Friday 05 February 2021 03:11 PM IST : By സ്വന്തം ലേഖകൻ

സ്വന്തം കാറിൽ ഒറ്റയ്ക്ക് ഇന്ത്യ കാണാൻ ഇറങ്ങുകയാണ് നിധി; കടൽത്തീരങ്ങളിലൂടെ കശ്മീരിലേക്ക്

nidhi223333

ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ഇന്ത്യ കാണാൻ ഇറങ്ങുകയാണ് സോളോ ട്രാവലർ നിധി ശോശ കുര്യൻ. ഇന്ത്യ സന്ദർശിക്കാനുള്ള യാത്ര കൊച്ചിയിൽ നിന്നാണ് ആരംഭിക്കുന്നത്. അറുപത്തിനാലു ദിവസത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കി തിരിച്ചെത്താമെന്നാണു പ്ലാൻ. കലൂർ രാജ്യാന്തര േസ്റ്റഡിയത്തിൽ നിന്നു ഫെബ്രുവരി 7 ഞായറാഴ്ച രാവിലെ 7ന് പുറപ്പെടും. യാത്രാ ലോകത്തു പ്രശസ്തരായ വിജയൻ – മോഹന ദമ്പതികൾ ഫ്ളാഗ് ഓഫ് ചെയ്യും. ‘‘സ്പോൺസർ ഇല്ല. സ്വന്തം പോക്കറ്റിൽ നിന്നു പണം മുടക്കിയാണു യാത്ര’’ സോളോ ട്രാവൽ എക്സ്പെഡിഷനെ കുറിച്ച് നിധി പറയുന്നു.

‘‘കേരളത്തിൽ നിന്ന് ആദ്യമായാണ് ഒറ്റയ്ക്ക് ഒരു സ്ത്രീ കാറിൽ ഇന്ത്യ ചുറ്റാനിറങ്ങുത്. പേടിയില്ല. 64 ദിവസത്തെ ഷെഡ്യൂൾ റെഡിയാണ്. എല്ലായിടത്തും താമസിക്കാനുള്ള സ്ഥലം അറേഞ്ച് ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ റസ്റ്ററന്റ് ഭക്ഷണം ഒഴിവാക്കുന്നു. പാചകം ചെയ്യാനുള്ള സാധനങ്ങളുമായാണു യാത്ര.’’

IMG-20210205-WA0023

‘തീരങ്ങളും പർവതങ്ങളും തേടിയുള്ള സഞ്ചാരം’ – ഇതാണു തീം. കൊച്ചിയിൽ നിന്നു കേരളത്തിന്റെ അതിർത്തി കടന്നു പുതുച്ചേരിയിലേക്ക്. അവിടെ നിന്നു കടൽത്തീരങ്ങളിലൂടെ കശ്മീരിൽ രാജ്യാതിർത്തിയിലുള്ള കാർഗിൽ വരെ. നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം, ആചാരങ്ങളുടെ സവിശേഷത തുടങ്ങിയ കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കണം. മറ്റു സംസ്ഥാനങ്ങളിലെ കടൽത്തീരങ്ങളും പർവതങ്ങളും കാണണം.’’ യാത്രയുടെ ഔട് ലൈൻ നിധി വിശദമാക്കി.

അവെഞ്ചർ ബൈക്കിൽ സോളോ ട്രിപ്പുകൾ നടത്തുന്ന കോട്ടയം സ്വദേശിയാണു നിധി. കൊച്ചിയിൽ മൂവി പ്രൊഡക്‌ഷൻ ഹൗസിൽ ജോലി, ഫ്രീലാൻസ് ബ്രോഡ് കാസ്റ്റിങ് ജേണലിസ്റ്റ്. ട്രെയിനിലും കാറിലുമായി നടത്തിയ യാത്രാ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നിധി പങ്കുവയ്ക്കാറുണ്ട്. യാത്രാനുഭവങ്ങൾ ഉൾപ്പെടുത്തി മൂന്നു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ‘ഹൈക്കു കവിത’കളിൽ ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യാറുള്ള നിധി 2019ൽ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ റൈറ്റേഴ്സ് സൈനിങ് പ്രോഗ്രാമിൽ ഗിന്നസ് റെക്കോഡ് നേടി.

nidddf4455

‘‘പ്രിയപ്പെട്ട കൂട്ടുകാരെ, റെനോ ക്വിഡ് ആണ് എന്റെ കാർ. നമ്പർ KL 33 N 0078. കടന്നു പോകുന്ന വഴികളിൽ എന്നെ കാണുകയാണെങ്കിൽ ഹായ് തരാൻ മറക്കരുത്.’’ ഇന്ത്യ യാത്രയ്ക്ക് നിധി അനുഗ്രഹം അഭ്യർഥിച്ചു.

Tags:
  • Travel Stories
  • Manorama Traveller
  • Travel India