Tuesday 05 November 2019 04:31 PM IST

ആനച്ചന്തം കൺനിറയെ, ഒപ്പം കല്ലാറിന്റെ ഓളങ്ങള്‍ക്കൊപ്പം വട്ടവള്ളം തുഴയാം! കോന്നി– അടവി ഇക്കോ ടൂറിസം യാത്ര...

Akhila Sreedhar

Sub Editor

kuttavanji8898ubu Photo : Mahesh Chakkulam

ആനപിടിച്ചാലും കുലുങ്ങാത്ത എഴുപത്തിനാലു വർഷത്തെ പഴക്കമുള്ള കമ്പകമരക്കൂട്ടിലെ ‘ഗജവീരകഥകൾ’ കേട്ടാണ് കോന്നിയിലേക്കുള്ള യാത്ര. കാട്ടാനകളെ വാരിക്കുഴിയൊരുക്കി പിടിച്ച ശേഷം താപ്പാനയെ ഉപയോഗിച്ച് മെരുക്കിയെടുത്തിരുന്നൊരു കാലത്തിന്റെ സ്മരണയുണർത്തുന്ന ഇടം. പക്ഷേ, ഇന്ന് കേരളത്തിലെ പ്രശസ്തമായ ആനവളർത്തു കേന്ദ്രമാണ് കോന്നി.

വാരിക്കുഴിെയാരുക്കിയും കെണി വച്ചും ആനയെ പിടിക്കുന്ന ഏർപ്പാട് വർഷങ്ങൾക്കു മുമ്പേ നിരോധിച്ചതാണ്. അതിനാൽ കാട്ടിൽ ഒറ്റപ്പെട്ടു പോകുന്നതോ അപകടത്തിൽപ്പെടുന്നതോ ആയ ആനകളെ മാത്രമാണ് ഇപ്പോൾ കോന്നിയില്‍ എത്തിക്കുന്നത്. എഴുപത്തിമൂന്ന് വയസ്സു പ്രായമുള്ള പെൻഷൻ പറ്റിയ താപ്പാന സോമൻ മുതൽ ഏഴുമാസം പ്രായമുള്ള കുട്ടിക്കൊമ്പൻ പിഞ്ചുവരെ നീണ്ടു നിൽക്കുന്നു കോന്നിയിലെ ആനവിശേഷങ്ങൾ...

കൺനിറയെ ആനച്ചന്തം...

_DSC8683

പത്തനംതിട്ട ടൗണിൽ നിന്ന് കുമ്പഴ വഴി ഏകദേശം പത്തു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും കോന്നിയിലേക്കു ക്ഷണിക്കുന്ന സൈൻ ബോർഡ് കണ്ടു. ഒമ്പത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ആനക്കൂടും പരിസരവും കാണാൻ രാവിലെ മുതൽ തന്നെ സ‍ഞ്ചാരികളുടെ നല്ല തിരക്ക്. തുമ്പിക്കൈയിൽ പനംപട്ട ചുരുട്ടി പിടിച്ചു നടന്നുവരുന്ന രണ്ട് കരിവീരൻമാരാണ് ആനത്താവളത്തിലേക്കു സ്വാഗതമരുളിയത്. ശേ ഷം ‘ഫോളോ മീ’ എന്ന ഭാവത്തിൽ അവരാദ്യം കവാടം കടന്നു. പാർക്കിങ്ങിനടുത്തായി ചെറിയൊരു ഒൗഷധ പ്ലാന്റേഷൻ. ഈ പ്ലാന്റേഷന്റെ വഴി പിന്നിട്ടാൽ കോന്നി ആനവളർത്തു കേന്ദ്രത്തിലെ പ്രധാനകാഴ്ചയായ കൂറ്റൻ ആനക്കൂട് കാണാം.

01-(9)

‘കമ്പകത്തിന്റെ തടിയാണ് കൂട് നിർമിക്കാൻ ഉപയോഗിച്ചത്. ഇരുമ്പിന്റെ ഉറപ്പാണ് ഈ തടിക്ക്. ഒരേ സമയം ആറ് ആനക്കുട്ടികള്‍ക്കു വരെ പരിശീലനം നൽകാൻ പ്രാപ്തമാണ് ഈ കൂട്. 1942 ലാണ് ആനക്കൂട് സ്ഥാപിക്കുന്നത്. മുണ്ടോമൂഴി, മണ്ണാറപ്പാറ തുടങ്ങിയിടങ്ങളിലെ കാടുകളിൽ നിന്നായിരുന്നു അക്കാലത്തൊക്കെ പ്രധാനമായും ആനപിടിത്തം. കുഴിയിൽ വീണ കാട്ടാനകളെ പരിശീലനം നേടിയ പാപ്പാൻമാർ ഈ കൂട്ടിലിട്ടു മെരുക്കിയെടുത്തു ‘നാട്ടാന’യാക്കും. പിന്നീട് അവയെ തടിപിടിക്കാനും ഉത്സവ എഴുന്നള്ളത്തിനുമെല്ലാം ഉപയോഗിച്ചു. 1977 ൽ  ആനപിടിത്തം നിരോധിച്ചു.

DSC_4402

‘‘കോന്നി ഒരു ആനവളർത്തു കേന്ദ്രമായ ശേഷം ആദ്യം കിട്ടിയ ആനയാണ് സോമൻ. 73 വയസ്സുള്ള സോമനിപ്പോൾ പെൻഷൻ പറ്റി, വിശ്രമജീവിതത്തിലാണ്. കോന്നി തേക്കുതോട് ഭാഗത്ത് നിന്നാണ് ഈ ആനയെ കിട്ടുന്നത്. സോമനെ കിട്ടിയതിനു ശേഷമാണ് പ്രിയദർശിനിയെ കിട്ടുന്നത്. അവൾക്കിപ്പോൾ 35 വയസ്സായി. ഈ ആനകളെ ഒന്നും കെണിവച്ച് പിടിക്കുന്നതല്ല കേട്ടോ. അപകടം പറ്റിയോ അല്ലെങ്കിൽ കൂട്ടംതെറ്റി ഒറ്റപ്പെട്ടുപോയോ ഒക്കെ കിട്ടുന്നതാണ്. മീന (25), സുരേന്ദ്രൻ (18), ഇൗവ (14), കൃഷ്ണ (5) എന്നിവരുൾപ്പെടെ ആറ് ആനകളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഓരോ ആനയെയും പരിപാലിക്കാൻ മൂന്നോ നാലോ ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് പിഞ്ചുവും അമ്മുവുമാണ്. പിഞ്ചു ഏഴുമാസം പ്രായമുള്ള കുട്ടിക്കൊമ്പൻ. അമ്മു പത്തുമാസം പ്രായമുള്ള പിടിയാന. അമ്മുവിനെ നിലമ്പൂർ കാട്ടിൽ നിന്നും പിഞ്ചുവിനെ പേപ്പാറയിൽ നിന്നുമാണ് കിട്ടിയത്. ഇവരെ രണ്ടുപേരെയും പരിപാലിക്കലാണ് ഇപ്പോഴത്തെ എന്റെ ജോലി. ഇവിടെത്തുന്ന ആളുകൾ കുറേ നേരം ഇവരുടെ കുസൃതി നോക്കി നിൽക്കും. അതങ്ങനെയാണ്, എത്ര കണ്ടാലും മതിവരാത്ത കൗതുകമാണല്ലോ ആനകൾ. അമ്മുവും പിഞ്ചുവും ഇവിടെയെത്തുന്നതിനു മുമ്പ് ഏറ്റവും ചെറിയ ആന ലക്ഷ്മിയായിരുന്നു. കഴിഞ്ഞ വർഷം അസുഖം ബാധിച്ച് അവൾ ചരിഞ്ഞു’’ ആനക്കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ നാൽപ്പതു വർഷത്തെ സർവീസുള്ള ‘സീനിയർ പാപ്പാൻ’ ഹനീഫ വാചാലനായി.

DSC_5234

പറഞ്ഞു തീരില്ല ആനവിശേഷങ്ങൾ

കേരള വനംവകുപ്പിന്റെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിൽ കോന്നി ആനത്താവളം ഇടം പിടിച്ചിട്ടുണ്ട്. ഇനി യാത്ര ഗൗരവമുള്ള ചില ആനക്കാര്യങ്ങൾ തേടിയാണ്, ആനമ്യൂസിയത്തിലേക്ക്. കൂടിനു തൊട്ടടുത്താണ് ആന മ്യൂസിയം. 45 വയസ്സുപ്രായമുള്ള പിടിയാനയുടെ അസ്ഥികൂടമാണ് മ്യൂസിയത്തിലേക്കു കടന്നാലുള്ള ആദ്യ കാഴ്ച. നിലമ്പൂരിൽ നിന്നാണ് ഇതിവിടേക്കു കൊണ്ടുവന്നത്. മ്യൂസിയത്തിന്റെ ചുവരുകൾ നിറയെ പറഞ്ഞുതീരാത്തത്രയും ആനവിശേഷങ്ങള്‍.

konni98767gub

കരിവീട്ടിയുടെ നിറം, നിലത്തിഴയുന്ന തുമ്പിക്കൈ, വെണ്മയാർന്ന നീണ്ട കൊമ്പ്, ഉയർന്ന തലക്കുന്നി, തള്ളി നിൽക്കുന്ന മസ്തകം, തെളിമയുള്ള കണ്ണും വിസ്താരമേറിയ ചെവിയും, കുറിയ കഴുത്ത് , നീളമേറിയ ഉടൽ, ഉറച്ച കാലുകൾ, നഖങ്ങൾ ഒരേ നിറത്തിൽ 18 എണ്ണം, നീളമുള്ള നിലത്തുമുട്ടാത്ത രോമം നിറഞ്ഞ വാൽ ഇത്രയും ഒത്തു ചേർന്ന ആനയാണത്രേ ‘ലക്ഷണമൊത്ത ആന’. അറിയും തോറും ആനപ്രേമം കൂടിവരുന്നു. കാടിനുള്ളിലെ ശബ്ദങ്ങളെ ഒപ്പിയെടുത്ത ഓഡിയോ വിഷ്വൽ റൂമാണ് മ്യൂസിയത്തിനകത്തെ മറ്റൊരു കാഴ്ച. വിവിധ പക്ഷികളുടെയും മൃഗങ്ങളുടെയും യഥാർത്ഥ ശബ്ദം കേൾക്കുമ്പോൾ കാടിനുള്ളിൽ അകപ്പെട്ട പ്രതീതി. പണ്ടുകാലത്ത് ആനയെ പിടിക്കാൻ ഉപയോഗിച്ചിരുന്ന ആനക്കെണി, അലങ്കാരത്തിനും മുറിച്ചെടുക്കുമ്പോൾ കൊമ്പ് പൊട്ടിപ്പോകാതിരിക്കാനും ഉപയോഗിച്ചിരുന്ന കൊമ്പ് ചുറ്റ്, ഇടഞ്ഞ ആനയെ നിയന്ത്രിക്കാനുപയോഗിച്ചിരുന്ന ഇടച്ചങ്ങല, മുള്ളട, മത്ത്, വലിയ കോൽ, ചെറിയ കോൽ തുടങ്ങിയ സാധനങ്ങളുടെ വലിയ ശേഖരം മ്യൂസിയത്തിലുണ്ട്. ഇവ കൂടാതെ ആനപ്പല്ല്, ആനയുടെ കാൽമുട്ടിലെ ചിരട്ട എന്നിവയും മ്യൂസിയത്തിൽ ശേഖരിച്ചുവച്ചിട്ടുണ്ട്. മ്യൂസിയത്തിൽ നിന്നു പുറത്തിറങ്ങുമ്പോഴാണ് ആനപ്പിണ്ടിയിൽ നിന്നും പേപ്പർ ഉണ്ടാക്കിയെടുക്കുന്ന സൂത്രവിദ്യയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. പക്ഷേ, കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായി പേപ്പർ ഉൽപാദനം തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുന്നതിനാൽ സഞ്ചാരികൾക്ക് ഈ കാഴ്ച നഷ്ടമാകും.

01-(4)

കോന്നിയിലെ ആറു ഗജവീരന്മാര്‍ക്കും ഭക്ഷണം കഴിക്കാനുള്ള സമയമായിരിക്കുന്നു. അനിൽ ചേട്ടനും കൂട്ടരും ഭക്ഷണമൊരുക്കുന്നതിന്റെ തിരക്കിലാണ്.റാഗിയും അരിയും ഉപ്പും മഞ്ഞൾപ്പൊടിയും കരിപ്പെട്ടിയും ചേർത്തുണ്ടാക്കിയെടുക്കുന്ന കൂട്ടാണ് ഭക്ഷണം. തിരക്കിനിടയിലും അനിൽ ചേട്ടൻ ഭക്ഷണത്തെ കുറിച്ച് സംസാരിച്ചു.

‘ദേ, ഈ കൂട്ടാണ് ആനയുടെ പ്രധാന ആഹാരം. പിന്നെ പനംപട്ടയും തെങ്ങോലയും മറ്റും കൊടുക്കും. ഒരു ദിവസം 200 മുതൽ 250 കിലോ ഭക്ഷണം ആനയ്ക്ക് നൽകാറുണ്ട്. 250 ലിറ്ററോളം വരും ഒരു ദിവസത്തെ കുടിവെള്ളം. ആനയ്ക്ക് കുളിക്കാൻ വലിയ ഷവറുമുണ്ടിവിടെ. ചിലപ്പോൾ ആറ്റിൽ കൊണ്ടുപോയി കുളിപ്പിക്കും.’ ഭക്ഷണത്തിനായി സുരേന്ദ്രനെത്തിയപ്പോൾ അനിൽ ചേട്ടൻ സംസാരം നിർത്തി. അവന്റെ തുമ്പിക്കൈയിൽ പതുക്കെയൊന്നു തലോടി ഉരുളയാക്കിയ റാഗിക്കൂട്ട് വായിലേക്കിട്ടു കൊടുത്തു. ആനപ്രേമികൾക്ക് ആനയുടെ ഭക്ഷണം സ്പോൺസർ ചെയ്ത് ആനയൂട്ടിൽ പങ്കാളികളാകാം.

03

കോന്നിയിലെത്തുന്ന സഞ്ചാരികൾക്ക് ആനപ്പുറത്തേറി സവാരി നടത്താനുള്ള സൗകര്യമുണ്ട്. മൂന്നു പേർക്ക് 800 രൂപയാണ് ആനസവാരിയുടെ നിരക്ക്. രണ്ടു പേരാണെങ്കിൽ 600 രൂപ. പ്രിയദർശിനിയും മീനയുമാണ് സവാരിക്ക് ഉപയോഗിക്കുന്ന ആനകൾ.

ആനക്കാഴ്ചകൾ മാത്രമല്ല ഇവിടുള്ളത്. കോന്നിയിലെത്തുന്ന സഞ്ചാരികളെ കേന്ദ്രീകരിച്ച് കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ കട്ടത്തിപ്പാറ – ചെള്ളിക്കൽ റൂട്ടിൽ 61 കിലോമീറ്റർ ദൂരം ജീപ്പ് സഫാരി ഒരുക്കിയിട്ടുണ്ട്. എട്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സഫാരിക്ക് കോന്നി ഇക്കോ ടൂറിസം ഓഫീസിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.

01-(1)

പുഴയോരത്ത് പൂന്തോണി...

കോന്നി ആനത്താവളത്തിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് അടവി. പമ്പയുടെ കൈവഴിയായ കല്ലാറാണ് അടവിയെ ഇത്രമേൽ സുന്ദരിയാക്കുന്നത്. തണ്ണിത്തോട് പഞ്ചായത്തിലാണ് അടവി ഇക്കോടൂറിസം. കോന്നിയിൽ നിന്ന് അടവിയിലേക്കു പോകുന്ന വഴിയേ 10 കിലോമീറ്റർ പിന്നിട്ടാൽ വനംവകുപ്പും ബാംബൂ കോർപ്പറേഷനും ചേർന്നുണ്ടാക്കിയ ബാംബൂ ഹട്ടുകൾ കാണാം. കല്ലാറിന്റെ തണുപ്പേറ്റ് കാടിന്റെ സൗന്ദര്യം നുകർന്ന് സ‍ഞ്ചാരികൾക്ക് താമസിക്കാനൊരിടം. നീലക്കുറിഞ്ഞി, ലോട്ടസ്, അശോകം, തുളസി, ചെമ്പകം, ജാസ്മിൻ എന്നീ പേരുകളിൽ ആറ് മുളവീടുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പക്ഷേ, നിർമാണം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ഈ മുളവീടുകൾ അടഞ്ഞു തന്നെ കിടപ്പാണ്. നിയമക്കുരുക്കിൽ കുടുങ്ങി കിടക്കുന്ന ഹട്ടുകൾ അടവിയിലെത്തുന്ന സ‍ഞ്ചാരികൾക്ക് ഒരു കാഴ്ച മാത്രമായി അവശേഷിക്കുന്നു.

IMG_9163

കുട്ടവഞ്ചി സവാരി സൗകര്യമൊരുക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ഥലം അടവിയാണ്. സഞ്ചാരികൾക്ക് ഈ സവാരി തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരിക്കും. കല്ലാറിന്റെ ഓളങ്ങളെ വകഞ്ഞുമാറ്റി നീങ്ങുകയാണ് വട്ടവള്ളം. തുഴക്കാരന്റെ ചുണ്ടിൽ നിന്നുയരുന്ന മൂളിപ്പാട്ട് ഏറ്റുപാടി കല്ലാർ ഓരോ വള്ളങ്ങളെയും കടത്തിവിടുന്നു. തുഴകുത്തി വഞ്ചി വട്ടത്തിൽ തിരിക്കുമ്പോൾ പേടികൊണ്ട് കണ്ണടച്ചിരിക്കുന്നവരെ മരങ്ങൾക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന സൂര്യൻ. വനം സംരക്ഷണ സമിതിയിലെ പരിശീലനം നേടിയ അംഗങ്ങളാണ് കുട്ടവഞ്ചിയുടെ തുഴച്ചിലുകാർ. മുണ്ടവൻ മൂഴിയിൽ നിന്നും അടവിക്കയം വരെ കുട്ടവഞ്ചിയിൽ യാത്ര ചെയ്യാം.നാലു പേർക്ക് 400 രൂപയാണ് നിരക്ക്. അരമണിക്കൂറിന്റെ ഷോർട് ഡ്രൈവ്, ഒരു മണിക്കൂറിന്റെ ലോംങ് ഡ്രൈവ് എന്നിങ്ങനെ സമയക്രമമനുസരിച്ചാണ് വട്ടവള്ളം തുഴയൽ.

DSC_9203

ഒരുക്കണം കൂടുതൽ സൗകര്യങ്ങൾ

അടവി തേടി ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്. എന്നാൽ, അവർക്കാവശ്യമുള്ള സൗകര്യങ്ങളോ ശാശ്വതമായ സുരക്ഷാക്രമീകരണങ്ങളോ ഇപ്പോഴും അടവിയിലില്ല.  ആദിവാസികൾ കാട്ടിൽ നിന്നു ശേഖരിക്കുന്ന വനവിഭവങ്ങൾ വിൽക്കുന്ന ‘വനശ്രീ’ കോന്നിയിലും അടവിയിലും പ്രവർത്തിക്കുന്നുണ്ട്. അടവിയിൽ നിന്നും ഒരു കിലോമീറ്റർ മുന്നോട്ടു പോയാൽ മണ്ണീറ വെള്ളച്ചാട്ടം കാണാം.

കോന്നിയിലെ ആനക്കാര്യങ്ങളറിഞ്ഞ്, അടവിയിലെ കുട്ടവഞ്ചിയിൽ തുഴഞ്ഞു നീങ്ങിയ സുന്ദരമായൊരു യാത്രയ്ക്കിവിടെ വിരാമം. സഞ്ചാരികള്‍ വരുന്നതും പോകുന്നതും ശ്രദ്ധിക്കാൻ നേരമില്ലെന്ന മട്ടിൽ എപ്പോഴും വെള്ളാരംകല്ലുകളോട് കിന്നരിച്ചൊഴുകി കൊണ്ടേയിരിക്കുകയാണ് കല്ലാർ. 

DSC_9155
Tags:
  • Manorama Traveller
  • Kerala Travel