Friday 23 October 2020 12:54 PM IST : By സ്വന്തം ലേഖകൻ

ചില യാത്രകൾ അച്ഛനമ്മമാർക്കൊപ്പം, 180 ൽ അധികം രാജ്യങ്ങളിലും പോയത് ഒറ്റയ്ക്ക്; ലോകരാജ്യങ്ങൾ മുഴുവൻ സന്ദർശിച്ച ഇരുപത്തിനാലുകാരിയുടെ വിസ്മയിപ്പിക്കുന്ന കഥ

taylor1

ഓർമവെച്ച കാലം മുതലും സ്കൂളും പാഠപുസ്തകങ്ങളുമായി ‘പഠിത്തക്കാരി’യായി ജീവിച്ച പെൺകുട്ടി ഒരു ദിവസം തിരിച്ചറിഞ്ഞു പുസ്തകങ്ങളെക്കാള്‍ തനിക്ക് അറിവു നൽകുന്നത് യാത്രകളാണെന്ന്. അന്ന് ആ കുട്ടി യാത്ര തുടങ്ങി, ലോകരാജ്യങ്ങളെല്ലാം കാണുക എന്ന ലക്ഷ്യത്തോടെയയുള്ള യാത്രകൾ. 23–ാം വയസ്സിൽ ഇക്കണോമിക്സും പബ്ലിക് പോളിസിയും വിഷയങ്ങളായി എടുത്ത് ബിരുദം കരസ്ഥമാക്കിയതിനു ശേഷം ലോകപ്രശസ്തമായ ഒരു സ്ഥാപനത്തിൽ സ്വപ്നതുല്യമായ ശമ്പളത്തോടെ ഇന്റേൺഷിപ് കരസ്ഥമാക്കിയ അമേരിക്കയിലെ അലബാമക്കാരി ടെയ്‌ലർ ഡിമൺബ്രൂൺ ഒരു ഉൾവിളിയാൽ എന്നോണം  യാത്രയിലേക്കു തിരിഞ്ഞു. ഇത്രകാലം പുസ്തകങ്ങളിൽ തല പൂഴ്ത്തി വേണ്ടത്ര സൗഹൃദമോ സാമൂഹിക പരിചയമോ ഉണ്ടാക്കാതെ ജീവിച്ചിട്ട് എന്തു നേടി? സ്വന്തം മനസ്സാക്ഷിയോടു ചോദിച്ച ചോദ്യങ്ങൾ അവരുടെ ജീവിതം മാറ്റി. ഏറെ ആകർഷകമായ ജോലി ഇട്ടെറിഞ്ഞ് ലോകം ചുറ്റാൻ ഇറങ്ങിയ ടെയ്‍ലർ ഡിമൺബ്രൂന്റെ പേര് ഇപ്പോൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സിൽ നാലു പ്രാവശ്യം വായിക്കാം. ഏറ്റവും വേഗത്തിൽ ലോകത്തിലെ സ്വതന്ത്ര പരമാധികാര രാജ്യങ്ങളെല്ലാം സന്ദർശിച്ച വ്യക്തി, ഏറ്റവും വേഗത്തിൽ ലോകത്തിലെ സ്വതന്ത്ര പരമാധികാര രാജ്യങ്ങളെല്ലാം സന്ദർശിച്ച വനിത, ലോകത്തിലെ സ്വതന്ത്ര പരമാധികാര രാജ്യങ്ങളെല്ലാം സന്ദർശിച്ച പ്രായം കുറഞ്ഞ വ്യക്തി, ലോകത്തിലെ സ്വതന്ത്ര പരമാധികാര രാജ്യങ്ങളെല്ലാം സന്ദർശിച്ച പ്രായം കുറഞ്ഞ വനിത... ലോകസഞ്ചാരികൾക്ക് ഇടയിൽ വിസ്മയമായി തീർന്ന ടെയ്‌ലറുടെ യാത്ര റിക്കോർഡ് യാത്രയായി മാറി.

taylor3 photos:trekwithtaylor.com

ബിരുദപഠനത്തിന്റെ അവസാന സെമസ്റ്റർ ലണ്ടനിൽ പൂർത്തിയാക്കവേ ടെയ്‌ലർ ഡിമൺബ്രൂവർ നാലുമാസം കൊണ്ട് 20 യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചു. അതാണ് ജീവിതത്തിൽ പഠനത്തെക്കാളും കരിയറിനെക്കാളും വലുതായി പലതുമുണ്ട് എന്ന തിരിച്ചറിവു നൽകിയത്. വർഷങ്ങൾ നീണ്ട വിദ്യാഭ്യാസത്തിലൂടെ ലഭിച്ച വിജ്ഞാനത്തെക്കാൾ കൂടുതൽ അറിവു പകർന്നത് ഈ യാത്രകളായിരുന്നു എന്നു തിരിച്ചറിഞ്ഞ നിമിഷം തന്റെ യാത്ര ആരംഭിച്ചു എന്ന് ടെയ്‌ലർ ഓർമിക്കുന്നു. ലോകരാജ്യങ്ങളെല്ലാം കാണണം എന്നു തീരുമാനിച്ചപ്പോൾ അതു മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായിട്ടാകണം എന്നു ചിന്തിച്ചു, അതാണ് ലോക റിക്കോർഡ് നേട്ടത്തിലേക്ക് എത്തിച്ചത്.

ഒന്നര വർഷം കൊണ്ട് ലോകം മുഴുവൻ കണ്ടു തീർക്കാൻ ലോകരാജ്യങ്ങളെ 5 ഭാഗങ്ങളാക്കി തിരിച്ചാണ് ടെയ്‌ലർ പ്ലാനിങ് തുടങ്ങിയത്. ലോക റിക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടൊപ്പം കഴിയുന്നത്ര ആളുകളുമായി ഇടപെടുക, ജീവിത രീതികളും സംസ്കാരവും പഠിക്കുക, യാത്ര ചെയ്യാത്തവരെ പ്രത്യേകിച്ചും സ്ത്രീകളെയും പെൺകുട്ടികളെയും അതിനായി പ്രേരിപ്പിക്കുക, പുസ്തകത്തിനു പുറത്തുള്ള ജീവിതവും ലോകവും അനുഭവിച്ച് അറിയുക ഇതൊക്കെയായിരുന്നു ട്രെക്ക്‌വിത്ത്ടെയ്‍ലർ എന്നു പേരിട്ട യാത്രയുടെ ലക്ഷ്യങ്ങൾ.

taylor2

ലോക റിക്കോർഡ് നേടുക എന്ന ആശയത്തോടെ യാത്ര പ്ലാൻ ചെയ്തപ്പോൾ നേരിട്ട വലിയ ബുദ്ധിമുട്ട് വീസ ലഭിക്കുന്നതിലുള്ള കാലതാമസമായിരുന്നു. എങ്കിലും ഓരോ രണ്ടാഴ്ചയിലും യാത്ര നടത്തിയിരിക്കണം എന്നൊരു തീരുമാനം എടുത്തിരുന്നു. എല്ലാ യാത്രകളും പൊതു ഗതാഗത സംവിധാനം മാത്രം ഉപയോഗിച്ചായിരിക്കണം എന്നു നിബന്ധന ഉണ്ടായിരുന്നു, എന്നാൽ ഓരോ രാജ്യത്തും താമസിക്കേണ്ട ദിവസങ്ങളുടെ എണ്ണത്തിൽ നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ യാത്ര ചെയ്ത 196 രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച രാജ്യം മുതൽ ഏതാനും മണിക്കൂറുകൾ മാത്രം തങ്ങിയ രാജ്യം വരെ ഉൾപ്പെടുന്നുണ്ട്.

യാത്രകൾ സുഗമമാക്കാനും സമയം ലാഭിക്കാനുമായി രാജ്യാന്തര വിമാനം ലഭിക്കാന്‍ അലബാമയെക്കാൾ സൗകര്യമുള്ള ഡള്ളാസിലെ ഒരു ബന്ധു വീട്ടിലേക്കു താമസം മാറ്റുകപോലും ചെയ്തു ടെയ്‌ലർ. 114 വിമാനയാത്രകളിലൂടെയാണ് 196 രാജ്യങ്ങളുടെ സന്ദർശനം പൂർത്തിയാക്കിയത്. 2017 ജൂൺ 8 നു പുലർച്ചെ ‍ഡൊമിനിക്കൻ റിപബ്ലിക്കിൽ ലാൻഡു ചെയ്തുകൊണ്ട് യാത്ര ആരംഭിച്ചു. പിറ്റേന്ന് ഹെയ്തി, തുടർന്ന് ജമൈക്ക, ട്രിനിഡാഡ് ആൻഡ് ടുബാഗോ... ലാറ്റിനമേരിക്കൻ രാജ്യങ്ങളെ തുടർന്ന് മിഡിൽ ഈസ്റ്റിലേക്ക്, സൗദി അറേബ്യയിൽ എത്തിയപ്പോൾ 49 രാജ്യങ്ങളായി. 2017 നവംബറിൽ 50–ാം രാജ്യമായി ലാത്വിയയിൽ പ്രവേശിച്ചു. 2018 ഏപ്രിൽ 12നു സ്വീഡനിൽ എത്തിയപ്പോൾ 100 രാജ്യങ്ങൾ തികഞ്ഞു. ഇതിനിടയ്ക്ക് 2017 ഡിസംബറിൽ 68–ാം രാജ്യമായി ഇന്ത്യയിലെത്തി ആഗ്രയും ഡൽഹിയും കണ്ട് അഫ്ഗാനിസ്ഥാനിലേക്കു സഞ്ചരിച്ചിരുന്നു. 2018 ഡിസംബർ 7 നു കാനഡയിൽ പ്രവേശിച്ചപ്പോൾ 196 രാജ്യങ്ങളും പൂർത്തിയായി. ഗിന്നസ് ബുക്ക് ഓഫ് വേഴ്‍ഡ് റിക്കോർഡ്സിന്റെ മാനദണ്ഡം യുഎൻ അംഗരാഷ്ട്രങ്ങളായ 193 രാജ്യങ്ങളും വത്തിക്കാനും ചെനീസ് തായ്പേയിയും ഉൾപ്പടെ 195 രാജ്യങ്ങൾ എന്നാണ്. ആകെ എടുത്ത ദിവസം ഒരു വർഷവും 189 ദിവസവും. കാസി ഡിപെകോൾ 2018 ൽ ഒരു വർഷവും 194 ദിവസവും എടുത്ത് ലോകം ചുറ്റിയ റിക്കോർഡ് അതോടെ പഴങ്കഥയായി.‌ 2019ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സിൽ ടെയ്‌ലർ ഡിമൺബ്രൂന്റെ പേരും എഴുതി ചേർത്തു.

taylor5

യാത്രയ്ക്ക് സ്വന്തം സാമ്പാദ്യത്തോടൊപ്പം രക്ഷിതാക്കളും സുഹൃത്തുക്കളും പണം നൽകി ടെയ്‌ലറെ സഹായിച്ചിരുന്നു. ലോക റിക്കോർഡ് ഉദ്യമം എന്ന നിലയ്ക്ക് ഏതാനും ഹോട്ടലുകളും സ്ഥാപനങ്ങളും ചില സ്പോൺസർഷിപ്പുകളും നൽകിയിരുന്നു.

taylor4

വിരലിൽ എണ്ണാവുന്ന ചില യാത്രകളിൽ അച്ഛനമ്മമാർ ഒപ്പം സഞ്ചരിച്ചിരുന്നു എന്നതൊഴിച്ചാൽ 180ൽ അധികം രാജ്യങ്ങളിലും സോളോ ട്രാവലർ ആയിട്ടാണ് ടെയ്‌ലർ ഡിമൺബ്രൂൺ യാത്ര ചെയ്തത്. ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം എന്ന തലക്കെട്ടിൽ ഒരു സ്ഥലം തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടാത്ത ടെയ്‌ലർ എല്ലാ യാത്രകളെയും തന്നോടു ചേർത്തു വെച്ച് താലോലിക്കുന്നു. വെടിക്കെട്ട് കേട്ട് വെടിവെയ്പാണെന്നു തെറ്റിദ്ധരിച്ചു ഭയപ്പെട്ട ഒരു സംഭവം ഒഴിച്ചാൽ യാത്രയിൽ ഭയപ്പെടുത്തുന്ന ഒന്നുംതന്നെ സംഭവിച്ചിട്ടില്ല. എവിടെയും ആളുകൾ സ്നേഹത്തോടെയും വാത്സല്യത്തോടെയും സ്വീകരിച്ചു. ‘യുവതികൾ എല്ലാവരും തങ്ങളെക്കൊണ്ട് പറ്റുന്നതുപോല സഞ്ചരിച്ച് കഴിയുന്നത്ര നാടുകൾ കാണണം. ഒരാളുടെ ലോക വീക്ഷണം രൂപപ്പെടുത്തുന്നതിൽ യാത്രകൾക്കു പ്രധാന പങ്കുണ്ട്.’ ടെയ്‌ലർ തന്റെ സഹോദരിമാരെ പ്രത്യേകം ഓർമിപ്പിക്കുന്നു.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations
  • Travel Stories