‘കാടിനകത്തൊരു ഉത്സവം നടക്കുന്നുണ്ട്, ആ നേരത്താണ് ഇലകൾ പച്ച മഴപോലെ പെയ്യുന്നത്. തടാകങ്ങളിൽ മീനുകൾ സ്വപ്നം വിതയ്ക്കുന്നത്. കടുവക്കുഞ്ഞ് അമ്മിഞ്ഞപ്പാല് നുകരുന്നത്. ആനക്കൂട്ടം ആർത്തലറുന്നത്, മയിൽ നൃത്തം വയ്ക്കുന്നത്, കുയിലങ്ങനെ നിർത്താതെ പാടുന്നത്... കാടിനെക്കുറിച്ച് ചോദിച്ചപ്പോൾ എട്ടാം ക്ലാസുകാരി സ്വാതി പറഞ്ഞതിങ്ങനെയാണ്. കാടു കാണാൻ കുടുംബത്തോടൊപ്പം ക്യാമറയും തൂക്കി ഇറങ്ങുന്ന സ്വാതിക്ക് കാട്ടിനുള്ളിൽ എന്നും ഉത്സവമാണ്. കാണുന്നതൊക്കെ ജീവിതത്തിലെ വലിയ പാഠങ്ങളും. കോഴിക്കോട് സ്വദേശി ഡോക്ടർ വിനോദ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിക്കായി നടത്തുന്ന യാത്രകളിലൊക്കെ കുടുംബത്തെ കൂടെ കൂട്ടും. പ്രകൃതിയെ അറിഞ്ഞ് അതിലലിഞ്ഞ് കാണുന്നതൊക്കെ നല്ല ഫ്രെയിമുകളിലാക്കുന്ന ‘ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി കുടുംബം’ കാടിനെ, ഫൊട്ടോഗ്രഫിയെ പ്രണയിച്ച് തുടങ്ങിയ നാളുകളെ കുറിച്ചും, പകർത്തിയ ചിത്രങ്ങളെ കുറിച്ചും പങ്കുവയ്ക്കുകയാണ്.
സർപ്രൈസ് @ ഊട്ടി
‘കുടുംബത്തോടൊപ്പം മാസത്തിൽ ഒരു യാത്രയെങ്കിലും പതിവുണ്ട്. ഫോട്ടോ എടുക്കാൻ പരീക്ഷണങ്ങൾ നടത്തി വരുന്നതേയുള്ളൂ. ആ ഇടയ്ക്ക് ഒരു ഊട്ടി യാത്ര തരപ്പെട്ടു. അവിടെ വച്ച് വളരെ അപ്രതീക്ഷിതമായി ഒരു കുഞ്ഞിക്കിളിയെ കണ്ടു. ഓറഞ്ചും കറുപ്പും നിറഞ്ഞ തൂവലുകളിൽ അതങ്ങനെ തിളങ്ങി നിന്നു. വെറുതെ ചിത്രമെടുത്തു വച്ചു. യാത്ര കഴിഞ്ഞ് തിരിച്ച് വന്ന് യാത്രാനുഭവങ്ങൾ കസിനുമായി പങ്കുവയ്ക്കുന്നതിന്റെ കൂടെ ഈ ചിത്രമെടുത്ത കാര്യം സൂചിപ്പിച്ചു.
പക്ഷികളെ കുറിച്ച് അത്യാവശ്യം നല്ല അറിവുള്ള അയാളുടെ കണ്ണുകളിൽ അദ്ഭുതം നിറയുന്നത് അപ്പോൾ എനിക്ക് കാണാമായിരുന്നു. അന്ന് ഞാനെടുത്ത ചിത്രം കരിഞ്ചെമ്പൻ പാറ്റപിടിയൻ എന്നറിയപ്പെടുന്ന ബ്ലാക്ക് ആൻഡ് ഓറഞ്ച് ഫ്ലൈ കാച്ചറിന്റെ ആയിരുന്നു. ഈ പക്ഷിയുടെ ചിത്രമെടുക്കാൻ മാത്രമായി പലരും ഊട്ടിയിലേക്ക് പല തവണ പോയിട്ടുള്ള കാര്യം കസിൻ സൂചിപ്പിച്ചു. ശരിക്കും പറഞ്ഞാൽ ഈ ഒരു ചിത്രമാണ് പക്ഷികളുടെ ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്.
ഫ്ലാഷ്ബാക്
ക്യാമറയിൽ ചിത്രമെടുക്കാൻ കുട്ടിക്കാലം തൊട്ടേ ഇഷ്ടമായിരുന്നു. ആദ്യകാലത്തൊക്കെ ചിത്രരചനയോടായിരുന്നു താൽപര്യം. ക്യാമറ വാങ്ങിയതിൽ പിന്നെ ചിത്രം വര നിർത്തി ചിത്രം എടുക്കാൻ തുടങ്ങി. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ സർജൻ ആണ്. ജോലിത്തിരക്കിനിടയിൽ സമയം കിട്ടുമ്പോഴൊക്കെ യാത്ര പോകും. ഭാര്യ ജിജോ ക്യാമറ പഠിച്ചപ്പോൾ യാത്രകൾ ഒരുമിച്ചാക്കി. പക്ഷികളുടെ ചിത്രമെടുക്കാനാണ് ഞങ്ങൾക്ക് കൂടുതലിഷ്ടം. രണ്ടുപേരും ക്യാമറയും തൂക്കി നടക്കുമ്പോൾ മക്കളെ തനിച്ച് വീട്ടിൽ നിർത്താനൊക്കില്ലല്ലോ. അങ്ങനെയാണ് അവരും ഞങ്ങളുടെ ടീമിൽ കൂട്ടുകൂടുന്നത്. ആദ്യമൊക്കെ ഉള്ള രണ്ട് ക്യാമറ പരസ്പരം കൈമാറി ആയിരുന്നു ചിത്രമെടുത്തുകൊണ്ടിരുന്നത്. അതൊരു ബുദ്ധിമുട്ടായി തുടങ്ങിയപ്പോൾ നാലാൾക്കും ഓരോ ക്യാമറ വാങ്ങി.
കുടുംബത്തെ കൂട്ടിയുള്ള യാത്രയിൽ റിസ്കെടുക്കാൻ വയ്യ. അതിനാലാണ് കാടകങ്ങളിലേക്കു കയറി വന്യമൃഗങ്ങളുടെ ചിത്രമെടുക്കാൻ ശ്രമിക്കാത്തത്. അതൊരു കാരണം മാത്രം. പ്രധാനം പക്ഷികളോടുള്ള ഇഷ്ടം തന്നെ. മൂന്നോ നാലോ വർഷം മാത്രമേ ആകുന്നുള്ളൂ ഞങ്ങൾ ഒരുമിച്ച് യാത്രകൾക്കൊപ്പം ഫൊട്ടോഗ്രഫി തുടങ്ങിയിട്ട്. മക്കൾക്കിപ്പോൾ പക്ഷികളുടെ പേരറിയാം. കണ്ട മാത്രയിൽ ഏതിനമാണ് എന്ന് പറയാൻ സാധിക്കുന്നു. മരങ്ങളെ കുറിച്ചും കാടിനെ കുറിച്ചും അറിയാം. ഇതൊക്കെ ജീവിതത്തിലെ വലിയ നേട്ടങ്ങളല്ലേ’. വിനോദ് പറയുന്നു.
പ്രകൃതിയെന്ന വലിയ പുസ്തകം
മണ്ണും കാറ്റും മഴയും കാടുമെല്ലാം എന്താണെന്ന് അനുഭവിച്ചറിയാൻ മക്കളെ പഠിപ്പിക്കണം എന്ന ബോധ്യം ഫൊട്ടോഗ്രഫിയിലേക്ക് വന്ന ശേഷമാണ് ഞങ്ങൾ തിരിച്ചറിയുന്നത്. പരസ്പര സഹകരണവും സ്നേഹവും ഇരതേടലും തുടങ്ങി പ്രകൃതി പകർന്നു നൽകാത്ത പാഠങ്ങളില്ല. മൂത്ത മകൾ അശ്വതി പ്ലസ് ടു പഠനം കഴിഞ്ഞ് നിൽക്കുന്നു. അവൾക്ക് പക്ഷികളെക്കാൾ കൂടുതൽ മൃഗങ്ങളുടെ ചിത്രമെടുക്കാനാണ് ഇഷ്ടം. പുള്ളിപ്പുലിയുടെ ചിത്രം അവൾ പകർത്തിയ നല്ല ഷോട്ടുകളിൽ ഒന്നായിരുന്നു. എട്ടാം ക്ലാസുകാരി സ്വാതിക്ക് പ്രിയം പ ക്ഷികൾ. തട്ടേക്കാട് നിന്ന് അവൾ പകർത്തിയ മലബാർ ട്രോഗന്റെ പടം മികച്ച ചിത്രങ്ങളിലൊന്നാണ്.
സ്വാതിയുടെ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിലേക്കുള്ള തുടക്കം രസകരമായൊരു അനുഭവമായിരുന്നു. അഞ്ചു വർഷം മുൻപ് തട്ടേക്കാടേക്ക് ഒരു യാത്ര ന ടത്തി. ശ്രീലങ്കൻ ഫ്രോഗ് മൗത്തിനെ കാണുക എന്നതായിരുന്നു യാത്രയുടെ ഉദ്ദേശം. മരങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന അവയെ കണ്ടുപിടിക്കാൻ പ്രയാസമാണ്. ഗൈഡിന്റെ സഹായമില്ലാതെ പോയാൽ കാണാനേ പറ്റില്ല. അന്ന് രാവിലെ ആറുമണിക്ക് ശ്രീലങ്കൻ ഫ്രോഗ് മൗത്തിനെ അന്വേഷിച്ചുള്ള യാത്ര തുടങ്ങി. ഭക്ഷണം പോലും കഴിക്കാതെയാണ് യാത്ര. മക്കളും ഞങ്ങളും വളരെ ത്രില്ലിലായിരുന്നു. സമയം നീണ്ടു നീണ്ട് പോയി. നടക്കുകയല്ലാതെ പക്ഷിയെ കണ്ടില്ല. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു ഗൈഡ് സ്വകാര്യമായി അയാളുടെ സഹായം തേടി വന്നവർക്ക് ശ്രീലങ്കൻ ഫ്രോഗ് മൗത്തിനെ കാണിച്ചുകൊടുത്തു. സ്വാതി അത് കണ്ടുപിടിച്ചതിനാൽ അന്ന് ഞങ്ങൾക്കും ശ്രീലങ്കൻ ഫ്രോഗ് മൗത്തിനെ ആദ്യമായി കാണാനും ചിത്രമെടുക്കാനും കഴിഞ്ഞു.
പക്ഷികളെ തേടി മാത്രമായി നടത്തുന്ന യാത്രകളുണ്ട്. അതു കൂടാതെ കാടു കാണാൻ ജംഗിൾ സഫാരിക്ക് പോകാറുമുണ്ട്. അങ്ങനെ ഒരു യാത്രയിലാണ് ആദ്യമായി കബനിയിൽ വച്ച് കടുവയെ കാണുന്നത്. നാലുപേരും അവരവരുടെ ക്യാമറയിൽ ചിത്രം പകർത്തി. ഏകദേശം അരമണിക്കൂർ സമയം കടുവ ഞങ്ങളുടെ സഫാരി വാനിന്റെ മുന്നിൽ നിന്നു. കബനിയിൽ ഒരു ജംഗിൾ സഫാരി എടുത്താൽ ഒരു വാട്ടർ സഫാരി എടുക്കണമെന്ന് അലിഖിതമായൊരു നിയമമുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ അന്ന് വാട്ടർ സഫാരിക്ക് തയാറായത്. പിന്നെ ഫോട്ടോ എടുക്കാൻ കടുവയോ പുള്ളിപ്പുലിയോ പക്ഷികളോ അങ്ങനെ ഒരു തരംതിരിവില്ല. കിട്ടുന്ന നല്ല ഫ്രെയിമുകൾ എടുക്കും. ഇനി ഒന്നും കിട്ടിയില്ലെങ്കിൽ കാടും കാഴ്ചളും ആസ്വദിക്കും. വാട്ടർ സഫാരിയിൽ വച്ചാണ് അറുപതോളം വരുന്ന ആനക്കൂട്ടത്തെ കാണുന്നത്. ഫ്രെയിമിൽ കൊള്ളാത്തത്ര ആനകൾ. വേറിട്ടൊരു അനുഭവമായിരുന്നു ആ കാഴ്ച. മുഖത്ത് ആഹ്ലാദത്തിന്റെ തിളക്കത്തോടെ ജിജോ ആനക്കൂട്ടത്തെ കണ്ട അനുഭവം പങ്കുവച്ചു.
വേഴാമ്പൽ വസന്തം
ഫൊട്ടോഗ്രഫി തുടങ്ങിയതിൽ പിന്നെ പലതവണ കാണാൻ ആ ഗ്രഹിച്ചു നടക്കാതെ പോയൊരു സ്വപ്നമായിരുന്നു വേഴാമ്പലിന്റെ ചിത്രം. തൃശൂരാണ് ജിജോയുടെ നാട്. ഒരിക്കൽ അവിടെ പോയപ്പോൾ ആ വഴി ഞങ്ങൾ നെല്ലിയാമ്പതിയിലേക്കു യാത്ര പോയി. വൈകിട്ട് തിരിച്ച് വരുന്ന രീതിയിലായിരുന്നു യാത്ര. അന്ന് വേഴാമ്പലിനെ ഒന്നു കണ്ടു. ഇണകളായിരുന്നു. പക്ഷേ, ചിത്രമെടുക്കാൻ ക ഴിഞ്ഞില്ല. ആ വിഷമം മാറ്റാൻ ഇക്കഴിഞ്ഞ ഡിസംബറിൽ നെല്ലിയാമ്പതിയിലേക്ക് മറ്റൊരു യാത്ര പോയിരുന്നു. ഒരു രാത്രി അവിടെ താമസിച്ച് പിറ്റേന്ന് തിരിച്ച് വരാൻ പ്ലാൻ ചെയ്തായിരുന്നു യാത്ര.
അന്ന് വൈകിട്ട് ഞങ്ങൾ താമസിക്കുന്ന ഹോട്ടലിനു പുറത്ത് ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്ന പ്രതീതിയിലുള്ളൊരു ശബ്ദം കേട്ടു. എന്താണെന്ന് നോക്കാൻ ആകാംഷയോടെ പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കില്ല. വേഴാമ്പൽ വസന്തം എന്നൊക്കെ പറയാം അത്രയധികം വേഴാമ്പലുകളായിരുന്നു ചുറ്റിലും. ക്യാമറ എങ്ങോട്ട് തിരിച്ചാലും നല്ല ചിത്രങ്ങൾ കിട്ടും. കാതടപ്പിക്കുന്ന ശബ്ദത്തോടെ അവ പറന്നും താഴ്ന്നും കളിക്കുന്നു. ഉള്ളറിഞ്ഞ് കാണാനാഗ്രഹിക്കുന്ന കാഴ്ച പ്രകൃതി എന്നെങ്കിലുമൊരിക്കൽ നമ്മുടെ മുന്നിൽ കൊണ്ടുവന്നു വയ്ക്കും എന്നതിന്റെ തെളിവായി ആ അനുഭവം.
രംഗനതിട്ടു, ഭരത്പുർ, തട്ടേക്കാട്, ഗോവയിലെ ഭഗവാൻ മഹാവീർ സാങ്ച്വറി , ആന്റമാൻ നിക്കോബാർ ദ്വീപ്, ജയ്പുർ ഝൽന സാങ്ച്വറി , കബനി, നെല്ലിയാമ്പതി, കുമരകം തുടങ്ങി കുറെയധികം യാത്രകൾ ഫൊട്ടോഗ്രഫിക്കു മാത്രമായും അല്ലാതെയും നടത്തിയിട്ടുണ്ട്. പോകാനുള്ള സ്ഥലങ്ങളുടെ നീണ്ടനിര ഇനിയുംബാക്കിയാണ്. എടുക്കാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളുടെയും.