Saturday 08 June 2019 10:24 AM IST : By Varun Aduthila, Rajesh Peroorkkaran

മഴ തണുപ്പിച്ച് പച്ചപ്പ് തളിർത്ത ഭൂമിയിലേക്ക് തെയ്യം മടങ്ങുകയാണ്; തുലാപ്പത്തു വരെ കാത്തിരിപ്പിന്റെ നാളുകൾ

3I2A4818 Photo : Varun Aduthila

മാടായിക്കാവിലെ കലശം കഴിഞ്ഞു. മക്കൾക്ക് ഗുണം വരുത്തി കോലം തികഞ്ഞ മാതാവ് തിരുമുടിയിറക്കി പ്രകൃതിയിലേക്ക് മടങ്ങി. വടക്കൻകുറ്റി സ്വരൂപത്തിലെ കളിയാട്ടക്കാലത്തിന് തിരശീല വീഴുന്നത് മാടായി തിരുവര്‍കാട്ട് കാവിലെ (മാടായിക്കാവ്) കലശോത്സവത്തോടെയാണ്.

3I2A5097

മാടായിക്കാവ്

കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രാധാന്യമേറിയ കാവാണ് മാടായി കാവ്. കേരളത്തിലെ രണ്ടാമത്തെ ഭദ്രകാളി ക്ഷേത്രം മാടായിയിലാണെന്നാണ് വിശ്വാസം. ശാക്തേയ ആരാധന സമ്പ്രദായം ആണ് ഇവിടെ ഉള്ളത്. കോലത്തു നാടിന് പരദേവത ആയി മാടായി കാവിലമ്മ നിലകൊള്ളുന്നു. ദാരികൻ എന്ന അസുരനെ കാളി വധിച്ചത് ഇവിടെ വച്ചാണ് എന്നാണ് പുരാവൃത്തം. ദാരികനെ വധിച്ച കാളി സങ്കല്പത്തിലാണ് ഇവിടെ തിരുവർക്കാട്ട് ഭഗവതിയുടെ തെയ്യത്തെ കെട്ടിയാടിക്കുന്നതും. തിരുവർക്കാട്ട് ഭഗവതി, തായ് പരദേവത, ചാമക്കാവിൽ ഭഗവതി, അറത്തിൽ ഭഗവതി തുടങ്ങി അനേകം പേരുകളിൽ കോലത്തു നാട്ടിലങ്ങോളമിങ്ങോളം ഈ തെയ്യക്കാലം കെട്ടിയാടുന്നുണ്ട്. ആറു നാട്ടിൽ നൂറു വേഷം നൂറ്റിയെട്ടവതാരം, ആയിരത്തൊന്ന് കള്ളിയാമ്പള്ളി എന്നീ വിശേഷണങ്ങളുള്ള ഈ തെയ്യത്തെ കോലം തികഞ്ഞ മാതാവ് എന്നാണ് പറയുന്നത്.

3I2A4749

കാളമേഘപടലങ്ങളോടെതിർപൊരും കിരീടമുടി നീളവും

കാളുമഗ്നി കുറുനെറ്റിമേൽ കാതിലാനകൊണ്ട് കുരടും സദാ

മേളമോടരിയ ദാരികന്റെ ഉടൽ പിളർന്നു കുറുവക ചെയ്ത നീ

കാളിയമ്മയെറുകാടമർന്ന സുര ഭൈരവീ ശിവ നമോസ്തുതേ...

3I2A5019

എന്നിങ്ങനെ ആണ് തിരുവർക്കാട്ട് ഭഗവതിയുടെ തോറ്റം പാട്ടിൽ അമ്മയെ വിശേഷിപ്പിക്കുന്നത്. മീന മാസത്തിലെ പൂരോത്സവവും ഇടവത്തിലെ പെരുങ്കലശവും കളിയാട്ടവും ആണ് പ്രധാന ഉത്സവങ്ങൾ. മാടായി പെരുവണ്ണാൻ ആയി ആചാരപ്പെടുന്ന ആളിനാണ് ഇവിടെ തിരുവർക്കാട്ട് ഭഗവതിയുടെ തിരുമുടിയണിയാനുള്ള അവകാശം.

3I2A4980

മാടായിക്കാവ് കലശം

മാടായി തിരുവര്‍കാട്ട് കാവിലെ (മാടായിക്കാവ്) കലശോത്സവം കഴിഞ്ഞ ജൂണ്‍ എട്ടിന്ായിരുന്നു. വെള്ളിയാഴിച്ച 4.30ന് അടുത്തില തെരു പദ്മശാലിയ സമുദായത്തിന്റെ മീനമൃത് സമര്‍പ്പണം. അഞ്ചിന് വയലപ്ര കൊട്ടാരത്തില്‍ തറവാട്ടില്‍നിന്ന് കലശത്തട്ട് വരവ്. തുടര്‍ന്ന് തിരുവര്‍കാട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. കൂടെ ക്ഷേത്രപാലകന്‍, മാഞ്ഞാളമ്മ, സോമേശ്വരി, കാളരാത്രി, വേട്ടുവചേകവന്‍, ചുഴലി ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടി. ക്ഷേത്രത്തിനു പിറകിലുള്ള കാവിനകത്തു വച്ചാണ് തെയ്യങ്ങളുടെ ഇറങ്ങി വരവ്. വരിവരിയായി വന്ന തെയ്യങ്ങളുടെ മുടി ഉയരുന്നത് അവിടെസുള്ള മാടത്തിനു മുന്നിൽ വച്ചാണ്.

3I2A4735

കലശ തട്ടുകളും തെയ്യങ്ങളും മാടത്തിനു മൂന്നു തവണ പ്രദക്ഷിണം വച്ച് ഭക്തർക്ക് അനുഗ്രഹം നൽകി. തുടർന്ന് കലശത്തട്ട് പറിക്കല്‍. തിരുമുടി അഴിക്കുന്നതോടെ ഈ വർഷത്തെ തെയ്യക്കാലത്തിനു വിരാമം. കർക്കടകത്തിലെ മാരികൾ അകറ്റാൻ കെട്ടിയാടുന്ന മാരി തെയ്യങ്ങൾ മാടായിക്കാവിൽ വരാറുണ്ട്. ഇനി തുലാപ്പത്തു വരെ കനാലാടിമർക്ക് അണിയല നിർമാണം വിശ്രമവും. തെയ്യപ്രേമികൾക്ക് അടുത്ത തെയ്യക്കാലത്തിനുള്ള കാത്തിരിപ്പും. 

3I2A5425