Thursday 12 December 2019 03:19 PM IST : By എഴുത്ത്, വിഡിയോ: അജ്മൽ അലി പാലേരി

മാമാങ്കം, ചാവേറുകളുടെ പോരാട്ടം; സിനിമ കാണും മുൻപേ ചരിത്രഭൂമിയൊന്നു കണ്ടുവന്നാലോ!

ajmal3

മലയാളത്തിൽ മാമാങ്കത്തിന്റെ കഥയുമായി രണ്ടാമതൊരു സിനിമ കൂടി ഇന്ന് വെള്ളിത്തിരയിലെത്തുകയാണ്. എന്നാൽ പിന്നെ സിനിമ കാണുന്നതിനു മുന്നേ മാമാങ്കചരിത്രഭൂമിയൊക്കെ ഒന്നുകണ്ടു വന്നാലോ! ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയില്‍ തിരൂരിനടുത്ത് തിരുനാവായയിലാണ് മാമാങ്കത്തിന്റെ ചരിത്രശേഷിപ്പുകളുള്ളത്. ആ ചരിത്രം തേടിയുള്ള യാത്രയിലെ  ആദ്യ കാഴ്ച ചങ്ങമ്പള്ളി കളരിയായിരുന്നു. കളരിയുടെ ഗേറ്റ് കടന്നുമുന്നിലേക്കു പോകുമ്പോൾ തന്നെ വലതുവശത്തായി മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിൽ മാമാങ്കത്തെ കുറിച്ചുള്ള ഒരു ചെറിയ വിവരണം മലയാളത്തിലും ഇംഗ്ളീഷിലും  ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നതു കാണാം.

ajmal2

"ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായയിൽ പന്ത്രണ്ടുവർഷത്തിലൊരിക്കൽ ഒരുമാസക്കാലം നീണ്ടുനിന്ന ബ്രഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ്  മാമാങ്കമായത്. മതസൗഹാർദ്ദത്തിന്റെ വേദികൂടിയായിരുന്നു മാമാങ്കം ഉത്സവം. ചേരഭരണത്തിന്റെ അധഃപതനത്തോടെ നടത്തിപ്പവകാശം വള്ളുവനാട്ടിലെ ഭരണാധിപന്മാരായിരുന്ന വള്ളുവക്കോനാതിരിമാർക്ക് ലഭിച്ചു.

Changampalli_Kalari-(7) Photo: Ramhari Narayanan

മാമാങ്കത്തിന് ആദിത്യം നൽകുന്നത് അന്തസ്സിന്റെ ചിഹ്നമായതിനാൽ രാജാക്കന്മാർ പരസ്പരം മത്സരിച്ചിരുന്നു. കോഴിക്കോട് സാമൂതിരി തിരുനാവായ ആക്രമിച്ചു കീഴടക്കിയപ്പോൾ അദ്ദേഹമായി മാമാങ്കത്തിന്റെ അധ്യക്ഷൻ. സാമൂതിരിയുടെ മേൽക്കോയ്മയോടുള്ള പ്രതിഷേധസൂചകമായി വള്ളുവക്കോനാതിരി ചാവേറുകളെ തിരുനാവായയിലേക്ക് അയച്ചിരുന്നു. പൂർവികന്മാർക്കു വേണ്ടി പ്രതികാരം നിർവഹിക്കാനായി ചാവേറുകൾ സാമൂതിരിയോട് പടപൊരുതിപ്പോന്നു. AD 1755 ലാണ് അവസാനമായി മാമാങ്കം നടന്നതെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു".

ajmal5

കർണാടകയിൽ നിന്നും മറ്റും കൊണ്ടുവരുന്ന സാമൂതിരിയുടെ പടയാളികൾക്കു കളരിയഭ്യസിക്കുവാനും ചാവേറുകളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കുപറ്റുന്നവരെ ചികിത്സിക്കാനും വേണ്ടിയാണു ചങ്ങമ്പള്ളിക്കുന്നിൽ കളരി സ്ഥാപിച്ചത്. ചരിത്രസ്മാരകം പഴമയുടെ കെട്ടും മട്ടും പോകാതെ പുനഃസ്ഥാപിച്ചിട്ടുണ്ട്. ചങ്ങമ്പള്ളി കളരിയിൽ നിന്നും മണിക്കിണറിലേക്കുള്ള യാത്രയിൽ നാട്ടുകാരനായ യാഹുട്ടിക്കയും ഞങ്ങളുടെ കൂടെ പോന്നു.

Manikkinar-(1) Photo: Ramhari Narayanan

മണിക്കിണറും നിലപാടുതറയും

മാമാങ്കത്തിന്റെ ചരിത്രത്തിൽ ചാവേറുകളും ഏറ്റുമുട്ടലുകളുമെല്ലാം വന്നത് സാമൂതിരി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷമാണ്. സാമൂതിരിയുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെടുന്ന വള്ളുവനാടൻ ചാവേറുകളെ കൂട്ടത്തോടെ ഒരു കിണറ്റിലേക്കിടുകയും, കിണർ നിറഞ്ഞാൽ ആനകളെ കൊണ്ടുവന്ന് ചവിട്ടിതാഴ്ത്തിയിരുന്നതായുമാണ് ഐതിഹ്യം. തിരുന്നാവായയിലെ കുടക്കല്ലിലുള്ള മണിക്കിണർ നല്ലരീതിയിൽ തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

Marunnara-(1) Photo: Ramhari Narayanan

മണിക്കിണർ കണ്ട് ഞങ്ങൾ നേരെ പോയതു അടുത്തുതന്നെയുള്ള നിലപാടുതറയിലേക്കാണ്. മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് സർവ്വാഭരണവിഭൂഷനായി എഴുന്നള്ളി വാളും പിടിച്ചു നിന്നിരുന്നത് ഈ നിലപാടു തറയിലാണെന്നു പറയപ്പെടുന്നു. നിലപാടു തറയിൽ സർവലോകത്തിന്റെയും അധിപതിയെന്ന ഗാംഭീര്യത്തോടെ നിൽക്കുന്ന സാമൂതിരി, താൻ മാമാങ്കോത്സവത്തിന് അധ്യക്ഷനാകുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്നു ചോദിക്കുമ്പോൾ തങ്ങളിൽ നിന്ന് അധ്യക്ഷാപുരുഷപദവി തട്ടിയെടുത്ത സാമൂതിരിയോടുള്ള അടങ്ങാത്ത പകയിൽ കഴിയുന്ന വള്ളുവക്കോനാതിരി അയയ്ക്കുന്ന ചാവേറുകൾ ചാടിവീഴുകയും സാമൂതിരിയുടെ അംഗരക്ഷകരാൽ മരണപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തിരുന്നു.

NilapaduThara-(1) Photo: Ramhari Narayanan

അടുത്തതായി പോയത് മരുന്നറ തേടിയാണ്. വയലിനോടു ചേർ‌ന്നുള്ള റോഡരികിൽ കാർ നിർത്തി. കവാടം കടന്ന് മുകളിൽ എത്തിയപ്പോൾ മരുന്നറയെക്കുറിച്ചുള്ള വിവരണം രേഖപ്പെടുത്തിയ ബോർഡു കണ്ടു. ചെങ്കല്ലിൽ കൊത്തിയെടുത്ത ചെറിയ വിടവിലൂടെ താഴോട്ടിറങ്ങി ഒരാൾക്കു മാത്രം കടക്കാൻ കഴിയുന്ന ഗുഹാമുഖത്തിലൂടെ കയറിയാൽ കാണാം, ഇരുട്ടു നിറഞ്ഞ മരുന്നറ. വെടിമരുന്നു സൂക്ഷിച്ചിരുന്ന അറയാണെന്നും, മാമാങ്കത്തിൽ പരിക്കേൽക്കുന്നവരുടെ ചികിത്സക്ക് മരുന്നുകൾ സൂക്ഷിച്ചിരുന്നതാണെന്നും അതല്ല രാജാവുമായി ബന്ധപ്പെട്ട അപൂർവവസ്തുക്കൾ സൂക്ഷിക്കാൻ വേണ്ടി നിർമിച്ചതാണെന്നും പല കഥകളും പറയപ്പെടുന്നു.

NilapaduThara-(4) Photo: Ramhari Narayanan

മാമാങ്കം, നിളയുടെ തീരത്തെ മഹോത്സവം

നാവാമുകുന്ദക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയോടു ചേർന്നുള്ള വഴിയിലൂടെ പുറകുവശത്തുള്ള ഭാരതപ്പുഴയിലെ കടവിൽ എത്തുമ്പോൾ സമയം വൈകിട്ട് നാല് കഴിഞ്ഞിരുന്നു. ഇതിനോടു ചേർന്നാണ് മാമാങ്ക ചരിത്രത്തിലെ പ്രധാനശേഷിപ്പായ പഴുക്കമണ്ഡപം സ്ഥിതി ചെയ്യുന്നത്. ചെറിയ ചുറ്റുകോണി വഴി പഴുക്കമണ്ഡപത്തിനു മുകളിൽ എത്തി. ലോകത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നും എത്തിച്ചേരുന്ന കച്ചവടക്കാരും കലാകാരും ഭാരതപ്പുഴയോരത്തെ മണൽപ്പരപ്പിൽ തമ്പടിക്കുകയും, ഒരുമാസക്കാലം നീണ്ടു നിന്നിരുന്ന  വ്യാപാരോത്സവത്തിൽ പങ്കെടുത്തിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു.  രാജാവ് പഴുക്കാ മണ്ഡപത്തിലിരുന്നു കൊണ്ടാണ് മാമാങ്കം കണ്ടിരുന്നതെന്നു പറയപ്പെടുന്നു.

Marunnara-(2) Photo: Ramhari Narayanan

പഴുക്കാമണ്ഡപത്തിൽ  നിന്ന് താഴെയിറങ്ങി നേരെ ബലിതർപ്പണത്തിനു പേരുകേട്ട നാവാമുകുന്ദക്ഷേത്രത്തോടു ചേർന്നുള്ള കടവിൽ എത്തി.  കേരളത്തിലെ ഏക ത്രിമൂർത്തി സംഗമമുള്ള ക്ഷേത്രമാണ് നാവാമുകുന്ദക്ഷേത്രം. നേരം സായാഹ്നമാകുന്നു. ഭാരതപ്പുഴയിൽ അസ്തമയച്ചുവപ്പ് പടർന്നു.   ഇന്ത്യയിലെ പുരാതന നാവിക ആസ്ഥാനമായിരുന്നെന്നു പറയപ്പെടുന്ന ബന്ദർക്കടവ് കാണാൻ ഭാരതപ്പുഴയിലൂടെ തോണിയാത്ര നടത്തി.

ajmal1 അജ്മൽഅലി പാലേരി

മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടു പ്രൈവറ്റായി നടത്തുന്ന ഈ തോണിയാത്ര പുതുമ നിറഞ്ഞതാണ്. മാമാങ്കം തിരുനാവായുടെ മാത്രമല്ല നമ്മുടെയെല്ലാം ഉത്സവമാണ്. അതിന്റെ ശേഷിപ്പുകൾ നമ്മൾ ഓരോരുത്തരും പോയി കാണുകതന്നെ വേണം.

Bharathapuzha-(1) Photo: Ramhari Narayanan

1.

2

3.

4.

ajmal4
Tags:
  • Manorama Traveller
  • Kerala Travel