Wednesday 03 February 2021 04:54 PM IST : By Ajmal Paleri

അട്ടപ്പാടിയുടെ അപ്പുറം മഞ്ഞു പെയ്യുന്ന ഊര്, കിണ്ണക്കോരൈ കടന്നു പോയാൽ ഊട്ടി

kinnaikora1

അട്ടപ്പാടിയിലൂടെ ഊട്ടിയിലേക്കു പോകാനാണു മണ്ണാർക്കാട് എത്തിയത്. നെല്ലിപ്പുഴയുടെ അരികു ചേർന്നൊഴുകുന്ന പട്ടണമാണു മണ്ണാർക്കാട്. ഞങ്ങൾ പ്രഭാതഭക്ഷണത്തിനു ഉടുപ്പി ഹോട്ടലിൽ കയറി. ഈ യാത്രയിൽ കൂടെയുള്ളത് അർഷുവാണ്. രണ്ടാൾക്കും ഉടുപ്പി ഹോട്ടലിലെ നെയ്യു കിനിയുന്ന മസാലദോശ ഇഷ്ടപ്പെട്ടു. പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങൾ അട്ടപ്പാടിയിലേക്കു ചുരം കയറി. മുക്കാലിയും താവളവും പുതൂരും പിന്നിട്ട് അട്ടപ്പാടിയുടെ കാഴ്ചകളിലൂടെ ‘മുള്ളി’ റോഡിലേക്ക് തിരിഞ്ഞു. മുള്ളിയിൽ നിന്നാണ് ഊട്ടി യാത്ര ആരംഭിക്കുന്നത്.

kinnaikora2

ചെക്പോസ്റ്റിൽ പേരും യാത്രാ വിവരങ്ങളും എഴുതിക്കൊടുത്തു. യാത്രാ പാസിനൊപ്പം അൻപതു രൂപയുടെ കറൻസി സമർപ്പിച്ചപ്പോൾ ‘ ചെക്കിങ് ഫോർമാലിറ്റി’ എളുപ്പമായി. ചെക്പോസ്റ്റ് താണ്ടിയാൽ ചുരമാണ്. ‘കാനഡ പവർ പ്രോജക്ടിന്റെ’ ഭാഗമായി നിർമിച്ച ജനറേറ്റർ ഹൗസാണ് ആദ്യ ദൃശ്യം. ഗദ്ദ ജനറേറ്റർ ഹൗസ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഗദ്ദ കടന്നു കുറച്ചു ദൂരം മുന്നോട്ടു നീങ്ങിയപ്പോൾ വെള്ളച്ചാട്ടത്തിന്റെ അരികിലെത്തി. കാടിന്റെ മനോഹാരിതയ്ക്കു മാറ്റു കൂട്ടുന്ന നീരൊഴുക്ക്. വെള്ളച്ചാട്ടത്തിനു സമീപത്തെ കാട്ടിൽ നിന്നു തലനീട്ടിയ ഉടുമ്പിന്റെ കുഞ്ഞ് ഞങ്ങളെയൊന്നു നോക്കിയ ശേഷം റോഡിനു കുറുകെ നടന്നു.

മഞ്ഞു പുതച്ച ഊര്

kinnaikora3

കാടും തണുപ്പും ആസ്വദിച്ച് പതുക്കെ മഞ്ചൂരിലെത്തി. ‘മ‍‌ഞ്ഞിന്റെ ഊര് ’ ആണു തമിഴിൽ ‘മഞ്ചൂര്’ ആയി മാറിയത്. ഊട്ടിയിലോതു പോലെ തണുപ്പും തേയിലത്തോട്ടവുമുള്ള മലഞ്ചെരിവിലാണ് മഞ്ചൂരിന്റെ പ്രകൃതിഭംഗി.

kinnaikora7

തമിഴ് പേശുന്ന അഴകുള്ള ഗ്രാമമാണു മഞ്ചൂർ. നാലഞ്ചു കടകൾ, ലോഡ്ജ്, സ്‌കൂൾ, പള്ളി, ക്ഷേത്രം – ഇതാണു പട്ടണത്തിന്റ ഔട് ലൈൻ. നീലഗിരിയുടെ തണുപ്പിനെ മൊത്തമായും ചില്ലറയായും സമ്മാനിക്കുന്ന പട്ടണമെന്നു വിശേഷിപ്പിക്കാം. ഞങ്ങൾ അവിടെ എത്തിയപ്പോൾ നട്ടുച്ച. മഞ്ഞു വിട്ടുമാറിയ പട്ടണത്തിൽ തണുത്ത കാറ്റിന്റെ അകമ്പടി. അൽപനേരം മഞ്ചൂരിൽ വിശ്രമിച്ച ശേഷം ‘കിണ്ണക്കോരൈ’ ലക്ഷ്യമാക്കി കുതിച്ചു.

kinnaikora6

സൂര്യൻ വൈകിയുദിക്കുന്ന നാടാണത്രേ കിണ്ണക്കോരൈ. നീലഗിരി മലനിരയുടെ ചെരിവുകളിലൂടെ കോടമഞ്ഞിനെ തുടച്ചു നീക്കി സൂര്യപ്രകാശം കിണ്ണക്കോരൈയിൽ എത്തുമ്പോഴേക്കും പത്തു മണിയാകും. കിണ്ണക്കോരൈ ഗ്രാമത്തിലെ റോഡുകളും വീടും തേയിലത്തോട്ടങ്ങളും ദക്ഷിണേന്ത്യയിലെ വേറിട്ട ഗ്രാമഭംഗിയാണ്. തേയിലത്തോട്ടത്തിനു നടുവിലൂടെയാണ് റോഡ്. സിനിമാദൃശ്യം പോലെ മനോഹരം. പാശ്ചാത്യ രാജ്യങ്ങളിലെ മലഞ്ചെരിവുമായി താരതമ്യം ചെയ്യാവുന്ന പ്രകൃതി. തേയിലത്തോട്ടം കടന്നാൽ വനമാണ്. വള്ളികൾ തൂങ്ങിയ പടുകൂറ്റൻ മരങ്ങളും തണലും തണുത്ത കാറ്റും യാത്ര രസകരമാക്കുന്നു. മഞ്ഞു പെയ്തു തുടങ്ങിയാൽ കാനനപാതയിൽ ഇരുട്ടു നിറയും. കാട്ടാനയുടെയും കാട്ടുപോത്തിന്റെയും സാന്നിധ്യമാണ് കിണ്ണക്കോരൈ യാത്രയുടെ ആകർഷണം.

kinnaikora8

കിണ്ണക്കോരൈ

കാട്ടുപാതയിൽ ആദ്യം കണ്ടതു വരയാടിനെയാണ്. പിന്നീടു കാട്ടുപോത്തിനെ കണ്ടു. കാടിന്റെ ജീവസ്പന്ദനം ആസ്വദിച്ച് കാടു താണ്ടി ഗ്രാമത്തിലെത്തി. ബ്രിട്ടീഷ് ഭരണകാലത്തു കർണാടകയിൽ നിന്നു എത്തിയവരാണ് കിണ്ണക്കോരൈയിലെ പൂർവികർ. ഗൂഗിൾ മാപ്പിൽ കാണുന്ന ‘കിണ്ണക്കോരൈ’യിൽ നിന്നു കുറച്ചു മുന്നോട്ടു നീങ്ങിയാൽ "ഹിരിയസീഗൈ" എന്ന സ്ഥലത്ത് എത്തിച്ചേരുന്നു. ഹിരിയസീഗൈയിൽ റോഡ് അവസാനിക്കുകയാണ്. തുടർന്ന് ഓഫ് റോഡാണ്. സ്വകാര്യ തോട്ടങ്ങളിലൂടെ നടന്നു മല കയറിയാൽ വ്യൂ പോയിന്റുണ്ട്.

kinnaikora4

ഞങ്ങൾ എത്തിയ സമയത്ത് വ്യൂ പോയിന്റിൽ മറ്റാരും ഉണ്ടായിരുന്നില്ല. അട്ടപ്പാടിയിൽ നിന്നു ചുരമിറങ്ങിയ പാത അകലെ മലഞ്ചെരിവിൽ വ്യക്തമായി കണ്ടു. കോയമ്പത്തൂർ – കൂനൂർ വഴി ഊട്ടിക്കു പോയാൽ ഇതുപോലൊരു ദൃശ്യം കാണാനാവില്ല.

kinnaikora5

വ്യൂ പോയിന്റിൽ നിന്നു വീണ്ടും മഞ്ചൂരിൽ തിരികെയെത്തി. അവിടെ ഉച്ചഭക്ഷണത്തിന് പ്രശസ്തമാണ് ‘അമ്മൻ മെസ്സ്’. പച്ചരിച്ചോറും സാമ്പാറും. ബീറ്റ്റൂട്ട് പൊരിയൽ (മെഴുക്കുവരട്ടി, ഊറുകാ (അച്ചാർ), അപ്പളം (പപ്പടം) എന്നിവ കൂട്ടിക്കുഴച്ച് ഊണു കഴിച്ച ശേഷം ഊട്ടി ലക്ഷ്യമാക്കി യാത്ര തുടർന്നു.

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel