം, പതിവില്‍ കൂടുതല്‍ ആളുകള്‍ ട്രെക്കിങ്ങിന് തയ്യാറായി.

കാടുകടന്ന് മലകയറി...

തിരുനെല്ലിയോട് ചേർന്ന് കിടക്കുന്ന മലനിരകളാണ് ബ്രഹ്മഗിരി. കേരളത്തിലെ വയനാട് ജില്ലയിലും കർണാടകയിലെ കുടക് ജില്ലയിലുമായാണ് ബ്രഹ്മഗിരിയുടെ സ്ഥാനം. സമുദ്രനിരപ്പിൽ നിന്നും 5276 അടി ഉയരത്തിൽ, കേരളത്തിലെ തന്നെ ഉയരം കൂടിയ മലനിരകളിൽ ഒന്ന്.

തൊണ്ണൂറുകളുടെ അവസാനത്തിൽ കോളജിൽ നിന്നുള്ള പഠനയാത്രയുടെ ഭാഗമായി ചെന്നപ്പോൾ തിരുനെല്ലിക്കാടുകൾ നിഗൂഢത കൊണ്ടും വന്യതയാലും ഭയപ്പെടുത്തുകയും മോഹിപ്പിക്കുകയും ചെയ്തിരുന്നു. 2014 ൽ വീണ്ടും ചെന്നപ്പോൾ മറ്റേതൊരു തീർഥാടന കേന്ദ്രവുമെന്ന പോലെ തിരുനെല്ലിയും വാണിജ്യവത്കരിക്കപ്പെട്ടതായി കണ്ടു. മോഹിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാത്ത കാടുകൾക്ക് ഒരു ഭംഗിയുമില്ല. എന്നിട്ടും അതിനടുത്തെവിടെയോ ബ്രഹ്മഗിരിയെന്ന മനോഹരിയുണ്ടെന്ന പ്രതീക്ഷയിൽ തിരുനെല്ലിയോട് പോലും സ്നേഹം തോന്നി വീണ്ടും.

എന്തായാലും പോകാനുള്ള തീരുമാനമായി. യാത്രാഭ്രാന്തന്മാരുടെ ഒരു സംഘമാണ് ഇറങ്ങിത്തിരിക്കുന്നത്. ഒരു ഹിമാലയൻ യാത്രയുടെ ക്ഷീണവും സാമ്പത്തിക ബാധ്യതകളും തീരും മുൻപ് വീണ്ടും ഹിമാലയത്തിൽ പോകാൻ തയ്യാറെടുക്കുന്നവർ പോലുമുണ്ട് കൂട്ടത്തിൽ. ഓരോ യാത്രയുടെയും ചുമതല ഊഴമനുസരിച്ച് ഓരോരുത്തർ ഏറ്റെടുക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായി ബ്രഹ്മഗിരി യാത്രയുടെ ഒരുക്കങ്ങൾ ഗ്രൂപ്പ്‌ അംഗമായ സ്വാമി പാലക്കാട്ടിൽ ചെയ്യാമെന്നേറ്റു . ഗ്രൂപ്പിൽ ചർച്ചകൾ മുറുകി. യാത്ര പോകുന്ന ദിനം വന്നെത്താൻ ഓരോരുത്തരും ആവേശത്തോടെ കാത്തിരിക്കുകയാണ്. മഴക്കാലമായതു കൊണ്ട് ഒരു മൺസൂൺ ട്രെക്കിങ് തന്നെ ആകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. മഴ നനഞ്ഞു മല നിരകൾ കയറി പോകുന്ന സഞ്ചാരികളുടെ കൂട്ടം എത്ര തവണയാണ് സ്വപ്നത്തിൽ മിന്നിമാഞ്ഞത്.

ഒാഗസ്റ്റ് 13ന് ട്രെക്കിങ് ബുക്ക്‌ ചെയ്തു. ഒരാൾക്ക് 275 രൂപയാണ് ട്രെക്കിങ്ങ് ചാർജ്. കൂടാതെ 200രൂപ ഗൈഡ് ഫീസും. ഫോറസ്ററ് റേഞ്ച് ഓഫിസറുടെ അനുവാദം മുൻകൂട്ടി വാങ്ങിയാൽ മാത്രമേ ട്രെക്കിങ് അനുവദിക്കൂ. പന്ത്രണ്ടാം തീയതി വൈകുന്നേരം നാലു മണിക്ക് തന്നെ, തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള, പല ജോലികള്‍ ചെയ്യുന്ന, പല പ്രായക്കാരായ, 24 പേരുടെ സംഘം ബേസ് ക്യാംപിൽ എത്തി.

തിരുനെല്ലിയില്‍ ഫോറസ്ററ് വകുപ്പിന്റെ കീഴിലുള്ള ഡോർമിറ്ററി ആണ് ബുക്ക്‌ ചെയ്തിരുന്നത്. തിരുനെല്ലി അമ്പലത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഫോറസ്ററ് ഗെസ്റ്റ്ഹൗസ്. ഇത് കൂടാതെ കെടിഡിസിയുടെ റിസോർട്ട്, മറ്റു ചില ഹോട്ടലുകൾ, ചില ഹോം സ്റ്റേകൾ എന്നിവയും ബേസ് ക്യാംപായി ഉപയോഗിക്കാവുന്ന ദൂര പരിധിയിലുണ്ട്.

ഒരു യാത്രാ ഗ്രൂപ്പ് രൂപീകരിച്ചാലോ എന്ന മോ ഹം പലരും പങ്കുവെച്ചു. ഹിമാലയൻ യാത്രയുടെ എത്ര പറഞ്ഞാലും മതിവരാത്ത ഓർമകളിൽ മുഴുകി. പിറ്റേ ദിവസത്തെ ട്രെക്കിങ്ങിനു വേണ്ട നിർദേശങ്ങൾ യാത്രാസംഘത്തിലെ ലീഡർമാർ അലിയും സ്വാമിയും സാജനും പറഞ്ഞു തന്നു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ വാങ്ങി. അലിയുടെ ജീപ്പാണ് യാത്രയിലെ ഞങ്ങളുടെ ചരക്ക് വണ്ടി. ഗെസ്റ്റ് ഹൗസ് ജീവനക്കാര്‍ ഭക്ഷണം പാകം ചെയ്തു തരും.

നടന്ന് നടന്ന് കയറി തുടങ്ങാം

ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ സ്വർഗമാണ് ബ്രഹ്മഗിരി. ഇനിയുമൊരിക്കൽ കൂടി ഞാനിവിടെ വന്നെത്തും എന്നു തീരുമാനിച്ചു കൊണ്ടല്ലാതെ ഒരാൾക്കും ആ മലയിറങ്ങി പോരാൻ കഴിയില്ല. തിരുനെല്ലിയിൽ നിന്ന് ആറ് കിലോമീറ്റർ നടന്നു വേണം ബ്രഹ്മഗിരിയുടെ മുകളിൽ എത്താൻ. ആദ്യത്തെ മൂന്ന് കിലോമീറ്റർ നിത്യഹരിത വനത്തിലൂടെയാണ് നടത്തം. ആനക്കൂട്ടങ്ങൾ വിഹരിക്കുന്ന വഴി. ചൂടു വിടാത്ത ആനപ്പിണ്ടങ്ങൾ വഴിനീളെ കിടക്കുന്നുണ്ട്. പോരാത്തതിന് അട്ടകളുടെ ഘോഷയാത്രയും. അട്ടകളുടെ ആക്രമണം മുൻകൂട്ടി കണ്ട വിരുതന്മാർ ലീച്ച് സോക്ക്സ് ധരിച്ചിരുന്നു. ബാക്കിയുള്ളവർ കയ്യിൽ കരുതിയ ഉപ്പും പുകയിലപ്പൊടിയും കൊണ്ട് അട്ടകളോട് യുദ്ധം തുടങ്ങി.

4 Photo : Ali Malappuram

കാടു കയറൽ തുടങ്ങിയ കാലങ്ങളിലൊക്കെ അട്ടയെയും ആനയെയും ഒരു പോലെ പേടിയായിരുന്നു. അട്ടകളുടെ കടി കൊണ്ടു കൊണ്ട് ആ പേടി മാറി. സഹയാത്രികരിൽ പലരും ആനയുടെ മുന്നിൽപ്പെട്ട അനുഭവങ്ങൾ പ ങ്കുവെച്ചിട്ടുണ്ടെങ്കിലും അത്തരം ഒരു അനുഭവം ഇതുവരെ ഒത്തുവന്നിട്ടില്ല. അതുകൊണ്ടു തന്നെ ആനപ്പേടി ഓരോ കാട്ടിലും എന്നെ പിന്തുടരുന്നുണ്ട്. ആനകൾ മാത്രമല്ല, കാട്ടുപോത്തുകളുടെയും സാമ്പാർ മാനുകളുടെയും വിഹാരകേന്ദ്രമാണ് ബ്രഹ്മഗിരി. ഭാഗ്യമുണ്ടെങ്കി ൽ കടുവയെയോ പുലിയെയോ കണ്ടേക്കാമെന്ന് ഗൈഡ് പറഞ്ഞു.

2 Photo : Ali Malappuram

മൂന്നു കിലോമീറ്റർ പിന്നിട്ടതോടെ നിത്യഹരിത വനങ്ങൾ അവസാനിച്ചു. പിന്നീടങ്ങോട്ട് പുൽമേടുകളായിരുന്നു. അവിടെയായി ഡിപ്പാർട്മെന്റിന്റെ ആന്റി പോച്ചിങ് ക്യാംപ് ഉണ്ട്. അതിനടുത്തായി ആകാശം മുട്ടും ഉയരത്തിലെന്ന്‌ തോന്നിപ്പിക്കുന്ന വാച്ച് ടവറും. അഞ്ചാറു വ ര്‍ഷം മുന്‍പ് സൈലന്റ് വാലിയില്‍ പോയ സമയത്ത് കടുത്ത അക്രോഫോബിയ (ഉയരങ്ങളോടുള്ള ഭയം) കാരണം വാച്ച് ടവറില്‍ കയറാതെ തിരിച്ചു പോന്നതിന്റെ ഓർമ വന്നു. യാത്രകള്‍ പതിവായ ശേഷം പ്രത്യേകിച്ചും കഴിഞ്ഞ വര്‍ഷം നടത്തിയ ഹിമാലയന്‍ യാത്രയ്ക്കു ശേഷം ഉയരങ്ങളോടുള്ള പേടിയില്ലാതാവുകയും ഉയരങ്ങളിലേക്കുള്ള നടത്തം പ്രണയിച്ചു തുടങ്ങുകയും ചെയ്തിരുന്നു. നിറഞ്ഞ ആത്മവിശ്വാസത്തോടെ, മനസ്സിനും കാലിനും തരി പോലും ഇടർച്ചയില്ലാതെ ബ്രഹ്മഗിരിയിലെ വാച്ച് ടവറിന്റെ ഏറ്റവും മുകളിൽ വരെ കയറി, അങ്ങകലെയുള്ള വയനാടൻ ഗ്രാമങ്ങൾ കാഴ്ചയുടെ വിരുന്നൊരുക്കും. പാട്ടുമൂളി വരുന്ന കാറ്റ് അന്തരീക്ഷത്തെ കുളിരണിയിക്കും.

ആകാശം തൊടുന്ന ഉയരത്തിൽ...

7 Photo : Ali Malappuram

വീണ്ടും മുകളിലേക്കുള്ള നടത്തം ആരംഭിച്ചു. ആദ്യത്തെ കുന്നിൻ മുകളിലേക്ക് നോക്കി ‘ഇതിന് മുകളില്‍ വരെയാണോ ട്രെക്കിങ്’ എന്ന് ചോദിച്ചപ്പോൾ ‘ഇത്‌ പോലെ രണ്ടെണ്ണം കൂടി കയറാനുണ്ടെ’ന്ന് ഗൈഡ് പറഞ്ഞു. വയനാട്, ചെമ്പ്ര പീക്കിലെ ഹൃദയതടാകം കാണാൻ പോയതു പോലെ എളുപ്പം എന്നു വിചാരിച്ചത് തെറ്റി. കാലുകൾ തളർന്നിട്ടും 'കയറൂ മുകളിലേക്കെന്ന്' മനസ്സ് വലിച്ചു കൊണ്ടു പോവുകയാണ്.

3 Photo : Ali Malappuram

ചുറ്റിലും കണ്ണും മനസ്സും നിറക്കുന്ന പുൽമേട്. നോക്കുന്നിടം മുഴുവൻ പച്ച പുതച്ച മലനിരകൾ. മഴയും വെയിലും മഞ്ഞും മാറി മാറി വന്നു കൊണ്ടിരുന്നു. രണ്ടാം മലയും കയറി കഴിഞ്ഞപ്പോഴേക്കും എല്ലാവരും വല്ലാതെ തളർന്നു. കൂട്ടത്തിലെ ചിലർ നടന്നു മുകളിലെത്താറായിരുന്നു. രണ്ടു മൂന്നു പേർ ഒന്നാം മലയിൽ വച്ച് തന്നെ ട്രെക്കിങ് അവസാനിപ്പിച്ചു. എത്രയും വേഗം മുകളിലെത്തുക എന്നതി ൽ കുറഞ്ഞൊന്നും ആലോചിക്കാൻ ഇല്ല. ഇനിയുള്ളത് കുത്തനെയുള്ള കയറ്റമല്ല. അതി മനോഹരമായ, നീണ്ടു പരന്നു കിടക്കുന്ന ഒരു ചെരിവ്. "കയറി വരൂ" എന്ന് ബ്രഹ്മഗിരിയുടെ മുകളറ്റം വിളിച്ചു കൊണ്ടിരുന്നു. കൂടെ നടന്നവർ എന്തൊക്കെയോ കഥകൾ പറഞ്ഞു കൊണ്ടിരുന്നു. കഥകൾ കേട്ട്, തളർച്ച മറന്നു മൂന്നാമത്തെ മലയുടെ ഉച്ചിയിലെത്തി. മുകളിലെത്തിയപ്പോൾ ഇരുവശങ്ങളിലായി കേരളത്തിന്റെയും കർണാടകയുടെയും മനോഹരമായ കാഴ്ചകൾ. ഭൂമിയുടെ ഏറ്റവും ഉയരത്തിൽ, ആകാശത്തിനടുത്ത്, ഒരു സ്വർഗലോകത്തിൽ നിൽക്കുന്നത് പോലെ...

5

കുത്തനെയുള്ള ഇറക്കം കയറ്റത്തേക്കാൾ കഠിനമായിരുന്നു. ഓരോ മടക്കയാത്രയിലും 'ഇ തെന്ത് പ്രാന്താണ് നിനക്കെന്ന്' മനസ്സ് ചോദിക്കും. അവധി ദിവസങ്ങളിൽ വീട്ടു ജോലികൾ തീർത്ത്, കുറെ വിശ്രമിച്ച്, വൈകുന്നേരങ്ങളിൽ ടിവിയോ സിനിമയോ കണ്ട്, നഗരങ്ങളിൽ ചുറ്റി നടന്ന്, ഷോപ്പിങ് നടത്തി ജീവിക്കേണ്ടതിനു പകരമാണല്ലോ ഈ മലകയറ്റവും കാടേറ്റങ്ങളുമെന്നും. എങ്കിലും തളർച്ച മാറും മുൻപ് അടുത്ത യാത്ര സ്വപ്നം കാണുന്നു. യാത്രയ്ക്ക് മാത്രം തരാൻ കഴിയുന്ന ഒരു ഊർജമുണ്ട്.

തിരിച്ച് ബേസ് ക്യാംപിൽ എ ത്തുമ്പോൾ വൈകുന്നേരം നാ ലു മണി കഴിഞ്ഞിരുന്നു. അടുത്ത യാത്രയിൽ കാണാമെന്ന് പരസ്പരം കൈകൊടുത്തു. വേർപിരിയലിന്റെ സങ്കടമൊന്നും ആർക്കുമില്ല. കാരണം യാത്രകൾ അവസാനിക്കുന്നില്ലെന്ന്‌ എല്ലാവർക്കും ഉറപ്പായിരുന്നു. ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ മ റ്റേതെങ്കിലും ഒരു കാട്ടിലേക്ക് അല്ലെങ്കിൽ ഒരു കുന്നിൻ മുകളിലേക്ക് ഞങ്ങളൊന്നിച്ച് വീണ്ടും കൈ കോർത്തു നടന്നു കയറുമെന്നും.

6