Friday 06 November 2020 03:46 PM IST : By സ്വന്തം ലേഖകൻ

തായ്‌ലൻഡിലെ സൂപ്പർ ഡെസ്റ്റിനേഷൻ രണ്ടു വർഷത്തിനു ശേഷം സഞ്ചാരികൾക്കായി തുറക്കുന്നു

mayabay1

കഴിഞ്ഞ രണ്ടു വർഷമായി വിനോദ സഞ്ചാരികൾക്കു പ്രവേശനമില്ലാത്ത മായാ ബേ ദ്വീപ് സഞ്ചാരികൾക്കായി തുറന്നു കൊടുക്കാൻ തായ്‌ലൻഡ് അധികൃതർ ആലോചിക്കുന്നു. മലാക്ക കടലിടുക്കിലെ മായാ ബേ ഫിഫി ആർക്കിപെലാഗോയിലെ രണ്ടാമത്തെ വലിയ ദ്വീപും പവിഴപ്പുറ്റുകളും ചുണ്ണാമ്പു കല്ലുകളും കൊണ്ട് പ്രകൃതി ഒരുക്കിയിരിക്കുന്ന കാഴ്ചവിരുന്നുമാണ്. എന്നാൽ അമിതമായ ടൂറിസം ദ്വീപിന്റെ പരിസ്ഥിത സന്തുലനത്തെ ബാധിച്ചു. ദിവസവും 5000 ൽ അധികം സന്ദർശകർ എത്തിക്കൊണ്ടിരുന്ന ദ്വീപ് 2018 ജൂണിൽ താൽക്കാലികമായി അടച്ചു. പിന്നീട് ആ വർഷം അവസാനത്തോടെ സന്ദർശകർക്കുള്ള വിലക്ക് അനിശ്ചിതകാലത്തേക്കു നീട്ടുകയായിരുന്നു.

അധികം ആഴമില്ലാത്ത രണ്ട് ഉൾക്കടലുകളെ വലയം ചെയ്യുന്ന ചുണ്ണാമ്പു പാറകൾക്ക് ഇടയിൽ രൂപപ്പെട്ട പവിഴദ്വീപാണ് മായാ ബേ. പച്ച നിറത്തിലുള്ള കടലും തിളങ്ങുന്ന പഞ്ചസാര മണലുമാണ് ഈ ദ്വീപിന്റെ മുഖമുദ്ര. 100 അടിയിൽ അധികം ഉയരമുള്ള ചുണ്ണാമ്പുകൽ പാറകളും പവിഴപ്പുറ്റുകളും കടൽ കാഴ്ചകളുടെ വൈവിധ്യവും ഈ ദ്വീപിൽ സഞ്ചാരികൾക്കു മായക്കാഴ്ച ഒരുക്കിയിരുന്നു.

mayabay2

മായാ ബേ, ലോ സമാ എന്നിങ്ങനെ വിളിക്കുന്ന രണ്ട് ഉൾക്കടൽ ഭാഗങ്ങളിൽ വേലി ഇറക്ക സമയത്ത് ബോട്ടിൽ ലോ സമായിൽ എത്തി അവിടെനിന്ന് ചുണ്ണാമ്പു കല്ലുകൾക്ക് ഇടയിലൂടെ നടന്നു വേണം മായാ ബേയിൽ എത്താൻ. നോർവെയിൽ കാണപ്പെടുന്ന ഫിയോർഡുകൾ പോലെ പാറക്കെട്ടുകൾക്കിടയിലെ കടലും ഇവിടുത്തെ പ്രത്യേകതയാണ്. ബയോലുമിനസന്റ് പ്ലാങ്ക്റ്റണുകളുടെ ആവാസസ്ഥാനവുമാണ് ഈ ദ്വീപ്.

1999 ൽ ‘ദി ബീച്ച്’ എന്ന ഹോളിവുഡ് ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനു ശേഷമാണ് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചത്. ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനായി ദ്വീപിന്റെ പരിസ്ഥിതിയെ സാരമായി ബാധിക്കും വിധം ചില നിർമിതികൾ ഉണ്ടായി എന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ദ്വീപിലേക്ക് സഞ്ചാരികൾക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം ദ്വീപിന്റെ പ്രകൃതി സമ്പത്തു പുനസ്ഥാപിക്കാൻ ഒട്ടേറെ ജൈവ പ്രക്രിയകൾ അവലംബിച്ചിരുന്നു. ആഴക്കടലിൽ നീന്തി പൊട്ടി തകർന്ന പവിഴപ്പുറ്റുകളുടെ ഭാഗങ്ങൾ ശേഖരിച്ച് ദ്വീപിനോടു ചേർത്തു വയ്ക്കുന്നത് ഉൾപ്പടെ ശ്രമകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. മായാ ബേ വീണ്ടും പഴയപടി ആയി വരുന്നു എന്നാണ് നാഷനൽ പാർക്ക് അധികൃതർ കണക്കാക്കുന്നത്. ദ്വീപിന്റെ പ്രദേശത്തു നിന്ന് അപ്രത്യക്ഷമായ പല സമുദ്ര ജീവികളെയും വീണ്ടും അവിടെ കണ്ടു തുടങ്ങിയതായും റിപോർട്ടു ചെയ്യുന്നു.

mayabay3

മായാ ബേയിൽ സന്ദർശകർക്കുള്ള വിലക്ക് ഒന്നോ രണ്ടോ വർഷം ഇനിയും നീളുമെന്നു പ്രതീക്ഷിച്ചിരുന്നു എങ്കിലും കോവിഡ് അനന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ 2021 ആദ്യം തന്നെ ദ്വീപിലേക്കു സഞ്ചാരികളെ കൊണ്ടുപോകാനാണ് അധികൃതർ ആലോചിക്കുന്നത്. എന്നാൽ പരിസ്ഥിതി സംരക്ഷണം മറന്നുള്ള ടൂറിസം ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യും. ദിവസവും നിശ്ചിത സമയക്രമത്തിൽ പരിമിത എണ്ണം സഞ്ചാരികൾക്കു മാത്രമാകും പ്രവേശനം അനുവദിക്കുക.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations