Friday 31 July 2020 04:48 PM IST : By സ്വന്തം ലേഖകൻ

ഭൂമിയ്ക്കുള്ളിലെ മറ്റൊരു ഗ്രഹം, പ്രകൃതിയുടെ കരവിരുത്; കപ്പഡോഷ്യ

c1

തുർക്കിയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് കപ്പഡോഷ്യ എന്ന ഗുഹകളുടെ നാട്. നൂറ്റാണ്ടുകൾക്ക് മുൻപ് അഗ്നിപർവതങ്ങൾ പൊട്ടി ഒഴുകിയ ലാവ മലനിരകളായി രൂപാന്തരപ്പെട്ടു. ഒപ്പം പ്രകൃതിയുടെ കരവിരുതിൽ രൂപപ്പെട്ട നൂറുകണക്കിന് ഗുഹകളും. ടൂറിസത്തെ അതിന്റെ പൂർണതയിൽ ഉപയോഗിക്കുന്നുണ്ട് കപ്പഡോഷ്യ. പ്രകൃതിയൊരുക്കികൊടുത്ത ഓരോ വിസ്മയവും സഞ്ചാരികൾക്ക് പുത്തൻ അനുഭവങ്ങളും കാഴ്ചയുമാകുന്നു. പ്രകൃതിയാൽ രൂപം കൊണ്ട ഗുഹകളിൽ മിക്കവയും ഇന്ന് സഞ്ചാരികള്‍ക്കായുള്ള റസ്റ്ററന്റുകളോ ഹോട്ടലുകളോ ആണ്.കപ്പഡോഷ്യയുടെ മുഴുവൻ ഭംഗിയും ആസ്വദിക്കാൻ സഞ്ചാരികളൊന്ന് പറക്കണം അങ്ങ് ആകാശം മുട്ടെ. അതിനായി ചൂടുള്ള എയർ ബലൂൺ സഫാരി തെരഞ്ഞെടുക്കാം. താരതമ്യേന ഏറ്റവും ചിലവുകുറഞ്ഞ നിരക്കിൽ സഞ്ചാരികൾക്കായി ഹോട്ട് എയർ ബലൂൺ സഫാരി ഇവിടെ ഒരുക്കിയിരിക്കുന്നു.

c3

ഭൂമിയ്ക്ക് മുകളിൽ മാത്രമല്ല അടിയിലും കപ്പഡോഷ്യ അദ്ഭുതം തീർത്തിരിക്കുന്നു. 1965 ൽ നടന്ന പുരാവസ്തു ഖനനങ്ങളിൽ നിന്നുമാണ് വൈവിധ്യമാർന്ന പ്രാചീന സംസ്കാരങ്ങൾ ഇവിടെ നിലനിന്നിരുന്നു എന്നതിന് തെളിവ് കിട്ടിയത്. നൂറ്റാണ്ടുകൾക്ക് മുൻപ് രൂപപ്പെട്ട 40 ലധികം ഭൂഗർഭ നഗരങ്ങളുണ്ട് ഇവിടെ. ഈ ഭൂഗർഭ നഗരങ്ങൾ പലതും തുരങ്കങ്ങൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ബി സി 1200 ൽ സൃഷ്ടിക്കപ്പെട്ടതെന്ന് കരുതുന്ന ഏറ്റവും വലിയ ഭൂഗർഭ നഗരം കണ്ടെത്തിയത് 2014 ലാണ്.

c2

ലോകത്തെ മറ്റ് ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് കപ്പഡോഷ്യയെ വേറിട്ട് നിർത്തുന്നത് അതിന്റെ ഭൂപ്രകൃതിയാണ്. മറ്റേതോ ഗ്രഹത്തിലെത്തിയ അനുഭവമാണ് കപ്പഡോഷ്യ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ഇസ്താംബൂൾ നഗരത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് കപ്പഡോഷ്യ സ്ഥിതി ചെയ്യുന്നത്.