Friday 25 September 2020 03:49 PM IST : By സ്വന്തം ലേഖകൻ

ജെജു - ഡോ; ദക്ഷിണ കൊറിയയിലെ ദൈവങ്ങളുടെ ദ്വീപ്, ഭൂമിയിലെ പുതു ലോകാദ്ഭുതം

godd

പ്രകൃതി അതിന്റെ എല്ലാ വിസ്മയങ്ങളെയും ഒരു ദ്വീപിലെ കാഴ്ച വിരുന്നാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ ജെജു – ഡോ എന്ന ജെജു ദ്വീപിൽ. വെള്ളച്ചാട്ടവും പഞ്ചസാര മണൽ വിരിച്ച കടൽ തീരവും ദ്വീപിനു നടുവിലെ നിർജീവ അഗ്നിപർവതവും ലാവ റ്റ്യൂബും ഗുഹകളും വർണ്ണപരവതാനി വിരിക്കുന്ന വസന്തകാലവും വൈവിധ്യമാർന്ന ജീവജാലങ്ങളും ചേരുമ്പോൾ ഒരു മിനിയേച്ചർ ഭൂമിയാണ് ഈ ദ്വീപ്. ദശലക്ഷകണക്കിനു വർഷം മുൻപ് അഗ്നിപർവത സ്ഫോടനത്തിൽ രൂപപ്പെട്ട ഈ ദ്വീപിൽ ബിസി മൂന്നാം നൂറ്റാണ്ടു മുതൽ ജനവാസം ഉണ്ടായിരുന്നു. ഇന്നും പ്രശാന്തസുന്ദരമായി നിലനിൽക്കുന്ന ഈ ദ്വീപിനെ കൊറിയക്കാർ 'ഐലൻഡ് ഓഫ് ദി ഗോഡ്സ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

godg

അണ്ഡാകൃതിയിൽ 73 കിലോ മീറ്റർ നീളവും 31 കിലോ മീറ്റർ വീതിയുമുള്ള ദ്വീപ് ദക്ഷിണ കൊറിയയുടെ ഒരു പ്രവിശ്യയും രാജ്യത്തെ ഏറ്റവും വലിയ ദ്വീപുമാണ്. 258 കിലോ മീറ്റർ തീരപ്രദേശമുള്ള ദ്വീപിന്റെ ഒത്ത നടുക്കാണ് നിർജീവ അഗ്നിപർവതമായ മൗണ്ട് ഹല്ലസൻ. ജെജു ദ്വീപിലെ ഏറ്റവും ഉയർന്ന കൊടുമുടിയും കൊറിയയിലെ പ്രധാനപ്പെട്ട മൂന്നു പർവതങ്ങളിലൊന്നും ആയ ഹല്ലസൻ പർവതത്തെ ദ്വീപിൽ എവിടെ നിന്നു നോക്കിയാലും കാണാം. ഒട്ടേറെ പേരുകളും എല്ലാ പേരുകൾക്കും ഐതിഹ്യ കഥകളുടെ പിന്തുണയുമുള്ള ഈ പർവതത്തെ ജെജു നിവാസികളും കൊറിയക്കാർ പൊതുവെയും ആരാധിക്കാറുണ്ട്. ഈ പർവതത്തോടു ചേർന്നുള്ള ഭാഗങ്ങൾ ഒരു സംരക്ഷിത പ്രദേശവും ആണ്. ജെജു ദ്വീപ് എന്നാൽ ഹല്ലാസൻ, ഹല്ലാസൻ എന്നാൽ ജെജു എന്നൊരു ചൊല്ലു പോലും കൊറിയയിൽ പ്രചാരത്തിലുണ്ട്. മനോഹരമായ ട്രെക്കിങ് ആണ് ഹല്ലാസൻ പർവതത്തിന്റെ മറ്റൊരു ആകർഷണം. 1950 മീറ്റർ ഉയരെ മലമുകളിലെ വിശാലമായ ക്രേറ്റർ തടാകവും അവിടെ നിന്നു ലഭിക്കുന്ന ദ്വീപിന്റെ ഗംഭീരമായ ദൃശ്യവും നടന്നു കയറുന്നവർക്കുള്ള പാരിതോഷികങ്ങളാണ്.

godb
godf

ലാവയിൽ രൂപപ്പെട്ട ഗുഹകൾ

godi

ഹല്ലസൻ പർവതത്തിൽ നിന്നൊഴുകിയ ലാവ ഉറഞ്ഞാണ് ദ്വീപിന്റെ ഭൂരിഭാഗവും രൂപപ്പെട്ടിരിക്കുന്നത്. ലാവ ഉറഞ്ഞുണ്ടായ ഗുഹകളും തുരങ്കങ്ങളും ശിലാരൂപങ്ങളും പ്രധാന കാഴ്ചയാണ്. മഞ്ജൻഗുൾ കേവ്സ് എന്ന ഒരു നിര ലാവാ ട്യൂബ് മാത്രമാണ് പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കൂ. ഒരു ലക്ഷം മുതൽ 3 ലക്ഷം വർഷം വരെ പഴക്കമുള്ള 20 ലാവാ ട്യൂബാണ് കണ്ടെത്തിയിട്ടുള്ളത്. അതിൽ ഏറ്റവും വലുതാണ് മഞ്ജൻ ഗുൾ ഗുഹ.

സിയോങ് സാൻ സൺ റൈസ് പീക്കിലെ സൂര്യോദയം ആണ് ഈ ദ്വീപിലെ ഒരു മറക്കാനാവാത്ത അനുഭവം. പുലർച്ചേ കടൽ തിരകൾ തലോടുന്ന പാറക്കല്ലുകളിൽ കൂടി നടന്ന് സിയോങ് സാൻ മലയിലേക്ക് പടവുകൾ കയറി ചെന്നാൽ ലോകത്തെ തന്നെ മനോഹരമായ സൂര്യോദയങ്ങളിൽ ഒന്ന് കാണാം.

godc
goda

വനിതകളുടെ നാട്

gode

കടലിനു നടുവിൽ ഒറ്റപ്പെട്ടു കഴിഞ്ഞ ഇവിടുത്തെ ജനങ്ങളുടെ സംസ്കാരവും സവിശേഷമാണ്. വനിതകൾക്ക് ഏറെ പ്രാധാന്യമുള്ള ഈ സമൂഹം മാതൃദായക്രമം പിൻ തുടരുന്നവരാണ്. മത്സ്യബന്ധനത്തിനായി കടലിൽ ഇറങ്ങുന്ന ഹീന്യോകൾ എന്ന സ്ത്രീകൾ ഇന്നും ലോക ജനതയ്ക്കു മുൻപിൽ വിസ്മയമാണ്. സ്കൂബ ഡൈവിങ് പോലെ കടലിനടിയിലേക്ക് മുങ്ങാംകുഴിയിട്ടു ചെന്ന് കക്കകളും കടൽ പായലും ചെറു മീനുകളും ശേഖരിക്കുന്ന ഇവരുടെ പാരമ്പര്യം ലോക പൈതൃകമായി അംഗീകരിച്ചിട്ടുണ്ട്.

godh

ചിയോൻജിയോൺ വെള്ളച്ചാട്ടം, ടെഡി ബിയർ മ്യൂസിയം, ഫോക് ഗ്രാമം, പ്രാദേശിക സംസ്കൃതിയുടെ ഭാഗമായ ഗ്രാൻഡ് ഫാദർ സ്റ്റാച്യുകൾ തുടങ്ങി പ്രകൃതിയും മനുഷ്യനും ഒരുമിച്ച് വിസ്മയം തീർക്കുന്നു ജെജു ദ്വീപിൽ. ലോകത്തിലെ പുതിയ അദ്ഭുതങ്ങളുടെ പട്ടിക തയാറാക്കിയപ്പോൾ ജെജു ഇടം നേടിയതും ഇക്കാരണങ്ങളാലാണ്.